ത്രിവേണിയുടെ കുളിർമയിൽ പച്ചപ്പട്ടുടുത്ത് ജോസിന്റെ ഭൂമി
Monday, January 6, 2025 1:24 PM IST
വലിയാറും നാച്ചാറും പവർഹൗസിൽനിന്നുള്ള കനാലും കൂടിച്ചേരുന്ന നയന മനോഹരമായ ത്രിവേണി സംഗമത്തിന് സമീപം വിവിധ കൃഷി വിളകളിലൂടെ മണ്ണിനെ ഹരിതാഭമാക്കുകയാണ് ജോസ് ജെ. ഇടക്കര.
ആധുനിക കൃഷി വിജ്ഞാനം ഉപയോഗപ്പെടുത്തി ശാസ്ത്രീയ വിളപരിപാലനമാണ് ഈ കർഷകൻ അനുവർത്തിക്കുന്നത്.
ഫലവൃക്ഷ സമൃദ്ധം
രണ്ടരയേക്കർ സ്ഥലത്ത് ടിഷ്യൂകൾച്ചർ നേന്ത്രവാഴ, റോബസ്റ്റ എന്നിവയ്ക്ക് പുറമേ പാളയംകോടൻ, പൂവൻ തുടങ്ങിയ വാഴയിനങ്ങളും കൃഷി ചെയ്തിട്ടുണ്ട്.
റംബുട്ടാൻ, മംഗോസ്റ്റിൻ, ഫുലാസാൻ, അവക്കാഡോ, അബിയു, ഹൈബ്രീഡ് നെല്ലി, വിയറ്റ്നാം ഏർലി പ്ലാവ്, ബുഷ് ഓറഞ്ച്, റെഡ്ലേഡി പപ്പായ എന്നിവയെല്ലാം തോട്ടത്തിൽ തഴച്ചു വളരുന്നു.
മേൽമണ്ണ് അൽപ്പം പോലും ഒഴുകിപ്പോകാതിരിക്കാൻ തടമെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്. വിവിധ വിളകൾ ഇടവിട്ടാണ് കൃഷി ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
പച്ചക്കറിയും തന്നാണ്ട് വിളകളും
പാവൽ, പയർ, ചീര, വെണ്ട എന്നീ പച്ചക്കറിയിനങ്ങളും ചേന, ചേന്പ്, മരച്ചീനി തുടങ്ങിയ തന്നാണ്ടുവിളകളും തോട്ടത്തിൽ സമൃദ്ധമായി വിളവുനൽകുന്നു. മഴമറ ഉപയോഗിച്ച് സലാഡ് കുക്കുംബർ, വള്ളിപ്പയർ, ചീര എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
പരന്പരാഗത തെങ്ങിനങ്ങൾക്കു പുറമേ മലേഷ്യൻ ഡ്വാർഫ്, റബർ എന്നീ കൃഷികളുമുണ്ട്. വിവിധ വിളകൾ ഇടകലർത്തി കൃഷി ചെയ്യുന്നതിനാൽ ചെടികൾക്ക് പ്രതിരോധശേഷി വർധിക്കാനും കീടബാധകൾ ഇല്ലാതാക്കാനും കഴിയുമെന്നാണ് ഈ കർഷകന്റെ നിരീക്ഷണം. മെച്ചപ്പെട്ട വിളവും ലഭിക്കും.
വളപ്രയോഗം
നാനോവളങ്ങളും ജൈവവളങ്ങളും മാത്രമാണ് തോട്ടത്തിൽ ഉപയോഗിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ചാണക സ്ലറിയും ചെടികൾക്ക് നൽകും.
മണ്ണിന്റെ ഫലഭൂയിഷ്ഠിയും ജൈവസന്പത്തും നിലനിർത്തുന്നതിനായി രാസവളങ്ങൾ കൃഷിയിടത്തിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
30 വർഷത്തോളമായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ജോസിന് 2016ൽ മികച്ച യുവകർഷകനുള്ള കൃഷിവകുപ്പിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.
കിസാൻ സർവീസ് സൊസൈറ്റി, മണപ്പാടി റബർ ഉത്പാദകസംഘം എന്നിവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഭാര്യ: ഗ്രേസി. മക്കൾ: അലോഷി, ആഷ്ലി.