പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകനായി തങ്കച്ചൻ
Monday, June 10, 2024 3:44 PM IST
പ്രകൃതി സൗഹൃദകൃഷിയുടെ തികഞ്ഞ ഉപാസകനാണ് പാലക്കാട് ജില്ലയിലെ പൂടുര് നാരകക്കാട് തങ്കച്ചൻ ജോണ്. 11 ഏക്കറോളം വരുന്ന സ്ഥലത്തു നിന്നു ചെലവുകളെല്ലാം കഴിഞ്ഞ് വർഷം 15 ലക്ഷത്തോളം രൂപ മാത്രമേ കിട്ടുന്നുള്ളുവെങ്കിലും അദ്ദേഹം തികഞ്ഞ സംതൃപ്തൻ.
കണക്കുകൾ വച്ചു നോക്കുന്പോൾ ഇതു നേട്ടമല്ലന്ന് കാർഷിക വിദഗ്ധരും മറ്റും പറയുന്പോഴും പണത്തേക്കാളും പദവികളേക്കാളും സൗഹൃദവും സ്നേഹവും കരുണയും കാത്തു സൂക്ഷിച്ചു പ്രകൃതിയോടൊപ്പം ആരോഗ്യത്തോടും മനസമാധാനത്തോടെയും ജീവിക്കുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരനാണ് തങ്കച്ചൻ.
മുവാറ്റുപുഴയിൽ ജനിച്ചുവളർന്ന നാരകക്കാട്ട് വർഗീസിന്റെ മകൻ തങ്കച്ചൻ ജോണിന് കൃഷിയിൽ ചെറുപ്പം മുതലേ താത്പര്യമായിരുന്നു. ജോലി കിട്ടി ധാക്കയിലേക്കു പോകുന്പോഴും തോടോ പുഴയോ അതിരിടുന്ന കൃഷിഭൂമി സ്വന്തമാക്കണമെന്ന മോഹം മനസിൽ നിറഞ്ഞു നിന്നിരുന്നു.
1990 ലാണു ഭാരതപ്പുഴയുടെ തീരത്തെ ഈ കൃഷിയിടം കണ്ടതും ഇഷ്ടപ്പെട്ടതും. അവിടുത്തെ പ്രകൃതി സൗഹൃദവീടും തണുത്ത അന്തരീക്ഷവും കൃഷിയിടം വാങ്ങാനുള്ള തീരുമാനത്തിൽ എത്തിച്ചു. അന്യനാടുകളിൽ പണിയെടുത്ത് സന്പാദിച്ചതൊക്കെ മുടക്കിയാണു സ്ഥലം സ്വന്തമാക്കിയത്.
ജീവിതശൈലി രോഗങ്ങളെയും ആരോഗ്യ-മാനസിക പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ഇത്തരം അന്തരീക്ഷം നല്ലതാണെന്ന തിരിച്ചറിവും കൃഷിയിടം വാങ്ങുന്നതിന് കാരണമായി. പുഴയിലേക്കു ചരിഞ്ഞു കിടക്കുന്ന ഭൂമി തട്ടുതട്ടായി തിരിച്ചാണു കൃഷി ചെയ്തിരിക്കുന്നത്.
വിളകൾക്കു പ്രത്യേക വളങ്ങളോ പരിചരണങ്ങളോ ഇല്ല. എന്നാൽ, വേനൽക്കാലത്ത് ആഴ്ചയിൽ ഒരു നനയുണ്ട്. നാളികേരത്തിന്റെ പൊതിമടലുകൾ ഉപയോഗിച്ചാണു ഭൂമി തട്ടുകളായി തിരിച്ചിരിക്കുന്നത്.
മുകളിലത്തെ തട്ടിൽ വെള്ളം നിറയ്ക്കുന്പോൾ അത് ഉറവയായി താഴത്തെ തട്ടുകളിൽ എത്തുമെങ്കിലും എല്ലാ തട്ടുകളിലും ആഴ്ചയിൽ ഒരു ദിവസം വെള്ളം നിറയ്ക്കും. സൂര്യപ്രകാശം ലഭിക്കുന്നിടത്തെല്ലാം വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചിരിക്കുന്നു.
കേട് കണ്ടാൽ ഉടൻ ആ മരം വെട്ടിമാറ്റി മറ്റൊരെണ്ണം വയ്ക്കും. നല്ല കായ് പിടുത്തമുള്ള എഴുനൂറിലേറെ കമുകുകളും മുന്നൂറിലേറെ തെങ്ങുകളും ഇരുനൂറോളം കറുകപ്പട്ടയും വളരുന്ന മണ്ണിൽ 35 ഇനം മാവുകളും 15 ഇനം പ്ലാവുകളും പത്തിലേറെ ഇനം ചാന്പകളും കുരുമുളകും കൃഷിയിടത്തെ ആകർഷകമാക്കുന്നു.
ഒരു വർഷം ശരാശരി 300 കിലോ കരുമുളക് വിൽക്കും. പരിചരണമൊന്നുമില്ലാതെ വളരുന്ന കൊക്കോയിൽ വർഷം മൂന്നു ലക്ഷം രൂപയുടെ വരുമാനമുണ്ട്. കമുകുകളിൽ നിന്ന് ശരാശരി ആറ് ലക്ഷം രൂപയും ജാതിയിൽ നിന്നു രണ്ടു ലക്ഷം രൂപയും വരുമാനം ലഭിക്കും.
പ്രകൃതി സൗഹൃദ കൃഷി രീതിയിൽ നിന്നു മാറി വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്താൽ കൂടുതൽ വിളവും വരുമാനവും നേടാൻ കഴിയുമെങ്കിലും തങ്കച്ചന് അതിനോട് വലിയ താത്പര്യമില്ല. ശുദ്ധവായുവും വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളുമാണ് അദ്ദേഹത്തിനു പ്രധാനം.
ഒട്ടുമിക്ക വിദേശ പഴവർഗങ്ങളും തങ്കച്ചൻ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ലിച്ചി, മാംങ്കോസ്റ്റിൻ, റൊളിനോ, സാന്റൽ ഫ്രൂട്ട്, വിവിധ ഇനം ചെറികൾ, സടാക്ക്, അവക്കാഡോ, റംബൂട്ടാൻ തുടങ്ങിയ അവയിൽ ചിലതു മാത്രം.
പച്ചക്കറികൾ, കിഴങ്ങ് വിളകൾ, സുഗന്ധവിളകൾ തുടങ്ങിയവ വേറെയും. നീർനായ, കാട്ടുപന്നി ശല്യമുള്ളതിനാൽ കിഴങ്ങ് വിളകൾ വേലികെട്ടി സംരക്ഷിച്ചിരിക്കുകയാണ്. വനത്തിൽ എന്നതുപോലെയാണ് വൃക്ഷങ്ങളും വള്ളിച്ചെടികളും കുറ്റിച്ചെടികളുമെല്ലാം വളരുന്നത്.
അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ എപ്പോഴും തണുത്ത അന്തരീക്ഷമാണ്. പ്രധാന വിളകളായ തെങ്ങിനും ജാതിക്കും മാത്രമാണ് വർഷത്തിൽ നാല് തവണ വളം നൽകുന്നത്. സ്വന്തമായി തയാറാക്കുന്ന ജീവാമൃതമണു വളം.
നാടൻ പശുക്കളുടെ മൂത്രവും ചാണകവും ശർക്കരയും ഉഴുന്ന് പൊടിയും കൃഷിയിടത്തിലെ ഒരു പിടി മണ്ണും ചേർത്ത് മൂന്നാഴ്ചകൾകൊണ്ട് തയാറാക്കുന്ന ജീവാമൃതത്തിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നേർപ്പിച്ചാണ് വിളകൾക്കു നൽകുന്നത്.
ഇതിനായി ഗീർ, വെച്ചൂർ, കാസർഗോഡ് ഇനത്തിൽ പെട്ട പത്ത് പശുക്കളെയും വളർത്തുന്നുണ്ട്. സ്വന്തം ആവശ്യത്തിനുള്ള പാല് എടുത്തശേഷം ബാക്കി കിടാക്കൾക്ക് കുടിക്കാൻ നൽകുയാണ്. വിവിധയിനം കോഴികളെയും കൃഷിയിടത്തിൽ വളർത്തുന്നുണ്ട്. കോഴിക്കാഷ്ടവും വളമായി നൽകുന്നു.
ആദ്യകാലത്ത് പതിനൊന്ന് ഏക്കർ നെൽക്കൃഷി ഉണ്ടായിരുന്നു. നെല്ലിന് ന്യായമായ വില കിട്ടാതെ വന്നതും തൊഴിലാളികളുടെ ദൗർലഭ്യവും മൂലം വർഷങ്ങൾക്കു മുന്പ് അതു വിൽക്കേണ്ടി വന്നു. അതുകൊണ്ട് ഇപ്പോൾ സ്വന്തം ആവശ്യത്തിനുള്ള അരി പുറത്ത് നിന്നു വാങ്ങുകയാണ്.
കൃഷിപ്പണിക്കാരുടെ കുറവ് നികത്താൻ രണ്ട് ബംഗാളി കുടുംബങ്ങളെ കൃഷിയിടത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. നാളികേരം, കമുക്, ജാതി, കൊക്കോ, കുരുമുളക് തുടങ്ങിയവയുടെ വിളവെടുപ്പ് ഇവരാണു നടത്തുന്നത്.
നാളികേരം പൊതിച്ച് തൂക്കി വിൽക്കുന്പോൾ അടയ്ക്ക ഉണക്കി തൊണ്ട് വേർപെടുത്താതെയാണ് കൊടുക്കുന്നത്. മധുരന്പഴം, മിറക്കിൽ ഫ്രൂട്ട്, മരമുന്തിരി, ബറാബ ഫ്രൂട്ട്, പീനെട്ട്, ബർമീസ് ഗ്രേപ്പ്, അബിയൂ, മൾബറി തുടങ്ങി പഴവർഗങ്ങളെല്ലാം സ്വന്തം ആവശ്യം കഴിഞ്ഞ് സുഹൃത്തുക്കൾക്കും കൃഷിയിടം സന്ദർശിക്കാനെത്തുന്നവർക്കും നൽകുന്നതാണ് തങ്കച്ചന്റെ രീതി.
ഉരുളക്കിഴങ്ങിന് പകരം ഉപയോഗിക്കുന്ന അടുതാപ്പ്, കാച്ചിൽ, ചേന, വിവിധതരം ചേന്പുകൾ, ചെറുകിഴങ്ങ്, കൊത്തമര, പച്ചക്കറികൾ തുടങ്ങിയവ ആവശ്യക്കാർക്ക് നൽകുന്നതോടൊപ്പം ഇവയുടെ നടീൽ വസ്തുക്കൾ പ്രത്യേകം തയാറാക്കി നൽകുന്നുമുണ്ട്.
പാലക്കാട് ടെക്നോ വുഡ് കിച്ചണ് ഇന്റീരിയൽ എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയ തങ്കച്ചൻ ജോണിന് കാർഷിക വിളകളുടെ വില്പന ബുദ്ധിമുട്ടുള്ള കാര്യമല്ല. ജൈവകൃഷി ആയതിനാൽ ആവശ്യക്കാർ ഏറെയാണ്.
ഫാം ടൂറിസം ക്ലാസുകളിൽ പങ്കെടുത്ത് സർട്ടിഫിറ്റ് നേടിയിട്ടുള്ള ഇദ്ദേഹത്തിന് തന്റെ കൃഷിയിടും ഒരു ഫാം ടൂറിസ്റ്റ് കേന്ദ്രമാക്കാൻ പദ്ധതിയുണ്ട്. ഭാര്യ മഞ്ചു. ഇവർക്ക് മൂന്ന് ആണ്മക്കൾ.
ഫോണ്: 94470 34614