പ്രളയബാധിത സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ പുതിയ പദ്ധതികൾ
2018 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനാണ് നമ്മുടെ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മനുഷ്യ ജീവനും കൃഷിയും പാർപ്പിടവും വളർത്തു മൃഗങ്ങളും നഷ്ടപ്പെട്ട് ജീവിതം ദുസഹമായി തീർന്നു. ഉപജീവന മാർഗങ്ങൾക്കും സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും നാശനഷ്ടങ്ങളും കേടുപാടുകളും സംഭവിക്കുകയും അതുവഴി ആസ്തികൾ നഷ്ടപ്പെടുകയും തൊഴിലും വരുമാനവും ഗണ്യമായി കുറയുകയും ചെയ്തു. ഇത്തരത്തിൽ 2018 ലെ പ്രളയം ബാധിച്ച സംരഭങ്ങളെ നിക്ഷേപ സഹായ സബ്സിഡിയിലൂടെ യും പലിശ സബ്സിഡിയിലൂടെയും പുനരുജ്ജീവിപ്പിക്കുവാൻ സംസ്ഥാന സർക്കാർ 2019-20 വർഷത്തിൽ വ്യവസായ വാണിജ്യ വകുപ്പിലൂടെ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ട്.

പുനരധിവാസത്തോടൊപ്പം തന്നെ, പ്രളയം ബാധിച്ച് ഭാഗികമായോ പൂർണ്ണമായോ ആസ്തികൾ നഷ്ടപ്പെട്ട സംരംഭങ്ങളുടെ വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ വ്യവസായ വികസന ഓഫീസർമാർ മുഖേന വകുപ്പ് സർവ്വേ നടത്തിയിരുന്നു. അതുപ്രകാരം 4,992സൂക്ഷമ ചെറുകിട ഇടത്തരം സംരഭങ്ങൾ പ്രളയബാധിതമണെന്ന് കണ്ടെത്തുകയും 1,355 കോടി രൂപയുടെ നഷ്ടം വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

1. നിക്ഷേപ സബ്സിഡി എങ്ങനെ?
2018 ലെ പ്രളയം ബാധിച്ചതും ഉത്പാദന മേഖലയിലുള്ളതുമായ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര മൂലധന ഇനത്തിൽ അധികമായി നടത്തുന്ന നിക്ഷേപത്തിന് ആനുപാതികമായി സബ്സിഡി നൽകുന്ന പദ്ധതിയാണിത്. സംരംഭക സഹായ പദ്ധതി (ഇ.എസ്.എസ്) യിലൂടെ സബ്സിഡി ലഭിച്ചിരുന്ന യൂണിറ്റുകൾക്കും പ്രളയത്തിൽ ആസ്തികൾക്ക് കേടുപാടുകളോ നഷ്ടമോ സംഭവിച്ചിട്ടുണ്ടെങ്കിൽ അത്തരം സംരംഭങ്ങൾ പുനരുദ്ധാരണം ചെയ്യുന്നതിനായി സ്ഥിര മൂലധന ഇനത്തിൽ അധികമായി നടത്തുന്ന നിക്ഷേപത്തിന് സബ്സിഡി അർഹത ഉണ്ടായിരിക്കും.

ഉദ്യോഗ് ആധാർ ഫയൽ ചെയ്തിട്ടുള്ളതും വ്യവസായ വകുപ്പ് നടത്തിയ ആപ്പ് വഴിയുള്ള സർവ്വേയിൽ ഉൾപ്പെട്ടതുമായ സംരംഭമായിരിക്കണം. നെഗറ്റീവ് ലിസ്റ്റിലുള്ള സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയില്ല.

സ്ഥിരമൂലധന നിക്ഷേപം

കെട്ടിടത്തിന്‍റെ സിവിൽ വർക്കുകൾ (നിലവിലുള്ള കെട്ടിടത്തിന്‍റെ ഇംപ്രൂവ്മെന്‍റ് ഉൾപ്പെടെ), യന്ത്ര സാമഗ്രികൾ,ഉപകരണങ്ങൾ തുടങ്ങിയവയിലെ നിക്ഷേപമാണ് സ്ഥിര മൂലധന നിക്ഷേപമായി കണക്കുകൂട്ടുന്നത്.

2. അനുവദനീയമായ സബ്സിഡി

«റിവൈവൽ പ്രൊജക്ട് റിപ്പോർട്ട് പ്രകാരം സംരംഭം പുനരുജ്ജീവിപ്പിക്കുന്നതിന് നടത്തുന്ന സ്ഥിരമൂലധന നിക്ഷേപത്തിന്‍റെ 15 മുതൽ 40 ശതമാനം വരെ സബ്സിഡിയായി ഈ പദ്ധതിയിൽ നൽകുന്നു.

«ജനറൽ കാറ്റഗറിയിലുള്ള സംരംഭങ്ങൾക്ക് സ്ഥിരമൂലധന നിക്ഷേപത്തിന്‍റെ 15 ശതമാനം സബ്സിഡി ലഭിക്കും.(പരമാവധി 20 ലക്ഷം രൂപ)

«വനിത സംരംഭകർ,പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട സംരംഭകർ,യുവ സംരംഭകർ എന്നീ വിഭാഗത്തിലുള്ളവർക്ക് സ്ഥിരമൂലധന നിക്ഷേപത്തിന്‍റെ 20 ശതമാനം സബ്സിഡി ലഭിക്കും. (പരമാവധി 30 ലക്ഷം രൂപ).

«മുൻഗണന വ്യവസായ പട്ടികയിലുള്ള സംരംഭങ്ങൾക്ക്് സ്ഥിരമൂലധന നിക്ഷേപത്തിന്‍റെ 10 ശതമാനം അധിക സബ്സിഡി ലഭിക്കും.

«ഇടുക്കി,വയനാട്, പത്തനംതിട്ട എന്നീ വ്യവസായികമായി പിന്നോക്കം നിൽക്കുന്ന ജില്ലകളിലുള്ള സംരംഭങ്ങൾക്ക് സ്ഥിരമൂലധ നിക്ഷേപത്തിന്‍റെ 10 ശതമാനം കൂടി അധിക സബ്സിഡി ലഭിക്കും.

വിതരണം ചെയ്യുന്ന രീതി

രണ്ട് രീതിയിലാണ് ഈ പദ്ധതി പ്രകാരം യോഗ്യമായ സബ്സിഡി അനുവദിച്ച് വിതരണം ചെയ്യുന്നത്.

സ്റ്റാർട്ടപ്പ് സപ്പോർട്ട്

റിവൈവൽ പ്രോജക്ട് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പയെടുക്കുന്ന സംരംഭങ്ങൾക്ക് യോഗ്യമായ സബ്സിഡിയിലൂടെ പകുതി (പരമാവധി അഞ്ചു ലക്ഷം രൂപ) സ്റ്റാർട്ടപ്പ് സപ്പോർട്ടായി അപ്ഫ്രണ്ട് സബ്സിഡി ലഭിക്കും. സ്റ്റാർട്ടപ് സപ്പോർട്ട് ആവശ്യമായ സംരംഭകർ വിശദമായ റിവൈവൽ പ്രോജക്ട് റിപ്പോർട്ട് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർമാർ വഴി ബാങ്കിൽ സമർപ്പിക്കേണ്ടതും ബാങ്ക് വായ്പ അനുവദിക്കുന്ന മുറയ്ക്ക് സ്റ്റാർട്ടപ്പ് സപ്പോർട്ടിന് നിശ്ചിത മാതൃകയിൽ ജില്ല വ്യവസായ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.

സ്റ്റാർട്ടപ് സപ്പോർട്ട് ലഭിക്കുന്ന യൂണിറ്റുകൾ ആറുമാസത്തിനകം റിവൈവൽ നടത്തി സ്ഥാപനം പുനരാരംഭിക്കേണ്ടതാണ്. സ്ഥാപനം നിശ്ചിത സമയത്തിനുള്ളിൽ പുനരാരംഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ രേഖാമൂലം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരെ അറിയിക്കേണ്ടതാണ്.


ഇൻവെസ്റ്റ്മെന്‍റ് റിപ്പോർട്ട്

ബാങ്ക് വായ്പ വിനിയോഗിച്ചോ അല്ലാതെയോ റിവൈവൽ നടത്തി സ്ഥാപനം പുനരാരംഭിച്ചതിനുശേഷം ഇൻവെസ്റ്റ്മെന്‍റ് സപ്പോർട്ടിന് അപോക്ഷ സമർപ്പിക്കാവുന്നതാണ്. അനുബന്ധ രേഖകളുടെ പരിശോധനകൾക്കും സ്ഥാപന പരിശോധനകൾക്കും ശോഷം ജില്ലാതലത്തിലുള്ള കമ്മിറ്റിയിൽ (വ്യവസായ മിത്ര) സമർപ്പിച്ച് യോഗ്യമായ സബ്സിഡി അനുവദിക്കും. സ്റ്റാർട്ടപ്പ് സപ്പോർട്ട് വാങ്ങിയ സ്ഥാപനങ്ങൾക്ക് ആ തുക കഴിച്ചിട്ടുള്ള തുകയും സ്റ്റാർട്ടപ്പ് സപ്പോർട്ട് വാങ്ങാത്ത യൂണിറ്റുകൾക്ക് മുഴുവൻ തുകയും നൽകും.
ജില്ല വ്യവസായ കേന്ദ്രം ജനറൽമാനേജരുമായ് എഗ്രിമെന്‍റ് വയ്ക്കുന്ന മുറയ്ക്ക് സബ്സിഡി തുകകൾ സ്ഥാപനം ടേം ലോണ്‍ എടുത്തിട്ടുള്ള ബാങ്ക് വഴി വിതരണം ചെയ്യുന്നതായിരിക്കും.

2. പലിശ സബ്സിഡി
പ്രളയ ബാധിത സംരംഭങ്ങളുടെ ബാങ്ക് വായ്പയിന്മേൽ പലിശ സബ്സിഡി നൽകുന്ന ഒരു പദ്ധതിയും വ്യവസായ വകുപ്പ് പുതിയതായി നടപ്പിലാക്കുന്നുണ്ട്. പ്രളയം ബാധിച്ച സേവന,ഉത്പാദന മേഖലയിലുള്ള സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

യോഗ്യത മാനദണ്ഡങ്ങൾ

«ഉദ്യേഗ് ആധാർ ഫയൽ ചെയ്തിട്ടുള്ളതും വ്യവസായ വകുപ്പ് നടത്തിയ മൊബൈൽ ആപ്പ് വഴിയുള്ള സർവ്വേയിൽ ഉൾപ്പെട്ടതുമായ സംരംഭമായിരിക്കണം.
«പുനരുജ്ജീവനത്തിനായി ടേം ലോണോ,വർക്കിംഗ് കാപ്പിറ്റൽ ലോണോ(പുതിയ ലോണോ അഡീഷണൽ ലോണോ ആകാം)എടുത്തിരിക്കണം.

«നിലവിലുള്ള ലോണുകളിലെ ബാധ്യതകൾ ബാങ്ക് റീ ഷെഡ്യൂൾ ചെയ്തോ,റീ ഷെഡ്യൂളിന് ബാങ്ക് സമ്മതിച്ചതോ ആയ സംരംഭമായിരിക്കണം.

ലഭ്യമാകുന്ന പലിശ സബ്സിഡി

ബാങ്കിൽ നിന്നുള്ള ടേം ലോണ്‍,വർക്കിംഗ് കാപ്പിറ്റൽ ലോണിന്‍റെ എട്ട് ശതമാനം വരെയുളള പലിശ(പരമാവധി ഒരു വർഷം അഞ്ചു ലക്ഷം രൂപ) ഈ പദ്ധതിയിൽ സബ്സിഡിയായ് ലഭിക്കും. ബാങ്കുകൾ മുഖേനെ റീ-ഇംബേഴ്സ്മെന്‍റ്ായാണ് സ്ബ്സിഡി നൽകുന്നത്. യൂണിറ്റിന്‍റെ പ്രവർത്തന ക്ഷമത പരിഗണിച്ച് മൂന്നു വർഷം വരെ പ്രസ്തുത സബ്സിഡി ലഭിക്കാം.
നിശ്ചിത മാതൃകയുള്ള അപേക്ഷയും ബാങ്കിൽ നിന്നുള്ള സാക്ഷ്യപത്രവും താലൂക്ക് വ്യവസായ ഓഫീസിലാണ് സമർപ്പിക്കേണ്ടത്. താലൂക്ക് വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ് പലിശ സബ്സിഡി അനുവദിക്കുന്നത്. നെഗറ്റീവ് ലിസ്റ്റിൽ സർവ്വീസ് മേഖലയും തയ്യൽമേഖലയും ഒഴികെയുള്ള സംരംഭങ്ങൾക്ക് പലിശ സബ്സിഡി പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയില്ല.

നെഗറ്റീവ് ലിസ്റ്റ്

* സർവീസ് എന്‍റർപ്രൈസസ്
* ഫോട്ടോ സ്റ്റുഡിയോസ് ആൻഡ് കളർ പ്രോസസിംഗ് സെന്‍റേഴ്സ്
* ടൈലറിംഗ് അദർ ദാൻ മാനുഫാക്ചറിംഗ് ഓഫ് റെഡിമെയിഡ് ഗാർമെന്‍റ്സ്
* ബ്രൂവറീസ് ആൻഡ് ഡിസ്റ്റലറീസ്
* സോമിൽ
* സോപ്പ് ഗ്രേഡ് സോഡിയം സിലിക്കേറ്റ്
* ആസ്ബസ്റ്റോസ് പ്രോസസിംഗ്
* മെറ്റൽ ക്രഷേഴ്സ് (ഗ്രാനൈറ്റ് മാനുഫാക്ചറിംഗ് യൂണിറ്റ് ഉൾപ്പെടെ)
* എല്ലാത്തരം സ്റ്റീൽ റീ-പോളിംഗ് മിൽസ്,യൂണിറ്റ്സ് മാനുഫാക്ചറിംഗ് അയണ്‍ ഇൻഗോട്ട്സ്
* കാത്സ്യം കാർബൈഡ്
* സിമന്‍റ് മാനുഫാക്ചറിംഗ് യൂണിറ്റ്സ്(ഫ്ളൈ ആഷ് ഒഴികെ)
* പൊട്ടാസ്യം ക്ലോറേറ്റ്
* കാഷ്യു ഇൻഡസ്ട്രിയൽ യൂണിറ്റ്
* പവ്വർ ഇന്‍റൻസീവ് യൂണിറ്റ്

മുൻഗണന വ്യവസായങ്ങൾ

1. റബ്ബർ അധിഷ്ടിത വ്യവസായങ്ങൾ
2. അഗ്രോ ബേസ്ഡ്& ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ്
3. റെഡിമെയിഡ് ഗാർമെന്‍റ്സ്
4. പാരന്പര്യേതര ഉൗർജോത്പാദനത്തിനുള്ള യന്ത്ര സാമഗ്രികളുടെയും ഉപകരണങ്ങളുടേയും നിർമാണത്തിലേർപ്പെട്ടിരിക്കുന്ന വ്യവസായങ്ങൾ
5. ബയോടെക്നോളജി ബേസ്ഡ് ഇൻഡസ്ട്രീസ്
6. 100 ശതമാനം കയറ്റുമതി അധിഷ്ടിത വ്യവസായങ്ങൾ
7. ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് വ്യവസായങ്ങൾ
8. പ്ലാസ്റ്റിക് വേസ്റ്റ് റീ-സൈക്ലിംഗ്
9. ബയോ ഫെർട്ടിലൈസർ വ്യവസായങ്ങൾ

ജി. രാജീവ്
ജോയിന്‍റ് ഡയറക്ടർ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, ജില്ല വ്യവസായ കേന്ദ്രം, കോട്ടയം
ഫോണ്‍:0481 2570042,9446222830