നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായി മലബാർ നഴ്സറി
Monday, June 24, 2024 12:49 PM IST
അന്യം നിന്നു പോകുന്ന നാട്ടുമാവുകൾക്കും അപൂർവയിനം പ്ലാവുകൾക്കും കാവലാളായി കൊല്ലം-തിരുവനന്തപുരം ജില്ലാ അതിർത്തിയിൽ പാരിപ്പള്ളി കുളമടയിലെ മലബാർ നഴ്സറി. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ളതും 32 വർഷത്തെ പാരന്പര്യമുള്ളതുമാണ് ഒന്നര ഏക്കറിലധികം സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന മലബാർ നഴ്സറി.
നൂറോളം ഇനം മാവുകൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അന്യംനിന്നു പോകുന്ന മുപ്പതോളം ഇനം നാട്ടുമാവുകളുടെ പുനരുജ്ജീവനത്തിലാണ് നഴ്സറിയുടെ ശ്രദ്ധ. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ കണ്ടെത്തി ഉടമകളുടെ അനുവാദത്തോടെ ഗ്രാഫ്റ്റ് ചെയ്തു തൈകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതാണു മലബാർ നഴ്സറിയുടെ രീതി.
നാട്ടുമാവുകൾക്കൊപ്പം ഇതര സംസ്ഥാന, വിദേശ മാവുകളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. പക്ഷേ, അത്തരം മാവുകൾ കൃഷി ചെയ്യാൻ മലബാർ നഴ്സറി പ്രോത്സാഹിപ്പിക്കുന്നില്ല. അവ നമ്മുടെ കാലാവസ്ഥയിൽ എത്രമാത്രം ഫലവത്താകുമെന്ന ആശങ്കയാണു കാരണമെന്നു മലബാർ നഴ്സറിയുടെ എല്ലാമെല്ലാമായ സി. വിജയൻ പറഞ്ഞു.
കേരള സർവകലാശാല കാന്പസിൽ തണൽ വിരിച്ചു നിൽക്കുന്ന, 400 വർഷത്തിലേറെ പ്രായമുള്ള മാവിന്റെ തൈകൾ വികസിപ്പിച്ചെടുത്തു സർവകലാശാലയ്ക്കു നല്കിയത് മലബാർ നഴ്സറിയാണ്. ഇന്ന് ഇതിന്റെ പഴങ്ങൾ കെ.യു.മാന്പഴം എന്ന ബ്രാൻഡിൽ പ്രശസ്തമാണ്.
കേരളാ സർവകലാശാലയുടെ കാര്യവട്ടം കാന്പസിൽ അദാം എന്ന ഇനം ഉൾപ്പെടെ മലബാർ നഴ്സറി വികസിപ്പിച്ചെടുത്ത എല്ലാ ഇനം നാട്ടുമാവുകളുമുണ്ട്. 80 വർഷത്തിലധികം പ്രായമുള്ള അന്പലപ്പുഴ സ്വദേശിയായ അപൂർവയിനം മാവിന്റെ തൈകളും ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇതിന്റെ മാന്പഴത്തിന് രണ്ടു കിലോയോളം തൂക്കം വരും. ഇതിന് അന്പലപ്പുഴ 2 കെ.ജി എന്നാണു പേരിട്ടിരിക്കുന്നത്. കൂടാതെ ഇനമാവ്, ഡാക്കോണിമാവ്, വരിക്ക മാവ്, എന്നിവയുടെ തൈകളും മലബാർ നഴ്സറി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വർഷത്തിൽ എല്ലാ ദിവസവും മാങ്ങ കിട്ടുന്ന താളിമാവ് എന്ന ഇനവും ഇവിടെയുണ്ട്. ചാത്തന്നൂർ പ്രദേശത്ത് ദേശീയ പാതയോരത്തു നിന്നാണ് ഇതു കണ്ടെത്തിയത്. ഏതു സമയത്തും ഇതിന്റെ ഏതെങ്കിലും ഒരു ചില്ലയിൽ മാങ്ങകളുണ്ടാകും. മറ്റൊരു ചില്ല പൂവിട്ടുകൊണ്ടുമിരിക്കും.
കൈരളി എന്നാണ് ഇതിന് നഴ്സറി പേരിട്ടിരിക്കുന്നത്. ഇതിനോടകം അയ്യായിരത്തിലധികം പേർ ഇതിന്റെ തൈകൾ സ്വന്തമാക്കിക്കഴിഞ്ഞു. കർപ്പൂരം, നെടുങ്ങോലം, പോളച്ചിറ, പാണ്ടി എന്നീ വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന മാവിൻ തൈകളും കോട്ടൂർക്കോണം, കുളന്പ്, കിളിച്ചുണ്ടൻ, കറുത്ത മൂവാണ്ടൻ വെളുത്ത മൂവാണ്ടൻ തുടങ്ങിയ നാട്ടുമാവുകളും ഇവിടെയുണ്ട്.
അച്ചാറിടുന്ന കണ്ണിമാങ്ങ കായ്ക്കുന്ന നാടൻ മാവ് ഇനവും മലബാർ നഴ്സറിയിലുണ്ട്. ഗ്രാഫ്റ്റ് ചെയ്ത മാവുകളിൽ 99 ശതമാനവും മൂന്നു നാലു വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. ഇവയുടെ സംരക്ഷണച്ചെലവും കുറവാണ്.
വളമായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ മതി. ചാണകപ്പൊടിയും കടലപിണ്ണാക്കും നന്നായി കലർത്തി ദ്രാവക രൂപത്തിലാക്കി പുളിപ്പിച്ചശേഷം വെള്ളം ചേർത്തു നേർപ്പിച്ചും വളമായി നൽകാം.
മരച്ചില്ലകൾ ഉണങ്ങിപ്പോകും
ഗ്രാഫ്റ്റ് ചെയ്ത മാവുകളുടെ ചില്ലകൾ ഉണങ്ങിപ്പോകുന്ന രോഗം പലപ്പോഴും കണ്ടുവരാറുണ്ട്. ഉണങ്ങുന്നതിനു മുന്നോടിയായി ചില്ലകളിൽ നേർത്ത ചാൽ കീറി വരും. ഇതു കണ്ടാൽ ആ ഭാഗത്തെ കരിന്പട ചുരണ്ടി കളയണം.
എന്നിട്ട്, ടഅഎ, ഇഛഇ എന്നിവയിൽ ഏതെങ്കിലും ഒരു കുമിൾ നാശിനി വാങ്ങി 5 മുതൽ 10 ഗ്രാം വരെ എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ആ ഭാഗത്ത് തേയ്ച്ചു കൊടുക്കുന്നതാണ് പ്രതിവിധി. ആദ്യത്തെ ഒന്നോ രണ്ടോ മഴയ്ക്കു ശേഷവും ഇടവപ്പാതി അവസാനിച്ച ശേഷവും ഈ മരുന്ന് പ്രയോഗിക്കുന്നതാണ് നല്ലത്.
മാവുകളെപ്പോലെ അന്യംനിന്നു പോകുന്ന പ്ലാവ് ഇനങ്ങളും കണ്ടെത്തി അവയുടെ വംശവർധനവും മലബാർ നഴ്സറി നടത്തിവരുന്നു. അത്തരത്തിലൊന്നാണു വർഷത്തിൽ രണ്ടു തവണ ഫലം തരുന്ന ചുവന്ന തേൻ വരിക്ക. ഇതിന് 30 കിലോയോളം ഭാരം ഉണ്ടാകും.
വർക്കലയിൽ നിന്നാണ് ഇതു കണ്ടെത്തിയത്. 365 ദിവസവും ചക്ക പിടിക്കുന്ന പരപ്പിൽ എന്ന കൂഴപ്ലാവ്, 11 മാസവും ചക്ക കിട്ടുന്ന മൈലോട് -1 എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഇത് കൊട്ടാരക്കര ഓയൂർ ഭാഗത്തു നിന്നു കണ്ടെത്തിയതാണ്.
സീസണല്ലാത്ത കാലത്ത് മാത്രം ചക്ക കായ്ക്കുന്ന പ്രശാന്തി കർണാടകയിലെ പിറ്റിലയ്ക്കു സമീപം സത്യസായി ബാബയുടെ തോട്ടത്തിൽ നിന്നു കിട്ടിയതാണ്. കേരള-കർണാടക അതിർത്തിയിലെ സോമം പാടിയിൽ നിന്നു കണ്ടെത്തിയ ഗാലസ് ചക്ക കറയില്ലാത്ത ഇനമാണ്.
വിദേശിയായ കുരുവില്ലാത്ത ചക്ക, കൊട്ടാരക്കര സദാനന്ദപുരത്ത് നിന്നു കൊണ്ടുവന്ന സിന്ദൂര- 7, സിദ്ധു എന്നീ ഇനം പ്ലാവുകളും ഇവിടെയുണ്ട്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന 10 ഇനം പ്ലാവുകൾക്കാണ് നഴ്സറി പുനർജന്മം നൽകിയിരിക്കുന്നത്.
കർണാടകയിൽ നിന്നു കണ്ടെത്തിയ അപൂർവ ഇനം പ്ലാവായ സിംഗപ്പൂർ വാട മലബാർ നഴ്സറിയുടെ അഭിമാനമാണ്. ഇതിന്റെ ഫലത്തിന് രക്തവർണമാണ്. വിയറ്റ്നാം സൂപ്പർ ഏർലി ഇനവുമുണ്ട്. സ്വദേശികളും വിദേശികളുമായ പഴവർഗ ചെടികളുടെ അപൂർവ ശേഖരവും ഇവിടെയുണ്ട്.
അബിയു, മട്ടോവ, ജംബോട്ടിക്കാവ, റെയിൻ ഫോറസ്റ്റ് പ്ലം, ലോഗൻ, റൊളിന, മരമുന്തിരി, അവക്കാഡോ, ഒലസാപ്പ് (ചക്കരപ്പഴം) തുടങ്ങിയവയുടെ തൈകളും ഉത്പാദിപ്പിച്ച വിതരണം ചെയ്യുന്നുണ്ട്. പച്ചയ്ക്ക് മാത്രം കഴിക്കാൻ പറ്റുന്ന ആചഞ പേര ഈ നഴ്സറിയിലെ ശ്രദ്ധേയ ഇനമാണ്.
ഈ പേരയ്ക്ക പഴുത്താൽ കഴിക്കാൻ പറ്റില്ല. മുന്തിയ ഇനം പേരകളായി അറിയപ്പെടുന്ന കിലോ പേര ഇനത്തിൽപ്പെട്ട തായ്വാൻ പിങ്ക്, അർക്ക കിരണ് എന്നിവയുടെ തൈകളും വിതരണത്തിനുണ്ട്. ആവശ്യാനുസരണം ഫലവൃക്ഷങ്ങൾ ഗ്രാഫ്റ്റ് ചെയ്തു വളർത്തി കൊടുക്കുകയും ചെയ്യും.
പാരിപ്പള്ളി-മടത്തറ റോഡിൽ കുളമട ജംഗ്ഷനു സമീപമാണ് മലബാർ ആഗ്രോ നഴ്സറി. ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന പാരിപ്പള്ളി കുളമട തലവിള വീട്ടിൽ സി.വിജയന്റെ ഭാര്യ ശ്രീലത 32 വർഷം മുന്പു സ്വയം തൊഴിൽ സംരംഭമായിട്ടാണു നഴ്സറി ആരംഭിച്ചത്.
സർവീസിൽ വിരമിച്ചതോടെ വിജയൻ ചുമതല പൂർണമായും ഏറ്റെടുക്കുകയായിരുന്നു. മക്കളായ ഡോ. ജയശങ്കർ ദുബായിലും നാനോ ടെക്നോളജി സയന്റിസ്റ്റായ ഹരിശങ്കർ ഡൽഹിയിലുമാണ് ജോലി ചെയ്യുന്നത്.
ഫോണ്: 8547714495.