പത്തു മിനിറ്റിൽ പ്രോജക്ട് റിപ്പോർട്ട് അതും 999 രൂപയ്ക്ക്
ഞങ്ങളുടെ കൂടെയുള്ള കൂട്ടുകാർക്ക് ധാരാളം സംരംഭ ആശയങ്ങളുണ്ടായിരുന്നു. പലതും നടപ്പിലാക്കാൻ നോക്കി പക്ഷേ, ഒന്നും അത്രയ്ക്ക് വിജയിച്ചില്ല. ആ ആശയങ്ങളുമായി നിക്ഷേപകരെ സമീപിക്കേണ്ട സമയത്തും പ്രോജക്ട് റിപ്പോർട്ടുകൾ ആവശ്യമായിരുന്നു. അപ്പോഴൊക്കെയും ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ക്കൊണ്ടാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. ഓരോ തവണയും 10000 രൂപ വീതം കൊടുക്കേണ്ടി വന്നു. അങ്ങനെ രണ്ടെണ്ണം ചെയ്തപ്പോഴേക്കും ഞങ്ങളുടെ കയ്യിലെ പണം തീർന്നു. പിന്നെ ഞങ്ങൾ തന്നെ വെറുതെ എക്സലിൽ ചെയ്തു നോക്കി. സുഹൃത്തുക്കൾക്ക് ചെയ്തു കൊടുത്തു. അവർ അവരുടെ സുഹൃത്തുക്കളോട് പറഞ്ഞു. അങ്ങനെ കുറെ പ്രോജക്ട് റിപ്പോർട്ടുകൾ ചെയ്തു കൊടുത്തു. അങ്ങനെയാണ് പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഒരു സോഫ്റ്റ് വേറിനെക്കുറിച്ച് ചിന്തിക്കുന്നത്.’’, ഫൈനാമിക്സ് ബിസിനസ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സിഇഒ ഹരി ശശി പറയുന്നു.

പ്രോജക്ട് റിപ്പോർട്ടുകൾ മികച്ചതായിരിക്കണം

സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്പോഴേ കയ്യിലുണ്ടാകേണ്ട ഒന്നാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട്. വായ്പ എടുക്കാനും നിക്ഷേപകരെ കണ്ടെത്താനുമൊക്കെ പ്രോജക്ട് റിപ്പോർട്ട് കൂടിയേ തീരു. പക്ഷേ, സംരംഭകരെ സംബന്ധിച്ചിടത്തോളം അത് തനിയെ തയ്യാറാക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ ചാർട്ടേഡ് അക്കൗണ്ടന്‍റുമാരെയോ അല്ലെങ്കിൽ ബിസിനസ് കണ്‍സൾട്ടിംഗ് സ്ഥാപനങ്ങളെയോ ആണ് ഇതിനായി ആശ്രയിക്കാറ്.

അല്ലെങ്കിൽ ഇന്‍റർനെറ്റിൽ നിന്നും ലഭിക്കുന്ന മാതൃകകൾ ഡൗണ്‍ലോഡ് ചെയ്ത് അതിൽ മാറ്റങ്ങൾ വരുത്തി നൽകും. പലപ്പോഴും ഇങ്ങനെ നൽകുന്ന പ്രോജക്ട് റിപ്പോർട്ടുകൾ മികച്ച നിലവാരം പുലർത്തുന്നവയോ അല്ലെങ്കിൽ ആ സംരംഭത്തിന് അനുയോജ്യമായതോ ആയിരിക്കില്ല.

ഇങ്ങനെ തയ്യാറാക്കി നൽകുന്നവർക്ക് ഫീസായി 5000 രൂപ മുതൽ നൽകണം. ആകെ എടുക്കുന്ന വായ്പ ഒരു ലക്ഷം മുതൽ ആയിരിക്കും. അതിൽ നിന്നും ഈ ഫീസും കൂടി നൽകുക എന്നത് സംരംഭകരെ സംബന്ധിച്ച് വലിയൊരു ഭാരം തന്നെയാണ്. ഇവിടെയാണ് രക്ഷകരായി ഫൈനാമിക്സ് ബിസിനസ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയും അവരുടെ ഫിൻലൈൻ എന്ന സോഫ്റ്റ് വേറും എത്തുന്നത്. പന്തളം മുതുകാട്ടുകര ഹരിശ്രീയിൽ ഹരി ശശിയും കാഞ്ഞിരപ്പള്ളി സ്വദേശി ജെയിംസ് ഡൊമിനിക്കുമാണ് സംരംഭത്തിനു പിന്നിൽ.

പത്ത് മിനിറ്റിൽ പ്രോജക്ട് റിപ്പോർട്ട്

ഫിൻലൈനിൽ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ വെറും പത്തു മിനിറ്റ് മതി. ഫിൻലൈന്‍റെ വെബ്സൈറ്റിൽ കയറണം. www.finline.in എന്നതാണ് വെബ്സൈറ്റ്. സ്വന്തമായി വിവരങ്ങൾ നൽകി സംരംഭകർക്ക് പ്രോജക്ട് റിപ്പോർട്ട് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അതിന് സംരംഭകനെ സംബന്ധിക്കുന്നതും അതോടൊപ്പം സംരംഭത്തെ സംബന്ധിക്കുന്നതുമായ അടിസ്ഥാന വിവരങ്ങൾ നൽകിയാൽമതി. ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകും, ഇത് ഡൗണ്‍ലോഡ് ചെയ്ത് ബാങ്കിൽ സമർപ്പിച്ചാൽ മതി. ഇത്തരം വിവരങ്ങൾ കൂടി നൽകാൻ സാധിക്കാത്തവർക്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നന്പറിൽ വിളിച്ചോ അല്ലെങ്കിൽ വാട്സാപ്പ് വഴിയോ വിവരങ്ങൾ നൽകിയാൽ ഫിൻലൈൻ ടീം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകും.

ഒരു തവണ കൊടുക്കുന്ന വിവരങ്ങൾ തിരുത്തി നൽകാനും അവസരമുണ്ട്. ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിന് ഫിൻലൈൻ ഈടാക്കുന്നത് 999 രൂപയാണ്. ഡൗണ്‍ ലോഡ് ചെയ്തതിനുശേഷവും യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ആവശ്യം പോലെ എഡിറ്റ് ചെയ്യാം.


ഉപഭോക്താക്കൾക്ക് തങ്ങളുടെ സംരംഭം എന്താണെന്നുള്ളതിനെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാകാനും ആവശ്യത്തിന് തുക മാത്രം വായ്പ എടുക്കാനും ഇതുവഴി സാധിക്കും. സംരംഭത്തിലെ പല കാര്യങ്ങളും തുടക്കത്തിലെ ചെയ്യേണ്ടതില്ലെന്ന് മനസിലാക്കാം. ഘട്ടം ഘട്ടമായി ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെ ചെയ്യാം. ഇതുവഴി സംരംഭകർക്കുമേൽ വലിയൊരു ബാധ്യതയും വന്നു വീഴില്ല. സംരംഭകരെ ക്കാളധികം ചാർട്ടേഡ് അക്കൗണ്ടന്‍റുമാരാണ് ഇത് പ്രയോജനപ്പെടുത്തു ന്നതെന്ന് ഹരി പറയുന്നു.

അനുഭവങ്ങൾ, പഠനങ്ങൾ

ഹരി ബിഎസ് സി ഇലക്ട്രോണിക്സ് പഠിച്ചതിനുശേഷം മാർക്കറ്റിംഗിൽ എംബിഎ നേടി 12 വർഷത്തോളം ടെക്നോപാർക്കിലെ വിവിധ കന്പനികളിൽ ജോലി ചെയ്തിരുന്നു. ജെയിംസ് ബിടെക് ബിരുദധാരിയാണ്. ജെയിംസും ടെക്നോപാർക്കിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം പന്ത്രണ്ട് വർഷത്തോളമായി. ടെക്നോ പാർക്കിൽ ജോലി ചെയ്യുന്പോൾ കൂടെ താമസിച്ചുള്ള പരിചയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്.

പ്രോജക്ട് റിപ്പോർട്ടിനൊരു സോഫ്റ്റ് വേർ എന്ന ആശയം മനസിൽ കയറിയ സമയത്താണ് ഫെഡറൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുമായി സംസാരിക്കുന്നത്. അറുപതു ശതമാനത്തോളം പ്രോജക്ട് റിപ്പോർട്ടുകളും കൃത്യമായ വിവരങ്ങളില്ലാതെ എത്തുന്നവയാ ണെന്നാണ് അവർ പറഞ്ഞത്. ഇത്തരമൊരു സംരംഭം അതുകൊണ്ടുതന്നെ വളരെ നല്ലതായിരിക്കും. ബാങ്കുകൾക്കും അതു സഹായകമാണെന്ന് അവർ പറഞ്ഞതോടെ ഞങ്ങൾക്കും ആത്മവിശ്വാസമായി.

ഇതിനിടയിൽ ഞങ്ങൾ ഒരു സർവേ നടത്തി, വിവരാവകാശ നിയമം വഴി കുറച്ചു വിവരങ്ങൾ അറിയാൻ ശ്രമിച്ചു. മുദ്ര തുടങ്ങിയ ചെറുകിട വായ്പകൾക്കായി 4.5 കോടിയോളം ജനങ്ങൾ ഒരു വർഷം അപേക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചു. അതും പ്രചോദനമായി. സംരംഭകർക്കായുള്ള ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ കൃത്യമായ ഒരു മാർഗമൊന്നും നിലവിലില്ല. അങ്ങനെ 2017 ൽ കന്പനി രജിസ്റ്റർ ചെയ്തു. 2018 ഡിസംബറിലാണ് ഫിൻലൈൻ സോഫ്റ്റ് വേർ ലോഞ്ച് ചെയ്യുന്നത്.’’, ഹരി പറഞ്ഞു.

നാല് പേരടങ്ങുന്ന ടീമാണ് ഫിൻലൈനു പിന്നിൽ. ഹരി ശശി സിഇഒ, ജെയിംസ് ഡൊമിനിക് സിടിഒ, മംമ്ത രാഹുൽ, അനീഷ് സുധാകരൻ എന്നിവരാണ് മറ്റു രണ്ടു ടീമംഗങ്ങൾ.

കാശ്മീർ മുതൽ ഉപയോക്താക്കൾ

ഓണ്‍ലൈൻ ഫിനാൻഷ്യൽ കണ്‍സൾട്ടന്‍റുമാരുടെ സേവനവും വെബ്സൈറ്റിൽ ലഭ്യമാണ്. ഇതുവരെ 2000 ത്തിനു മുകളിൽ പ്രോജക്ട് റിപ്പോർട്ടുകൾ ഫിൻലൈനിൽ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും ഹരി പറയുന്നു. ജമ്മു കാശ്മീരിലെ പുൽവാമ മുതൽ, ആൻഡമാൻ നിക്കോബാർ, തെലുങ്കാന, അന്ധ്രപ്രദേശ് എന്നിവിടങ്ങളിലുള്ളവരെല്ലാം ഫിൻലൈനിന്‍റെ ഉപയോക്താക്കളുടെ ലിസ്റ്റിലുണ്ട്.

സ്റ്റാർട്ടപ്പ് മിഷന്‍റെ ടെക്നോപാർക്കിലെ ഇൻകുബേറ്ററിലാണ് കന്പനി ഇൻകുബേറ്റ് ചെയ്യുന്നത്. സെപ്റ്റംബറോടെ ഇൻകുബേഷൻ അവസാനിക്കും. അതിനുശേഷം കന്പനിയെ വിപുലീകരിക്കാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം. അതോടൊപ്പം വായ്പകൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമായി ഉയർത്തുക. സംരംഭകർക്കാവശ്യമായ ഫിനാൻഷ്യൽ രേഖകളെ ഏകീകരിച്ച് നൽകുക എന്നീ ലക്ഷ്യങ്ങൾ കൂടിയുണ്ട്.