സ്ത്രീകൾക്കും ധനകാര്യ സ്വാതന്ത്ര്യം
സ്ത്രീകൾക്കും  ധനകാര്യ സ്വാതന്ത്ര്യം
Monday, March 11, 2019 2:36 PM IST
ഇന്ത്യയിലെ 99 ശതമാനം വീടുകളിലും സാന്പത്തിക തീരുമാനങ്ങളിൽ അവസാനത്തെ വാക്ക് പുരുഷന്മാരുടേതായിരിക്കും. പക്ഷേ ഈ പുരുഷാധിപത്യം പതിയെ മാറുകയാണ്. ജോലിക്കാരായ സ്ത്രീകൾ ധനകാര്യ ആസൂത്രണത്തിലേക്കു പതിയെ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. കുടുംബത്തിന്‍റെ ധനകാര്യ ആസൂത്രണം ചെയ്യുന്പോൾ തങ്ങൾക്കും ഒരു "സേ’ വേണമെന്ന് അവർ പറഞ്ഞു തുടങ്ങുക മാത്രമല്ല, പറയുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്.

സ്ത്രീകൾ നന്നായി ധനകാര്യം മാനേജ് ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചെലവാക്കൽകാരികൾ എന്നു പേരുണ്ടെങ്കിലും വസ്തുത വിരുദ്ധമാണ്. വാങ്ങലുകളിൽ വളരെ പ്രായോഗിക സമീപനമാണഅ അവർ സ്വീകരിക്കാറ്.

പുരുഷന്മാരേക്കാൾ നാലഞ്ചുവർഷം കൂടുതൽ ജീവിതദൈർഘ്യം സ്ത്രീകൾക്കുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്‍റെ അവസാനകാലത്ത് ജോലി ചെയ്തിരുന്ന കാലത്തേക്കാൾ മെച്ചപ്പെട്ട ജീവിതത്തിന് ധനകാര്യ ആസൂത്രണം കൂടിയേ തീരൂ. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും പ്രത്യേകമായി ധനകാര്യ ആസൂത്രണം നടത്തണം.

സുരക്ഷാവലയം

ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും സാന്പത്തിക സുരക്ഷാവലയം ഉണ്ടാവണം. കാരണം എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാന്പത്തികാന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്.
എമർജൻസി ഫണ്ട്, മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയവ വഴി സുരക്ഷാവലയം തീർക്കുക.

അച്ചടക്കവും ക്രമമായ നിക്ഷേപവും

വരുമാനത്തിൽ ചെലവൊതുക്കി നിർത്തുക. ഒരു ഭാഗം സന്പാദിക്കുകയും ചെയ്യുക. ചെലവു - സന്പാദ്യ അനുപാതം നിലനിർത്തുക.

അതു ജീവിതത്തിലുടനീളം പാലിക്കുവാൻ ശ്രമിക്കുക. ആദ്യം അൽപ്പം പ്രയാസമായിരിക്കും. പിന്നീടത് ശീലമായിക്കൊള്ളും.

സന്പാദ്യം മാത്രം പോരാ. രാപകൽ തനിക്കുവേണ്ടി പണമുണ്ടാക്കിക്കൊണ്ടിരിക്കുന്ന നിക്ഷേപ ഉപകരണങ്ങളിൽ നിക്ഷേപം നടത്തണം. അതിൽ ധനകാര്യ ലക്ഷ്യങ്ങൾ അനുസരിച്ച് സ്ഥിര നിക്ഷേപ ഉപകരണങ്ങളും ഓഹരി നിക്ഷേപ ഉപകരണങ്ങളും വേണം. സ്ഥിര നിക്ഷേപങ്ങൾ മിക്കതും പണപ്പെത്തിനു തുല്യമായ വരുമാനം നൽകുന്നില്ല.

സ്വാഭാവികമായിത്തന്നെ റിസക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ. ഓഹരിയിൽ നേരിട്ട് നിക്ഷേപം നടത്താൻ ധൈര്യമില്ലെങ്കിൽ തുടക്കത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി ആരംഭിക്കാം. ദീർഘകാലത്തിൽ മോശമല്ലാത്ത റിട്ടേണ്‍ ആണ് ഇതു നൽകുന്നത്.
ക്രമമായി സന്പാദിക്കുകയും അച്ചടക്കത്തോടെ നിക്ഷേപം നടത്തുകയും ചെയ്യുക. ധനകാര്യ ആസൂത്രണത്തിന്‍റെയും ആണിക്കല്ലാണ്. ഇവ വഴി ദീർഘകാലത്തിൽ മികച്ച സന്പത്ത് നേടിയെടുക്കുവാനും ധനകാര്യ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഒന്നൊന്നായി നേടുവാനും സാധിക്കും.

മുൻഗണനകൾ നിശ്ചയിക്കുക; നിക്ഷേപം നടത്തുക

സന്പാദ്യം എന്തിനായാണ് നിക്ഷേപിക്കേണ്ടത്. അതു തീരുമാനച്ചാൽ മാത്രമേ പ്ലാനിംഗിനു കരുത്തുവരൂ. ഈ ലക്ഷ്യമത്തിനു വേണ്ടി നിക്ഷേപങ്ങൾ നടത്തുക. ഉദാഹരണത്തിന് റിട്ടയർമെന്‍റിനുശേഷമുള്ള ജീവിതത്തിനാവശ്യമായ തുക. ഒരു വീടുമാത്രം സ്വന്തം പേരിൽ വാങ്ങുക. ഇതു സുരക്ഷിതത്വം നൽകുന്നു. മറ്റു നിർവാഹമില്ലെങ്കിൽ ജീവിതാവസാനകാലത്ത് റിവേഴ്സ് മോർട്ട്ഗേജ് വഴി വരുമാനം കണ്ടെത്താം.

ഏറ്റവും ആദ്യത്തെ പരിഗണന റിട്ടയർമെന്‍റ് പ്ലാൻ ചെയ്യുക എന്നതായിരിക്കണം. നല്ലൊരു റിട്ടയർമെന്‍റ് നിധിയില്ലെങ്കിൽ ജോലി ചെയ്യാൻ സാധിക്കാത്ത കാലങ്ങളിൽ പ്രയാസപ്പെടും.
സന്പാദിക്കുവാൻ തുടങ്ങുന്പോഴേ ദീർഘകാലത്തിൽ നിക്ഷേപവും തുടങ്ങുക. സ്വന്തം കാലിൽ നിൽക്കുക, ആവശ്യത്തിനു സന്പത്തുണ്ടാകുക എന്നീ ലക്ഷ്യത്തോടെ വരുമാനം ഉണ്ടാകുന്ന സമയം മുതലേ സന്പാദ്യവും നിക്ഷേപവും ആരംഭിക്കുക. ഇതിനായി വൈവിധ്യമാർന്ന ആസ്തികൾ ലഭ്യമാണ്.


നേരത്തെ തുടങ്ങാം

വരുമാനം കിട്ടിത്തുടങ്ങുന്പോഴേ സന്പാദിക്കാനും നിക്ഷേപം തുടങ്ങാനും ആരംഭിക്കുക. ചെലവഴിക്കൽ പിന്നീട് ആകാം. മാസാദ്യം ശന്പളം കൈയിൽ കിട്ടിയാൽ ആദ്യം നിക്ഷേപം നടത്താം. ബാക്കി തുക ചെലവഴിക്കാം.

നിക്ഷേപം സന്പത്തായി വളർത്തുന്നതിൽ, പ്രത്യേകിച്ചും ദീർഘകാലത്തിൽ, ഓഹരിക്കു വലിയൊരു സ്ഥാനമുണ്ടെന്ന കാര്യം മറക്കാതിരിക്കുക. ചെറുപ്പക്കാർ മുതൽ റിട്ടയർ ചെയ്തവർ വരെ അവരുടെ നിക്ഷേപത്തിന്‍റെ ഒരു ഭാഗം ഓഹരിയിലായിരിക്കണം. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ 35 വർഷക്കാലത്ത് 16-17 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട് എന്ന കാര്യം മറക്കാതിരിക്കുക. ദീർഘകാലത്തിൽ ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകുന്ന ആസ്തിയും കൂടിയാണിത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ശരാശരി 14-16 ശതമാനം വാർഷിക റിട്ടേണും നൽകിയിട്ടുണ്ട്.

മാത്രവുമല്ല, ഇന്ത്യൻ സന്പദ്ഘടന വളർച്ചയുടെ പടിവാതിൽക്കൽ എത്തിയിട്ടേയുള്ളു. വരും വർഷങ്ങളിൽ വളർച്ചയ്ക്ക് വേഗം കൂടും. ഫലം ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്നുള്ള റിട്ടേണും വളരും.

നികുതിയാസൂത്രണം

വരുമാനമുണ്ടായാൽ നികുതി നൽകണം. നികുതി ലാഭിക്കാൻ നിയമപരമായ ഒഴിവുകൾ ഗവണ്‍മെന്‍റ് കാലാകാലങ്ങളിൽ പ്രഖ്യാപിക്കാറുണ്ട്. അതു പരമാവധി വിനിയോഗിക്കുക. നികുതി ലാഭിക്കാം. അതിന്‍റെ വരുമാനത്തിനും നികുതി ലാഭിക്കാം.

സ്വയം സാധിക്കുന്നില്ലെങ്കിൽ പ്രഫഷണലുകളുടെ സഹായം തേടുക. അതു നഷ്ടമായിരിക്കുകയില്ല.

നിക്ഷേപം പുനരവലോകനം ചെയ്യുക

നിക്ഷേപം നടത്തി, കളം കാലിയാക്കി പോകുന്നതിനു പകരം ഇടയ്ക്കിടെ നിക്ഷേപത്തെ അവലോകനം ചെയ്യുക. തെറ്റായ നിക്ഷേപത്തെ ഒഴിവാക്കി ശരിയായവയിലേക്കു തിരിച്ചുവിടുക.

നിർബന്ധമായും സ്ത്രീകൾ ചെയ്തിരിക്കേണ്ടത്

* ബാങ്ക് അക്കൗണ്ട്. ഡിജിറ്റൽ ഇടപാടുകളിൽ പ്രാവിണ്യം നേടുക. ബാങ്കിംഗ് ഇടപാടുകളെക്കുറിച്ചുള്ള സാക്ഷരത വഴി തട്ടിപ്പുകളെ അകറ്റി നിർത്തുക. ഒടിപിയും പാസ് വേഡുമൊക്കെ ഓരിക്കലും മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാതിരിക്കുക.
* കുറഞ്ഞതു മൂന്നു മാസത്തേക്കെങ്കിലുമുള്ള ജീവിതത്തിനാവശ്യമായ അടിയന്തര ഫണ്ട് ഉണ്ടാക്കുക.
* ആവശ്യത്തിനു ലൈഫ് ഇൻഷുറൻസ്. കുടുംബത്തിലെ ആശ്രിതരുടെ സുരക്ഷ ഇതുവഴി ഉറപ്പാകുന്നു. ടേം ഇൻഷുറൻസ് വഴി ഇതു സാധ്യമാകുന്ന മറ്റ് ഇൻഷുറൻസുകൾ മറന്നേക്കുക. വീട്ടുജോലികൾ മാത്രം ചെയ്യുന്ന സ്ത്രീകൾക്കും ഇതാവശ്യമാണെന്ന കാര്യം മറക്കാതിരിക്കുക. വരുമാനമില്ലെങ്കിൽപോലും നിർബന്ധമായും ടേം ഇൻഷുറൻസ് എടുത്തിരിക്കുകയും ചെയ്യുക.
* ഹെൽത്ത് ഇൻഷുറൻസ്. യുവത്വത്തിൽ മറ്റേണിറ്റി കവറേജുകൂടി ലഭിക്കുന്ന ആരോഗ്യ പോളിസികൾ എടുക്കുക. കാലാകലങ്ങളിൽ ആരോഗ്യ പോളിസി കവറേജ് ഉയർത്തുകയും മുടങ്ങാതെ അടച്ചുപോരുകയും ചെയ്യുക. ക്രിട്ടിക്കൽ ഇൻഷുറൻസ്, ടോപ് അപ് പോളിസി തുടങ്ങിയവ വഴി ആരോഗ്യ കവറേജ് ശക്തിപ്പെടുത്താം.
* റിട്ടയർമെന്‍റ് നിധി. ജോലി ചെയ്യുന്ന കാലത്ത് റിട്ടയർമെന്‍റിനായി നിക്ഷേപം നടത്തുക. ഇപിഎഫ് മാത്രമല്ലാതെ ഓഹരി മ്യൂച്വൽ ഫണ്ട് വഴിയും റിട്ടയർമെന്‍റ് നിധി മെച്ചപ്പെടുത്തുക. കാരണം, ജോലി ചെയ്തതിലേറെക്കാലം റിട്ടയർമെന്‍റിനുശേഷവും ജീവക്കേണ്ട സ്ഥിതിയാണ് പലപ്പോഴും ഉണ്ടാകുന്നത്.
* ആസ്തിയിൽ ഒരു ഭാഗം എല്ലാക്കാലത്തും ഓഹരിയിൽ നിക്ഷേപിക്കുക. പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും മികച്ച നിക്ഷേപ ഉപകരണമാണ് ഓഹരിയും ഓഹരിയധിഷ്ഠിത ഉപകരണങ്ങളും. പ്രായം കൂടുന്തോറും ഓഹരിയിലെ നിക്ഷേപത്തിന്‍റെ തോത് കുറച്ചുകൊണ്ടുവരിക.