സ്റ്റാർട്ടപ്പ് ഹബ്ബാകാനൊരുങ്ങി കേരളം
സ്റ്റാർട്ടപ്പ്  ഹബ്ബാകാനൊരുങ്ങി  കേരളം
Friday, August 30, 2019 3:03 PM IST
തൃശൂർ സ്വദേശി പ്രദീപ് പുനർക പഠിച്ച് എഞ്ചിനീയറാകനിരുന്നയാളാണ്. എഞ്ചിനീയറിംഗ് പഠിച്ചു. മൂന്നു വർഷം ജോലിയും ചെയ്തും. പക്ഷേ, തന്‍റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞതോടെ ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് ഇറങ്ങി. ശുദ്ധമായ പച്ചക്കറികളും പഴങ്ങളും വിളവെടുക്കുന്പോഴെ പുതുമയോടെ തന്നെ ഉപഭോക്താക്കളുടെ വീട്ടു പടിക്കൽ എത്തിക്കുന്നതാണ് പ്രദീപിന്‍റെ സംരംഭം. ഫാർമേഴ്സ്ഫ്രഷ് സോണ്‍ എന്നൊരു വെബ്സൈറ്റുണ്ട്, അതുവഴി ബുക്ക് ചെയ്യുന്ന ഉപഭോക്താൾക്കാണ് ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്നത്.

എറണാകുളം ജില്ലയിലെ കടവന്ത്രയിൽ തുടങ്ങിയ സംരംഭം പതിയെ പതിയെ വളർന്നുവരികയാണ്. അതോടൊപ്പം നിരവധി നിക്ഷേപവും പ്രദീപിനെതേടിയെത്തുന്നു.
സാങ്കേതിക വിദ്യകളൊന്നും ഉപയോഗിക്കാതെ മനുഷ്യവിഭവശേഷി ഉപയോഗിച്ചു തന്നെ വേണമെങ്കിൽ ഇത് നടപ്പിലാക്കാം. തലച്ചുമടായോ സൈക്കിളിലോ അങ്ങനെ എന്തെങ്കിലും മാർഗത്തിലൂടെ ഇത് ഉപഭോക്താക്കളിലേക്ക് എത്തിക്കാം. പക്ഷേ, ഓരോ ദിവസവും ഉപഭോക്താക്കളുടെ അടുത്ത് ചെല്ലുന്പോഴെ അവർക്ക് വേണ്ടതെന്തെന്ന് അറിയൂ.
ഒരുപാട് ഉപഭോക്താക്കളുണ്ടാകുന്പോൾ സമയത്ത് അവർക്കരികിലെത്താൻ ബുദ്ധിമുട്ടാകും. ഇവിടെയാണ് സാങ്കേതിക വിദ്യയെ പ്രദീപ് പ്രയോജനപ്പെടുത്തിയത്. നിലവിലുണ്ടായിരുന്ന ഒരു സംവിധാനത്തിൽ സാങ്കേതിക വിദ്യയെ ഉപയോഗിച്ച് അൽപ്പം കൂടി ലളിതമാക്കി. ഇതിന്‍റെ നേട്ടങ്ങൾ പലതാണ്. ഒന്നോ രണ്ടോ ഉപഭോക്താക്കളിലും ഓന്നോ രണ്ടോ ഉത്പന്നങ്ങളിലും ഒതുങ്ങേണ്ട. വില പേശലിന്‍റെ ആവശ്യം വരുന്നില്ല. കൃത്യസമയത്ത് ഉത്പന്നങ്ങൾ എത്തിക്കാം.... ഇത്രയുമേയുള്ളു ഒരു സ്റ്റാർട്ടപ്പ് എന്നാൽ.

പുതിയ കണ്ടുപിടുത്തമൊന്നും നടത്തേണ്ടതില്ല. നിലവിലുള്ളതിനെ ഒന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചാൽ മാത്രം മതി. അത് പരന്പരാഗതമായ വ്യവസായങ്ങളിലോ നിത്യജീവിതത്തിലെ ചില കാര്യങ്ങളിലോ ഒക്കെ ചെയ്യാം. സാങ്കേതിക വിദ്യ, ഐടി ഇതുമാത്രമാണ് സ്റ്റാർട്ടപ്പെന്ന് കരുതേണ്ട.

കൃഷി, ആരോഗ്യം, കായികം, ഭക്ഷണം എന്നിങ്ങനെ ഏതുമേഖലകളിലും ഇത് ആരംഭിക്കാം. ആ ഒരു മാറ്റം വിപ്ലവകരമായ ചലനങ്ങളായിരിക്കും സൃഷ്ടിക്കുന്നത്. ട്യൂഷനെ ആപ്പിലാക്കിയ ബൈജുസ് ലേണിംഗ്ആപ്, ദോശമാവിനെ പാക്കറ്റിലാക്കിയ ഐഡി ഫ്രഷ് തുടങ്ങിയവയൊക്കെ സ്റ്റാർട്ടപ്പ് രംഗത്തെ മലയാളി വിജയങ്ങളാണ്.

സ്റ്റാർട്ടപ്പെന്നാൽ കുട്ടിക്കളിയല്ല

നിത്യജീവിതത്തിലെ പല കാര്യങ്ങളെയും ലഘൂകരിക്കാൻ സഹായിക്കുന്നതും നിലവിലുണ്ടായിരുന്ന ഒരു സംരംഭത്വത്തെ സാങ്കേതികവ്തകരിച്ച് ആഗോള ശ്രദ്ധ നൽകുന്നതുമൊക്കെയായി നിരവധി സ്റ്റാർട്ടപ്പുകൾ ഉയർന്നു വരുന്നുണ്ട്.
സ്റ്റാർട്ടപ്പെന്നത് പഠിച്ചിറങ്ങുന്ന എഞ്ചിനീയറിംഗ്, മാനേജ്മെന്‍റ് വിദ്യാർഥികളുടെ നേരന്പോക്കായി കാണേണ്ട കാലമൊക്കെ കഴിഞ്ഞു. ആ കാലം മാറി വരുന്നുമുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം വളരെ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ നാല്-അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിലാണ് കേരളത്തിലെ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം നീങ്ങുന്നതെന്നു തന്നെ പറയാം.


കേരളത്തിൽ നിന്നും ഇതുവരെ 1500 ലധികം സ്റ്റാർട്ടപ്പുകൾ ഉണ്ടായിട്ടുണ്ട്. 2017-18 വർഷത്തിൽ 59 സ്റ്റാർട്ടപ്പുകളാണ് ആരംഭിച്ചത്. 2017-18 വർഷത്തിൽ 50 ലധികം ഫണ്ടിംഗ് ഡീലുകളിലായി 250 കോടി രൂപയിലധികം തുകയുടെ ഫണ്ടിംഗും ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ സ്റ്റാർട്ടപ്പുകളിലധികവും കേന്ദ്രീകരിച്ചിരിക്കുന്നത് കൊച്ചിയിലാണ്. പിന്നെ തിരുവനന്തപുരവും. കോഴിക്കോട്ട് യു എൽ സൈബർ പാർക്ക് വന്നതും കണ്ണൂരിൽ മൈസോണ്‍ ഇൻകുബേറ്ററും മലബാർ ഏഞ്ചൽസ് നെറ്റ് വർക്ക് ആരംഭിച്ചതുമൊക്കെ മലബാറിലേക്കും സ്റ്റാർട്ടപ്പ് സംസ്കാരം വ്യാപിപ്പിച്ചിരിക്കുകയാണ്.

മെന്‍ററിംഗ്, ഫണ്ടിംഗ്, ഇൻകുബേഷൻ എന്നീ മേഖലകളിലെല്ലാം ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായാണ് കേരളം വരാനിരിക്കുന്ന വിപ്ലവത്തിനായി ഒരുങ്ങുന്നത്.


ഫണ്ടിംഗ്, നിക്ഷേപം

സംരംഭത്തെക്കുറിച്ചു പറയുന്പോഴേ, ഫണ്ടിംഗ് വേണ്ടേ നിക്ഷേപം വേണ്ടേ എന്ന മറുചോദ്യം ചോദിക്കുന്നതിനു മുന്പ് മികച്ച ആശയത്തെ നടപ്പിലാക്കുകയും റിസ്ക് എടുക്കാൻ തയ്യാറാകുകയുമാണ് ചെയ്യേണ്ടത്. സ്റ്റാർട്ടപ്പ് രംഗത്ത് പ്രവർത്തിക്കുന്ന പി.കെ ഗോപാലകൃഷ്ണനും ഷിലെൻ സുഗുണനുമൊക്കെ പറയാനുള്ളതും ഇതു തന്നെയാണ്.
മികച്ച ആശയം കൊണ്ടു വരൂ, അതിനെ വികസിപ്പിക്കൂ മറ്റുള്ളതൊക്കെ പുറകെ വന്നു കൊള്ളും. ഗ്രാന്‍റ്, സീഡ് ഫണ്ടിംഗ്, ഏഞ്ചൽ നിക്ഷേപം എന്നിങ്ങനെ ഫണ്ടിംഗ് ഓപ്ഷനുകൾ നിരവധിയുണ്ട്.
നല്ല ടേണോവറുള്ള കന്പനികൾക്ക് ബാങ്ക് വായ്പയ്ക്കും അപേക്ഷിക്കാം. ചിലപ്പോൾ വായ്പയ്ക്ക് ഈടും ഉയർന്ന പലിശയും നൽകേണ്ടി വന്നേക്കാം.

നിക്ഷേപകർക്കും വലിയ അവസരങ്ങളാണുള്ളത് പരന്പരാഗത നിക്ഷേപ ഓപ്ഷനുകളിൽ നിന്നും മാറി പുതുസംരംഭകരെ സഹായിക്കുകയും അതോടൊപ്പം പുതിയൊരു നിക്ഷേപ മേഖല കണ്ടെത്തുകയും ചെയ്യാം. സ്റ്റാർട്ടപ്പ് മേഖലയിൽ വിപ്ലവകരമായ മുന്നേറ്റമാണ് കേരളത്തെ കാത്തിരിക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിദ്യഭ്യാസ കാലഘട്ടത്തിലെ സംരംഭകത്വം വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളുകളിലും കോളജുകളിലും വിവധ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ തന്നെ സംഘടിപ്പിച്ചു വരികയാണ്.

സർക്കാരിന്‍റെ നോഡൽ ഏജൻസിയായ സ്റ്റാർ്ട്ടപ്പ് മിഷനും സംരംഭകർക്കാവശ്യമായ മാർഗനിർദേശങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെല്ലാം നൽകുന്നുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നതും രാജ്യാന്തര തലത്തിലേക്ക് ഉയർത്തുന്നതും സ്റ്റാർട്ടപ്പ് മിഷനാണ്.

നൊമിനിറ്റ ജോസ്