ആദായനികുതി നിയമം അനുസരിക്കാതിരുന്നാൽ ശിക്ഷകൾ ഇങ്ങനെ
ആദായനികുതി നിയമം  അനുസരിക്കാതിരുന്നാൽ ശിക്ഷകൾ ഇങ്ങനെ
Tuesday, June 25, 2019 4:36 PM IST
ആദായനികുതിനിയമം അനുസരിക്കുന്നതിൽ വീഴ്ച വരുത്തുന്നവർ വിവിധ ശിക്ഷാനടപടികൾക്കു വിധേയമാകേണ്ടി വരും. പൊതുവേ സംഭവിക്കുന്ന വീഴ്ചകളും അവയ്ക്കുള്ള ശിക്ഷകളും എന്താണെന്നു പരിശോധിക്കാം.

നിർദിഷ്ട തീയതിക്കു മുന്പ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ

2017-18 സാന്പത്തികവർഷം മുതൽ നിർദിഷ്ട തീയതിക്കു മുന്പ് റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴ നൽകേണ്ടതായി വരും. അസെസ്മെന്‍റ് വർഷത്തിലെ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5,000 രൂപയും മാർച്ച് 31 വരെയുള്ള താമസത്തിന് 10,000 രൂപയുമാണ് പിഴ.
നികുതിക്കുമുന്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പിഴയായി 1000 രൂപ നൽകിയാൽ മതി. പ്രസ്തുത അസെസ്മെന്‍റ് വർഷം മാർച്ച് 31 ന് ശേഷം ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല.

ടിഡിഎസ്/ ടിസിഎസ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് വീഴ്ച വരുത്തിയാൽ

ആദായനികുതി നിയമം വകുപ്പ് 200 (3) അനുസരിച്ച് സ്രോതസിൽനിന്ന് നികുതി പിടിച്ച എല്ലാ നികുതിദായകരും ടിഡിഎസ്/ ടിസിഎസ് ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കു മുന്പ് ഫയൽ ചെയ്തിരിക്കണം.

എന്നാൽ, പ്രസ്തുത റിട്ടേണുകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങൾക്കു ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ ഓരോ റിട്ടേണിനും താമസം വരുത്തുന്ന ഓരോ ദിവസത്തേക്കും 200 രൂപ നിരക്കിൽ പിഴ ചുമത്തുന്നതാണ്. ഇതു നിയമപ്രകാരമുള്ള ലെവി ആയിട്ടാണ് ഈടാക്കുന്നത്. കൂടാതെ നിർദിഷ്ട തീയതിക്കുള്ളിൽ പ്രസ്തുത റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ നികുതി നിയമം 271 (എച്ച്) അനുസരിച്ച് 10,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെയുള്ള പിഴയും സാഹചര്യങ്ങളുടെ ഗൗരവം അനുസരിച്ച് വേണമെങ്കിൽ നികുതി ഉദ്യോഗസ്ഥന് ചുമത്താവുന്നതാണ്.

നോട്ടീസുകൾക്ക് മറുപടി നല്കിയില്ലെങ്കിൽ

ആദായനികുതി നിയമം 142(1),/143(2) എന്നീ വകുപ്പുകൾ പ്രകാരം അയയ്ക്കുന്ന നോട്ടീസുകൾക്ക് നികുതിദായകൻ മറുപടി നല്കേണ്ടതുണ്ട്. അതിനു വീഴ്ച വരുത്തിയാൽ 10,000 രൂപ വരെ പിഴ ചുമത്താവുന്നതാണ്. ആദായനികുതി നിയമം 142 (1) വകുപ്പനുസരിച്ച് ആദായനികുതി ഉദ്യോഗസ്ഥന് നികുതിദായകൻ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അക്കൗണ്ടുകൾക്കും ഡോക്യുമെന്‍റുകൾക്ക് വേണ്ടിയും നോട്ടീസ് അയയ്ക്കാവുന്നതാണ്.

ആദായനികുതി നിയമം 143(2) അനുസരിച്ച് ബുക്കുകളും ഡോക്യുമെന്‍റുകളും ഹാജരാക്കുന്നതിനുള്ള നോട്ടീസ് അയയ്ക്കുന്നത് പ്രത്യേക പരിശോധനയ്ക്ക് എടുക്കുന്ന കണക്കുകൾക്കാണ്.

റിട്ടേണുകളിൽ വരുമാനം കുറച്ചോ തെറ്റായിട്ടോ സമർപ്പിച്ചാൽ

വരുമാനം കുറച്ചുകാണിച്ചാൽ വീഴ്ച വരുത്തിയ തുകയുടെ നികുതിയുടെ 50 ശതമാനമാണ് പിഴ ശിക്ഷ. എന്നാൽ, വരുമാനം തെറ്റായി കാണിച്ചാൽ (മിസ് റിപ്പോർട്ടിംഗ്) നികുതിത്തുകയുടെ 200 ശതമാനമാണ് പിഴത്തുക.

കണക്കുബുക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ

ആദായനികുതി നിയമം 44 എഎ അനുസരിച്ച് നിർദിഷ്ട നികുതിദായകർ അവരുടെ കണക്കുബുക്കുകൾ സൂക്ഷിക്കണം എന്നു നിഷ്കർഷിച്ചിട്ടുണ്ട്. അതിനു വീഴ്ച വരുത്തുന്ന നികുതിദായകരുടെ മേൽ 25,000 രൂപയുടെ പിഴ ചുമത്താം.


അന്തർദേശീയ ബിസിനസുകളെ സംബന്ധിച്ച്

രാജ്യാന്തര ഇടപാടുകളിൽ ഉൾപ്പെടുന്ന നികുതിദായകർ പ്രസ്തുത ഇടപാടുകളുടെ രേഖകൾ എട്ടു വർഷം വരെ സൂക്ഷിക്കേണ്ടതും നികുതി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ അവ 30 ദിവസത്തിനകം സമർപ്പിക്കേണ്ടതുമുണ്ട്. ഇവയിൽ വീഴ്ച വരുത്തുന്നവർ ഇടപാട് തുകയുടെ രണ്ടു ശതമാനം വരുന്ന തുക പിഴയായി നല്കാൻ വ്യവസ്ഥയുണ്ട്. ആവശ്യപ്പെട്ട വിവരങ്ങൾ നികുതി ഉദ്യോഗസ്ഥനു നല്കിയില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താം.

കണക്കുബുക്കുകൾ ഓഡിറ്റ് ചെയ്തില്ലെങ്കിൽ

ആദായനികുതിനിയമം 44 എബി വകുപ്പനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ബിസിനസുകളും 50 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ള പ്രൊഫഷണലുകളും തങ്ങളുടെ കണക്കുകൾ നിർദിഷ്ട തീയതികൾക്കു മുന്പ് ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റിനെക്കൊണ്ട് ഓഡിറ്റ് ചെയ്തു വേണം റിട്ടേണുകൾ സമർപ്പിക്കാൻ.

ഇതിൽ വീഴ്ച വരുത്തിയാൽ നികുതിദായകൻ പ്രസ്തുത വിറ്റുവരവിന്‍റെ അര ശതമാനം അല്ലെങ്കിൽ 1,50,000 രൂപ, ഇവയിൽ ഏതാണോ കുറവ്, ആ തുക പിഴയായി നല്കേണ്ടി വന്നേക്കാം.

20,000 രൂപയ്ക്കു മുകളിൽ കാഷ് ആയി ലോണുകളും ഡെപ്പോസിറ്റുകളും എടുക്കുകയോ
സ്വീകരിക്കുകയോ ചെയ്താൽ


ആദായനികുതി നിയമം 209 എസ്.എസ്. അനുസരിച്ച് കാഷ് ആയി 20,000 രൂപയ്ക്ക് മുകളിലുള്ള തുക ഡെപ്പോസിറ്റ് ആയോ വായ്പയായോ നല്കാനോ സ്വീകരിക്കാനോ ഒരു നികുതിദായകനും അധികാരമില്ല. വായ്പയായോ ഡെപ്പോസിറ്റായോ നല്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന തുക 20000 രൂപയ്ക്കു മുകളിലാണെങ്കിൽ അവ ബാങ്കിലൂടെ അക്കൗണ്ട് പെയി ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ മാത്രമാണു ചെയ്യേണ്ടത്. ഇതിനു വീഴ്ച വരുത്തുന്നവരിൽനിന്ന് ആദായനികുതി നിയമം 271 (ഡി) അനുസരിച്ച് തത്തുല്യമായ തുക പിഴയായി ഈടാക്കുന്നതാണ്.

ഡെപ്പോസിറ്റുകളോ വായ്പകളോ തിരിച്ചു നല്കുന്പോഴും പ്രസ്തുത നിയമം ബാധകമാണ്. വീഴ്ച വരുത്തുന്നവരിൽനിന്ന് തുല്യമായ തുക പിഴയായി ഈടാക്കുന്നതാണ്.

രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ഒറ്റ ഇടപാടിന് കാഷ് ആയി സ്വീകരിച്ചാൽ

2017 ഏപ്രിൽ ഒന്നു മുതൽ ആദായനികുതി നിയമം 269 എസ്ടി അനുസരിച്ച് ഒരു നികുതിദായകനും രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക കാഷ് ആയി, ഒരു വ്യക്തിയിൽനിന്നും ഒരേ ദിവസം ഒറ്റ ഇടപാടിനായി, ഒറ്റ അവസരത്തിൽ വാങ്ങാൻ പാടില്ലാത്തതാണ്. എന്നാൽ, ഇത് ഗവണ്‍മെന്‍റ് ഇടപാടുകൾക്കും ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും ബാധകമല്ല.

ഇതിനു വിപരീതമായി ഏതെങ്കിലും നികുതിദായകൻ കാഷ് ആയി രണ്ടു ലക്ഷത്തിൽ കൂടുതൽ വരുന്ന തുക വാങ്ങിയാൽ ആദായനികുതി 271 ഡിഎ അനുസരിച്ച് വാങ്ങിയ തുകയ്ക്കു തുല്യമായ തുക പിഴയായി ഈടാക്കാൻ സാധിക്കുന്നതാണ്.