പഴങ്ങളുടെ റാണിയെ പ്രണയിച്ച പരിയാരത്തെ "പരുന്ത്’
Tuesday, January 7, 2025 5:05 PM IST
മാങ്കോസ്റ്റിൻ എന്ന ഇന്തോനേഷ്യൻ പഴം "പഴങ്ങളുടെ റാണി’ എന്നാണ് അറിയപ്പെടുന്നത്. മാംസളവും മധുരതരവുമായ ഈ പഴം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്തുള്ള പരിയാരം എന്ന ഗ്രാമത്തിലാണ്.
പരിയാരവും തൊട്ടടുത്ത കുറ്റിക്കാട്, തൂന്പാക്കോട്, പൂവത്തിങ്കൽ പ്രദേശങ്ങളിലുമെല്ലാം ഈ കൃഷി ചെയ്യുന്നവർ ഏറെയാണ്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ വിപുലമായി കൃഷി ചെയ്യുന്നവർ ചുരുക്കം.
അതിൽ മുന്നിൽ മെർലിൻ എന്ന 67 കാരൻ തന്നെ. "മെർലിൻ’ എന്ന വാക്കിന്റെ അർഥം രാജാളി അഥവാ പരുന്ത് എന്നാണ്. പേരു സൂചിപ്പിക്കും പോലെ തന്നെ പഴങ്ങളുടെ റാണിയെ പ്രണയിച്ച പരുന്ത് തന്നെയാണ് അദ്ദേഹം.
800 ൽപരം മാങ്കോസ്റ്റിൻ മരങ്ങളിൽ നിന്നായി ശരാശരി 15 ടണ് പഴങ്ങളാണ് ഇദ്ദേഹം പ്രതിവർഷം വിളവെടുക്കുന്നത്.
പരിയാരവും മാങ്കോസ്റ്റിനും
പരിയാരംകാരുടെ പ്രിയങ്കരനായ ബിഎ അപ്പൂപ്പൻ എന്നറിയപ്പെടുന്ന ജേക്കബ് മൂത്തേടൻ 160 വർഷം മുന്പ് മലേഷ്യയിൽ പഠിക്കാൻ പോയപ്പോൾ കൊണ്ടുവന്ന മാങ്കോസ്റ്റിൻ തൈയാണ് പ്രദേശത്തെ ആദ്യത്തെ ചെടി.
അന്നു നട്ട ആ തൈ ഇപ്പോഴും പൂർണ ആരോഗ്യത്തോടെ, നിറയെ കായ്ച്ച് ആദായം നൽകിക്കൊണ്ടിരിക്കുന്നു. അതാണ് മാതൃവൃക്ഷം. ഈ മദർ പ്ലാന്റിൽ നിന്നാണ് മെർലിനും തൂന്പാക്കോടുള്ള സഹോദരൻ ജോഫിയും നാട്ടിലെ മറ്റു കർഷകരും മാങ്കോസ്റ്റിൻ തൈകൾ മുളപ്പിച്ചെടുത്തത്.
മൂന്നര പതിറ്റാണ്ടുമുന്പ്
പരിയാരം മൂത്തേടൻ കുര്യന്റെയും കത്രീനയുടെയും മൂന്നുമക്കളിൽ രണ്ടാമനായ മെർലിൻ, 37 വർഷം മുന്പാണ് മാങ്കോസ്റ്റിൻ കൃഷിയിലേക്കു തിരിഞ്ഞത്.
കർഷകനായ ഇദ്ദേഹത്തിന് തെങ്ങും കമുകും ആയിരുന്നു കൂടുതൽ. തെങ്ങുകൾക്കു കേട് വ്യാപകമായതോടെയാണു മാറിചിന്തിച്ചത്. എത്ര വില കുറഞ്ഞാലും ഓറഞ്ചും മുന്തിരിയുംപോലുള്ള പഴങ്ങൾ നശിപ്പിച്ചു കളയാതെ ജ്യൂസും വൈനുമൊക്കെയാക്കി മാറ്റുന്നുണ്ടല്ലോ.
അതുപോലെ, നല്ല ഫ്രൂട്ടായ മാങ്കോസ്റ്റിനും ഒരിക്കലും വെറുതെ കളയേണ്ടിവരില്ല എന്നായിരുന്നു ചിന്ത. തെങ്ങിനും കമുകിനും ഇടവിളയായി 120 തൈകൾ നട്ടായിരുന്നു പരീക്ഷണം. നാട്ടിലും ചാലക്കുടിയിലും എറണാകുളത്തുമായിരുന്നു പഴങ്ങളുടെ വില്പന.
വ്യാവസായികാടിസ്ഥാനത്തിൽ
കഴിഞ്ഞ 15 വർഷമായി വ്യാവസായികാടിസ്ഥാനത്തിലാണ് കൃഷി. വീടിരിക്കുന്ന അഞ്ചേക്കറിൽ ഉൾപ്പെടെ 800 ൽപരം കായ്ക്കുന്ന മരങ്ങൾ അദ്ദേഹത്തിനുണ്ട്.
15 ടണ് വരെ പഴങ്ങൾ ലഭിച്ച വർഷമുണ്ട്. കാലാവസ്ഥ വ്യതിയാനവും ഡിസംബർ, ജനുവരി മാസങ്ങളിലുണ്ടായ ശക്തമായ മഴയും മൂലം കഴിഞ്ഞ വർഷം എട്ടു ടണ് മാത്രമാണു ലഭിച്ചത്. വില്പനക്കാര്യങ്ങളുടെ ചുമതല മക്കളായ മിഥുനും മനുവിനുമാണ്.
ഗുണമേന്മ പ്രധാനം
പഴങ്ങളുടെ ഡിമാൻഡിന്റെ മാനദണ്ഡം ഗുണമേന്മ തന്നെ. ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ഇവർക്കില്ല. താഴെവീണ ഒരൊറ്റ പഴം പോലും വിൽക്കാറുമില്ല.
അതുകൊണ്ടുതന്നെ ഇന്ത്യയിലെ പ്രധാന മെട്രോ സിറ്റികളിലേക്കും അറബ് രാജ്യങ്ങളിലേക്കുമെല്ലാം വൻ ഓർഡറുകളാണ് ലഭിക്കുന്നത്. ചെന്നൈ, ബംഗളുരൂ, മുംബൈ, കോൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെല്ലാം ഓർഡറുകളുണ്ട്.
കേരളം, തമിഴ്നാട്, കർണാടക, ഗോവ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കു മാത്രമേ റോഡ് മാർഗം ലോഡ് വിടാറുള്ളൂ. ബാക്കിയെല്ലാം എയർ കാർഗോയാണ് ആശ്രയിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ്.
അറബ് രാജ്യങ്ങളിലേക്കുള്ള പഴങ്ങൾ നേരിട്ടല്ല കയറ്റുമതി ചെയ്യുന്നത്. നാല് എക്സ്പോർട്ടേഴ്സ് വഴിയാണ് കൊണ്ടുപോകുന്നതെന്ന് മൂത്തമകൻ മിഥുൻ പറഞ്ഞു.
വിളവെടുപ്പ്, വിതരണം
പച്ച നിറത്തിലുള്ള കായയിൽ റോസ് കളർ ഡോട്ട് വീണാലുടൻ പറിക്കാം. പിന്നെ ഇരുന്നു പഴുക്കും. ഒരു കേടും വരില്ല. ചെറിയ വലത്തോട്ടി ഉപയോഗിച്ച് പൊട്ടിച്ച് സഞ്ചിയിലാക്കിയശേഷം കയറിലാണ് പഴങ്ങൾ താഴെയിറക്കുന്നത്.
തുടർന്ന് വലുപ്പമനുസരിച്ച് ഫസ്റ്റ്, സെക്കൻഡ് ക്വാളിറ്റി എന്ന രീതിയിൽ തരം തിരിച്ച് പ്ലാസ്റ്റിക് ബോക്സുകളിലേക്കു മാറ്റും.
സാധാരണ ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യവാരത്തോടെയോ പുഷ്പിക്കുന്ന ഇവ ഏപ്രിൽ അവസാനത്തോടെയോ വിളവെടുപ്പിന് പാകമാകും.
ജൂലൈ അവസാനം വരെ ഇതു തുടരും. തുടക്കത്തിൽ പത്തോ പന്ത്രണ്ടോ പഴങ്ങളുണ്ടെങ്കിൽ ഒരു കിലോ തൂക്കം വരും. 400 - 500 രൂപ വിലയും കിട്ടും. വിളവെടുപ്പ് വ്യാപകമാകുന്നതോടെ മൊത്തവില 130-140 ലേക്ക് താഴും.
ഒപ്പം ഓരോ കായയുടെ തൂക്കം 50-60 ഗ്രാമിലേക്കു ചുരുങ്ങുകയും ചെയ്യും. മഴപെയ്താലും പഴത്തിന്റെ സ്വാദ് തെല്ലും കുറയില്ല.
നാലോ അഞ്ചോ ദിവസം തുടർച്ചയായി മഴ പെയ്താൽ മാത്രമാണ് അപ്പോൾ വിളവെടുക്കുന്ന പഴങ്ങൾക്ക് ജലാംശം കൂടുന്നതായും മധുരം അല്പം കുറയുന്നതായും കണ്ടിട്ടുള്ളത്.
മഴ തോരുന്നതോടെ ആ പ്രശ്നവും മാറും. പൊട്ടിക്കുന്പോഴോ അല്ലാതെയോ താഴെവീഴുന്ന പഴം വിൽക്കാറില്ല, പകരം ഇതു തൈ മുളപ്പിക്കാൻ എടുക്കും.
പഴങ്ങളുടെ ഉണക്കിയ തൊണ്ട് കാലിത്തീറ്റക്കായി കന്പനിക്കാർ മൊത്തമായി കൊണ്ടു പോകുന്നുണ്ട്. ആന്റി ഓക്സിഡന്റ് ആയതിനാൽ കോസ്മെറ്റിക്സിനും ഉപയോഗിക്കുന്നുണ്ടത്രേ.
സീസണിൽ ലേബർ, സോർട്ടിംഗ്, പാക്കിംഗ്, ട്രാൻസ്പോട്ടേഷൻ തുടങ്ങിയ വിഭാഗങ്ങളിൽ 40 മുതൽ 60 പേർക്കുവരെ ജോലി കൊടുക്കാനാകുന്നുണ്ട്.
ഡിമാൻഡ് വർധിച്ചതോടെ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രാദേശിക കർഷകരുടെ മരങ്ങളും ഇവർ ലീസിന് എടുക്കുന്നുണ്ട്.
മെർലിൻ നഴ്സറി
പഴങ്ങൾക്ക് എന്ന പോലെ മാങ്കോസ്റ്റിൻ തൈകൾക്കും ആവശ്യക്കാരേറിയതോടെയാണ് നഴ്സറി പിറവിയെടുത്തത്. മാങ്കോസ്റ്റിൻ, റംബൂട്ടാൻ എന്നിവയുടെ തൈകൾ മാത്രമേ ഈ നഴ്സറിയിൽ വില്പനയ്ക്കുള്ളൂ.
വലിയ മരങ്ങളിലെ പഴങ്ങളുടെ കുരു പാകി മൂന്നുമാസം കഴിഞ്ഞാൽ രണ്ട് ഇലകൾ ഉള്ള തൈയാകും. ഇതിന് 20 രൂപയാണ് വില. ഇത്തരം 25,000 - 50,000 തൈകൾ പ്രതിവർഷം വിൽക്കുന്നുണ്ട്.
ഇത്തരം തൈകൾ ആറു മുതൽ ഏഴുവർഷം കൊണ്ടാണ് കായ്ക്കാൻ തുടങ്ങുക. 6-7 മാസം കഴിഞ്ഞ തൈകളാണ് അടുത്ത ലെവൽ. ഇവയ്ക്ക് 300 രൂപയാണ് വില.
പിന്നെ ഒരുതട്ട്, രണ്ടുതട്ട്, മൂന്നുതട്ട് എന്നിങ്ങനെ ഇവയ്ക്ക് യഥാക്രമം 400,500,700 രൂപ വില വരും. രണ്ട് തട്ടുകളുള്ള തൈകളാണ് കൃഷി ചെയ്യാൻ ഉത്തമം.
അടുത്തയിടെ കൂർഗിലെ ഒരു ഡോക്ടർ കൊണ്ടുപോയ ആയിരം തൈകളും രണ്ടുതട്ട് ഉള്ളതായിരുന്നുവെന്ന് ഇവർ ഓർക്കുന്നു. രണ്ട് തട്ടുള്ളവ 3-4 വർഷത്തിനുള്ളിൽ കായ്ക്കും.
ഗ്രാഫ്റ്റിംഗ് തൈകൾ ഇവിടെയുണ്ടെങ്കിലും സീഡ്ലിംഗ് തൈകൾ ആണ് ഇവർ പ്രമോട്ട് ചെയ്യുന്നത്. ഗ്രാഫ്റ്റ് തൈകൾക്ക് വലിപ്പം കുറവായതിനാൽത്തന്നെ കായ്പിടിത്തവും കുറവാണ്. ഗ്രാഫ്റ്റ് തൈകൾക്ക് 600 മുതൽ 1000 രൂപയാണ് വില.
നടീലും നനയും
രണ്ടടി നീളവും വീതിയുമുള്ള കുഴിയെടുത്ത് അതിൽ അടിവളമായി ആട്ടിൻകാഷ്ഠമോ ഉണങ്ങിയ ചാണകപ്പൊടിയോ എടുത്ത് അതിൽ എല്ലുപൊടിയോ കപ്പലണ്ടി പിണ്ണാക്കോ ചേർത്ത് കുഴി നിറയ്ക്കുക.
പായ്ക്കറ്റിൽ വാങ്ങുന്ന തൈയുടെ കൂട് ബ്ലേഡുകൊണ്ട് വരഞ്ഞുമാറ്റിയശേഷം കുഴിയുടെ നടുവിലായി ഇറക്കി വയ്ക്കുക. തൈനട്ട് ആറു മാസം വരെ നിർബന്ധമായും തണൽ നൽകണം.
നനയും വേണം. ഒരേക്കറിൽ 70 - 75 മരങ്ങളേ നടാനാകൂ. 20 അടി അകലമാണു ശാസ്ത്രീയം. വളരെ സാവധാനത്തിൽ വളരുന്ന ഒരു മരമാണ് മാങ്കോസ്റ്റിൻ. ആറുമാസം കഴിഞ്ഞാൽ തണൽ മാറ്റാം.
നല്ല രീതിയിൽ നന ഉണ്ടെങ്കിൽ ഒരു വർഷംകൊണ്ട് ഒന്നരയടിവരെ ഉയരം വയ്ക്കും. കൊല്ലത്തിൽ രണ്ടോ മൂന്നോ തവണ ഇതേ വളം തന്നെയോ ഇതിൽ ഇഷ്ടമുള്ളതോ നൽകാം.
ജൈവവളമാണ് ഉത്തമം. കോഴിക്കാഷ്ഠം വർഷകാലത്തു മാത്രമേ നൽകാവൂ. മഴ കുറഞ്ഞുപോയാൽ നന്നായി നനയ്ക്കുകയും വേണം.
വെള്ളത്തിന്റെ അംശമുള്ള, പശിമയുള്ള മണ്ണാണെങ്കിൽ ഡിസംബർ ആദ്യവാരത്തിൽ നന തുടങ്ങിയാൽ മതിയാകും. ആഴ്ചയിൽ മൂന്നു നനയെങ്കിലും നൽകണം.
തെങ്ങ്, കമുക് എന്നിവയുടെ ഇടവിളയായും മാങ്കോസ്റ്റിൻ നടാം. തനി വിളയാണെങ്കിൽ ഏഴു വർഷം വരെ വാഴയോ മറ്റു പച്ചക്കറികളോ ഇടവിളയായി കൃഷി ചെയ്യാം.
പാടം നികത്തിയെടുത്ത സ്ഥലം മാങ്കോസ്റ്റിൻ തോട്ടങ്ങൾങ്ങൾക്ക് നല്ലതാണ്. വലുതായി കഴിഞ്ഞാൽ വെള്ളക്കെട്ടുണ്ടായാലും കുഴപ്പമില്ല.
റംബുട്ടാനും
ഒരേക്കറിൽ റംബുട്ടാൻ കൃഷിയും ഇവർക്കുണ്ട്. നല്ല കായ്ഫലം നൽകുന്ന 130 മരങ്ങൾ. ഇവയുടെ ബഡ് ചെയ്ത തൈകൾ നഴ്സറിയിലും വില്പനയ്ക്കുണ്ട്.
വിളവെടുപ്പിന് മുന്പ് മരങ്ങളിൽ വലയിട്ട് പഴങ്ങൾ സൂക്ഷിക്കണം. വിളവെടുത്താൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വില്പന നടക്കുകയും വേണമെന്നു മാത്രം.
ഫോട്ടോ: ടോജോ പി. ആന്റണി.