പാരന്പര്യത്തിന്റെ കരുത്തിൽ ബീനയുടെ കൃഷി
Thursday, June 20, 2024 3:32 PM IST
കോട്ടയം ജില്ലയിൽ കടുത്തുരുത്തി കാഞ്ഞിരത്താനം സ്വദേശി വെട്ടിക്കത്തടത്തിൽ ബീന മാത്യു വർഷങ്ങളായി പച്ചക്കറി കൃഷിചെയ്യുന്നതു പാരന്പര്യത്തിന്റ കരുത്തിലാണ്. ബീനയുടെ മാതാപിതാക്കൾ നല്ല കർഷകരായിരുന്നു.
അവരിൽ നിന്നു കണ്ടു പഠിച്ചതും കേട്ടറിഞ്ഞതുമായ കാര്യങ്ങളാണ് കൃഷിയിടത്തിൽ പ്രയോഗിക്കുന്നത്. വെണ്ട, പടവലം, പാവൽ, കോവൽ, കാബേജ്, കോളിഫ്ളവർ, ബീൻസ്, ചുരയ്ക്ക, കുക്കുംബർ, ചീര, പയർ, തക്കാളി തുടങ്ങിയ പച്ചക്കറികൾ ബീനയുടെ കൃഷിയിടത്തിൽ സമൃദ്ധമായി വിളയുന്നു.
കോഴിവളം, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, ചകിരിച്ചോറ ്എന്നിവ മണ്ണിനൊപ്പം മിക്സ് ചെയ്തു പോളിത്തീൻ ബാഗുകളിൽ നിറച്ചു തൈകൾ നട്ടു വളർത്തിയ ശേഷമാണു പറിച്ചു നടുന്നത്. പറിച്ചു നടുന്ന തൈകൾക്ക് വേരു പിടിച്ചശേഷം അടുക്കള മാലിന്യത്തിൽ നിന്നുണ്ടാക്കുന്ന വളം ഒഴിച്ചു കൊടുക്കും.
അടുക്കള മാലിന്യങ്ങളും അവശിഷ്ടങ്ങളും ഒരു ബക്കറ്റിൽ ശേഖരിച്ച് 22 ദിവസത്തോളം മൂടി വച്ച ശേഷം അഞ്ചിരട്ടി വെള്ളം കുടി ചേർത്ത് വിളകൾക്ക് നൽകുന്നതാണ് ഈ രീതി. കുറച്ചു ദിവസം കഴിയുന്പോൾ അല്പം ഫാക്ടംഫോസ് കൂടി നൽകും.
മറ്റു വളങ്ങളൊന്നും കാര്യമായി നൽകാറില്ല. എന്നാൽ, നന മുടക്കില്ല. ചാഴിക്ക് ജൈവകീടനാശിനിയാണു പ്രയോഗിക്കുന്നത്. മഴമറയുണ്ട്. ഇതിന് കടുത്തുരുത്തി കൃഷിവഭനിൽ നിന്നും സബ്സിഡി ലഭിച്ചു.
കൃഷി തുടങ്ങിയതിൽപ്പിന്നെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾക്ക് പണം മുടക്കേണ്ടി വന്നിട്ടില്ലെന്നു ബീന പറഞ്ഞു. ആവശ്യം കഴിഞ്ഞു മിച്ചം വരുന്നത് അയൽ വീടുകളിലും ബന്ധുക്കൾക്കും നൽകും.
ഭർത്താവ് മാത്യു സിറിയക് കോട്ടയത്ത് ബിസിനസാണ്. മൂന്നു മക്കൾ. പാലാ രൂപതാ കത്തോലിക്കാ കോണ്ഗ്രസിന്റെ അടുക്കളത്തോട്ട മത്സരത്തിൽ ബീന മാത്യു വെട്ടിക്കത്തടത്തിനായിരുന്നു കർഷക ശ്രേഷ്ഠ അവാർഡ്.
ഫോണ്: 9400362527