ബോബന്റെ ഏദൻതോട്ടം; ഇലച്ചെടികളുടെ അതിശയ സാമ്രാജ്യം
Tuesday, June 18, 2024 11:50 AM IST
തിരുവനന്തപുരത്ത് ആറ്റിങ്ങലിനു സമീപം മംഗലപുരത്താണ് നൂറുവർഷം പഴക്കമുള്ള അതിമനോഹരമായ ഫ്ളോറൻസ് കോട്ടേജ്. കോട്ടേജിന് ചുറ്റുമുള്ള രണ്ടര ഏക്കറിൽ നിറയെ ചെടികളും, മരങ്ങളും പച്ചക്കറികളും.
ഇവിടെയാണ് പ്രവാസിയായിരുന്ന ബോബൻ ജൂഡ് നടത്തുന്ന ബോബന്റെ ഏദൻതോട്ടം എന്ന വ്യത്യസ്തമായ നഴ്സറി. ഇൻഡോർ ചെടികളുടെ വൈവിധ്യമാർന്ന സാമ്രാജ്യം.
കേരളത്തിൽ തന്നെ വിരളമായി കാണപ്പെടുന്ന അലങ്കാര ചെടികൾ മുതൽ ബിഗോണിയ, കോളിസ്, ഹെലികോണിയ തുടങ്ങിയ സാധാരണ ഇൻഡോർ പ്ലാന്റുകളും ഇവിടെ നിന്നും ലഭിക്കും. ബോബന്റെ ഏദൻ തോട്ടത്തിലെ അലങ്കാര സസ്യങ്ങളെ പരിചയപ്പെടാം.
വിസ്മയം തീർക്കുന്ന ഇലച്ചെടികൾ
അത്യാകർഷമാണ് പക്ഷിക്കൂട് പോലെയുള്ള ഇലകൾ ചേരുന്ന ബേർഡ്സ് നെസ്റ്റ് ഫെർണ്. അതിനപ്പുറത്തു നിൽക്കുന്ന ഒരിനം ഹോയ ചെടിയുടെ ഇലകൾക്കു മനുഷ്യ ഹൃദയത്തിന്റെ രൂപമാണ്.
പ്രണയിക്കുന്നവർ പ്രണയ ദിനത്തിൽ ഈ ചെടികൾ കൈമാറുന്ന പതിവുണ്ട്. പൂക്കളുള്ള ഹോയ ചെടികളുമുണ്ട്. വെള്ളം അധികം ആവശ്യമില്ലാത്ത സ്പാനിഷ് മോസ്(എയർ പ്ലാന്റ്) വീടിനുള്ളിലും പുറത്തും വളർത്താവുന്നവയാണ്.
അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് വളരുന്ന ഈ എയർ പ്ലാന്റിനു വെള്ളം ഒഴിക്കുകയല്ല മറിച്ച് സ്പ്രേ ചെയ്യുകയാണു ചെയ്യുന്നത്. മയിൽപ്പീലി ആകൃതിയിൽ ഭംഗിയാർന്ന കലാത്തിയയും ചുവന്ന ഇലകളുള്ള കലാത്തിയയും അപൂർവ ഭംഗി പകരുന്നവയാണ്.
താമരപ്പൂവിന്റെ മാതൃകയിലുള്ള പൂക്കളുണ്ടാകുന്ന കലാത്തിയയും അത്യപൂർവ കാഴ്ചയാണ് (ഫ്ളവറിംഗ് കലാത്തിയ അധികം പ്രചാരത്തിലില്ല). പുഷ്പാലങ്കാരങ്ങൾക്കു വേണ്ടി വരുന്ന വലിയ ഇലകളുള്ള സനഡു മറ്റൊരു കാഴ്ചയാണ്.
പെട്ടെന്ന് വാടാത്ത ഇലകളാണ് ഇതിന്റെ പ്രത്യേകത. റബർപ്ലാന്റിന്റെ ഇലകളിൽ പ്രകൃതി തന്നെ നല്ല തിളക്കം നൽകിയിട്ടുണ്ട്. ലീഫ് ഷൈനർ പുരട്ടി വർധിച്ച തിളക്കത്തോടെയാണ് ഇത് ഓഫീസുകളിലും മറ്റും വയ്ക്കുന്നത്.
വെള്ളയും പച്ചയും, പിങ്കും പച്ചയും കലർന്ന ഇലകളുള്ള സിങ്കോണിയം ചെടി, പുഷ്പാലങ്കാരത്തിനു സഹായിക്കുന്ന വലിയ ഇലകളുള്ള വിക്ടോറിയ എന്നിവയും ധാരാളമായുണ്ട്. ലിപ്സ്റ്റിക്കിന്റെ മാതൃകയിൽ പുഷ്പങ്ങളുണ്ടാകുന്ന ലിപ്സ്റ്റിക്ക് ചെടികൾക്കു വിലയേറും. ഹാംഗിംഗ് ചെടിയായും ഇവയെ നട്ടു വളർത്താവുന്നതാണ്.
കടും വയലറ്റ് നിറമുള്ള പൂക്കളുമായി നിൽക്കുന്ന ആഫ്രിക്കൻ വയലറ്റ് ചെടികളിൽ നിന്ന് ആരും കണ്ണെടുക്കില്ല. പലരൂപത്തിൽ വളർന്നു നിൽക്കുന്ന കാക്റ്റസ്, എപ്പിഷ്യ തുടങ്ങിയ ഹാംഗിംഗ് പ്ലാന്റുകളും നഴ്സറിയിൽ സുലഭം.
ഇലകളുടെ വർണ മനോഹാരിത കൊണ്ടു വീടിനെയും ഓഫീസിനെയും മനോഹരമാക്കുന്ന കോളിസുകളുടെയും ബിഗോണിയകളുടെയും വലിയ ശേഖരം ഇവിടെയുണ്ട്. ഒറ്റ നോട്ടത്തിൽ കൃത്രിമ ഇലച്ചെടി എന്നു തോന്നിപ്പിക്കുന്ന സിസി (ഇസഡ് ഇസഡ്) മറ്റൊരു ആകർഷകമായ ഇൻഡോർ ചെടിയാണ്.
മുറ്റത്തെ തണൽ ഇടങ്ങളിലും സിസി വളരും. വീടിനുള്ളിൽ വച്ചാൽ സുഗന്ധം പരത്തുന്ന പൂക്കളുള്ള പീസ് ലില്ലിയാണു മറ്റൊരു ആകർഷക ഇനം. ഇവിടെയുള്ള പല ഇൻഡോർ പ്ലാന്റുകളും ഹാംഗിംഗ് പോട്ടുകളിൽ തൂക്കി ഇടാവുന്നതാണ്.
മാർബിൾ ക്വീൻ, നിയോണ് പോത്തോസ്, ഗോൾഡൻ പോത്തോസ്, സ്ളീപ്പിംഗ് പോത്തോസ് തുടങ്ങിയ മണി പ്ലാന്റുകളുടെ കലവറ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധാരണ കാണുന്ന മണിപ്ലാന്റുകൾ മാത്രമല്ല, വളരെ പെട്ടെന്നു വളരുന്ന ചില ചെടികളെയും മണി പ്ലാന്റുകളായി വിശേഷിപ്പിക്കാറുണ്ട്.
ഓർക്കിഡുകളുടെ അതിശയ ലോകം
തൂവെള്ള നിറത്തിലെ മനോഹരമായ പോട്ട് ഓർക്കിഡ്, സ്വർണ തോരണങ്ങൾ പോലെയുള്ള പൂങ്കുലകളുള്ള സലോജിനി ഓർക്കിഡ്, വർണച്ചിറകുള്ള ശലഭങ്ങൾ പോലുള്ള പൂക്കളുമായി നിൽക്കുന്ന ശലഭ ഓർക്കിഡുകൾ, കടും പിങ്ക് നിറത്തിൽ പുഷ്പങ്ങളുള്ള ഡെൻട്രോബിയം, തലയുയർത്തി നിൽക്കുന്ന അഞ്ഞൂറാൻ ഓർക്കിഡ്, കുഞ്ഞ് പുഷ്പങ്ങൾ നിറഞ്ഞ ലേഡീസ് ചപ്പൽ, സുന്ദരിയായ നർത്തകിയുടെ രൂപമുള്ള ഡാൻസിംഗ് ഗേൾ...
അങ്ങനെ കണ്ടാലും കണ്ടാലും മതിവരാത്ത ഓർക്കിഡുകളുടെ ശേഖരം. ഓറഞ്ച്, കടും ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിലുള്ള അന്തൂറിയവും ആന്തൂറിയത്തിന്റെ മിനിയേച്ചറുകളും ഇവിടെ ലഭ്യമാണ്. കുടുംബത്തിൽ നിന്നാണ് ബോ ബൻ ജൂഡിനു ചെടികളോടുള്ള സ്നേഹം തുടങ്ങുന്നത്.
അമ്മ ജെറാൾഡായ്ക്കു ചെടികളോടും മരങ്ങളോടും പൂക്കളോടും വലിയ ഇഷ്ടമായിരുന്നു. അച്ഛനും വലിയ പ്രോത്സാഹനം നല്കിയിരുന്നു. അങ്ങനെ ബോബൻ ജൂഡിന്റെ കുട്ടിക്കാലം മുഴുവനായിത്തന്നെ ചെടികൾക്കു നടുവിലായിരുന്നു.
ബിരുദപഠനത്തിനു തെരഞ്ഞെടുത്തതും ബോട്ടണി. പത്ത് വർഷം മസ്കറ്റിൽ ലാൻഡ് സ്കേപ്പിംഗ് വിഭാഗത്തിലായിരുന്നു ജോലി. അമ്മയ്ക്കു സുഖമില്ലാതായതോടെ മസ്കറ്റ് വിട്ടു നാട്ടിലേക്കു മടങ്ങി.
നാട്ടിലെത്തിയതോടെ വിവാഹം, റിസ്പഷൻ തുടങ്ങിയ പരിപാടികൾക്കു ഫ്ളവർ അറേഞ്ച്മെന്റ് നടത്തുന്നതു ബോബൻ ജൂഡ് തൊഴിലായി സ്വീകരിക്കുകയായിരുന്നു. ഇതിനായി വീട്ടിലുണ്ടായിരുന്ന ചെടികൾ കൂടാതെ പുതിയ ചെടികളും നട്ടുപിടിപ്പിച്ചു.
പുഷ്പാലങ്കാരങ്ങൾക്കാവശ്യമായ ഐറീഷ് പെനോക്കി, കരീബിയൻ റെഡ് കോളിസ്, ബിഗോണിയ, ആന്തൂറിയം തുടങ്ങിയവ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. റോസ നട്ടാൽ മരുന്നും കീടനാശിനികളും ഉപയോഗിക്കേണ്ടി വരും.
അതിനാലാണ് ഇൻഡോർ പ്ലാന്റിലേക്കു തിരിഞ്ഞതെന്നു ബോബൻ ജൂഡ് പറഞ്ഞു. അധികം വെള്ളവും വെയിലും വേണ്ടങ്കിലും അലങ്കാര ചെടികൾക്ക് ഈർപ്പം അത്യാവശ്യമാണ്. എന്നാൽ, വളർച്ചയ്ക്കു ചെറിയ വെയിൽ വേണ്ടിവരും.
ദിവസവും രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്താണ് നന. വീട്ടിൽ തന്നെ വളർത്തുന്ന കോഴി, വാത്ത, താറാവ് എന്നിവയുടെ അവശിഷ്ടങ്ങളാണ് വളം. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാറില്ല.
വീട്ടിലിരുന്നുതന്നെ വരുമാനം കണ്ടെത്താവുന്ന അലങ്കാരചെടി കൃഷിക്കു വിപണന സാധ്യതയേറെയാണ്. ഇൻഡോർ പ്ലാന്റ് സ്നേഹികളും ടെക്നോപാർക്ക് പോലെയുള്ള വലിയ ഓഫീസുകളും വൻകിട ഹോട്ടലുകാരും അലങ്കാര ചെടികൾ തേടി എത്താറുണ്ടെന്ന് ബോബൻ ജൂഡ് പറഞ്ഞു.
ഫോണ്: 9947028560