കുരുമുളക് കർഷകർക്ക് പ്രതീക്ഷയായി ചീരാംകുഴി ബ്ലാക്ക് ഗോൾഡ്
Saturday, June 29, 2024 11:30 AM IST
കർഷകർക്ക് പ്രതീക്ഷ വയ്ക്കാവുന്ന കുരുമുളകിനമായി മാറിക്കഴിഞ്ഞു ""ചീരാംകുഴി ബ്ലാക്ക് ഗോൾഡ്’’. കോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത് എലിക്കുളം, ഇളങ്ങുളം ചീരാംകുഴിയിൽ സി.ജെ. കുരുവിളയുടെ വർഷങ്ങളുടെ നീണ്ട ശാസ്ത്രീയ നിരീക്ഷണങ്ങളുടെ ഫലമാണ് ""ചീരാംകുഴി ബ്ലാക്ക് ഗോൾഡ്’’.
കൃഷിയിടത്തിൽ വിത്തു വീണു കിളിർക്കുന്ന കുരുമുളക് ചെടികളെ പരിപാലിച്ചു വളർത്തി അതിന്റെ ഗുണഫലങ്ങൾ നിരീക്ഷിക്കുന്ന സ്വഭാവം കുരുവിളയ്ക്ക് ചെറുപ്പം മുതലേയുണ്ട്. അങ്ങനെ നടത്തിയ നിരീക്ഷണത്തിനിടെ, ഏഴ് വർഷങ്ങൾക്ക് മുന്പ് ഒരു കുരുമുളക് ചെടി അത്ഭുതാവഹമായ ഗുണഫലങ്ങൾ പ്രകടിപ്പിക്കുന്നതായി കണ്ടു.
അതു പ്രത്യേകം സംരക്ഷിച്ച് വളർത്തിയെടുത്തതാണ് ""ചീരാംകുഴി ബ്ലാക്ക് ഗോൾഡ്’’.
സവിശേഷതകൾ
1. മികച്ച വളർച്ചാനിരക്ക്.
2. നല്ല പരിപാലനം നൽകിയാൽ ആദ്യവർഷം തന്നെ വിളവ്.
3. താഴെത്തട്ടുമുതൽ തിരി പിടിക്കുന്ന സ്വഭാവം.
4. തിരിയുടെ നീളക്കൂടുതൽ, ചീരിന്റെ കുറവ്, നല്ല ഷെയ്പ്പും വലുപ്പമുള്ള മണികൾ, നിറയെ മണി പിടിക്കുന്ന ശീലം.
5. ഉണക്കിനെ പ്രതിരോധിക്കാനുള്ള ശേഷി
6. രോഗകീടങ്ങൾക്കെതിരെ നല്ല പ്രതിരോധം. ദ്രുതവാട്ട ഭീഷണി വളരെ കുറവ്.
7. ചെടിക്ക് പൊതുവെ കാണുന്ന ഭംഗിയും ആരോഗ്യവും.
8. പത്തുകിലോ മുളക് ഉണങ്ങിയാൽ നാലു കിലോയിലധികം ഉണക്ക മുളക് ലഭിക്കും.
9. താരതമ്യേന തണലിലും മികച്ച ഉത്പാദനം.
ചീരാംകുഴി ബ്ലാക്ക് ഗോൾഡിന്റെ ഗുണങ്ങൾ കണ്ടറിഞ്ഞ കർഷക സമൂഹവും കൃഷിവകുപ്പും ഈ ഇനം പ്രചരിപ്പിക്കാൻ പിന്തുണയുമായി കുരുവിളയ്ക്കൊപ്പമുണ്ട്.
എലിക്കുളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫെയ്സ് അഗ്രോ പ്രൊഡ്യൂസർ കന്പനി എലിക്കുളം കൃഷിഭവന്റെ സഹായത്തോടെ ""ചീരാംകുഴി ബ്ലാക്ക് ഗോൾഡ്’’ന്റെ നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന നഴ്സറിയും തയാറാക്കിയിട്ടുണ്ട്.
ഫോണ്: 9446123868, 9061850496.