ഓഹരികളുടെ മൂല്യം കണ്ടെത്താൻ
ഓഹരി നിക്ഷേപമെന്നത് നല്ല ശ്രദ്ധ വേണ്ട കാര്യമാണ്. ശരിയായ ഓഹരി തെരഞ്ഞെടുക്കണം. ശരിയായ സമയത്ത് ശരിയായ വിലയിൽ നിക്ഷേപം നടത്തിയാൽ മാത്രമേ അതിൽനിന്നു മികച്ച റിട്ടേണ്‍ ലഭിക്കുകയുള്ളു.

ആ ഓഹരിയിൽ നിക്ഷേപിക്കാം; ഈ ഓഹരിയിൽ താൻ നിക്ഷേപിച്ചിട്ടുണ്ട്. ആ വിദഗ്ധൻ ഈ ഓഹരി നിക്ഷേപത്തിനു ശിപാർശ ചെയ്തിട്ടുണ്ട്... തുടങ്ങിയ ഒട്ടേറെ ഉപദേശങ്ങൾ ലഭിക്കാത്ത നിക്ഷേപകരുണ്ടാവില്ല. ഇതെല്ലാം കേൾക്കണം. ഈ വർത്തമാനങ്ങളെല്ലാം ഭാഗികമായി ശരിയുമായിരിക്കും. പക്ഷേ അവസാന തീരുമാനമെടുക്കേണ്ടത് നിക്ഷേപകൻ ആയിരിക്കണം. അതിനു സ്വന്തമായി ചില മാണ്ഡങ്ങൾ രൂപപ്പെടുത്തിയെടുക്കുകയെന്നത് ഏതൊരു ഉത്തരവാദിത്വമുള്ള നിക്ഷേപകന്‍റേയും കടമയാണ്.

ഒരു സമയത്ത് വിപണി അധിക മൂല്യത്തിലായിരിക്കും; മറ്റൊരു സമയത്ത് കുറഞ്ഞ മൂല്യത്തിലായിരിക്കും. ശരിയായ വിലയിലുള്ള നിക്ഷേപത്തിന്‍റെ അടിസ്ഥാനമെന്നത് അതിന്‍റെ മൂല്യമാണ്. ഏതു മൂല്യത്തിലായിരിക്കും ഈ ഓഹരിയിൽ നിക്ഷേപം മികച്ചതായിരിക്കുകയെന്നതു കണ്ടെത്തുകയാണ് പ്രധാന കാര്യം.

ഏറ്റവും കൂടുതൽ റിട്ടേണ്‍ ലഭിക്കുന്നത് ഏറ്റവും മികച്ച സമയത്ത് ശരിയായ വിലയിൽ നിക്ഷേപം നടത്തുന്പോഴാണ്. നിക്ഷേപക വിജയത്തിന്‍റെ സാമർത്ഥ്യവും ഇതിലാണിരിക്കുന്നത്.
പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഓഹരി തെരഞ്ഞെടുക്കുന്നുവെന്നു കരുതുക. അതിൽ ഒന്നോ രണ്ടോ മാനദണ്ഡങ്ങൾ തെറ്റായിപ്പോയാലും ഓഹരി തെരഞ്ഞെടുപ്പു തെറ്റായിട്ടുണ്ടാവില്ല.

എന്നാൽ തെറ്റായ തെരഞ്ഞെടുത്ത ഓഹരി ദുരന്തംതന്നെയായിരിക്കും. തെറ്റായ വിലയിൽ ശരിയായ ഓഹരി തെരഞ്ഞെടുത്താൽപോലും ദീർഘകാലം ചിലപ്പോൾ കാത്തിരിക്കേണ്ടതായി വരും. നിക്ഷേപത്തിനു യോജിച്ച സമയം കണ്ടെത്തുക പ്രയാസമാണെങ്കിലും ശരിയായ വില ( മൂല്യത്തിനു യോജിച്ചത്) നിക്ഷേപത്തിനായി കണ്ടെത്താം.

നിക്ഷേപത്തിനു തെരഞ്ഞെടുക്കുന്ന ഓഹരിയുടെ മൂല്യം കണക്കാക്കാൻ സഹായിക്കുന്ന ചില പരാമീറ്ററുകൾ അവതരിപ്പിക്കുകയാണ്.

1. പ്രൈസ് ടു ഏണിംഗ്
ഒരു കന്പനിയിലെ നിക്ഷേപത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആ കന്പനിയുടെ വരുമാന സാധ്യതയാണ്. കന്പനി ഭാവിയിൽ നേടാനിടയുള്ള വരുമാനത്തിനു കൂടിയാണ് ഒരു നിക്ഷേപകൻ വില നൽകുന്നത്. ചുരുക്കത്തിൽ വരുമാനമാണ് ഏതൊരു നിക്ഷേപത്തിന്‍റേയും ഏക കാരണം.
അതുകൊണ്ടുതന്നെ വിലയും വരുമാനവും തമ്മിലുള്ള അനുപാതം ( പിഇ റേഷ്യോ) ഏതൊരു നിക്ഷേപത്തിലും വളരെ പ്രധാനപ്പെട്ടതാണ്. വരുമാനത്തിന്‍റെ എത്രയിരട്ടിയാണ് വിപണി വില എന്നതാണ് ഇതിലൂടെ കണ്ടെത്തുന്നത്. ഏതുവിലയിലാണ് ഈ നിക്ഷേപം ഏറ്റവും കൂടുതൽ മൂല്യം നൽകുന്നത് എന്നു വിലയിരുത്താൻ ഇതു സഹായിക്കുന്നു. കന്പനിയെ വിലയിരുത്തുന്നതിൽ അതിനാൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട പരാമീറ്ററാണ് പിഇ അനുപാതം.
ഇതുപയോഗിച്ച് ഇതേ വ്യവസായത്തിൽ പ്രവർത്തിക്കുന്ന മറ്റു കന്പനികളുടെ പിഇയുമായി താരതമ്യം നടത്താം. മറ്റൊന്ന് ആ കന്പനിയുടെ തന്നെ ചരിത്രപരമായ പിഇ താരതമ്യം ചെയ്യാം. കന്പനിയുടെ ഏറ്റവും കുറഞ്ഞ പിഇയും സമീപകാലത്തെ പിഇയും കണക്കാക്കാം.
(വിപണി വിലയെ ഇപിഎസുകൊണ്ടു ഹരിക്കുന്പോൾ ലഭിക്കുന്ന സംഖ്യയാണ് പിഇ)
ഹിസ്റ്റോറിക് പിഇ ഒരു ഓഹരിയെ മനസിലാക്കാൻ സഹായിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്നാണ്.

2. റിട്ടേണ്‍ ഓണ്‍ കാഷ് എംപ്ലോയിഡ് (ആർഒസിഇ)
ഒരു കന്പനി എത്ര കാര്യക്ഷമമായി കാഷ് ഉപയോഗപ്പെടുത്തുന്നുവെന്നു മനസിലാക്കാൻ സഹായിക്കുന്നതാണ് റിട്ടേണ്‍ ഓണ്‍ കാഷ് എംപ്ലോയിഡ്.
ഉയർന്ന ആർഒസിഇ കാര്യക്ഷമമായി കാഷ് ഉപയോഗപ്പെടുത്തുന്നതിനെ സൂചിപ്പിക്കുന്നു. ഇതു മെച്ചപ്പെട്ട ലാഭക്ഷമത കന്പനിക്കു നൽകുന്നു. ഇതു കന്പനിക്കു ദീർഘകാലത്തിൽ വളർച്ച നൽകുന്നു.

മുടക്കിയ മൂലധനത്തിന്‍റെ അടിസ്ഥാനത്തിൽ കന്പനി നേടിയ ലാഭമെത്രയെന്നു മനസിലാക്കാൻ സഹായിക്കുന്ന പരാമീറ്ററാണ് ആർഒസിഇ. ബിസിനസിന്‍റെ കാര്യക്ഷമത അളക്കുന്ന സൂചകമാണിത്. ബിസിനസിൽനിന്ന് ഉണ്ടാക്കുന്നതിനേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ മറ്റുള്ളവയിൽനിന്നു കിട്ടുമെങ്കിൽ ബിസിനസ് ചെയ്യുന്നതിൽ വലിയ കാര്യമില്ല.
നിക്ഷേപം നടത്തുന്നതിനു മുന്പ് കന്പനിയുടെ ആർഒസിഇ മനസിലാക്കുക. ഇരട്ടയക്ക ആർഒസിഇ ഉള്ള കന്പനികളെ നിക്ഷേപത്തിനു പരിഗണിക്കുക. നല്ല ആർഒസിഇ ഇല്ലാത്ത കന്പനികളെ ഒഴിവാക്കുക. ആർഒസിഇ 15 ശതമാനം ഉള്ളതിനെ നല്ല ബിസിനസ് ആയിട്ടാണ് കണക്കാക്കുന്നത്. ഒരു കാര്യം കൂടി ഓർമിക്കുക, ബിസിനസിന്‍റെ ആദ്യ നാളുകളിൽ ഉയർന്ന ആർഒസിഇ ഉണ്ടായിരിക്കുകയില്ല. അതേപോലെ പുതിയ നിക്ഷേപം നടത്തുന്പോഴും ആർഒസിഇ കുറയാറുണ്ട്.

ആർഒസിഇ കാണുവാൻ പലിശയ്ക്കും നികുതിക്കും മുന്പുള്ള ലാഭത്തെ മുടക്കിയ മൂലധനംകൊണ്ട് ഹരിച്ചാൽ മതി.( ആർഒസിഇ = ഇബിഐടി/ കാപ്പിറ്റൽ എംപ്ലോയിഡ് ). ഇത്തരം വിവരം ലഭിക്കുന്ന നിരവധി വെബ്സൈറ്റുകളുണ്ട്.

3. ഡെറ്റ് ഇക്വിറ്റി റേഷ്യോ
വലിയ കടമുള്ള കന്പനികളെ നിക്ഷേപപരിപ്രേക്ഷ്യത്തിൽനിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. കടം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ പാപ്പരാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരാം. (ഇപ്പോൾ പല കന്പനികളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം). കടമുള്ള പല വലിയ കന്പനികളും തകർച്ചയിൽ എത്തിയിരിക്കുന്നത് നാം ചുറ്റും കാണുന്നു. ജെറ്റ് എയർവേസ്, റിലയൻസ് കമ്യൂണിക്കേഷൻ തുടങ്ങിയവ ഉദാഹരണം. കുറഞ്ഞ കടമുള്ള കന്പനികളിൽ നിക്ഷേപം നടത്തുക. നിക്ഷേപം സുരക്ഷിതമാക്കാനുള്ള വഴിയുംകൂടിയാണിത്.

4. പ്രവർത്തന ലാഭ മാർജിൻ
ഒരു ബിസിനസിനെ വിലിയിരുത്തുന്നതിനു സഹായിക്കുന്ന പ്രധാന സൂചകങ്ങളിലൊന്നാണ് പ്രവർത്തന ലാഭമാർജിൻ ( ഓപിഎം). അതതു മേഖലയിലെ നേതാവിനെ കണ്ടെത്താൻ ഒപിഎം സഹായിക്കുന്നു.

5. പ്രതിയോഹരി വരുമാന വളർച്ച
ഒരു കന്പനിയുടെ പ്രതിയോഹരി വരുമാനം ( ഇപിഎസ്) കണക്കാക്കുന്നത് അതിന്‍റെ മുൻകാല പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ്. എന്നാൽ ഓഹരി വില പലപ്പോഴും ഭാവി വരുമാനത്തെ ആശ്രയിച്ചാണ് നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഓഹരി നിക്ഷേപത്തിൽ കന്പനിയുടെ ഭാവി ഇപിഎസും വരുമാനസാധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്.

മുൻകാല ഇപിഎസ് അടിസ്ഥാനപ്പെടുത്തി ഭാവി ഇപിഎസ് അനുമാനിക്കാം. അതിനാൽ നിക്ഷേപ തീരുമാനത്തിൽ ഇപിഎസ് വളർച്ചാക്കണക്ക് വളരെ മുഖ്യമാണ്.

6. ഇബിഐടിഡിഎ
ഏണിംഗ് ബിഫോർ ഇന്‍ററസ്റ്റ്, ടാക്സ്, ഡിപ്രിസിയേഷൻ ആൻഡ് അമോർറ്റൈസേഷൻ എന്നതിന്‍റെ ചുരുക്കപ്പേരാണ് ഇബിഐടിഡിഎ. പിബിഡിഐടി ( പ്രോഫിറ്റ് ബിഫോർ ഇന്‍ററസ്റ്റ്, ടാക്സ്, ഡിപ്രിസിയേഷൻ) എന്നും ഇതിനെ വിളിക്കുന്നു.
ബിസിനസ് വഴി കന്പനിയുടെ വരുമാനം നേടുന്നതിനുള്ള ശേഷിയെആണ് ഇബിഐടിഡിഎ. കാണിക്കുന്നത്. വ്യത്യസ്ത വ്യവസായങ്ങളിലെ കന്പനികളുടെ പ്രകടനത്തെ താരതമ്യം ചെയ്യാൻ ഇതു സഹായിക്കും.

വലിയ ആസ്തിയുള്ള കന്പനികളുടെ നെറ്റ് വരുമാനം കുറവായിരിക്കും. കാരണം തേയ്മാനം, അമോർറ്റൈസേഷൻ എന്നിവ വഴി വരുമാനം കുറയും. ചെറിയ ആസ്തികളുള്ള കന്പനികളിൽ തേയ്മാനം കുറവായിരിക്കും. അതു നെറ്റ് വരുമാനത്തെ ഉയർത്തിക്കാണിക്കും. പലിശ, നികുതി തുടങ്ങിയവയുടെയും കാര്യത്തിലും ഇതുന്നെയാണ് സ്ഥിതി.

ഇബിഐടിഡിഎ കന്പനിയുടെ ലാഭക്ഷമതയെ വിലയിരുത്താനുള്ള ഘടകമാണ്. നല്ല ഇബിഐടിഡിഎ ഉള്ള കന്പനിയെന്നു പറഞ്ഞാൽ നല്ല ബിസിനസ് മാതൃകയെന്നാണ് അർത്ഥം. എന്നാൽ ഇത് കാഷ് നേടുവാനുള്ള കന്പനിയുടെ ശേഷിയെ പ്രതിഫലിപ്പിക്കുന്നില്ല. അതിനാൽ നിക്ഷേപ തീരുമാനത്തെ സ്വാധീനിക്കുന്ന ഒരു ഘടകമായി മാത്രം ഇതിനെ കാണുക.

7. പ്രമോട്ടർ ഹോൾഡിംഗ്സ്

ഒരു കന്പനിയുടെ ഓഹരി മൂലധനത്തിൽ പ്രമോട്ടർ കൈവശം വയ്ക്കുന്ന ഓഹരിയുടെ അളവാണ്. ഉയർന്ന പ്രമോട്ടർ ഹോൾഡിംഗ് കന്പനികൾ നിക്ഷേപത്തിനു തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഭാവിയിൽ വളർച്ചയ്ക്കു കരുത്തു പകരാൻ ഇതു സഹായിക്കും. ഭാവിയിൽ കന്പനി വളരുന്പോൾ തുക കണ്ടെത്താനായി പ്രമോട്ടർ ഹോൾഡിംഗിൽ ഒരു ഭാഗം വിറ്റ് തുക സമാഹപരിക്കാൻ സാധിക്കും.

ലാർജ് കാപ് കന്പനികളുടെ കാര്യത്തിൽ പ്രമോട്ടർ ഹോൾഡിംഗ് കുറഞ്ഞുനിന്നാലും കുഴപ്പമില്ല. എന്നാൽ മിഡ്, സ്മോൾ കാപ് കന്പനികളിൽ ഉയർന്ന പ്രോമോട്ടർ ഹോൾഡിംഗ് ഉള്ളതാണ് നല്ലത്.

സ്മോൾ കാപ് കന്പനികളിൽ ( വിപണി മൂല്യം 100-5000 കോടി രൂപ) 70 ശതമാനവും മിഡ്കാപ് കന്പനികളിൽ ( 5000-50000 കോടി രൂപ) 50-70 ശതമാനവും ലാർജ് കാപ് കന്പനികളിൽ 25 ശതമാനവും പ്രമോട്ടർ ഹോൾഡിംഗ് ഉള്ള കന്പനികൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക.
കുറഞ്ഞ പ്രമോട്ടർ ഹോൾഡിംഗ് ഉള്ള കന്പനികളിൽ വളർച്ചയ്ക്കു മൂലധനം സ്വരൂപിക്കാനായി ഓഹരി നൽകുന്പോൾ പ്രമോട്ടറുടെ പങ്ക് കുറയുന്നു. ഇതു തീരെ കുറയുന്പോൾ പ്രമോട്ടർക്ക് കന്പനിയിലുള്ള താൽപര്യം കുറയുകയും ചിലപ്പോഴത് പ്രശ്നങ്ങളിലേക്കു പോവുകയും ചെയ്യാം.

8. കാഷ് ഫ്ലോ

ഏതൊരു ബിസിനസിനേയും മുന്നോട്ടു നയിക്കുന്നത് വിറ്റുവരവിലെ വളർച്ചയാണ്. പക്ഷേ അതിലും പ്രധാനമാണ് ഈ വളർച്ചയിൽനിന്നുള്ള കാഷ് ഫ്ലോ.

9. ഏണിംഗ്സ് യീൽഡ്

പ്രതിയോഹരി വരുമാനവും ഇപ്പോഴത്തെ ഓഹരിവിലയും തമ്മിലുള്ള അനുപാതമാണ് ഏണിംഗ്സ് യീൽഡ്. പിഇ അനുപാതത്തിന്‍റെ വിപിരീതമാണ് ഇത്. മുൻകാല വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഏണിംഗ്സ് യീൽഡ് കണക്കാക്കുന്നത്. ഇപിഎസിലെന്നതുപോലെ ഭാവിയിലെ വരുമാന സാധ്യത എന്തായിരിക്കുമെന്നു വിലയിരുത്താൻ ഈ അനുപാതം സഹായകമാകും.

10. ഡിവിഡൻഡ് യീൽഡ്

കാഷ് ജനറേറ്റ് ചെയ്യാനുള്ള കന്പനിയുടെ ശേഷി വെളിവാക്കുന്ന സൂചകമാണിത്. കന്പനി നേടുന്ന വരുമാനത്തിൽ ഒരു ഭാഗം ഓഹരിയുടമകളുമായി പങ്കുവയ്ക്കുന്നു. ലാഭവീതമായിട്ടാണ് ഇതു നൽകുന്നത്.

നിക്ഷേപം നടത്തുന്നതിനു കന്പനി തെരഞ്ഞെടുക്കുന്പോൾ ഇതുമൊരു ഘടകമായി കണക്കാക്കുക. വളരെ ഉയർന്ന ഡിവിഡൻഡ് യീൽഡ് നൽകുന്ന സൂചന, കന്പനിക്ക് നിക്ഷേപത്തിനു പുതിയ മേഖലകൾ ഇല്ലാ എന്നാണ്. അതിനാൽ ഓഹരിയുടമകൾക്ക് വൻതോതിൽ ലാഭവീതം നൽകുന്നുവെന്നു കൂടി അനുമാനിക്കുക.

11. പ്രൈസ് ടു ബുക്ക്

കന്പനിയുടെ ഭൗതിക ആസ്തികളിൽനിന്നും ( പേറ്റന്‍റ്, ഗുഡ് വിൽ തുടങ്ങിയ നീക്കിയുള്ളത്) ബാധ്യത കുറച്ചുള്ള മൂല്യത്തെയാണ് പുസ്തകമൂല്യം എന്നു വിളിക്കുന്നത്. മറ്റു വാക്കിൽ പറഞ്ഞാൽ കന്പനിയുടെ അറ്റ ആസ്തിയാണിത്.

ഇപ്പോഴത്ത പുസ്തകമൂല്യത്തിൽനിന്നു എത്രയിരട്ടിയാണ് ഓഹരി വില എന്നു കണക്കാക്കുന്ന അനുപാതമാണ് പിബി റേഷ്യോ ( പ്രൈസ് ടു ബുക്ക് റേഷ്യോ).

കന്പനിയുടെ അറ്റ ആസ്തി നോക്കി നിക്ഷേപം നടത്തുന്നത് പന്തിയല്ല. കുറഞ്ഞ പിബി അനുപാതമുള്ളതുകൊണ്ടുതമാത്രം അതിൽ നിക്ഷേപം നടത്തരുത്. ഉയർന്ന പിബി അനുപാതമുള്ളതുകൊണ്ടുമാത്രം അതിൽ നിക്ഷേപം നടത്താതിരിക്കരുത്.

12. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആർഒഇ)

റിട്ടേണ്‍ ഓണ്‍ കാപ്പിറ്റൽ എംപ്ലോയിഡ് പോലെതന്നെ, ലഭ്യമായ പണമുപയോഗിച്ച് വരുമാനം ഉണ്ടാക്കാനുള്ള മാനേജ്മെന്‍റിന്‍റെ കഴിവിനെയാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി എന്നു വിളിക്കുന്നത്. വരുമാനത്തെ ഓഹരിയുടമകളുടെ നിക്ഷേപംകൊണ്ടു ഹരിക്കുന്പോൾ കിട്ടുന്ന അനുപാതമാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി.

പ്രൈസ് ടു ബുക്ക് പോലെതന്നെ വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഉപകരണമാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി. പ്രത്യേകിച്ചും ധനകാര്യ ഇതര കന്പനികളുടെ കാര്യം വരുന്പോൾ. വരുമാനം വർധിപ്പിക്കാതെ ബാധ്യത വർധിപ്പിച്ചുകൊണ്ടു റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി വർധിപ്പിക്കുവാൻ സാധിക്കും.

ബാധ്യതകൾ വർധിപ്പിച്ചു റിട്ടേണ്‍ ഇക്വിറ്റി വർധിപ്പിക്കുന്നതിനു പകരം വരുമാനം വർധിപ്പിച്ചുകൊണ്ടു ആർഒഇ വർധിപ്പിക്കുന്ന കന്പനികളെ നിക്ഷേപത്തിനായി പരിഗണിക്കുക.