യോഗ്യതയുള്ള സ്റ്റാർട്ടപ്പുകൾക്ക് നികുതിയിളവ്
രാജ്യത്തെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2016-ൽ മോദി ഗവണ്‍മെന്‍റ് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിക്കു രൂപം നൽകിയത്. ബാങ്ക് വായ്പ ലഭ്യമാക്കുക, ഗ്രാന്‍റ് ലഭ്യമാക്കുക, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക, സംരംഭത്തിന്‍റെ സംയോജനം എളുപ്പമാക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

സ്റ്റാർട്ടപ്പ് കന്പനികളുടെ വളർച്ച ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി നികുതിയിളവുകളും ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇക്കഴിഞ്ഞ ബജറ്റിൽ.

ആദ്യം യോഗ്യത നേടാം

സ്റ്റാർട്ടപ്പ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആദ്യം സ്റ്റാർട്ടപ്പ് യോഗ്യത നേടണം. അതിനു ചില മാനദണ്ഡങ്ങൾ ഇത്തരം കന്പനികൾ പാലിക്കേണ്ടതുണ്ട്. അവ ഇവയാണ്.
* ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ട് ഏഴു വർഷത്തിൽ താഴെയായിരിക്കണം. ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഇതു 10 വർഷമാണ്.
* വാർഷിക വിറ്റുവരവ് മുൻവർഷങ്ങളിൽ 25 കോടി രൂപയ്ക്കു മുകളിൽ എത്തയിരിക്കരുത്.
* പുതിയ ഉത്പന്നത്തിന്‍റെ വികസനം, വിപണനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതായിരിക്കണം. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശമുള്ള ഉത്പന്നങ്ങൾ, സേവനങ്ങൾ തുടങ്ങിയവ നൽകുന്നവയാകാം.
* നിലവിലുള്ള ഏതെങ്കിലും ബിസിനസ് വിഭജിച്ചുണ്ടാക്കിയവോ അല്ലെങ്കിൽ അവയെ നവീകരിക്കുന്നവയോ ആകരുത്.
* ഇന്‍റർ മിനിസ്റ്റീരിയൽ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം.
* പ്രൈവറ്റ് ലിമിറ്റഡ് കന്പനി, രജിസ്റ്റേഡ് പാർട്ണർഷിപ്പ്, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് എന്നിങ്ങനെ ഏതെങ്കിലും രീതിയൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായിരിക്കണം.

നികുതിയിളവുകൾ

* 1. മൂന്നു വർഷത്തെ നികുതി ഹോളിഡേ
2016 ഏപ്രിൽ ഒന്നിനു ശേഷം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ഏഴു വർഷക്കാലത്തിൽ മൂന്നുവർഷത്തിലെ ലാഭത്തിന് 100 ശതമാനം നികുതിയിളവു ലഭിക്കും. പക്ഷേ വിറ്റുവരവ് ഒരു ധനകാര്യ വർഷത്തിലും 25 കോടി രൂപയിൽ കവിയരുത്.

* 2. ദീർഘകാല മൂലധന വളർച്ചാ നികതിയിളവ്
ആദായനികുതി വകുപ്പിൽ കൂട്ടിച്ചേർത്ത 54 ഇഇ പ്രകാരമാണ് ഈ ഇളവ്. യോഗ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ ആസ്തി ട്രാൻസ്ഫർ ചെയ്യുന്പോൾ ലഭിക്കുന്ന ദീർഘാകാല മൂലധന വളർച്ച ആറു മാസത്തിനുള്ളിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള ഫണ്ടുകളിൽ നിക്ഷേപം നടത്തിയാൽ നികുതിയിളവു കിട്ടും. ഇത്തരത്തിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 50 ലക്ഷം രൂപയാണ്. കുറഞ്ഞതു 3 വർഷം ഈ തുക നിക്ഷേപിക്കുകയും വേണം. മൂന്നുവർഷത്തിനു മുന്പേ നിക്ഷേപം പിൻവലിച്ചാൽ ഇളവ് റദ്ദാക്കും.


* 3. ഫെയർ വാല്യുവിനു മുകളിലുള്ള നിക്ഷേപത്തിനു ഇളവ്
യോഗ്യതയുള്ള സ്റ്റാർട്ടപ്പുകളിൽ ഫെയർ വാല്യുവിനു മുകളിലുള്ള മൂല്യത്തിൽ നടത്തുന്ന നിക്ഷേപത്തിനു നികുതിയിളവു കിട്ടും. റെസിഡന്‍റ് ഏഞ്ചൽ നിക്ഷേപകർ, സംരംഭകന്‍റെ കുടുംബാംഗങ്ങൾ , മറ്റു ഫണ്ടുകൾ തുടങ്ങിയ വെഞ്ചർ കാപ്പിറ്റലിസ്റ്റുകളായി രജിസ്റ്റർ ചെയ്യാത്ത നിക്ഷേപങ്ങൾക്കും ഇളവു കിട്ടും. ഇൻകുബേറ്റേഴസ് നടത്തുന്ന ഇത്തരത്തിലുള്ള നിക്ഷേപത്തിനും കിഴിവുണ്ട്.

* 4. യോഗ്യതയുള്ള സ്റ്റാർട്ടപ്പുകളിലെ ഓഹരി നിക്ഷേപത്തിന്‍റെ ദീർഘകാല മൂലധന വളർച്ചയ്ക്കു നികുതിയിളവ്
നിലവിലുള്ള നിയമമനുസരിച്ച് റെസിഡൻഷ്യൽ പ്രോപ്പർട്ടി വിൽക്കുന്പോൾ ലഭിക്കുന്ന ദീർഘകാല മൂലധന വളർച്ച, ചെറു, ഇടത്തരം സ്ഥാപനങ്ങളിൽ (2006-ലെ മൈക്രോ, സ്മോൾ, മീഡിയം എന്‍റർപ്രൈസ്സ് ആക്ട് അനുസരിച്ചുള്ള സ്ഥാപനങ്ങളിൽ) നിക്ഷേപിച്ചാൽ മാത്രമേനികുതിയിളവു ലഭിക്കുമായിരുന്നുള്ളു. ഇപ്പോഴത് യോഗ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ ഓഹരികളിലെ നിക്ഷേപത്തിനുകൂടി ബാധകമാക്കിയിരിക്കുകയാണ്. വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബം തുടങ്ങിയവരുടെ നിക്ഷേപത്തിന് ഈ നികുതിയിളവു കിട്ടും. പക്ഷേ അഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഈ നിക്ഷേപത്തിനുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് ഈ തുക അസറ്റ് വാങ്ങുന്നതിന് ഉപയോഗിക്കാം. ഇങ്ങനെ വാങ്ങുന്ന ആസ്തി അഞ്ചു വർഷത്തിനുള്ളിൽ വിൽക്കരുത്.

* 5. സെറ്റ് ഓഫും കാരി ഫോർവേർഡ് ലോസും
യോഗ്യതയുള്ള സ്റ്റാർട്ടപ്പുകളുടെ നഷ്ടം സെറ്റ് ഓഫ് ചെയ്യുന്നതിനും കാരിഫോർവേഡ് ചെയ്യുന്നതിനുമുള്ള നിബന്ധനകളിൽ ഇളവു വരുത്തി. 2020-21 അസെസ്മെന്‍റ് വർഷം മുതൽ ഇതിനു പ്രാബല്യമുണ്ടായിരിക്കും.