ജോസഫിന്റെ വിജയമന്ത്രം സമ്മിശ്ര കൃഷി
Friday, January 3, 2025 2:57 PM IST
ജെെവവൈവിധ്യത്തിന്റെ കലവറയും പഴവർഗങ്ങളുടെ വിളനിലവുമാണ് ജോസഫ് ഓലിക്കലിന്റെ കൃഷിയിടം. പരന്പരാഗതവും പ്രായോഗികവുമായ കാർഷിക അനുഭവങ്ങളിലൂടെ കൃഷിയുടെ ന്ധരസതന്ത്രം’ മനസിലാക്കി മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകൻ.
ഇടുക്കി ജില്ലയിൽ അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ മലങ്കര ജലാശയത്തിന് സമീപം ഏഴേക്കർ സ്ഥലത്താണ് അദ്ദേഹത്തിന്റെ സമ്മിശ്ര കൃഷി.
പഴവർഗ സമൃദ്ധി
ഡ്രാഗണ്‍ ഫ്രൂട്ട്, റംബുട്ടാൻ, അവ്ക്കാഡോ തുടങ്ങിയ വിദേശയിനം പഴവർഗങ്ങളും നേന്ത്രൻ, ഞാലിപ്പൂവൻ, ചുണ്ടിലാൻ, പാളയംകോടൻ തുടങ്ങിയ വാഴയിനങ്ങളും ചന്ദ്രക്കാരൻ, കാലാപ്പാടി, പ്രിയോർ തുടങ്ങിയ മാവിനങ്ങളും, വിയറ്റ്നാം സൂപ്പർ ഏർലി, മുട്ടം വരിക്ക, തേൻ വരിക്ക, നാടൻ ഉൾപ്പെടെയുള്ള പ്ലാവുകളും
സീഡ് ലെസ് ലെമണ്‍, ചെറുനാരകം, കന്പിളി നാരകം, മുസംബി, മരമുന്തിരി, സ്വീറ്റ്കാരംബോള, വെള്ള, നീല ഇനം ഞാവലുകൾ, ഗ്രാഫ്റ്റ് ചെയ്ത ഓറഞ്ച്, റെഡ് പമീലോ, വിവിധയിനം പേര, ചാന്പ, മലയൻ ആപ്പിൾ, പസഫിക് നോനി തുടങ്ങിവയെല്ലാം കൊണ്ട് സന്പന്നമാണ് അദ്ദേഹത്തിന്റെ കൃഷിയിടം.
ഇതിനുപുറമെ ഒന്നരയേക്കറിൽ കിണറ്റുകരയിനം ജാതിയും ഉണ്ട്. സി.ടി-40 ഇനത്തിൽപ്പെട്ട 300 കൊക്കോ, മധുര ഡി.ജെ ഫാമിൽ നിന്നുള്ള ഡി x ടി ഇനം തെങ്ങ്, നാടൻ തെങ്ങിനങ്ങൾ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
രണ്ടേക്കറിൽകൂടി റംബുട്ടാൻ കൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. നീർവാർച്ചയും ചെരിവുമുള്ള പ്രദേശമായതിനാൽ കൃഷിക്ക് തീർത്തും അനുയോജ്യമാണു താനും.
ഡ്രാഗണ്‍ ഫ്രൂട്ട്
മലേഷ്യൻ റെഡ് ഇനത്തിൽപ്പെട്ട 110 ഡ്രാഗണ്‍ ഫ്രൂട്ട് ചെടികൾ തോട്ടത്തിലുണ്ട്. 50 സെന്റ് സ്ഥലത്താണ് ഇതിന്റെ കൃഷി. ജെസിബി ഉപയോഗിച്ച് മണ്ണ് ഉഴുത് നിലം ഒരുക്കിയ ശേഷം കോണ്‍ക്രീറ്റ് തൂണുകൾ സ്ഥാപിച്ചു.
തൂണിനോട് ചേർന്ന് കൃത്യമായ അളവിൽ മണ്ണ് കൂട്ടിയശേഷം തൂണിന്റെ നാലുവശത്തുമായി ഒരിഞ്ച് താഴ്ത്തി തൈകൾ നട്ടു. ചെടികൾ വളർന്ന് പടർന്നു കയറുന്നതിനനുസരിച്ച് മുട്ടുകളിൽ ഉണ്ടാകുന്ന വേരുകൾ തൂണുകളിൽ ചുറ്റിപ്പിടിക്കും.
ഓരോ തൂണുകൾക്ക് മുകളിലും റബർ വളയങ്ങൾ സ്ഥാപിക്കും. തൈകൾ മുകളിൽ എത്തിയാൽ വളയത്തിന് അകത്തുകൂടി ശിഖരങ്ങൾ ഇരുവശങ്ങളിലേക്കുമായി താഴേക്ക് വളർത്തി വിടും. ചാണകപ്പൊടിക്കു പുറമെ ചാണക വെള്ളം കലക്കി വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഒഴിച്ചു കൊടുക്കും. വേനൽക്കാലത്ത് ചെറിയ നനയും നൽകും.
മാർച്ച് - ജൂലൈ കാലയളവിലാണ് ചെടികൾ പൂവിടുന്നത്. കായ്പിടുത്തം കൂടാനും മികച്ച വിളവ് ലഭിക്കാനും പരാഗണം ആവശ്യമാണ്. തേനീച്ചകളും ശലഭങ്ങളുമാണ് പ്രധാനമായും പരാഗണം നടത്തുന്നത്. പൂക്കൾ വിരിഞ്ഞ് 28 - 32 ദിവസങ്ങൾക്കുള്ളിൽ വിളവെടുപ്പ് നടത്താം.
മികച്ച വിളവുമായി നേന്ത്രൻ
പാലായിൽ നിന്ന് വാങ്ങിയ 900 -ത്തോളം ടിഷ്യൂകൾച്ചർ നേന്ത്രവാഴ തൈകൾ കുലച്ചു തുടങ്ങി. 2 x 2 മീറ്റർ അകലത്തിലാണ് തൈകൾ നട്ടിരിക്കുന്നത്. വർഷത്തിൽ അഞ്ചു പ്രാവശ്യം വളം നൽകും. ഇലവളം നൽകുന്നതിനു പുറമെ അടിവളമായി പച്ചിലവളം, കോഴി കാഷ്ഠം എന്നിവയും അല്പം രാസവളവും നൽകും.
പ്രാദേശിക മാർക്കറ്റിലാണ് വാഴക്കുലകൾ വിൽക്കുന്നത്. ഏഴേക്കർ തോട്ടം നനയ്ക്കുന്നതിനായി സ്പ്രിംഗ്ളർ സ്ഥാപിച്ചിട്ടുണ്ട്. ഡ്രിപ് ഇറിഗേഷനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി വരുന്നു.
ഡ്രയർ സംവിധാനം
കാർഷിക ഉത്പന്നങ്ങൾ ഉണക്കാനുള്ള ഡ്രയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രധാനമായും മരച്ചീനി, ജാതിക്ക, തേങ്ങ എന്നിവയാണ് ഡ്രയറിൽ ഉണങ്ങിയെടുക്കുന്നത്. മറ്റു കർഷകരും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.
തൊടുപുഴ - പുളിയ·ല സ്റ്റേറ്റ് ഹൈവേയിൽ മലങ്കര ജലാശയത്തോടു ചേർന്ന് ടൂറിസം ലക്ഷ്യമിട്ട് ലേക്ക് വുഡ് റസ്റ്റോ കഫേയും 10 വർഷമായി പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള ധാരാളം സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
മികച്ച സംഘാടകൻ
ഒരു കാർഷിക വിളയ്ക്ക് വില കുറഞ്ഞാൽ മറ്റൊന്നിന് ഉയർന്ന വില ലഭിക്കും എന്നതിനാലാണ് സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞതെന്നാണ് കിസാൻ സർവീസ് സൊസൈറ്റിയുടെ അറക്കുളം യൂണിറ്റ് പ്രസിഡന്റ് കൂടിയായ ജോസഫ് അഭിപ്രായപ്പെട്ടു.
കാർഷിക അറിവുകൾ കർഷകർക്ക് പ്രദാനം ചെയ്യുന്നതിനും കേന്ദ്രസംസ്ഥാന സർക്കാരുകളിൽ നിന്നും ഇതര ഏജൻസികളിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് ആവശ്യമായ ബോധവത്കരണം നടത്തുന്നതിനും ഇദ്ദേഹം മുൻപന്തിയിലുണ്ട്.
ഭാര്യ ഷാലി. മക്കൾ ജോസഫ്, തോമസ്, എലിസബത്ത്.
ഫോണ്‍: 96564 48855.