തൊഴിലിടങ്ങളിൽ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം അനിവാര്യമാണ്
തൊഴിലിടങ്ങളിൽ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം അനിവാര്യമാണ്
Friday, September 6, 2019 4:41 PM IST
എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളിച്ചുകൊണ്ട് രാജ്യത്തെ തൊഴിൽ അന്തരീക്ഷത്തിന,് പ്രത്യേകിച്ച് സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിന് പ്രോത്സാഹനമേകാൻ സാധിക്കണം. തൊഴിലിടങ്ങളിൽ എല്ലാ വിഭാഗത്തിന്‍റെയും പങ്കാളിത്തം ഉറപ്പാക്കുക എന്നത് ലിംഗ സമത്വം നൽകുന്നത് മാത്രമല്ല, അതിനപ്പുറം വേറെയും കുറെ കാര്യങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

എൽജിബിടി സമൂഹം, മതം, നിറം അങ്ങനെ കുറെ കാര്യങ്ങളെക്കൂടി സ്വീകരിക്കേണ്ടതുണ്ട്. ഇവയൊക്കെ ഉൾക്കൊള്ളാനായെങ്കിൽ മാത്രമേ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കു. വിമൻ സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ ഇൻക്ലൂസിവിറ്റി ഇൻ വർക്ക്പ്ലേസ് എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഈ അഭിപ്രായങ്ങൾ ഉയർന്നു വന്നത്.
പ്രതിബന്ധങ്ങളെ തരണം ചെയ്യണം

ടെക്നോളജി മേഖലയിലുള്ള ഒരു കന്പനിയാണെങ്കിൽ തുടക്കത്തിലുള്ള ജോലികൾ ഉത്തരവാദിത്വങ്ങൾ എന്നിവയെല്ലാം സ്ത്രീ തൊഴിലാളികൾക്ക് ലഭിക്കും. പക്ഷേ, അതു കഴിഞ്ഞുള്ള വളർച്ച അൽപ്പം ബുദ്ധിമുട്ടാണ്. പല സ്ത്രീകളും കുടുംബം കുട്ടികൾ എന്നിങ്ങനെയുള്ള പ്രാരാബ്ധങ്ങളെക്കുറിച്ചോർത്ത് കരിയറിൽ വളർച്ച വേണ്ടെന്നു വയ്ക്കും. ചിലർക്ക് വളരാനുള്ള സാഹചര്യം കൂടെ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾ തന്നെ നൽകുകയുമില്ല. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും അതിനെയൊക്കെ തരണം ചെയ്ത മുന്നോട്ടു പോയെങ്കിൽ മാത്രമേ വിജയിക്കാൻ സാധിക്കു.

ഡിജിറ്റൽ സോഷ്യൽ ജീവിതമാണ് ഇപ്പോഴത്തേത്. അതുകൊണ്ടു തന്നെ പഠനം തുടരാനുള്ള അവസരം ഓരോരുത്തർക്കുമുണ്ട്. കരിയറിൽ ബ്രേക്ക് വന്ന പലരും കരിയറിലേക്ക് തിരിച്ചു വരുന്നുണ്ട്. ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തണം.

വിദ്യാഭ്യാസ കാലം മുതൽ തുടങ്ങണം

ഓരോ പെണ്‍കുട്ടിയുടെയും യാത്ര പ്രത്യേകിച്ച് എന്തായി തീരണമെന്നുള്ളതു സംബന്ധിച്ച യാത്ര ആരംഭിക്കുന്നത് വിദ്യാഭ്യാസ കാലഘട്ടത്തിലാണ്. ആ കാലഘട്ടം മുതൽ പ്രതിസന്ധികളെ അതിജീവിച്ചെങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കു. അതിനുള്ള പരിശീലനം അപ്പോൾ മുതൽ നേടണ്ടതുണ്ട്. അതുപോലെ തന്നെ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതും സ്കൂൾ കാലഘട്ടത്തിലാണ്. പെണ്‍കുട്ടികൾക്ക് അവരുടെ മുന്നിലുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറാനുള്ള ഒരു സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്.


എല്ലാവരെയും ഉൾക്കൊള്ളിക്കുക എന്നത് മൂല്യങ്ങളും ലാഭവും ലക്ഷ്യമാക്കിയുള്ള കോർപ്പറേറ്റ് ലോകത്തിൽ സുപ്രധാന ഘടകമാണ്. തൊഴിലിൽ വനിതകളെ ഉൾപ്പെടുത്തിയില്ലെങ്കിൽ തൊഴിൽവിഭവ ശേഷി എവിടെ നിന്നും ലഭിക്കും. അതിനാൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യഅവസരങ്ങൾ സൃഷ്ടിക്കുന്നതിനും മാർഗനിർദേശം ലഭ്യമാക്കുന്നതിനും വേദിയൊരുക്കേണ്ടത് അത്യാവശ്യമാണ്.

സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തത്തിൽ ഇന്ത്യ പിന്നിലേക്ക് വരുന്നു

ബ്രസീൽ, ചൈന, ഇന്തോനേഷ്യ എന്നീ വളരുന്ന വിപണികളിൽ നിന്നും വിഭിന്നമായി ഇന്ത്യയിലെ തൊഴിലിടങ്ങളിലെ വനിതാ പ്രാതിനിധ്യം വളരെ കുറവാണ്. മെയ് മാസത്തിൽ പുറത്തിറങ്ങിയ തൊഴിൽ സർവ്വേ പ്രകാരം 2018 ൽ നഗരങ്ങളിലെ തൊഴിലിടങ്ങളിലുള്ള വനിതാ പ്രാതിനിധ്യം 16 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 18.2 ശതമാനവുമാണ്. 2004ൽ 33 ശതമാനമായിരുന്നതാണ് ഇപ്പോൾ 18 ശതമാനമായി കുറഞ്ഞത്.

മാർഗനിർദേശത്തിന്‍റെ അഭാവം, അയവില്ലാത്ത സമയക്രമം, കുറഞ്ഞ ശന്പളം, തൊഴിൽ അന്തരീക്ഷം, വ്യക്തിപരമായ കാര്യങ്ങൾ എന്നിവയാണ് തൊഴിലിടങ്ങളിൽ സഹകരിക്കുന്നതിൽ നിന്നും വനിതകളെ അകറ്റുന്നത്.

ഫോബ്സ് ഇന്ത്യയുടെ സബ് എഡിറ്റർ നാന്ദിക ത്രിപാഠി മോഡറേറ്ററായിരുന്ന ചർച്ചയിൽ സീമൻസിന്‍റെ കോർപറേറ്റ് സിറ്റിസണ്‍ഷിപ് ആൻഡ് സസ്റ്റയിനബിലിറ്റി ഹെഡ് അനുപം നിധി, ആമസോണ്‍ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് പബ്ലിക് സെക്ടർ മേധാവി, ദീപ്തി ദത്ത്, വേൾഡ് ബാങ്ക് സീനയർ ഇക്കണോമിസ്റ്റ് ശ്രയാന ഭട്ടാചാര്യ, ഐബിഎം ക്ലൗഡ് ടെക്നിക്കൽ സെയിൽസ് ആൻഡ് ആർകിടെക്ച്ചർ ഇന്ത്യ/സൗത്ത് ഏഷ്യ കണ്‍ട്രി ലീഡർ സീമ കുമാർ തുടങ്ങിയവർ പങ്കെടുത്തു.