അറിയാം, മ്യൂച്വൽ ഫണ്ട് പദ്ധതികളെ
അറിയാം, മ്യൂച്വൽ ഫണ്ട് പദ്ധതികളെ
Tuesday, June 4, 2019 2:44 PM IST
മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ തരംതിരിക്കൽ സംബന്ധിച്ച ഇന്ത്യൻ ഓഹരി വിപണിയുടെ റെഗുലേറ്ററായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മാർഗനിർദ്ദേശങ്ങൾ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനം നൽകിയിരിക്കുകയാണ്. വളരെ ലളിതമായി, പെട്ടെന്ന് മ്യൂച്വൽ ഫണ്ടു പദ്ധതികളെ തിരിച്ചറിയുവാൻ നിക്ഷേപകനെ ഇതു സഹായിക്കുന്നു.

വിപണി മൂല്യം അടിസ്ഥാനമാക്കിയുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ വർഗീകരണം ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുകയാണ്. ഓഹരിയുടെ വിപണി വിലയെ ഓഹരികളുടെ എണ്ണം കൊണ്ടു ഗുണിക്കുന്പോൾ ലഭിക്കുന്നതാണ് വിപണി മൂല്യം. ഇതുവഴി ഓരോ മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ ഏതു വിപണി മൂല്യത്തിലുള്ള ഓഹരികളിൽ നിക്ഷേപിക്കുന്ന പദ്ധതിയാണെന്നും വേഗം മനസിലാക്കാൻ നിക്ഷേപകനു സാധിക്കുന്നു.

ലാർജ് കാപ്, മിഡ്കാപ്, സ്മോൾ കാപ് എന്നിങ്ങനെ ഓഹരികളെ അതിന്‍റെ വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ തിരിച്ചിട്ടുണ്ട്.

ലാർജ് കാപ്: വിപണി മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന 100 കന്പനികൾ.

മിഡ്് കാപ്: വിപണി മൂല്യത്തിൽ 101 മുതൽ 250 വരെ വരുന്ന കന്പനികൾ.

സ്മോൾ കാപ്: വിപണി മൂല്യത്തിൽ 251 മുതൽ മുകളിലേക്കു സ്ഥാനമുള്ള കന്പനികൾ.

ഇത്തരത്തിൽ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന കന്പനികളെ ആധാരമാക്കി വിവിധ മ്യൂച്വൽ ഫണ്ട് പദ്ധതികളെ ലാർജ് കാപ്, മിഡ്കാപ്, സ്മോൾ കാപ് എന്നിങ്ങനെ തരം തിരിക്കുന്നു. ഈ മൂന്നു തരം ഇക്വിറ്റി ഫണ്ട് വിഭാഗങ്ങളുടെ പ്രത്യേകതൾ നമുക്കു പരിശോധിക്കാം.

ലാർജ് കാപ് ഫണ്ടുകൾ

നിക്ഷേപാസ്തിയുടെ കുറഞത് 80 ശതമാനം ലാർജ് കാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളെയാണ് ലാർജ് കാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികളായി കണക്കാക്കുന്നത്.

ധനകാര്യ ശക്തിയാണ് ഈ ഫണ്ടിൽ വരുന്ന കന്പനികളുടെ വലിയ പ്രത്യേകത. ദീർഘകാല ചരിത്രം, അവരവരുടെ ബിസിനസ് മേഖലയിൽ വലിയ വിപണി വിഹിതം, മികച്ച ബാലൻസ് ഷീറ്റ്, വരുമാനം തുടങ്ങിയവയെല്ലാം ഇവയുടെ പ്രത്യേകതകളാണ്. ഇതുകൊണ്ടുതന്നെ മോശം സാന്പത്തികാന്തരീക്ഷത്തിലും ഈ കന്പനികൾ പിടിച്ചു നിൽക്കുന്നവയായിരിക്കും.
മറ്റ് വാക്കിൽപ്പറഞ്ഞാൽ മിഡ്കാപ്, സ്മോൾ കാപ് ഫണ്ടുകളെ അപേക്ഷിച്ച് സ്ഥിരതയുള്ളതും ശക്തവുമാണ് ലാർജ് കാപ് ഓഹരികൾ. അതുകൊണ്ടുതന്നെ ഇവയിലെ വിപണി വ്യതിയാനവും മറ്റ് രണ്ടു വിഭാഗത്തെ അപേക്ഷിച്ച് കുറവാണ്. പക്ഷേ ഉയർന്ന റിട്ടേണ്‍ ലഭ്യമാക്കുന്നതിൽ ഇവ മിഡ്കാപ്, സ്മോൾ കാപ് ഫണ്ടുകളെ അപേക്ഷിച്ചു പുറകിലാണ്. പക്ഷേ വിപണിയിലെ തകർച്ചയുടെ നാളുകളിൽ ലാർജ് കാപ് ഫണ്ടുകൾ മെച്ചപ്പെട്ട റിട്ടേണ്‍ നൽകുന്നു.

മിഡ് കാപ് ഫണ്ടുകൾ

മിഡ്കാപ് ഓഹരികളിൽ ആസ്തിയുടെ കുറഞ്ഞത് 65 ശതമാനം നിക്ഷേപം നടത്തുന്ന ഫണ്ടുകളെ മിഡ്കാപ് ഫണ്ടുകളായി കണക്കാക്കുന്നു.

ലാർജ് കാപ് ഓഹരികളുമായി താരതമ്യപ്പെടുത്തുന്പോൾ മിഡ്കാപ് ഓഹരികളുടെ വിപണി വിഹിതവും ചെറിയ ബാലൻസ് ഷീറ്റുമൊക്കെയാണുള്ളത്. എന്നാൽ സ്മോൾ കാപ് ഓഹരികളേക്കാൾ വലുതാണ് ഇവയുടെ വിപണി വിഹിതവും ബാലൻസ്ഷീറ്റുമൊക്കെ.

സന്പദ്ഘടനയിൽ മാന്ദ്യമോ വളർച്ചാക്കുറവോ ഉണ്ടാകുന്പോൾ മിഡ്കാപ് ഓഹരികൾക്കു ചുവടു തെറ്റുന്നു.

ലാർജ്കാപ്പിനേക്കാൾ ഉയർന്ന റിസ്കാണ് മിഡ്കാപ് മ്യൂച്വൽ ഫണ്ട് പദ്ധതികൾക്കുള്ളത്. ലാർജ് കാപ്പിനെ അപേക്ഷിച്ച് കുറഞ്ഞ റിസേർച്ചേ മിഡ്കാപ് ഓഹരികളിലുണ്ടാകുന്നുള്ളു. അതുമൂലം മിഡ് കാപ് ഫണ്ട് മാനേജർമാർക്ക് മികച്ച ഓഹരികൾ കണ്ടെത്താൻ കഴിഞ്ഞാൽ മെച്ചപ്പെട്ട റിട്ടേണ്‍ നൽകാൻ കഴിയുന്നു. മാത്രവുമല്ല, മികച്ച മിഡ്കാപ് ഓഹരികൾക്ക് ലാർജ്കാപ്പിലേക്കു വളരുവാനുള്ള സാധ്യതയും വലിയ തോതിൽ നിലനിൽക്കുന്നു. ഇതു ഉയർന്ന റിട്ടേണ്‍ സാധ്യത നൽകുകയും ചെയ്യുന്നു.

ലാർജ് കാപ് ഓഹരികളെ അപേക്ഷിച്ച് മിഡ്കാപ് ഓഹരികളുടെ വിലയിൽ വന്യമായ വ്യതിയാനമാണ് ദിവസവും സംഭവിക്കുന്നത്. ബുൾ വിപണിയിൽ മിഡ്കാപ് ഓഹരികൾ ലാർജ് കാപ് ഓഹരികളേക്കാൾ മികച്ച നേട്ടമുണ്ടാക്കുന്നു. കരടി വിപണിയിൽ നേരെ മറിച്ചും.

സ്മോൾ കാപ് ഫണ്ടുകൾ

നിക്ഷേപാസ്തിയുടെ കുറഞത് 65 ശതമാനം സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളെ സ്മോൾ കാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികളായി കണക്കാക്കുന്നു.
മിഡ്കാപ് ഓഹരികളെ അപേക്ഷിച്ച് കുറഞ്ഞ വിപണി മൂല്യവും ചെറിയ ബാലൻസ് ഷീറ്റുമാണ് ഇവയുടേത്. എന്നാൽ മികച്ച ചെറുകിട കന്പനികൾക്ക് നല്ല വരുമാനവും പ്രതിയോഹരി വരുമാന വളർച്ചയും നേടുവാനുള്ള സാധ്യതയേറെയാണ്. ഓരോ വ്യവസായ മേഖലയിലും ചില പ്രത്യേക സേവനങ്ങളോ ഉത്പന്നങ്ങളോ നൽകുന്നവയാണ് സ്മോൾ കാപ് കന്പനികളിലധികവും.
സാന്പത്തിക മാന്ദ്യമുണ്ടായാൽ, ലാർജ് കാപ്, മിഡ് കാപ് ഓഹരികളെ അപേക്ഷിച്ച് ആദ്യം ബാധിക്കുന്നത് ഇത്തരം ചെറിയ കന്പനികളെയാണ്. തകർച്ച നേരിടുന്നതും ഇവയാണ്. അതുകൊണ്ടുതന്നെ ഇവയിൽ നല്ലൊരുപങ്കു നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ റിസ്കും കൂടുതലാണ്.

വലിയ നിക്ഷേപ ഗവേഷണ സ്ഥാപനങ്ങൾ ഇത്തരം കന്പനികൾക്കു തിരിഞ്ഞുപോലും നോക്കാറില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ മൂല്യത്തിൽ ഇത്തരം ഓഹരികൾ തെരഞ്ഞെടുക്കാൻ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ടുകൾക്കു സാധിക്കുന്നു. അനൂകല സാന്പത്തികാവസ്ഥയിൽ അതിനാൽ മെച്ചപ്പെട്ട റിട്ടേണ്‍ നേടാൻ ഇത്തരം ഫണ്ടുകൾക്കു സാധിക്കുന്നു. മാത്രവുമല്ല, ഗുണമേന്മയുള്ള സ്മോൾകാപ് ഓഹരികൾക്കു മിഡ് കാപ്പിലേക്കും ലാർജ് കാപ്പിലേക്കും എത്താനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇങ്ങനെ സംഭവിക്കുന്പോൾ ഇത്തരം ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾക്കു ലഭിക്കുന്ന റിട്ടേണ്‍ കണ്ണഞ്ചിക്കുന്നതായിരിക്കും.

ഉയർന്ന റിസ്ക് എടുക്കുവാൻ സാധിക്കുന്ന വർക്കുമാത്രമുള്ളതാണ് സ്മോൾ കാപ് ഇക്വിറ്റി ഫണ്ടുകൾ. മികച്ച മൾട്ടികാപ് മ്യൂച്വൽ ഫണ്ടു പദ്ധതികൾ രൂപപ്പെടുത്തുന്നത് ലാർജ്, മിഡ്, സ്മോൾ കാപ് ഓഹരികളിൽനിന്നു തെരഞ്ഞെടുക്കുന്ന ഓഹരികൾ ഉപയോഗിച്ചാണ്.