കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠം
Wednesday, June 5, 2024 1:21 PM IST
എറണാകുളം ജില്ലയിൽ ഏലൂരിനു സമീപം മഞ്ഞുമ്മലിൽ 45 സെന്റ് ഭൂമിയിൽ ജൈവകൃഷിയിലൂടെ വർഷം മൂന്നു ലക്ഷം രൂപ നേടുകയാണു കനകൻ തൊടുവക്കര. ജൈവകൃഷി പരാജയമാണെന്ന് ആക്ഷേപിക്കുന്നവർക്കുള്ള മറുപടിയാണു കനകൻ.
സ്വന്തമായി നിർമിക്കുന്ന ജീവാമൃതം, ഫിഷ് അമിനോ ആസിഡ് എന്നിവയും ജീവാണു വളവും ഉപയോഗിച്ചാണു കൃഷി. കുക്കുന്പർ, വെണ്ട, വഴുതന, തക്കാളി, പടവലം, പച്ചമുളക്, പീച്ചിൽ, കുന്പളം, ചീര എന്നിവയാണ് പ്രധാന കൃഷി. ഹോർമോണ്‍ തെല്ലും ഉപയോഗിക്കാത്ത കോഴിഫാമിലും മികച്ച വിജയം.
പച്ചക്കറി
നാലു യൂണിറ്റുകളിലായി 5000 ചതുരശ്രയടിയിൽ പച്ചക്കറി പന്തലുണ്ട്. ചാലുകോരി പണയിലാണ് കൃഷിയിറക്കുന്നത്. ചകിരിച്ചോറിൽ വിത്തുപാകി മുളപ്പിച്ചെടുത്താണ് പച്ചക്കറി വിത്ത് നടുന്നത്.
തൈ നടുന്ന രീതിയും സ്വീകരിക്കാറുണ്ട്. വർഷം മൂന്നു തവണ കൃഷിയിറക്കും. സ്ഥിരമായി തടം നിലനിർത്തിയിരിക്കുന്നതിനാൽ കൊത്തിക്കിള ആവശ്യമില്ല.
വളപ്രയോഗം
ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. അതു മുഴുവൻ അടിവളമായി ഒറ്റ ഘട്ടമായി നൽകും. അഞ്ചുശതമാനം കോഴിവളം, ചാണകം, മണ്ണിര കന്പോസ്റ്റ് എന്നിവയാണ് അടിവളമായി നൽകുന്നത്. നട്ടുകഴിഞ്ഞാൽ പിന്നീട് വളപ്രയോഗമില്ല.
മണ്ണിര കന്പോസ്റ്റിൽ നിന്നുള്ള ജലവും സ്ളറിയും കോഴിക്കു നൽകാൻ ഉപയോഗിക്കുന്ന പ്രോ ബയോട്ടിക് ബാക്ടീരിയ കലർന്ന ജലവും ഹോസുവഴി നൽകിയാണ് ചെടിയുടെ അടുത്ത ഘങ്ങളിലെ വളർച്ചയ്ക്കു സഹായിക്കുന്നത്.
നനയ്ക്ക് ഓട്ടോമാറ്റിക് രീതി
ടാങ്കിൽ വെള്ളം തീരുന്പോൾ കിണറിലെ പന്പ് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും. ടാങ്ക് നിറയുന്പോൾ പന്പ് തനിയെ ഓഫാകുകയും ചെയ്യും.
കൃഷിയിടം മൂടും
വിളവെടുപ്പ് കഴിഞ്ഞാൽ തടം മുഴുവൻ ഷീറ്റിട്ടു മൂടി സൂക്ഷിക്കുന്നതാണു കനകന്റെ രീതി. അതുവഴി പുല്ലും കളകളും വളരുന്നതു തടയാം. ഇതിലൂടെ പുല്ലും കളകളും പറിച്ചു മാറ്റാനുള്ള ചെലവ് ലാഭിക്കാം.
കൃഷിയിടത്തിലെ മണ്ണിൽ അഞ്ച് ശതമാനം ജൈവവളമിട്ട് സൂക്ഷിക്കുന്നതിനാൽ പോഷകങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം. മൾച്ചിംഗ് ഷീറ്റ് ഉപയോഗിച്ചാണ് കൃഷിയിടം മൂടുന്നത്.
മണ്ണിര കന്പോസ്റ്റ്
കേരള കാർഷിക സർവകലാശാലയുടെ നിർദേശപ്രകാരമാണ് മണ്ണിര കന്പോസ്റ്റ് നിർമിക്കുന്നത്. കന്പോസ്റ്റ് കുഴിയിൽ നിന്നുള്ള വെള്ളവും സ്ളറിയും ടാങ്കിലെത്തും. അവിടുന്ന് ആവശ്യാനുസരണം പച്ചക്കറികൾക്ക് തുറന്നു വിടും.
ജീവാമൃതം
10 ലിറ്റർ പാൽ, എട്ടു ലിറ്റർ ശർക്കര എന്നിവ മിക്സ് ചെയ്തു 15 ദിവസം സൂക്ഷിക്കും. പാൽ തൈരായി മാറുന്പോൾ ശർക്കരയുടെ സഹായത്തോടെ ബാക്ടീരിയ നിലനിൽക്കും.
ലിറ്ററിന് രണ്ടു ലിറ്റർ വെള്ളം ചേർത്ത് പച്ചക്കറിക്ക് സ്പ്രേ ചെയ്യും.നനയ്ക്കുന്ന വെള്ളത്തിൽ രണ്ടു ലിറ്റർ ചേർത്ത് വിടും.
കീടനാശിനിയായി ജീവാമൃതം
ചെടികൾക്കു കീടനാശിനി നൽകാറില്ല. ജീവാമൃതമാണു നൽകുന്നത്. തൈര്, ശർക്കര എന്നിവ ചേർത്തുണ്ടാക്കുന്നതാണു ജീവാമൃതം.
10 ലിറ്റർ പാൽ, എട്ടു കിലോ ശർക്കര എന്നിവ ചേർത്ത് രണ്ടര മാസം സൂക്ഷിച്ചശേഷം 10 ലിറ്റർ വെള്ളത്തിന് രണ്ടു ലിറ്റർ ജീവാമൃതം ചേർത്ത് സ്പ്രേ ചെയ്യും.
ഹോസിലൂടെയും ജീവാമൃതം കടത്തിവിടും. പച്ചക്കറിക്കൊപ്പം വാഴ, ജാതി എന്നിവയുമുണ്ട്.
വില്പന രീതി
മഞ്ഞുമ്മൽ റോഡിനു സമീപത്താണു വീടും കൃഷിയിടവും. കോഴി വാങ്ങാൻ നല്ല തിരക്കാണ്. ഞായാറാഴ്ചകളിൽ 200 കോഴി വരെ ചെലവാകും.
കോഴി വാങ്ങാൻ എത്തുന്നവർ തന്നെ മിക്കവാറും പച്ചക്കറികളും വാങ്ങിക്കൊണ്ടുപോകും. പച്ചക്കറി സ്ഥിരമായി ഏതാനും കടകൾക്കും നൽകുന്നുണ്ട്.
വർഷം നാലുമുതൽ അഞ്ച് ടണ്‍ വരെ മണ്ണിര കന്പോസ്റ്റ് നിർമിക്കുന്നുണ്ട്. കിലോയ്ക്ക് 20 രൂപ നിരക്കിലാണ് വില്പന. 1996 മുതൽ യൂണിറ്റ് പ്രവർത്തിക്കുന്നു.
എറണാകുളത്ത് എൻഡോസൾഫാൻ നിർമിക്കുന്ന കന്പനിയിൽ 36 വർഷം പ്രവർത്തിച്ച കനകന് 71 വയസുണ്ട്. ഇരുന്പിന്റെ അംശമുള്ള (മഞ്ഞ വെള്ളം) മണ്ണിൽ ഡ്രിപ് ഇറിഗേഷന്‍ ഒരു വർഷം പോലും ആയുസുണ്ടാവില്ല.
ഡ്രിപ്പ് ട്യൂബിലെ സൂക്ഷ്മ ദ്വാരങ്ങൾ അടഞ്ഞു പോകുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിന്റെ സ്ഥിതി മനസിലാക്കി സ്പ്രിംഗ്ളർ വച്ചാൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കർഷകനുള്ള അവാർഡ്, മികച്ച സമ്മിശ്ര കർഷകനുളള ആത്മ അവാർഡ് തുടങ്ങി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫോണ്‍: 96564 60241