റിസ്കിന് അനുസരിച്ച് നിക്ഷേപം നടത്താൻ 4 ഫണ്ടുകൾ
അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന സന്പദ്ഘടന ബോട്ടം ഒൗട്ട് ആയി എന്നാണ് പൊതുവേ കരുതുന്നത്. വരും മാസങ്ങളിൽ ജിഡിപി വളർച്ച മെച്ചപ്പെടുമെന്നും കരുതുന്നു. മറ്റു പല കാരണങ്ങളാൽ വിപണിയിലുണ്ടായിട്ടുള്ള ഇടിവ് നിക്ഷേപാവസരമായി ഉപയോഗിക്കാനുള്ള സമയമാണ്. ഈ അവസ്ഥയിൽ നിക്ഷേപത്തിനു യോജിച്ച, വിവിധ വിഭാഗങ്ങളിലുള്ള നാലു ഫണ്ടുകൾ നിക്ഷേപ പരിഗണനയ്ക്കായി മുന്നോട്ടു വയ്ക്കുകയാണ്. വിവിധ റിസ്ക് വിഭാങ്ങളിലുള്ളവായാണിവ. റിസ്ക് എടുക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപത്തിനുള്ള ഫണ്ട് തെരഞ്ഞെടുക്കാം.

1. ഐസിഐസിഐ ബ്ലൂചിപ് ഫണ്ട്
എൻഎവി (ജൂലൈ 22, 2019)
ഗ്രോത്ത് : 41.54 രൂപ
ഡിവിഡൻഡ് : 20.93 രൂപ
കുറഞ്ഞ നിക്ഷേപം : 100 രൂപ
എസ്ഐപി നിക്ഷേപം : 100 രൂപ
എക്സ്പെൻസ് റേഷ്യോ : 1.83 %
എക്സിറ്റ് ലോഡ് : 1 %
(365 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : 4.14 %
3 വർഷം : 9.92 %
5 വർഷം : 9.99 %
10 വർഷം : 14.01 %
തുടക്കം മുതൽ : 13.60 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2008
ഇനം : ലാർജ് കാപ് ഫണ്ട്
ആസ്തിയുടെ വലുപ്പം : 22,117 കോടി രൂപ
ബഞ്ച് മാർക്ക് : നിഫ്റ്റി 100 ടിആർഐ
ഫണ്ട് മാനേജർ : അനീഷ് തവക്കളെ,
രജത് ചന്ദക്ക്
2008-ലെ ആഗോള വിപണി തകർച്ചയ്ക്കിടിയൽ ജന്മംകൊണ്ട് ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂചിപ് ഫണ്ട് 10 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ നാളിതുവരെ നൽകിയ വാർഷിക റിട്ടേണ്‍ 13.60 ശതമാനമാണ്. അതായത് 2008 മേയിൽ നിക്ഷേപിച്ച് ഒരു ലക്ഷം രൂപ 371875 രൂപയായി വളർന്നിരിക്കുന്നു. അതായത് 3.8 ഇരട്ടി.
ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തി 2019 ജൂണ്‍ 30-ന് 221178 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഫണ്ടിന്‍റെ ജനപ്രിയത തന്നെയാണ് ഇതു കാണിക്കുന്നത്.

ഫണ്ടിന്‍റെ നേതൃത്വത്തിൽ പലതവണ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും നിക്ഷേപശേഖരമൊരുക്കുന്നതിനു എടുക്കുന്ന തന്ത്രങ്ങളിലും സമീപനങ്ങളിലും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല കാലത്തെ അതിജീവിക്കുവാൻ ശേഷിയുള്ള നിക്ഷേപ പ്രക്രിയയിലൂടെയാണ് നിക്ഷേപത്തിനുള്ള ഓഹരികൾ തെരഞ്ഞെടുക്കുന്നത്. വളർച്ചയും മൂല്യം സമന്വയിപ്പിച്ചുകൊണ്ടുള്ള ബാലൻസ്ഡ നിക്ഷേപശേഖരമാണ് ഫണ്ടിന്‍റേത്.

വാല്വേഷൻ, റിസ്ക് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ട് മാനേജർമാർ ഏതൊരു വിപണി സൈക്കിളിനേയും അതിജീവിക്കാൻ കഴിയുന്ന വിധത്തിലുള്ള ഓഹരിശേഖരമാണ് ഒരുക്കുന്നത്. നേരത്തെ മുപ്പതോളം ഓഹരിയാണു നിക്ഷേപശേഖരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 50-60 ആയി ഉയർന്നിട്ടുണ്ട്. ആസ്തിയുടെ 95 ശതമാനവും ലാർജ് കാപ് ഓഹരികളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ധനകാര്യ മേഖല, എനർജി,ടെക്നോളജി, ഓട്ടോ എഫ്എംസിജി തുടങ്ങിയവയാണ് മുൻനിര നിക്ഷേപ മേഖലകൾ. കഴിഞ്ഞ മൂന്നു വർഷമായി 21 ഓഹരികളിൽ മാറ്റമില്ലാതെ നിക്ഷേപം തുടരുന്നു.

കഴിഞ്ഞ ഒരു വർഷമായി ഈ ഫണ്ടിന്‍റെ പ്രകടനം ബഞ്ച്മാർക്കിനേക്കാൾ മോശമാണ്. എങ്കിലും വിവിധ വിപണി സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച പാരന്പര്യമാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ടിനുള്ളത്.

2. എൽ ആൻഡ് ടി മിഡ്കാപ് ഫണ്ട്
എൻഎവി (ജൂലൈ 22, 2019)
ഗ്രോത്ത് : 124.29 രൂപ
ഡിവിഡൻഡ് : 39.54 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 1.77 %
എക്സിറ്റ് ലോഡ് : 1 %
(നിക്ഷേപത്തിന്‍റെ 10 ശതമാനത്തിലധികം യൂണിറ്റുകൾ 365 ദിവസത്തിനുള്ളിൽ റിഡീം ചെയ്താൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -8.38 %
3 വർഷം : 8.83 %
5 വർഷം : 13.32 %
10 വർഷം : 16.44 %
തുടക്കം മുതൽ : 18.35 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2004, ഓഗസ്റ്റ്
ഇനം : മിഡ് കാപ്
ആസ്തിയുടെ വലുപ്പം : 5026 കോടി രൂപ
ബഞ്ച് മാർക്ക് : നിഫ്റ്റി മിഡ്കാപ് 100 ടിആർഐ
ഫണ്ട് മാനേജർമാർ : സൗമേന്ദ്ര നാഥ് ലാഹിരി, വിഹാംഗ് നായിക്

മിഡ്കാപ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചുപോരുന്ന ഫണ്ടുകളിലൊന്നാണ് എൽ ആൻഡ് ടി മിഡ്കാപ് ഫണ്ട്. ദീർഘകാലത്തിൽ മൂലധന നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മിഡ്കാപ് ഓഹരികളിലാണ് മുഖ്യമായും ഫണ്ട് നിക്ഷേപം നടത്തുന്നത്. നിഫ്റ്റി ഫ്രീ ഫ്ളോട്ട് മിഡ്കാപ് 100-ൽ ഉൾപ്പെടുന്ന ഓഹരികളാണ് ഫണ്ട് നിക്ഷേപത്തിനു പ്രധാനമായും തെരഞ്ഞെടുക്കുന്നത്. വിപണി മൂല്യത്തിൽ 101-250 വരെ റാങ്കിംഗ് ഉള്ള കന്പനികളെയാണ് മിഡ്കാപ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഏതാണ്ട് 82 ശതമാനത്തോളം മിഡ്കാപ്പിൽ നിക്ഷേപം നടത്തുന്ന ഫണ്ടിന്‍റെ ശേഖരത്തിൽ ഓഹരികളാണ് ഇപ്പോഴുള്ളത്. ബഞ്ച്മാർക്കിനേക്കാളും ( 67 ശതമാനം) കാറ്റഗറി ശരാശരിയേക്കാളും ( 80 ശതമാനം) കൂടുതലാണ് ഫണ്ടിന്‍റെ മിഡകാപ് ഓഹരികളിലെ നിക്ഷേപം.
നിക്ഷേപത്തിന്‍റെ അഞ്ചിലൊന്നും ധനകാര്യ സേവന മേഖലയിലെ ഓഹരികളിലാണ്. കണ്‍സ്ട്രക്ഷൻ, എൻജിനീയറിംഗ്, സർവീസസ്, ഹെൽത്ത്കെയർ, കെമിക്കൽസ് തുടങ്ങിയവയാണ് മറ്റു മുഖ്യ നിക്ഷേപ മേഖലകൾ.

മാനേജ്മെന്‍റ് ഗുണമേന്മ, അവരുടെ കാഴ്ചപ്പാട്, തന്ത്രം , ബിസിനസിന്‍റെ സജീവത, കന്പനിയുടെ ധനകാര്യ കരുത്ത്, കാഷ് ഫ്ളോ, റിട്ടേണ്‍ ഓൺ കാപ്പിറ്റൽ എംപ്ലോയിഡ്, റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി, ഡെറ്റ് ഉപകരണങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഫണ്ട് മാനേജർമാർ നിക്ഷേപത്തിനുള്ള ഓഹരികൾ തെരഞ്ഞെടുക്കുന്നത്.

ഇടയ്ക്കിടെ ഫണ്ടു മാനേജർ മാറുന്ന സ്ഥിതിയായിരുന്നു എൽ ആൻഡ് ടി മിഡ്കാപ്പിൽ. എന്നാൽ ആറു വർഷമായി സൗമേന്ദ്ര നാഥ് ലാഹിരി ഫണ്ടു മാനേജരായി പ്രവർത്തിച്ചു വരികയാണ്. മാത്രവുമല്ല, ഫണ്ട് 5 വർഷമായി ബഞ്ച്മാർക്കിനേക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചുപോരുകയും ചെയ്യുന്നു.


3. എസ്ബിഐ സ്മോൾ കാപ് ഫണ്ട്

എൻഎവി (ജൂലൈ 22, 2019)
ഗ്രോത്ത് : 49.24 രൂപ
ഡിവിഡൻഡ് : 29.14 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 2.35 %
എക്സിറ്റ് ലോഡ് : 1 %
(365 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -1.40 %
3 വർഷം : 12.78 %
5 വർഷം : 18.45 %
തുടക്കം മുതൽ : 17.55 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2009, സെപ്റ്റംബർ
ഇനം : സ്മോൾ കാപ്
ആസ്തിയുടെ വലുപ്പം : 2258 രൂപ
ബഞ്ച് മാർക്ക് : ബിഎസ്ഇ
സ്മോൾ കാപ് ടിആർഐ
ഫണ്ട് മാനേജർമാർ : ആർ. ശ്രീനിവാസൻ
കഴിഞ്ഞ അഞ്ചുവർഷമായി മികച്ച പ്രകടനം കാഴ്ച വച്ചുപോരുന്ന ഫണ്ടാണ് എസ്ബിഐ സ്മോൾ കാപ് ഫണ്ട്. മുഖ്യമായും സ്മോൾ കാപ് ഓഹരികളിൽ ( 67 ശതമാനം) നിക്ഷേപിക്കുന്ന ഫണ്ട് 28 ശതമാനത്തോളം മിഡ്കാപ് ഓഹരികളിലും നിക്ഷേപിച്ചിട്ടുണ്ട്. വളരെ വൈവിധ്യമാർന്ന മേഖലകളിൽനിന്നുള്ള 42 ഓഹരികളാണ് ഫണ്ടിന്‍റെ നിക്ഷേപശേഖരത്തിലിപ്പോഴുള്ളത്. 2018-വരെ സ്മോൾ ആൻഡ് മിഡ്കാപ് ഫണ്ടെന്ന നിലയിലായിരുന്നു പ്രവർത്തനം. 2018 മേയ് 15-ന് സ്മോൾ കാപ് ഫണ്ടായി മാറി.

ഈ സെപ്റ്റംബറിൽ 10 വർഷം പൂർത്തിയാക്കുന്ന ഫണ്ട് 17.55 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. അതായത് ഫണ്ട് പ്രവർത്തനം തുടങ്ങുന്പോൾ നിക്ഷേപിച്ച 100000 രൂപ ഇന്ന് 503763 രൂപയായി വളർച്ച നേടിയിട്ടുണ്ട്. അതായത് അഞ്ചിരട്ടിയിലധികം. ഫണ്ട് അഞ്ചുവർഷക്കാലത്ത് 18.45 ശതമാനവും മൂന്നു വർഷക്കാലത്ത് 11.84 ശതമാനവും വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. ബഞ്ച്മാർക്ക്, കറ്റഗറി ശരാശരി, പീർ ഗ്രൂപ്പ് എന്നിവയേക്കാൾ മികച്ച പ്രകടനമാണ് ഫണ്ട് ഈ കാലയളവിൽ കാഴ്ച വച്ചിട്ടുള്ളത്.

മത്സരക്ഷമത, റിട്ടേണ്‍ ഓണ്‍ കാപ്പിറ്റൽ, വളർച്ച, മാനേജ്മെന്‍റ്, വാല്വേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ഫണ്ട് നിക്ഷേപത്തിനുള്ള ഓഹരികൾ തെരഞ്ഞെടുക്കുന്നത്. സ്റ്റോക്ക് പിക്കിംഗിൽ 25 വർഷത്തെ പരിചയമുള്ള ആർ. ശ്രീനിവാസനാണ് കഴിഞ്ഞ അഞ്ചുവർഷമായി ഫണ്ടു മാനേജ് ചെയ്യുന്നത്.

താരതമ്യേന ഉയർന്ന റിസ്കുള്ള ഓഹരികൾ ദീർഘകാലത്തിൽ വളർച്ച പ്രതീക്ഷിക്കുന്ന നിക്ഷേപകർക്കു തെരഞ്ഞെടുക്കാം. ക്ഷമയോടെ കാത്തിരുന്നാൽ നിരാശപ്പെടേണ്ടി വരുകയില്ല.

4. ആക്സിസ് ഫോക്കസ്ഡ് 25 ഫണ്ട്
എൻഎവി (ജൂലൈ 22, 2019)
ഗ്രോത്ത് : 27.24 രൂപ
ഡിവിഡൻഡ് : 17.10 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 1000 രൂപ
എക്സ്പെൻസ് റേഷ്യോ : 2.08 %
എക്സിറ്റ് ലോഡ് : 1 % ( നിക്ഷേപത്തിന്‍റെ 10 ശതമാത്തിലധികം യൂണിറ്റുകൾ 365 ദിവസത്തിനുള്ളിൽ റിഡീം ചെയ്താൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -5.49 %
3 വർഷം : 12.78 %
5 വർഷം : 12.83 %
തുടക്കം മുതൽ : 15.24 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2012
ഇനം : മൾട്ടി കാപ്
ആസ്തിയുടെ വലുപ്പം : 8044 രൂപ
ബഞ്ച് മാർക്ക് : നിഫ്റ്റി 100 ടിആർഐ
ഫണ്ട് മാനേജർമാർ : ജിനേഷ് ഗോപാനി

ഓഹരിയിലെ നിക്ഷേപാസ്തിയുടെ 80 ശതമാനത്തോളം ലാർജ് കാപ് ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ള മൾട്ടികാപ് ഫണ്ടാണ് ആക്സിസ് ഫോക്കസ്ഡ് 25 ഫണ്ട്. ന്ധവണ്ണത്തിനു പകരം എണ്ണം’ എന്നതിനു ഉൗന്നൽ നൽകി രൂപപ്പെടുത്തിയിട്ടുള്ള ഈ ഫണ്ടിന്‍റെ നിക്ഷേപത്തിനുള്ള മാൻഡേറ്റ് 25 ഓഹരികളിൽ ഒതുക്കി നിർത്തിയിരിക്കുന്നു. ഇപ്പോൾ നിക്ഷേപശേഖരത്തിലുള്ളത് 22 ഓഹരികളാണ്. മിഡ്കാപ് ഓഹരികളിലെ നിക്ഷേപം 20.55 ശതമാനമാണ്. ഇപ്പോൾ സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തിയിട്ടില്ല. ആസ്തിയുടെ 96.82 ശതമാനവും ഓഹരിയിലാണ് നിക്ഷേപം. ഡെറ്റിലെ നിക്ഷേപം 2.86 ശതമാനമാണ്.
വിപണി മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന 200 കന്പനികളിൽനിന്നാണ് ഫണ്ട് മാനേജർ നിക്ഷേപത്തിനുള്ള 25 ഓഹരികൾ തെരഞ്ഞെടുക്കുന്നത്. ഏതു വിഭാഗത്തിലുള്ള വളർച്ചാ ഓഹരികളും നിക്ഷേപത്തിനായി പരിഗണിക്കും.

ഉയർന്ന വളർച്ചയുള്ള, ഗുണമേ·യുള്ള ബിസിനസുള്ള കന്പനിയുടെ ഓഹരികളാണ് ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ബിസിനസിന്‍റെ എല്ലാ സൈക്കിളുകളിലും നിക്ഷേപം നടത്തുകയെന്നതും ഫണ്ടിന്‍റെ സ്വഭാവമാണ്. മുൻനിരയിലുള്ള 10 ഓഹരികളിലെ നിക്ഷേപം മൂന്നിൽ രണ്ടിലധികമാണ്.

ധനകാര്യം (47.15 ശതമാനം), കെമിക്കൽസ് (14.17 ശതമാനം), സർവീസസ് ( 8.14 ശതമാനം), ഓട്ടോ ( 7.81 ശതമാനം) എന്നിവയാണ് മുൻനിര നിക്ഷേപ മേഖലകൾ. ധനകാര്യ മേഖല എപ്പോൾ തിരിച്ചുവന്നാലും ഫണ്ടിന്‍റെ ഭാഗ്യം തെളിയും. എച്ച്ഡിഎഫ്സി ബാങ്ക്(8.81 ശതമാനം), കോടക് മഹീന്ദ്ര ബാങ്ക് (8.64 ശതമാനം), ബജാജ് ഫിനാൻസ് ( 8.30 ശതമാനം), ബജാജ് ഫിൻസർവ് (6.91 ശതമാനം), എച്ച്ഡിഎഫ്സി ( 6.3 ശതമാനം) തുടങ്ങിയവ മുൻനിര നിക്ഷേപങ്ങളാണ്.
ഫണ്ട് പ്രവർത്തനം തുടങ്ങിയ സമയത്ത് നിക്ഷേപിച്ച 100000 രൂപ ഏഴുവർഷംകൊണ്ട് 269912 രൂപയായി വളർച്ച നേടിയിട്ടുണ്ട്. അതായത് 2.7 ശതമാനം ഇരട്ടി.
വിപണിയിലെ ഇപ്പോഴത്തെ സ്ഥിതി മാറി പോസീറ്റീവ് സൂചനകൾ എത്തുന്നതോടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ ശേഷിയുള്ള ഫണ്ടായിട്ടാണ് ആക്സിസ് ഫോക്കസ്ഡ് 25 ഫണ്ടിനെ കാണുന്നത്. ദീർഘകാലത്തിൽ മികച്ച റിട്ടേണ്‍ നൽകാൻ ശേഷിയുള്ള ഫണ്ടാണിത്.

വി. രാജേന്ദ്രൻ
മാനേജിംഗ് ഡയറക്ടർ, കാപ്സ്റ്റോക്ക് സെക്യൂരിറ്റീസ്