ദേവമാതാ റബർ നഴ്സറി, ചെടികളുടെ സൂപ്പർ മാർക്കറ്റ്
Wednesday, June 26, 2024 12:33 PM IST
പാലക്കാട് ജില്ലയിൽ വടക്കഞ്ചേരിക്കടുത്ത് നെന്മാറ-ഗോവിന്ദപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂരിനു സമീപം ഒരു നഴ്സറി ഉണ്ട്. ദേവമാതാ റബർ നഴ്സറി. റോഡിന്റെ ഇരുവശത്തുമായിട്ടാണു സ്ഥിതി ചെയ്യുന്നതെങ്കിലും കാണാൻ വലിയ ചന്തമൊന്നുമില്ല.
യാത്രക്കാരുടെ കണ്ണിലുടക്കുന്ന വലിയ ബോർഡുകളോ ചെടികളുടെ അലങ്കാരങ്ങളോ ഇവിടെയില്ല. എന്നാൽ, അകത്തേക്ക് ഒന്നു കയറിയാലോ, ചെടികളുടെ വിസ്മയ ലോകം കണ്മുന്നിൽ തുറന്നുവരും. എണ്ണിയാൽ ഒടുങ്ങാത്തത്ര ഫലവൃക്ഷതൈകളും പഴവർഗച്ചെടികളും.
ഗുണമേ·യുള്ള തൈകളാണു ദേവമാതാ റബർ നഴ്സറിയുടെ വിശ്വാസ്യതയുടെ അടിത്തറ. ചെടി വാങ്ങി നട്ടുപിടിപ്പിച്ച് ആദായമെടുക്കുന്ന കർഷകരാണു നഴ്സറിയുടെ പ്രചാരകർ. ചെടികളുടെ വിളവും ആദായവും കണ്ടു മറ്റു കർഷകർ തൈകൾ എവിടെ നിന്ന് വാങ്ങിയതാണെന്ന് അന്വേഷിക്കുന്നിടത്താണ് തന്റെ സന്തോഷമെന്ന് ഉടമ കുഞ്ഞുമോൻ (സിറിയക് മാനുവൽ) വ്യക്തമാക്കി.
ഗുണമേന്മയുള്ള മാതൃവൃക്ഷത്തിൽ നിന്നു നാളികേരം കൊണ്ടുവന്നു മുളപ്പിച്ചെടുക്കുന്ന കരുത്തുള്ള കുറ്റ്യാടി തെങ്ങിൻ തൈകൾ, മംഗള, മോഹിത് നഗർ തുടങ്ങിയ കമുകിൻ തൈകളുടെ വിപുലമായ ശേഖരം, ലോകപ്രശസ്തമായ നിലന്പൂർ തേക്കിന്റെ തൈകൾ, തൂക്കകൂടുതലും ഭംഗിയുമുള്ള കുഞ്ചിയാർപ്പതി കുരുമുളക് തൈകൾ,
സിൽവർ റോക്ക് തൈകൾ, മലവേപ്പ്, മാവിനങ്ങൾ, ഡ്രമ്മിലും വലിയ ചെടിച്ചട്ടികളിലും വളർത്താവുന്ന പ്ലാവിനങ്ങൾ, നിരവധി വിദേശയിനം പഴവർഗ ചെടികൾ, കാപ്പി തൈകൾ തുടങ്ങി ചെടികളുടെ സൂപ്പർമാർക്കറ്റു തന്നെയാണ് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന ദേവമാതാ നഴ്സറി.
ദേവമാതായ്ക്ക് പേരും പെരുമയും കൈവന്നതു റബർ തൈകളിൽ നിന്നു തന്നെയാണ്. കർഷകർ വിശ്വസിച്ച് റബർ തൈകൾ വാങ്ങുന്ന നഴ്സറി ദേവമാതയാണ്. ഇവിടെ സ്റ്റോക്ക് തീർന്നെങ്കിൽ മാത്രമേ മറ്റു നഴ്സറികൾ തേടി അവർ പോകാറുള്ളൂ.
നാട്ടിലും ഇതര സംസ്ഥാനങ്ങളിലേക്കും ലക്ഷകണക്കിന് റബർ തൈകളാണ് ഓരോ സീസണിലും കയറ്റിപോകുന്നത്. റബർകൃഷി വ്യാപിപ്പിക്കുന്ന ആസാം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലേക്കാണ് കൂടുതലും കയറ്റി പോകുന്നതെന്ന് കുഞ്ഞുമോൻ പറഞ്ഞു. ആർആർഐ എം (മലേഷ്യ) 600, ആർആർഐഐ 430 എന്നീ ഇനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്.
നാട്ടിലെ ടാപ്പിംഗ് പ്രതിസന്ധി നഴ്സറികളെയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് റബറിനൊപ്പം മറ്റു വിളകളെ കൂടി പരീക്ഷിക്കുകയാണു കർഷകർ. ജലലഭ്യത, മണ്ണിന്റെ സ്വഭാവം, കാട്ടുമൃഗശല്യം തുടങ്ങിയവ നോക്കി ജാതി, കമുക്, മലവേപ്പ്, കൊക്കോ, തേക്ക്, കുരുമുളക് തുടങ്ങിയവയാണ് ഇടവിളകളായി കൃഷി ചെയ്യുന്നത്. ഇതിനനുസരിച്ചാണ് നഴ്സറിയുടെ ക്രമീകരണം.
മൂന്നു പതിറ്റാണ്ടു മുന്പു കോട്ടയം ജില്ലയിലെ പാലാ കാഞ്ഞിരമറ്റത്തു നിന്നാണ് കുഞ്ഞുമോന്റെ കുടുംബം കൃഷിക്കായി മംഗലംഡാമിൽ എത്തിയത്. മംഗലംഡാം റിസർവോയറിന്റെ മറുകരയിലെ അട്ടവാടിയിൽ റബർ നട്ടു കഴിഞ്ഞപ്പോൾ കുറെ തൈകൾ അധികമായി വന്നു.
അവയുടെ വില്പനയ്ക്കായാണ് കുഞ്ഞുമോനും സഹോദരൻ റോയിസും ചേർന്നു നഴ്സറി സ്ഥാപിച്ചത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ലെന്നു മാത്രമല്ല, ആവശ്യത്തിന് തൈകൾ നൽകാൻ കഴിയുന്നില്ലെന്ന വിഷമം മാത്രമാണ് ഇപ്പോഴുള്ളത്.
കോവിഡിനുശേഷം മലയാളികളുടെ കൃഷി ആഭിമുഖ്യം വളരെ കൂടിയിട്ടുണ്ടെന്ന് കുഞ്ഞുമോൻ പറഞ്ഞു. ഗ്രോബാഗ് കൃഷിയും പോളി ഹൗസ് കൃഷികളും വ്യാപകമായി. വീടിനു ചുറ്റും കുറച്ചെങ്കിലും സ്ഥലമുള്ളവർ പലതരത്തിലുള്ള ചെടികൾ വച്ചു പിടിപ്പിക്കുന്നതു ശീലമാക്കിയിട്ടുണ്ട്.
വീട്ടാവശ്യത്തിനുള്ള പച്ചമുളക്, കറിവേപ്പില, ചീര തുടങ്ങിയവ സ്വന്തമായി ഉത്പാദിപ്പിക്കുന്നവർ നിരവധിയാണ്. ഇങ്ങനെ ആളുകളുടെ മാറി മാറി വരുന്ന താത്പര്യങ്ങൾ കണ്ടറിഞ്ഞാണു ദേവമാതാ നഴ്സറി രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് ചെടികളും ഇവിടെ ലഭ്യമാണു താനും.
ഫോണ് : 9446397120.