പഴവർഗങ്ങളിൽ ഭാവി ലക്ഷ്യമിട്ട് ലെെഫ് എക്സോട്ടിക്സ്
Wednesday, January 8, 2025 3:39 PM IST
വിലത്തകർച്ചയിൽ കൂപ്പുകുത്തിയ റബറിന്റെ സ്വന്തം നാട്ടിൽ പഴവർഗ കൃഷിയിൽ വലിയ ഭാവി കാണുന്ന കർഷകരുടെ കൂട്ടായ്മയാണ് ലൈഫ് എക്സോട്ടിക്സ്. വാണിജ്യാടിസ്ഥാനത്തിലുള്ള പഴവർഗ കൃഷിയിലും സംഭരണത്തിലും വിപണനത്തിലും ഇതിനോടകം തന്നെ ലൈഫ് എക്സോട്ടിക്സ് പേരെടുത്തു കഴിഞ്ഞു.
റബർ സമൃദ്ധിയിൽ പ്രശസ്തമായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ കർഷകരായ ജോജോ ജോർജ്, തോമസ് ചെറിയാൻ, ബോബിടോം, വർക്കി ജോർജ്, രാജീവ് സ്കറിയ എന്നിവരാണ് സംഘത്തിലുള്ളത്. ഇവർക്ക് ചേറ്റുതോട്, കൂട്ടിക്കൽ, കുട്ടിക്കാനം, കട്ടപ്പന, തമിഴ്നാട്ടിലെ ഉത്തമപാളയം എന്നിവിടങ്ങളിൽ തോട്ടങ്ങളുണ്ട്.
റബറും ഏലവുമൊക്കെയായിരുന്നു പ്രധാന കൃഷി. ഇതിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് പഴവർഗ കൃഷിയിലേക്ക് ഒരു പരീക്ഷണമെന്ന നിലയിൽ തിരിഞ്ഞത്. റംബുട്ടാൻ, മാങ്കോസ്റ്റിൻ, അവ്ക്കാഡോ, ദൂരിയൻ തുടങ്ങിയവയാണു പ്രധാനമായും കൃഷി ചെയ്യുന്നത്.
ഇവയുടെ നടീൽ, പരിപാലനം, വിളവെടുപ്പ്, സംഭരണം, വിപണനം തുടങ്ങിയവയിലെ അനുഭവങ്ങളും കാഴ്ചപ്പാടുകളും മാറ്റങ്ങളുമൊക്കെ എപ്പോഴും ചർച്ച ചെയ്തിരുന്ന ഇവർ അവരുടെ അനുഭവ സന്പത്ത് പങ്കുവയ്ക്കാനും പഴവർഗ കൃഷിയിൽ ഭാവി തേടിയുമാണ് ലൈഫ് എക്സോട്ടിക്സ് എന്ന കൂട്ടായ്മ രൂപീകരിച്ചത്.
ഇവർക്ക് അഞ്ചുപേർക്കുംകൂടി അന്പതോളം ഏക്കർ സ്ഥലം പഴവർഗ കൃഷിയുണ്ട്. ഇതിൽ ഒരാൾക്ക് തമിഴ്നാട്ടിൽ 170 ഏക്കറുണ്ട്. കുട്ടിക്കാനം മുതൽ പാലായ്ക്കടുത്ത് പൈക വരെയുള്ള പ്രദേശങ്ങളിലാണ് പ്രധാന കൃഷിയിടങ്ങൾ.
റംബുട്ടാൻ മാങ്കോസ്റ്റിൻ, അവ്ക്കാഡോ എന്നിവയ്ക്കു പുറമേ ലോങ്ങൻ, മെയർ ലെമണ്, ഗ്രേപ് ഫ്രൂട്ട്, സീഡ്ലസ് മുന്തിരി എന്നിങ്ങനെയുള്ള പഴവർഗച്ചെടികളും ഇവരുടെ തോട്ടത്തിലുണ്ട്. വിദേശ പഴങ്ങൾ ഉൾപ്പെടെ പല പഴവർഗങ്ങളുടെയും പരീക്ഷണ കൃഷിയുമുണ്ട്.
ഏറ്റവും കൂടുതൽ ഉഷ്ണ മേഖല പഴവർഗങ്ങൾ കയറ്റുമതി ചെയ്യുന്ന തായ്ലൻഡിലെ തോട്ടങ്ങളും വിപണനകേന്ദ്രങ്ങളും സന്ദർശിച്ച് പഴവർഗ വിപണിയുടെ സാധ്യത പഠിക്കുകയും ചെയ്തു. അതിനുശേഷമാണു പഴവർഗങ്ങൾ ലൈഫ് എക്സോട്ടിക്സ് എന്ന ബ്രാൻഡിൽ കേരളത്തിലും പുറത്തും കച്ചവടം തുടങ്ങിയത്.
ബംഗളൂരിലും ചെന്നൈയിലും നല്ല വിപണിയാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിലെ ചെറുകിട കർഷകരിൽ നിന്നു ചെറിയതോതിൽ പഴ വർഗങ്ങൾ സംഭരിച്ച് വിൽപന നടത്തുകയും ചെയ്തു. ഇതോടെയാണ് ലൈഫ് എക്സോട്ടിക്സ് കൂടുതൽ പ്രശസ്തമായത്.
ഇത്തവണത്തെ റംബുട്ടാൻ സീസണിൽ പഴങ്ങളുടെ പാതയോര വിപണനവും ആരംഭിച്ചു. വിളവെടുക്കുന്പോൾ തന്നെ ഗ്രേഡ് ചെയ്ത പഴങ്ങളിൽ ഏറ്റവും മികച്ചതു മാത്രം അരകിലോ വീതമുള്ള പായ്ക്കറ്റുകളിലാക്കി വീടിനോടു ചേർന്നുള്ള പാതയോരങ്ങളിൽ വിൽപനയ്ക്കു വച്ചാണ് പാതയോര വിപണനം നടത്തിയത്.
പാലാ ഭാഗത്തു നിന്നു ഹൈറേഞ്ചിലേക്കുള്ള എളുപ്പ വഴിയായ പിണ്ണക്കനാട്-ചേറ്റുതോട്-പാറത്തോട് റോഡിൽ നിന്ന് ടൂറിസ്റ്റുകൾ ഉൾപ്പെടെ നിരവധിപ്പേരാണ് പഴങ്ങൾ വാങ്ങിയത്. പായ്ക്കറ്റ് ഒന്നിന് 200 രൂപ ഈടാക്കിയിട്ടും കച്ചവടം നല്ല രീതിയിലാണ് നടന്നത്. പഴവർഗ തോട്ടങ്ങളിലെ വിളവെടുപ്പ് കാണാനും ധാരാളം പേരെത്തുകയും ചെയ്തു.
വെറും ഫ്രൂട്ട് ബിസിനസല്ല ലൈഫ് എക്സോട്ടിക്സ് ലക്ഷ്യമിടുന്നത്. പരിസ്ഥിതിക്കും പ്രകൃതിക്കും യാതൊരു കോട്ടവും തട്ടാതെ ചോറ്റി മേഖലയെ വൈവിധ്യമാർന്ന ഉഷ്ണമേഖലാ പഴത്തോട്ടങ്ങളുടെ ഹബ് ആക്കി മാറ്റുകയാണ് കർഷക കൂട്ടായ്മയുടെ ലക്ഷ്യം.
കൂടുതൽ പ്രദേശങ്ങളെ പഴവർഗ കൃഷിയിലേക്ക് കൊണ്ടുവരണമെന്നുണ്ടെങ്കിലും കേരളത്തിൽ നിയമപരമായ തടസങ്ങളുള്ളതിനാൽ സാധിക്കുന്നില്ലെന്ന് ലൈഫ് എക്സോട്ടിക്സിനു നേതൃത്വം നൽകുന്ന തോമസ് ചെറിയാൻ പറഞ്ഞു.
പഴവർഗങ്ങളിൽ നിന്നുള്ള കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലെത്തണം. ഇതു വഴി പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങളുണ്ടാകും. ഇതുവഴി ഗ്രേഡിംഗ് സ്റ്റേഷൻ, ലേല കേന്ദ്രങ്ങൾ, കോൾ ചെയിൻ, ലോജിസ്റ്റിക്സ്, സംസ്കരണ കേന്ദ്രങ്ങൾ, വിപണന കേന്ദ്രങ്ങൾ തുടങ്ങിയ രംഗങ്ങളിൽ പുതിയ നിക്ഷേപം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വ്യതിയാനമാണ് പഴവർഗ കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ താഴ്വാരങ്ങളിലും മറ്റും ഇവ കൃഷി ചെയ്്താൽ വർഷത്തിൽ രണ്ടു സീസണുകളിൽ വരെ ഫലങ്ങൾ കിട്ടും. ഒരു മരത്തിൽ നിന്നു ശരാശരി 70 കിലോ വരെ വിളവും ലഭിക്കും. ഒരേക്കറിൽ നിന്നു വർഷംതോറും രണ്ടു മുതൽ നാലു ലക്ഷം രൂപ വരെ ആദായവും കിട്ടും. റബറിന് ഒരേക്കറിൽ നിന്നും 25000 രൂപയാണ് പരമാവധി ലഭിക്കുന്നത്.
വലിയതും ഇടത്തരവുമായ തോട്ടങ്ങളിലെ വിളവെടുപ്പും വിപണനവും കച്ചവടക്കാരെ ഏൽപ്പിക്കുന്നതാണ് ഉചിതം. വിപണിയനുസരിച്ച് വിളവെടുപ്പു ക്രമീകരിക്കാൻ പരിചയ സന്പത്തും ആൾബലവും കച്ചവടക്കാർക്കാണുള്ളത്.
ഓരോ വർഷത്തെയും ഡിമാൻഡും ലഭ്യതയും മുൻകൂട്ടി മനസിലാക്കി വില തീരുമാനിക്കാനുള്ള കഴിവ് കൃഷിക്കാരനുണ്ടാകണമെന്നും തോമസ് ചെറിയാൻ കൂട്ടിച്ചേർത്തു. മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം ഫാം ടൂറിസം രംഗത്തേക്കും ലൈഫ് എക്സോട്ടിക്സ് കടക്കുകയാണ്.
വിനോദ സഞ്ചാരികൾക്ക് പഴത്തോട്ടങ്ങളിൽ താമസിക്കുന്നതിനും പഴവർങ്ങളുടെ കൃഷിയും വിളവെടുപ്പും നേരിട്ടു കാണുന്നതിനും പഴങ്ങൾ വാങ്ങുന്നതിനും ഒപ്പം മറ്റു സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അവസരമൊരുക്കുയാണ് ലക്ഷ്യം.
ഫോണ്: 8606221780 (തോമസ് ചെറിയാൻ)