നിക്ഷേപത്തിനു ഫണ്ടുകൾ തെരഞ്ഞെടുക്കുന്പോൾ
നിക്ഷേപത്തിനു  ഫണ്ടുകൾ തെരഞ്ഞെടുക്കുന്പോൾ
Wednesday, July 31, 2019 4:50 PM IST
പല കാരണങ്ങൾക്കൊണ്ടും മ്യൂച്വൽ ഫണ്ട് പദ്ധതികൾ അടുത്ത കാലത്ത് ചെറിയ റിട്ടേണോ നെഗറ്റീവ് റിട്ടേണോ ആണ് നൽകിയിട്ടുള്ളത്. ഇത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. തങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടരണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് പല നിക്ഷേപകരും.

എന്നാൽ മികച്ച, യോജിച്ച ഫണ്ടു തെരഞ്ഞെടുക്കാനായാൽ തീർച്ചയായും അതു നിക്ഷേപകനു മനസമാധാനം നൽകും. എന്നാൽ മികച്ച ഫണ്ടു തെരഞ്ഞെടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഏതാണ്ട് 42 അസറ്റ് മാനേജ്മെന്‍റ് കന്പനികൾ ആയിരക്കണക്കിന് പദ്ധതികളാണ് നിക്ഷേപകന്‍റെ മുന്നിൽ വച്ചിട്ടുള്ളത്.

ചില ഫണ്ടുകൾ ചെറിയ കാലയളവിൽ, അതായത് ഒന്ന്, രണ്ട് മൂന്നു വർഷക്കാലം മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. അഞ്ച്, പത്ത് വർഷം തുടങ്ങി ദീർഘകാലത്തിലേക്കു വരുന്പോൾ മങ്ങിപ്പോകാറുണ്ട് ചില ഫണ്ടുകൾ. ഇതിൽനിന്നു സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ച വച്ചുകൊണ്ടിരിക്കുന്ന ഫണ്ടുകളെ കണ്ടെത്തുന്നതിനുപയോഗിക്കാവുന്ന ചില ഘടകങ്ങൾ മുന്നോട്ടു വയ്ക്കുകയാണ്.

മുൻകാല പ്രകടനം: ഫണ്ടിന്‍റെ മുൻകാല പ്രകടനം പരിശോധിക്കുന്നത് ഉൾക്കാഴ്ച നൽകും. വിവിധ വിപണിയന്തരീക്ഷത്തിൽ, വിവിധ കാലയളവുകളിൽ ഫണ്ട് കാഴ്ച വച്ച പ്രകടനം പരിശോധിക്കുന്നത് അതിന്‍റെ സ്ഥിരതയെക്കുറിച്ചു അവബോധം നൽകും. ഇതിനായി ഒരു വർഷം, രണ്ടു വർഷം, മൂന്നു വർഷം , അഞ്ചുവർഷം തുടങ്ങിയ റോളിംഗ് റിട്ടേണ്‍ പരിശോധിക്കാം. ഓരോ കാലയളവിലേയും പ്രകടനത്തിന്‍റെ വ്യതിയാനം ഇതിൽനിന്നു മനസിലാക്കാം.

ബഞ്ച്മാർക്ക്, സമകാലീന ഫണ്ടുകൾ തുടങ്ങിയവയുമായുള്ള താരതമ്യം:

വിപണിയുടെ പ്രകടനത്തെ പുറത്തുനിന്നുള്ള പല കാര്യങ്ങളും സ്വാധീനീക്കാറുണ്ട്. രാഷ്ട്രീയം മുതൽ കാലാവസ്ഥ വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രാജ്യ, രാജ്യാന്തരകാര്യങ്ങൾ വിപണിക്കു ദിശ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫണ്ടിന്‍റെ റിട്ടേണിനെ ബഞ്ച് മാർക്ക്, സമകാലീന കാറ്റഗറി ഫണ്ടുകൾ തുടങ്ങിയവയുടെ റിട്ടേണുമായി താരതമ്യപ്പെടുത്തുന്നത് ഈ പദ്ധതി എങ്ങനെ മാനേജ് ചെയ്യുന്നുവെന്നതിനെക്കുറിച്ച് വെളിച്ചം നൽകും.

വിപണിയിൽ തകർച്ചയുണ്ടാകുന്പോൾ ബഞ്ച്മാർക്ക്, സമാന ഫണ്ടുകൾ തുടങ്ങിയവയേക്കാൾ കുറവ് ഇടിവു കാണിക്കുകയും ബുൾ വിപണിയിൽ ഇവയേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്താൽ ആ ഫണ്ടിലെ സ്ഥിരതയുള്ള പ്രകടനം കാഴ്ച വയ്ക്കുന്ന ഫണ്ട് എന്നു വിളിക്കാം.

ഗുണമേന്മയുള്ള ഓഹരിശേഖരം:


ഏതു ഫണ്ടിന്‍റേയും നിക്ഷേപ ശേഖരം അതിന്‍റെ പ്രകടനത്തെ സ്വാധീനിക്കുന്നു. ഡൈവേഴ്സിഫിക്കേഷൻ റിസ്ക് കുറയ്ക്കുന്നു. പ്രത്യേക ഓഹരികളിലോ മേഖലകളിലോ ചില ഫണ്ടുകൾ കൂടുതൽ നിക്ഷേപം നടത്താറുണ്ട്. ഇത്തരത്തിൽ കേന്ദ്രീകരണം വർധിക്കുന്തോറും റിസ്കും കൂടുന്നു.

പൊതുവേ കരുതുന്ന ഒരു കാര്യമുണ്ട്. ഫണ്ടിന്‍റെ ടോപ് 10 നിക്ഷേപം മൊത്തം ആസ്തിയുടെ 50 ശതമാനത്തിൽ താഴെ നിൽക്കുകയെന്നത് സാമാന്യം മികച്ച വൈവിധ്യവത്കരണം നിക്ഷേപശേഖരത്തിനു നൽകുന്നു.

ഡെറ്റ് ഫണ്ടുകളുടെ കാര്യമെടുക്കുക. ഉയർന്ന ക്വാളിറ്റിയുള്ള (ട്രിപ്പിൾഎ, ഡബിൾ എ തുടങ്ങിയവ) ഡെറ്റ് ഉപകരണങ്ങൾ ഉള്ള ഫണ്ടുകൾ തെരഞ്ഞെടുക്കുവാൻ ശ്രമിക്കുക. കുറഞ്ഞ റേറ്റിംഗ് ഉള്ള ഡെറ്റ് ഉപകരണങ്ങൾ ഉള്ള ഫണ്ടുകളിൽ റിസ്ക് കൂടുതലാണ്.

തുടരെത്തുടരെ നിക്ഷേപശേഖരം അഴിച്ചു പണിയുന്ന ഫണ്ടു മാനേജർമാരുടെ ഫണ്ടുകളെ സസൂക്ഷ്മം വീക്ഷിക്കുക. ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഫണ്ടിന്‍റെ മൊത്തം ചെലവു വർധിപ്പിക്കുന്നു. ഇത് എക്സ്പെൻസ് റേഷ്യോ വർധിപ്പിക്കുന്നു. നിക്ഷേപത്തിനു ഫണ്ട് തെരഞ്ഞെടുക്കുന്നതിനു മുന്പ് ഇതു തീർച്ചയായും പരിശോധിക്കണം.

ഫണ്ടു മാനേജരും ഫണ്ട് ഹൗസും:

ഗുണമേന്മയുള്ള ഫണ്ട് ഹൗസും ഫണ്ട് മാനേജർക്കും ഫണ്ട് തെരഞ്ഞെടുക്കുന്നതിൽ നിർണായക പങ്കുണ്ട്. ഫണ്ടിന്‍റെ പ്രകടനത്തിൽ ഫണ്ട് മാനേജർക്ക് നേരിട്ടു ഉത്തരവാദിത്വമുണ്ട്.
പല ഫണ്ടു മാനേജർമാർക്കും നിരവധി ഫണ്ടുകൾ മാനേജ് ചെയ്യേണ്ടതായി വരും. ഈ അധികഭാരം ഫണ്ടുകളുടെ പ്രകടനത്തെ ബാധിക്കാൻ ഇടയുണ്ട്. പരമാവധി നാലോ അഞ്ചോ ഫണ്ടുകൾ മാനേജ് ചെയ്യുന്ന ഫണ്ടു മാനേജരുടെ പദ്ധതികളക്കു മുൻഗണന നൽകുക. മോശമല്ലാത്ത കാലയളവിലെ അനുഭവമുള്ളവരുടെ ഫണ്ട് നിക്ഷേപത്തിനു പരിഗണിക്കുക. ഫണ്ട് മാനേജ്മെന്‍റിലും ഇൻവെസ്റ്റ്മെന്‍റ് റിസേർച്ചിലുമുള്ള ഫണ്ടു മാനേജരുടെ പരിചയവും കണക്കിലെടുക്കുക.

കാര്യക്ഷമതയുള്ള ഫണ്ട് ഹൗസുകളുടെ പദ്ധതികൾ നിക്ഷേപത്തിനു തെരഞ്ഞെടുക്കുക. മികച്ച നിക്ഷേപ പ്രക്രിയയും റിസ്ക് മാനേജ്മെന്‍റ് സംവിധാനവുമുള്ള ഫണ്ട് ഹൗസിനു ഉൗന്നൽ നൽകുക.

ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്പോൾ പദ്ധതിയുടെ സ്ഥിരതയുള്ള പ്രകടനത്ത് ഉൗന്നൽ നൽകുക. നിക്ഷേപശേഖരത്തിലുള്ള ഫണ്ടിന്‍റെ പ്രകടനം ഇടയ്ക്കിടെ വിലയിരുത്തണം. കാരണം, മുൻകാല പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല എന്ന ആപ്ത വാക്യം എപ്പോഴും മനസിലുണ്ടായിരിക്കണം.