കേരള സ്റ്റാർട്ടപ്പ് മിഷൻ; സംരംഭകർക്ക് വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട്
സംസ്ഥാനത്ത് സാങ്കേതിക സംരംഭകത്വം വളർത്തിക്കൊണ്ടു വരാനുള്ള സർക്കാരിന്‍റെ നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ് മിഷൻ. അടിസ്ഥാന സൗകര്യം, ഫണ്ടിംഗ്, മെന്‍ററിംഗ് എന്നിവയ്ക്കുള്ള പിന്തുണ ഇതൊക്കെയാണ് സ്റ്റാർട്ടപ് മിഷൻ നൽകുന്നത്. പുതിയ തൊഴിലുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി ഇതിനൊപ്പമുണ്ട്.

2014 ലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സർക്കാരിന്‍റെ നോഡൽ ഏജൻസിയായി രൂപീകരിക്കുന്നത്. നാല് കേന്ദ്രങ്ങളാണ് സ്റ്റാർട്ടപ്പ് മിഷന് കേരളത്തിലുള്ളത.് തിരുവനന്തപുരം ടെക്നോ പാർക്കിൽ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നു. അതോടൊപ്പം ഇൻകുബേറ്ററും ഉണ്ട്. കൊച്ചിയിൽ കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലാണ് മറ്റൊരു കേന്ദ്രം.

ഇത് 1.80 ലക്ഷം ചതുരശ്രയടിയിൽ 13.2 ഏക്കറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് യുഎൽ സൈബർ പാർക്ക്, കാസർഗോഡ് ജില്ല പഞ്ചായത്ത് ബിൽഡിംഗ് എന്നിവിടങ്ങളിലാണ് മറ്റ് കേന്ദ്രങ്ങൾ. കേരള സ്റ്റാർട്ടപ്പ്മിഷൻ കൂടുതലായും ലക്ഷ്യം വെയ്ക്കുന്നത് സാങ്കേതിക വിദ്യ സ്റ്റാർട്ടപ്പുകളെയാണ്.

ഓർമിക്കാൻ

* സ്റ്റാർട്ടപ്പ് മിഷന്‍റെ സേവനങ്ങളെല്ലാം ഓണ്‍ലൈനായാണ് ലഭ്യമാകുന്നത്.
* ഫേസ്ബുക്ക്, ട്വിറ്റർ, വെബ്സൈറ്റ് എന്നീ പ്ലാറ്റ്ഫോമുകളിൽ സ്റ്റാർട്ടപ്പ് മിഷന്‍റെ സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. വിവരങ്ങൾ അറിയുവാൻ ആർക്കും ഈ മാർഗങ്ങൾ ഉപയോഗിക്കാം
* ഗ്രാന്‍റ്് നിശ്ചിത കാലയളവുകളിലാണ് അനുവദിക്കുന്നത്. ഇതിന് അപേക്ഷിക്കേണ്ടതും ഓണ്‍ലൈനായാണ്. ഇവ സംബന്ധിച്ച വിവരങ്ങളെല്ലാം ഓണ്‍ലൈനിൽ ലഭ്യമാണ്.
* രണ്ടാം ശനിയാഴിച്ചയൊഴികെ എല്ലാ ശനിയാഴ്ചകളിലും കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിൽ സ്ഥിതിചെയ്യുന്ന സ്റ്റാർട്ടപ്പ് മിഷന്‍റെ സെന്‍ററിൽ സ്റ്റാർട്ടപ്പ്മിഷന്‍റെ സേവനങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിക്കാറുണ്ട്. പൊതുജനങ്ങൾക്കു ഇതിൽ പങ്കെടുക്കാം. ഈ സേവനം സൗജന്യമാണ്. ഇതുവഴി ആവശ്യമുള്ളവർക്ക് സ്റ്റാർട്ടപ്പ് മിഷന്‍റെ സേവനങ്ങളെ ഭാവിയിൽ പ്രയോജനപ്പെടുത്താം.

എങ്ങനെ ഒരു സ്റ്റാർട്ടപ്പാകാം

ഒരു ഇന്നോവേറ്റീവായിട്ടുള്ള ഉത്പന്നം അല്ലെങ്കിൽ ടെക്നോളജി വികസനം അല്ലെങ്കിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സേവനം തുടങ്ങിയവയൊക്കെ സ്റ്റാർട്ടപ്പാണ്. ഒരു ആശയം സ്റ്റാർട്ടപ്പായി എങ്ങനെയാണ് മാറുന്നതെന്ന് നോക്കാം.
* ഒരു പ്രൈവറ്റ് ലിമിറ്റഡ് കന്പനിയായോ അല്ലെങ്കിൽ ഒരു എൽഎൽപിയായോ രജിസ്റ്റർ ചെയ്യുക.
* സ്റ്റാർട്ടപ്പ് ഇന്ത്യയുടെ വെബ്സൈറ്റിൽ കയറി സ്റ്റാർട്ടപ്പ് റെക്കഗ്നിഷനായി അപേക്ഷിക്കുക. (https://www.startupindia.gov.in/). തുടർന്ന ഡിഐപിപി (ഡിപ്പാർട്മെന്‍റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ)നന്പർ ലഭിക്കും.
* ഇതോടെ സർക്കാർ അംഗീകൃത സ്റ്റാർട്ടപ്പാകും
* പിന്നീട് കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ വെബ്സൈറ്റിൽ കയറി യൂണീക് ഐഡി എടുക്കണം. https://startupmission.kerala.gov.in/എന്നതാണ് വെബ്സൈറ്റ്
* വെബ്സൈറ്റിൽ കയറുന്പോൾ തന്നെ യൂണീക് ഐഡിക്കു വേണ്ടിയുള്ള ഐക്കണ്‍ കാണാം. പെട്ടന്നു തന്നെ ഈ നന്പർ ലഭ്യമാകും.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നിർബന്ധമായും ഈ നന്പർ വേണം. ഇതു കൂടി ലഭിച്ചു കഴിഞ്ഞാൽ കേരളത്തിലെ സർക്കാർ ഗ്രാന്‍റുകൾക്കും സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.

ഇൻകുബേഷൻ പ്രോഗ്രാം

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലായുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ ഇൻകുബേഷൻ സൗകര്യങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേറ്റ് ചെയ്യാനുള്ള അവസരമുണ്ട്. ഇൻകുബേഷൻ പ്രോഗ്രാം പൊതുവേ 18 മാസം വരെയാണ്. ആശയങ്ങളെ അപഗ്രഥിച്ച് നടപ്പിലാക്കാൻ സാധിക്കുന്ന ഒരു പ്രോട്ടോടൈപ്പോ അല്ലെങ്കിൽ ആശയമോ രൂപീകരിച്ചവർക്ക് ഇൻകുബേഷന് അപേക്ഷിക്കാം.

ആശയത്തെ പ്രാവർത്തികമാക്കാനുള്ള സാങ്കേതിക വിദ്യ ലഭിച്ചു. ഒരു സ്റ്റാർട്ടപ്പായി രൂപപ്പെട്ടു. ഇതിനൊപ്പം മെന്‍ററിംഗ് സപ്പോർട്ട്, ഫണ്ടിംഗ് സപ്പോർട്ട് എന്നിവ ലഭിക്കുന്ന സമയമാണ് ഇൻകുബേഷൻ ഘട്ടം. കോളജുകൾ ഉൾപ്പെട കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേരള സ്റ്റാർട്ടപ്പ് മിഷന് നാൽപ്പതിലധികം ഇൻകുബേറ്ററുകളുണ്ട്.

ഇൻകുബേഷൻ സമയം
* 1. പ്രീ ഇൻകുബേഷൻ സ്റ്റേജ്
(3-6 മാസം)
* 2. ഇൻകുബേഷൻ കാലഘട്ടം
(6-12 മാസം)
* 3. ആക്സിലറേറ്റർ സ്റ്റേജ്
(3-6 മാസം)
ആക്സിലറേറ്റർ സ്റ്റേജ് എന്നത് ഇൻകുബേഷൻ കഴിഞ്ഞുള്ള ഘട്ടമാണ്. ഇവിടെ ബിസിനസ് ഡെവലപ്മെന്‍റാണ് ആവശ്യം. ഒരു ഉത്പന്നമോ സർവീസോ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഘട്ടമാണിത്.

കേരളത്തിലെ പ്രധാനപ്പെട്ട ഇൻകുബേറ്ററുകളിൽ ചിലത്

* 1. എൻഐടി ടിബിഐ-കോഴിക്കോട് എൻഐടി
* 2. സ്റ്റാർട്ടപ്പ് വാലി- അമൽജ്യോതി കോളജ് ഓഫ് എഞ്ചിനീയറിംഗ് കാഞ്ഞിരപ്പള്ളി
* 3. എസ് സിടിഐഎംഎസ്ടി-ടിഐമെഡ്- ശ്രീചിത്ര മെഡിക്കൽ കോളജ് , തിരുവനന്തപുരം
* 4. അമൃത ടിബിഐ - അമൃത വിശ്വ വിദ്യാ പീഠം, കൊല്ലം
* 5. ടെകോനോളജ് - കണ്ണൂർ
* 6. മേക്കർ വില്ലേജ് - കൊച്ചി
* 7. ബയോനെസ്റ്റ് - കൊച്ചി
* 8. മൈസോണ്‍ - കണ്ണൂർ
* 9.കാൻസർ കെയർ-കൊച്ചി

ഫ്യൂച്ചർ ടെക്നോളജി ലാബ്, ഫാബ് ലാബ്

വളർന്നു വരുന്ന ടെക്നോളജികൾക്കായുള്ളതാണ് ഫ്യൂച്ചർ ലാബുകൾ. ഒരു ജോലി നേടിപ്പോകുക എന്ന സംസ്കാരത്തിനപ്പുറം ഒരു സംരംഭക സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.

ഇങ്ങനെയൊരു സംസ്കാരിക മാറ്റം കൊണ്ടു വരുന്നതിനൊപ്പം അതിനനുസരിച്ചുള്ള സാങ്കേതിക വിദ്യകൾ കൂടി വന്നെ പറ്റു. അതുകൊണ്ടു തന്നെ സാങ്കേതിക വിദ്യയിലൂന്നിയ സ്റ്റാർട്ടപ്പുകളെയാണ് സ്റ്റാർട്ടപ്പ് മിഷൻ കൂടുതലായും പിന്തുണയ്ക്കുന്നത്.
ആർട്ടിഫിഷൽ ഇന്‍റലിജൻസ്, ബ്ലോക്ക് ചെയിൻ, തുടങ്ങിയ നവീന സാങ്കേതിക വിദ്യകളെയാണ് ഫ്യൂച്ചർ ലാബ് പ്രോത്സാഹിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ഇത്തരം സാങ്കേതിക വിദ്യകൾ വികസിച്ചു വരുന്നതേയുള്ളു. അതിനാൽ തുടക്കത്തിൽത്തന്നെ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയെങ്കിൽ മാത്രമേ ആ മേഖലയിൽ മുന്നിട്ട് നിൽക്കാൻ സാധിക്കുകയുള്ളു. ഈ ലക്ഷ്യത്തോടെയാണ് ഫ്യൂച്ചർ ലാബുകൾ പ്രവർത്തിക്കുന്നത്.

ഫാബ് ലാബ് ഒരു പ്രോഡക്ടിന്‍റെ ്പ്രോട്ടോടൈപ്പ്് (ഡിജിറ്റൽ ഫാബ്രിക്കേഷൻ പ്രോട്ടോടൈപ്പ്)തയ്യാറാക്കാനുള്ള ഇടമാണ്. ഒരു ഉത്പന്നം വികസിപ്പിച്ച്, തയ്യാറാക്കി മാർക്കറ്റിലേക്ക് എത്തിക്കുന്നതു വരെയുള്ള സൗകര്യങ്ങളാണ് ഇവിടയുണ്ടാകുന്നത്. സ്റ്റാർട്ടപ്പ് മിഷന് കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഫാബ് ലാബും കേരളത്തിലെ കോളജുകളിലും മറ്റുമായി 20 മിനി ഫാബ് ലാബുകളുമുണ്ട്.


സ്റ്റാർട്ടപ്പ് മിഷൻ സംരംഭകർക്കായി സംഘടിപ്പിക്കുന്ന പരിപാടികൾ
#ഫ്യൂച്ചർ
ഹഡിൽ കേരള
സീഡിംഗ് കേരള
ഐഇഡിസി സമ്മിറ്റ്
ഫണ്ടിംഗ്
പ്രധാനമായും നാലു തരത്തിലുള്ള ഫണ്ടിംഗാണ് സ്റ്റാർട്ടപ്പ് മിഷൻ നൽകുന്നത്.

1. ഗ്രാന്‍റ്: സ്റ്റാർട്ടപ്പുകളുടെ തുടക്കത്തിലുള്ള പിന്തുണയാണിത്. ഇത് തിരിച്ചു നൽകേണ്ടതില്ല. ഇന്നോവേഷൻ ഗ്രാന്‍റ് എന്നറിയപ്പെടുന്ന ഇത് ഐഡിയ ഗ്രാന്‍റ്, പ്രോഡക്ടൈസേഷൻ ഗ്രാന്‍റ് എന്നിങ്ങനെയാണ് നൽകുന്നത്. പതിനഞ്ചു ലക്ഷം രൂപ വരെ ഇങ്ങനെ ഗ്രാന്‍റായി ലഭിക്കും.
2. സീഡ് ഫണ്ടിംഗ്: ഒരു വർഷത്തെ മോറട്ടോറിയത്തോടു കൂടി ലഭ്യമാകുന്ന വായ്പകൾ. പ്രോഡക്ട് ഡെവലപ്മെന്‍റ്, ടെസ്റ്റിംഗ്,ട്രയൽസ്, ടെസ്റ്റ് മാർക്കറ്റിംഗ്, മെന്‍ററിംഗ്, പ്രൊഫഷണൽ കണ്‍സൾട്ടൻസി, ഐപിആർ, മനുഷ്യവിഭശേഷിയുടെ ഉപയോഗം എന്നിവയ്ക്കാണ് സീഡ് ഫണ്ടിംഗ്.

3. പിച്ചിംഗ് സെഷൻ: കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ ഇൻവെസ്റ്റ്മെന്‍റ് നെറ്റ് വർ്ക്കിൽ അന്പതിലധികം നിക്ഷേപകരുണ്ട്. ഈ നിക്ഷേപകരിൽ പത്തുപേരോളം എല്ലാ മാസത്തിലെയും അവസാനത്തെ ബുധനാഴിച്ച് ഇൻവെസ്റ്റർ കഫേ എന്ന സംഗമത്തിൽ എത്തിച്ചേരും. അന്ന് സ്റ്റാർട്ടപ്പുകൾക്കായി പിച്ചിംഗ് സെഷനുണ്ട്. ഇതിനായി എല്ലാ മാസവും പത്താം തീയതിക്ക് മുന്പായി സ്റ്റാർട്ടപ്പുകൾ അപേക്ഷിക്കണം.ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് നിക്ഷേപകരുമായി സംസാരിക്കാനവസരം ലഭിക്കും.

4. ഫണ്ട് ഓഫ് ഫണ്ട് സ്കീം: സെബി അക്രഡിറ്റ് ചെയ്തിരിക്കുന്ന ഫണ്ടുകളിൽ സർക്കാരിന് 25 ശതമാനത്തോളം നിക്ഷേപിക്കാൻ അവസരമുണ്ട്. ഇങ്ങനെ അഞ്ചു ഫണ്ടുകളുമായി സ്റ്റാർട്ടപ്പ് മിഷൻ ചേർന്നു പ്രവർത്തിക്കുന്നുണ്ട്.2017 ൽ രണ്ട് ഫണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. യൂണികോണ്‍ ഇന്ത്യ ലിമിറ്റഡും സീഫ് ഫണ്ട് ലിമിറ്റഡും.

ഇതിന്‍റെ പ്രവർത്തന രീതി ഇങ്ങനെയാണ്:
സർക്കാർ ഈ ഫണ്ടിൽ എത്രയാണോ നിക്ഷേപിക്കുന്നത്. ആ തുകയുടെ ഇരട്ടി തുക ഈ ഫണ്ടുകൾ കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നി്കഷേപിക്കും.

ഈ രണ്ടു ഫണ്ടുകൾ പത്തിലധികം സ്റ്റാർട്ടപ്പുകളിലായി 24 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. പിന്നീട് നാല് ഫണ്ടുകൾക്കൂടി ഇതിലേക്കു വന്നിട്ടുണ്ട്. ഇന്ത്യൻ ഏഞ്ചൽ നെറ്റ് വർക്ക്, സ്പെഷ്യാലി ഫണ്ട്, എക്സീഡ് ഫണ്ട്, യൂണികോണ്‍ എന്നിവയാണത്. യൂണികോണ്‍ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കു മാത്രമായി 100 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. സ്പെഷ്യാലി ഫണ്ട് ഡീപ് ടെക്നോളജിയിലാണ് നിക്ഷേപിക്കുന്നത്. സ്പേസ് ടെക്നോളജിയിലാണ് എക്സീഡ് നിക്ഷേപം നടത്തുന്നത്.

വരുന്ന മൂന്നു വർഷത്തിനിടയിൽ ഈ ഫണ്ടുകളിൽ നിന്നായി കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കായി ഏകദേശം 900 മുതൽ 1000 കോടി രൂപയുടെ ഫണ്ടിംഗ് സാധ്യതകൾ നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഫണ്ടിംഗ് എന്നത് ഒരു പ്രശ്നമല്ല.

മറ്റു പരിപാടികൾ

* കേരളത്തിൽ നിന്നു 30 മുതൽ 50 സ്റ്റാർട്ടപ്പുകൾക്ക് പുറത്തു നിന്നുള്ള ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പുകളുടെ ഒരു മീറ്റ് നടത്താനുദ്ദേശിക്കുന്നുണ്ട്. സീരിസ് എ ഫണ്ട് നിക്ഷേപങ്ങൾക്കായി നിക്ഷേപകരുമായി ബന്ധിപ്പിപ്പിക്കുക, അതോടൊപ്പം തുടക്കകാരയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ അവസരം നൽകുക എന്നിവയാണ് ഇതിനു പിന്നിലെ ലക്ഷ്യങ്ങൾ.
* സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കാൻ ഡെയിലി ഡൈജസ്റ്റ് എന്നൊരു സംവിധാനമുണ്ട്. ഇതുവഴി സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് അറിയിപ്പുകൾ നൽകും. സ്റ്റാർട്ടപ്പ് ഇന്ത്യ പോലുള്ള പദ്ധതികളുടെ സേവനങ്ങൾ ലഭ്യമാക്കാനുള്ള മാർഗനിർദേശങ്ങൾ നൽകും. വിവിധ ഗ്രാന്‍റുകൾക്ക് അപേക്ഷിക്കുവാൻ സഹായിക്കും.
* സ്റ്റാർട്ടപ്പുകളിലെ നിക്ഷേപത്തെക്കുറിച്ച് പലർക്കും അത്ര അറിവില്ല. പരന്പരാഗത നിക്ഷേപങ്ങളെയാണ് ആളുകൾ എപ്പോഴും കൂടുതലായി ആശ്രയിക്കുന്നത്. സ്റ്റാർട്ടപ്പ് നിക്ഷേപത്തെ പരിചയപ്പെടുത്താനായി ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

1. ഇഗ്നൈറ്റ്: ഏഞ്ചൽ ഇൻവെസ്റ്റ്മെന്‍റിനെക്കുറിച്ച് ബോധവ്തകരിക്കാൻ പ്രാദേശികമായ ആളുകൾക്കിടയിൽ നടത്തുന്ന പരിപാടി.
2. എലവേറ്റ്: പ്രൊഫഷണൽസിനുവേണ്ടി
3. സീഡിംഗ് കേരള: ഇത്തരം കാര്യങ്ങളെക്കുറിച്ചു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി
4. കേരളത്തിനു പുറത്തുള്ളവരെക്കാൾ കേരളത്തിൽ നിന്നുള്ളവരെക്കൊണ്ട് നിക്ഷേപം നടത്തിച്ചാൽ ആ പണം കേരളത്തിലേക്ക് തന്നെ എത്തിച്ചേരാൻ സഹായിക്കും.
* ആഗോളതലത്തിൽ ഒരു ബന്ധം സ്ഥാപിക്കാൻ വിദേശരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്
* മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിനൊരു പ്രത്യേകതയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പുകൾ വളരുന്നത് നഗരകേന്ദ്രീകൃതമായിട്ടാണ്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ കേരളത്തിലാകെ പടർന്നു കിടക്കുകയാണ്.

ഇന്നോവേഷൻ & എന്‍റർപ്രണർഷിപ് സെന്‍ററുകൾ (ഐഇഡിസി)

എഞ്ചിനീയറിംഗ്, മാനേജ്മെന്‍റ്,ആർട്സ്, സയൻസ് കോളജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ ഇന്നോവേഷനും സംരംഭകത്വവും വളർത്താനായി സ്റ്റാർട്ടപ്പ് മിഷൻ ആരംഭിച്ചിരിക്കുന്നതാണ് ഇന്നോവേഷൻ ആൻഡ് എന്‍റർപ്രണർഷിപ് സെന്‍ററുകൾ(ഐഇഡിസി). കേരളത്തിലെ 226 സ്ഥാപനങ്ങളിൽ ഇത് ആരംഭിച്ചിട്ടുണ്ട്. പഠനകാലത്തുത ന്നെ സംരംഭകത്വം വളർത്തുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.

സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന സേവനങ്ങൾ
1. ഇൻകുബേഷൻ
2. പേറ്റന്‍റ് സപ്പോർട്ട് സ്കീം വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും
3. ഫണ്ടിംഗ്
4. മെന്‍റർഷിപ്
5. മാർക്കറ്റിംഗ് സപ്പോർട്ട്
6. ഇന്‍റർനാഷണൽ എക്സ്ചേഞ്ച് പ്രോഗ്രാം
7. ടെക്നോളജി ലാബുകൾ
8. ഇന്നോവേഷൻ ആൻഡ് എന്‍റർപ്രണർഷിപ് ഡെവലപ്മെന്‍റ് സെന്‍റർ(ഐഇഡിസി)