റിസ്ക് എടുക്കാൻ തയ്യാറാകണം, നല്ല ആശയങ്ങൾ കൊണ്ടു വരണം
കേരളത്തിലെ പ്രധാന ഏഞ്ചൽ നിക്ഷേപകരിൽ ഒരാളായ പി.കെ ഗോപാലകൃഷ്ണൻ കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം, ഫണ്ടിംഗ് എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു.

? കേരളത്തിലെ നിലവിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തെ ഒന്നു വിലയിരുത്തിയാൽ
സർക്കാരിന്‍റെ നോഡൽ ഏജൻസിയാണ് സ്റ്റാർട്ടപ്പ് മിഷൻ. കഴിഞ്ഞ അഞ്ചു കൊല്ലമായി നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഇൻകുബേഷൻ, മെന്‍ററിംഗ്, ഫണ്ടിംഗ് എന്നീകാര്യങ്ങളൊക്കെയും ചെയ്യുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ പബ്ലിക്-പ്രൈവറ്റ് മോഡൽ പാർട്ണഷിപ്പിലുള്ള ഇൻകുബേറ്ററാണ് കണ്ണൂരുള്ള മൈസോണ്‍.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം ഒത്തിരി വികസിച്ചു. പക്ഷേ, ഗുർഗ്രാവ്, മുംബൈ, ബംഗളുരൂ എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവുമായി താരതമ്യപ്പെടുത്തുന്പോൾ അത്രയ്ക്ക് വളർന്നിട്ടില്ല. ഇനിയും വളരാനുണ്ട്. സാങ്കേതിക അറിവ് വർധിക്കണം.കേരളത്തിലെ ആളുകൾക്ക് പൊതുവേ താൽപര്യം സർക്കാർ ജോലി അല്ലെങ്കിൽ കോർപറേറ്റ് ജോലി ചെയ്യാനാണ്. സംരംഭകരാകുക എന്നത് റിസ്കുള്ള ഒന്നാണ് എന്ന ധാരണയാണ് പലർക്കും. ആ നിലപാടിന് മാറ്റം വരണം. സംരംഭകത്വത്തെ കുറച്ചു കൂടി ആവേശത്തോടെ, പോസിറ്റീവ് മനസോടെ കേരളം ഏറ്റെടുക്കേണ്ടതുണ്ട്.
എങ്കിലും നാലഞ്ചു കൊല്ലമായി ഈ മേഖലയിൽ വളരെയധികം വളർച്ചയുണ്ടായിട്ടുണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കണ്ണൂരു പോലുള്ളൊരു സ്ഥലത്ത് മൈസോണ്‍ പോലെ ഒരു ഇൻകുബേഷൻ സെന്‍റർ, ഏഞ്ചൽ നെറ്റ് വർക്കിംഗ് ഗ്രൂപ്പ് എന്നിവയൊക്കെ വന്നത്. അതുകൊണ്ടു തന്നെ സ്റ്റാർട്ടപ്പുകൾക്ക് വളരെ മികച്ച ഭാവി തന്നെയാണ് കേരളത്തിൽ കാണുന്നത്.

കേരളത്തിൽ എല്ലായിടത്തും നിക്ഷേപ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ടയർ 2 നഗരങ്ങളിലും മറ്റും നിക്ഷേപ അവബോധം സൃഷ്ടിക്കുന്നതു പോലെ എല്ലാ ജില്ലകളിലും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. മാധ്യമങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. സർക്കാരിന്‍റെ പിന്തുണയും നല്ലതുപോലെ വേണം.

? ഒരു ആശയം ലഭിച്ചാലുടനെ അതിനെ സംരംഭമാക്കുകയാണോ അടുത്തപടി
അല്ല, അതിനു മുന്പ് ചില കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം.
ഒന്നാമതായി, ഒരു ആശയം ലഭിച്ചാൽ അതിനെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ആശയങ്ങൾ ഒന്നോ അതിലധികമോ ഉണ്ടാകാം. മനസിലുള്ള ആശയത്തിൽ ഏതാണ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരു യഥാർത്ഥ പ്രശ്നത്തിനു പരിഹാരമാകുന്ന ആശയങ്ങളെയെ സംരംഭകത്വത്തിലേക്ക് കൊണ്ടു വരാവൂ.

നിലവിൽ ഒരു വിപണി മുന്നിലുണ്ട്. അവിടെ ധാരാളം വിതരണക്കാരും ഉപഭോക്താക്കളുമുണ്ട്. അവർക്കിടയിൽ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് ആലോചിക്കേണ്ടത്. അങ്ങനെ പുതിയൊരു ആശയത്തിന് ഇടമുണ്ടെങ്കിലെ അതുമായി മുന്നോട്ടു പോകാവൂ. ഇടക്കാലത്തേക്ക് അല്ലെങ്കിൽ അത്ര കാര്യമായി ആളുകളെ ബാധിക്കാത്ത ഒരു കാര്യത്തിനുള്ള പരിഹാരമല്ല കണ്ടെത്തേണ്ടത്. ആശയം ശക്തമല്ലാത്തതാണ് പല സ്റ്റാർട്ടപ്പുകളും തുടങ്ങി പിന്നെ മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നത്.

രണ്ടാമതായി, ബിസിനസ് ഡെവലപ്മെന്‍റിനെക്കുറിച്ച് അറിവുള്ളവർ ടീമിലുണ്ടായിരിക്കുക എന്നുള്ളതാണ്. ടെക്നിക്കൽ മേഖലയിൽ അറിവുള്ളവരെപ്പോലെ തന്നെ അത്യാവശ്യമാണ് ബിസിനസ് ഡെവലപ്മെന്‍റിനെക്കുറിച്ച് അറിവുള്ളവരും ടീമിലുണ്ടാകുക എന്നത്. ഉത്പന്നമായാലും സേവനമായാലും വിപണി എവിടെയാണ്, എങ്ങനെ ഉപഭോക്താക്കളെ കണ്ടെത്തും, എങ്ങനെ വിൽക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വേണം. അതോടൊപ്പം അത് കണ്ടെത്തി വികസിപ്പിക്കാനും സാധിക്കണം.

ഇതു രണ്ടുമുണ്ടെങ്കിൽ മൂന്നാമത്തെ കാര്യമായ ഫണ്ടിംഗിനെക്കുറിച്ച് സ്റ്റാർട്ടപ്പുകൾ ആകുലപ്പെടേണ്ട കാര്യമില്ല. ആദ്യത്തെ രണ്ടു കാര്യങ്ങൾ ശരിയായൽ മൂന്നാമത്തെ കാര്യം താനെ ശരിയാകും. ഇന്ത്യയിൽ പണത്തിന ്ക്ഷാമമൊന്നുമില്ല. ഏഞ്ചൽ നിക്ഷേപകരായി നിരവധി പേരുണ്ട്. സർക്കാർ ഫണ്ട് ഓഫ് ഫണ്ട് തുടങ്ങിയ നിക്ഷേപ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഫണ്ടിംഗ് ഒരിക്കലും സ്റ്റാർട്ടപ്പുകൾക്ക് പ്രശ്നമാകില്ല. പക്ഷേ, ആദ്യത്തെ രണ്ടു കാര്യങ്ങളെ ശരിയാക്കുക എന്നതാണ് പ്രധാനം.

? ഫണ്ടിംഗ് ശ്രദ്ധിക്കേണ്ടതെന്തൊക്കെ
റിയൽ പ്രോബ്ലത്തെ പരിഹരിക്കുന്ന ആശയമാണോ എന്നത് എപ്പോഴും പ്രസക്തമാണ്. കരുത്തുറ്റ ആശയമായിരിക്കണം. അടുത്തതായി വലിയൊരു ബിസിനസായി മാറാൻ സാധ്യതയുള്ള ഒരു ആശയമാണോ എന്നതും പ്രസക്തമാണ്. സംരംഭകരുടെ അറിവും പ്രധാനമാണ്. തെരഞ്ഞെടുത്തിരിക്കുന്ന ബിസിനസിനെക്കുറിച്ചും ആ മേഖലയെക്കുറിച്ചും എത്രമാത്രം അറിവുണ്ട് എന്നത് നിക്ഷേപകർ ശ്രദ്ധിക്കും. കൂടാതെ ആഗോള തലത്തിൽ ഈ ആശയത്തിന് എത്രമാത്രം പ്രാധാന്യമുണ്ട്. ഇത്തരം ആശയങ്ങൾക്ക് ഫണ്ടിംഗ് ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കും.

? ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റ് ലഭിക്കണമെങ്കിൽ എത്രത്തോളം ഒരു സ്റ്റാർട്ടപ്പ് വളർന്നിരിക്കണം
തീർച്ചയായും ഒരു വർക്കിംഗ് മോഡൽ വേണം. ഒരു പേപ്പറിലെ ആശയംവച്ച് നിക്ഷേപം നടത്തുന്നവരുമുണ്ട്. പക്ഷേ, അങ്ങനെ ഫണ്ടിംഗ് ലഭിക്കുകയെന്നത് ബുദ്ധിമുട്ടാണ്. സംരംഭത്തിന്‍റെ സാധ്യതപരിശോധിക്കുന്നതിനായി കുറച്ച് ഉപഭോക്താക്കളിലേക്ക് എന്തായാലും എത്തിയിരിക്കണം. ഇങ്ങനെയുള്ള സ്റ്റാർട്ടപ്പുകളെയാണ് പൊതുവേ ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റിനായി പരിഗണിക്കുന്നത്.

? ഫണ്ടിംഗ് സ്വീകരിച്ച് കഴിയുന്പോൾ സ്റ്റാർട്ടപ്പിന് ആശയത്തിൽ നിന്നും മാറേണ്ടി വരാറുണ്ടോ
ആശയങ്ങൾ ഒരിക്കലും സ്ഥിരമായിരിക്കില്ലല്ലോ. ഓരോ ദിവസവും പുതിയ പുതിയ കൂട്ടിച്ചേർക്കലുകളും കുറയ്ക്കലും വരാം. ഫണ്ടിംഗ് സ്വീകരിച്ച് കഴിയുന്പോൾ നിക്ഷേപകനും സംരംഭകനും തമ്മിൽ നല്ലൊരു ബന്ധം ഉടലെടുക്കും. പ്രത്യേകിച്ച് നിക്ഷേപകർ ബിസിനസ് മേഖലകളിൽ നിന്നുള്ളവരാണെങ്കിൽ അവർക്ക് അവരുടേതായ ആശയങ്ങളുണ്ടാകും. അവ കൂടി ചേരുന്പോൾ പലപ്പോഴും പുതിയ ഒരു തലത്തിലേക്ക് ബിസിനസും ആശയവും നീങ്ങാം. ആശയങ്ങളെ എപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കണം. അതിനനുസരിച്ച് അപ്പോൾ വ്യത്യാസം വരാം. അതുപോലെ തന്നെ തുടക്കകാലത്തെ ഉപഭോക്താക്കളിൽ നിന്നും വിലയിരുത്തൽ വാങ്ങണം. ഒരു പരീക്ഷണനുഭവങ്ങളിലൂടെയെ ആശയങ്ങളെ മികച്ച സംരംഭമാക്കി മാറ്റാൻ സാധിക്കൂ.

? നിക്ഷേപകർക്കുള്ള നികുതി നേട്ടം തുടങ്ങിയ കാര്യങ്ങളിലെ സർക്കാരിന്‍റെ പിന്തുണ
പുതിയ ബജറ്റിൽ ഏഞ്ചൽ നിക്ഷേപകർക്കുള്ള നികുതി നേട്ടത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പക്ഷേ, അത് പെട്ടന്നൊരു നേട്ടം നൽകുമെന്ന് തോന്നുന്നില്ല. തുടക്കകാരായ സ്റ്റാർട്ടപ്പുകൾക്ക് എന്തായാലും നികുതി നേട്ടങ്ങളുണ്ട്. മൂന്നു നാലു വർഷം അത്ര ലാഭകരമായിട്ടൊന്നായിരിക്കുകയില്ല അവർ പ്രവർത്തിക്കുന്നത്. അൽപ്പം പ്രായമായ സ്റ്റാർട്ടപ്പുകൾക്കാണ് നികുതി ബാധ്യത വരിക.

നിക്ഷേപകരെ സംബന്ധിച്ചാണെങ്കിലും, അമേരിക്കയിലൊക്കെ അക്രെഡിറ്റഡ് ഇൻവെസ്റ്റർമാർ എന്നൊരു വിഭാഗവുമുണ്ട്.അതായത് സർക്കാരിന്‍റെ നിർദേശങ്ങൾ പ്രകാരം ആർക്കൊക്കെ നിക്ഷേപിക്കാം. എത്ര തുകവരെ നിക്ഷേപിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. ആ ആശയം ഇന്ത്യയിൽ ഇനിയും നടപ്പിലായിട്ടില്ല. ഇത് നടപ്പിലായെങ്കിൽ മാത്രമേ നിക്ഷേപകർക്കുള്ള നികുതി നേട്ടം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കു.


? ഇന്ത്യയിൽ നിന്നുള്ള നിക്ഷേപ സംസ്കാരം എങ്ങനെയുണ്ട്
ഇന്ത്യ പൊതുവേ ഒരു യാഥാസ്ഥിതിക സമൂഹമാണ്. റിസ്ക് അധികം എടുക്കാൻ താൽപ്പര്യപ്പെടാത്തവരാണ് ഇന്ത്യക്കാരിൽ അധികവും. കയ്യിലുള്ള പണത്തെ സ്ഥിര നിക്ഷേപമായി സൂക്ഷിക്കാനാണ് മിക്കവർക്കും താൽപര്യം. ബാങ്ക് നിക്ഷേപം, സ്വർണം, ഭൂമി തുടങ്ങിയ ആസ്തികളിലേക്കാണ് നിക്ഷേപത്തിൽ അധികവും പോകുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓഹരി നിക്ഷേപത്തിലേക്കും വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലേക്കും ഇന്ത്യക്കാർ തിരിഞ്ഞിട്ടുണ്ട്.

ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റ് എന്നതും ഒരു അസറ്റ് ക്ലാസാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയ്ക്കാണ് ഇത് വളർന്നു വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇനിയും ഏറെ ദൂരം പോകാനുണ്ട്. കേരളത്തിൽ നിന്നും നോക്കുകയാണെങ്കിൽ 100 അല്ലെങ്കിൽ 200 ഏഞ്ചൽ നിക്ഷേപകരുണ്ടാകും. എന്നാൽ 10000 കോടി രൂപയുടെ സാധ്യതകളാണ് ഇവിടെയുള്ളത്.
പ്രവാസികളുണ്ട്, അവരിൽ തന്നെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വന്നവരുണ്ട്,അവർക്കൊക്കെ നിക്ഷേപിക്കാനുള്ള ഒരു ആസ്തിയായി ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റിനെ കാണേണ്ടതുണ്ട്. ബാങ്ക് നിക്ഷേപം പോലെയോ, മ്യൂച്വൽഫണ്ട് പോലെയോ ഇതിനെയും പരിഗണിക്കണം. റിസ്ക് അൽപ്പം കൂടുതലാണ് അതുപോലെ തന്നെ റിട്ടേണും അധികമാണ്. ആളുകൾക്ക് ഇതിനെക്കുറിച്ച് അറിയില്ല എന്നത് വലിയൊരു പോരായ്മയാണ്. റിസ്ക് റിവാർഡ് റേഷ്യോ എന്താണ്, എങ്ങനെ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആളുകൾ ഇനിയും ബോധവാന്മാരാകേണ്ടതുണ്ട്. റിസ്ക് എടുക്കാൻ അൽപ്പം കൂടി താൽപ്പര്യം കാണിക്കേണ്ടതുണ്ട്.

മലബാർ ഏഞ്ചൽ നെറ്റ് വർക്ക് ആരംഭിച്ചതുപോലും ഈ അവസരങ്ങളെ പ്രയോജനപ്പെടുത്താനാണ്. റിട്ടയർ ചെയ്ത കോർപറേറ്റ് മേഖലയിലെ ജോലിക്കാർ, റിട്ടയർ ചെയ്ത ബാങ്ക് ജീവനക്കാർ, ബിസിനസുകാർ, പ്രവാസികൾ എന്നിവരെല്ലാം ഇതിൽ അംഗങ്ങളാണ്.

? റിസ്കാണോ പിന്തിരിപ്പിക്കുന്ന ഘടകം
ബാങ്കിൽ നിക്ഷേപിച്ചാലും ബാങ്കിന് എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് തുകയെ ലഭിക്കുകയുള്ളു. ഷെയർ മാർക്കറ്റും വ്യതിയാനങ്ങളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂമിയുടെ വിലയാണെങ്കിലും കഴിഞ്ഞ അഞ്ചു കൊല്ലമായി താഴ്ന്നു നിൽക്കുകയാണ്. സ്വർണം എടുത്താൽ കഴിഞ്ഞ 20 കൊല്ലത്തെ റിട്ടേണ്‍ നാല് ശതമാനമാണ്. കഴിഞ്ഞ ആറുമാസമായിട്ടേയുള്ളു വില അൽപ്പം കൂടിയിട്ട്.

എല്ലാ ആസ്തികൾക്കും റിസ്ക് റിവാർഡ് റേഷ്യോ ഉണ്ട്. സ്റ്റാർട്ടപ്പിലെ ഏഞ്ചൽ നിക്ഷേപത്തിനുമുണ്ട് ഈ റിസ്ക് റിവാർഡ് റേഷ്യോ. നിക്ഷേപകർ പോർട്ട്ഫോളിയോ തയ്യാറാക്കേണ്ടതുണ്ട്. ഒരു സ്റ്റാർട്ടപ്പിൽ മാത്രം നിക്ഷേപിച്ചിട്ട് കാര്യമില്ല. അഞ്ചു മുതൽ 10 സ്റ്റാർട്ട്പ്പിലെങ്കിലും നിക്ഷേപിക്കണം.

ഉദാഹരണത്തിന് 10 സ്റ്റാർട്ടപ്പുകളിലായി രണ്ടു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം രൂപ വീതം 50 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ചാറു കൊല്ലം കഴിയുന്പോൾ ശരാശരി 25 മുതൽ 30 ശതമാനം വരെ വാർഷിക റിട്ടേണ്‍ പ്രതീക്ഷിക്കാം.

? പ്രോഡക്ട് അല്ലെങ്കിൽ സർവീസ് ഇങ്ങനെ വേർതിരിക്കാമോ
പ്രോഡക്ട് അല്ലെങ്കിൽ സർവീസ് എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. എന്തായാലും എവിടെയും ടെക്നോളജിയുടെ ഉപയോഗമാണ് വേണ്ടത്. ഒലയായാലും ഉൗബറായാലും സ്വിഗിയായാലും നിലവിലുണ്ടായിരുന്ന ഒരു സംവിധാനത്തിൽ സാങ്കേതിക വിദ്യയെ പ്രയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ചെങ്കിൽ മാത്രമേ നിക്ഷേപത്തെ ആകർഷിക്കാൻ കഴിയുകയുള്ളു. അതോടൊപ്പം ഇന്നോവേഷൻ കൊണ്ടു വരേണ്ടതുണ്ട.്

? ക്രൗഡ് ഫണ്ടിംഗ് തുടങ്ങിയ മറ്റ് നിക്ഷേപ ഓപ്ഷനുകളെക്കുറിച്ച്
ക്രൗഡ് ഫണ്ട് പ്ലാറ്റ്ഫോമുകളുണ്ട്. അവിടെ സംരംഭകർ ഇത്തരമൊരു ആശയമുണ്ട് അത് വികസിപ്പിച്ചെടുക്കാൻ ഫണ്ടിംഗ് വേണമെന്ന് പറയാം. ഇത് നോക്കി താൽപ്പര്യമുള്ള ആളുകൾ നിക്ഷേപം നടത്തും. ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റും ഒരു തരത്തിൽ ക്രൗഡ് ഫണ്ടിംഗ് പോലെയാണ്.
മലബാർ ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റ് നെറ്റ് വർക്കിൽ 30 ലധികം അംഗങ്ങളുണ്ട്. ക്രൗഡ് ഫണ്ടിംഗിൽ നിക്ഷേപകന് സ്റ്റാർട്ടപ്പിനെക്കുറിച്ച് അത്ര അറിവുണ്ടാകണമെന്നില്ല. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. എന്നാൽ ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റിൽ കൃത്യമായ വിലയിരുത്തലുകളുണ്ടാകും. നിക്ഷേപകർക്ക് സംരംഭത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ നൽകാനും കഴിയും. വിശ്വാസ്യത നിലനിർത്താം ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റിൽ.

പിന്നെയുള്ളത് വെഞ്ച്വർകാപിറ്റലിസ്റ്റാണ്. ഇത് ഏഞ്ചൽ ഫണ്ടിംഗ് കഴിഞ്ഞതിനുശേഷമുള്ളതാണ്. ഏഞ്ചൽ നിക്ഷേപത്തേക്കാൾ ഇവിടെ നിക്ഷേപ തുക കൂടും. ഏഞ്ചൽ കൊടുക്കുന്നത് രണ്ട് കോടിയാണെങ്കിൽ വിസി നൽകുന്നത് 10 കോടിയൊക്കെയാകാം. ഏഞ്ചൽ ലഭിച്ചതിനുശേഷമായതിനാൽ വിസി ഫണ്ട് ലഭിക്കുക എന്നതും എളുപ്പമാണ്.

പി.കെ ഗോപാലകൃഷ്ണൻ

കണ്ണൂർ സ്വദേശിയായ പി. കെ. ഗോപാലകൃഷ്ണൻ സ്റ്റാർട്ടപ്പുകളിൽ ഏഞ്ചൽ നിക്ഷേപം നടത്തുന്ന ഒരു മികച്ച നിക്ഷേപകനാണ്. കണ്ണൂരാണ് സ്വദേശമെങ്കിലും 25 വർഷമായി ബംഗളുരൂവിലാണ് താമസം. അതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഏഞ്ചൽ നെറ്റ് വർക്കിംഗ് ഗ്രൂപ്പായ ഇന്ത്യൻ ഏഞ്ചൽ നെറ്റ് വർക്ക് ഉൾപ്പെടെ ധാരാളം ഏഞ്ചൽ നെറ്റ് വർക്കിംഗ് ഗ്രൂപ്പുകളിലും അദ്ദേഹം അംഗമാണ്.

ഇലക്ട്രിക് വാഹനങ്ങൾ, അഗ്രി ടെക്, എഫ്എംസിജി,റീട്ടെയിൽ ടെക്, മീഡിയ ടെക് മാർക്കറ്റിംഗ് ടെക് ,സുസ്ഥിര -സാമൂഹിക സ്വാധീനം ചെലുത്തുന്ന മേഖല എന്നിങ്ങനെ പതിനഞ്ചിലധികം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കേരളത്തിലെയും ബംഗളുരൂവിലെയും നിരവധി സ്റ്റാർട്ടപ്പുകളുടെ മെന്‍റർ കൂടിയാണ് അദ്ദേഹം.

കണ്ണൂർ ആസ്ഥാനമാക്കി കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മലബാർ ഇന്നോവേഷൻ സോണിന്‍റെ സ്ഥാപക അംഗങ്ങിൽ ഒരാളാണ്. അതുപോലെ തന്നെ മലബാർ ഏഞ്ചൽ നെറ്റ് ഴർക്കിന്‍റെയും തുടക്കകാരനും ഡയറകടറുമാണ്.

വിപ്രോ, മൈൻഡ്ട്രീ, ഐടിസി പേപ്പർ ഡിവിഷൻ എന്നിവിടങ്ങളിലെ നേതൃസ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. മൂന്നു ദശാബ്ദക്കാലം കോർപറേറ്റ് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ബംഗളുരൂവിലെ വെപ് സൊലൂഷൻസ് ലിമിറ്റഡിന്‍റെ സിഇഒയും എംഡിയുമായാണ് അദ്ദേഹം വിരമിച്ചത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനമായ വെപ് വിപ്രോയുടെ ഒരു ഉപ കന്പനിയാണ്.

നൊമിനിറ്റ ജോസ്