തങ്കച്ചൻ നിർമിച്ചത് 200 ഫാമുകൾ
Tuesday, May 28, 2024 12:52 PM IST
കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനമെന്ന മാനേജ്മെന്റ് തന്ത്രം കൃഷിയിടത്തിൽ പയറ്റി വിജയിച്ചിരിക്കുകയാണു മാനന്തവാടി യവനാർകുളം സ്വദേശി പുൽപറന്പിൽ തങ്കച്ചൻ. 2006-ൽ ഒരു പശുവിൽ നിന്നു തുടങ്ങിയ തങ്കച്ചന്റെ പുൽപ്പറന്പിൽ ഫാമിൽ ഇപ്പോൾ 28 പശുക്കളുണ്ട്.
കന്നുകുട്ടികളും കിടാക്കളും വേറെ. ശരാശരി 30 ലിറ്ററിലേറെ പാൽ ലഭിക്കുന്ന പശുക്കളെ വളർത്തിയാൽ മാത്രമേ ക്ഷീര വ്യവസായ രംഗം ലാഭകരമായി കൊണ്ടുപോകാൻ കഴിയൂ എന്ന തിരിച്ചറിവിൽ നിന്നാണു മികച്ചയിനം പശുക്കളെ മാത്രം തെരഞ്ഞെടുത്ത് വളർത്തുന്നത്.
എച്ച്എഫ്, ജേഴ്സി തുടങ്ങിയ ഇനങ്ങളാണ് ഫാമിൽ കൂടുതലും. നല്ലയിനം പശുവിനെ തെരഞ്ഞെടുക്കുന്നതിൽ മാത്രല്ല പ്ലാനിംഗ്. കെട്ടിടങ്ങളുടെ നിർമാണം മുതൽ ഫാമിൽ നിന്നു പുറത്തേക്കു പോകുന്ന മലിനജലത്തിന്റെ പുനരുപയോഗം വരെ മികച്ച രീതിയിലാണ് ക്രമീകരണം.
സ്വയം ആർജിച്ചെടുത്ത ഫാം നിർമാണ വൈഭവം മറ്റുള്ളവർക്ക് പകർന്നു നൽകാനും തങ്കച്ചനു മടിയില്ല. ഇതിനോടകം സംസ്ഥാനത്തും പുറത്തുമായി 200 ൽ അധികം ഫാമുകളാണ് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയത്.
പശുക്കളുടെ മൂത്രം നേരിട്ടു ബയോഗ്യാസ് പ്ലാന്റിലേക്കു പോകാനുള്ള പ്രത്യേക സംവിധാനം തന്നെ തങ്കച്ചന്റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. പശുക്കളെ കുളിപ്പിക്കുന്പോഴും കൂട് കഴുകുന്പോഴുമുള്ള ജലം തോട്ടം നനയ്ക്കുന്നതിനും പശുക്കൾക്കുള്ള പുല്ല് നനയ്ക്കാനുമാണ് ഉപയോഗിക്കുന്നത്.
ആദ്യം വെള്ളം കുഴലുകളിലൂടെ പ്രത്യേകം സജ്ജമാക്കിയ ടാങ്കിലെത്തിക്കും. അവിടെ നിന്നാണു തോട്ടത്തിലേക്കു പോകുന്നത്. ഫാമിന്റെ പരിസരത്ത് ഒരു തുള്ളി വെള്ളം പോലും കെട്ടിക്കിടക്കാത്ത രീതിയിലാണ് ഡ്രയിനേജ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ പശുക്കളെ വാങ്ങി ഫാം വിപുലീകരിച്ചത് 2015 ലാണ്. 12 പശുക്കളെ വരെ തങ്കച്ചനും ഭാര്യ ബീനയുമാണു പരിപാലിച്ചിരുന്നത്. അതിലും കൂടുതലായപ്പോൾ രണ്ടുപേരെ നിയോഗിക്കേണ്ടി വന്നു. എങ്കിലും ദിവസവും കുറഞ്ഞതു രണ്ടു മണിക്കൂറെങ്കിലും തങ്കച്ചനും ഭാര്യയും ഫാമിലുണ്ടാകും.
2018 ൽ കേരളത്തിലെ ആദ്യ ഫാം സ്കൂളായി പുൽപറന്പിൽ ഫാമിനെ തെരഞ്ഞെടുത്തതോടെ വർഷംതോറും അയ്യായിരത്തിലധികം ആളുകളാണ് പഠിക്കുന്നതിനും കാര്യങ്ങൾ മനസിലാക്കുന്നതിനുമായി ഇവിടെ വന്നു പോകുന്നത്.
ഫാമിൽ നിന്നു ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് തങ്കച്ചൻ പശുക്കളെ വാങ്ങുന്നത്. പാൽതൂ ജാൻവർ എന്ന ചിത്രത്തിലെ മോളിക്കുട്ടി എന്ന പശു ഈ ഫാമിൽ നിന്നാണ്. ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്യാനും തങ്കച്ചന് അവസരം കിട്ടി.
പശുക്കളെ വളർത്തുന്നതിനും തീറ്റ നൽകുന്നതിനും പരിചരണത്തിനും ഫാമിന്റെ നടത്തിപ്പിനും തങ്കച്ചന് ചില പ്രത്യേക രീതികളുണ്ട്. 24 മണിക്കൂറും കുടിവെള്ളം ലഭ്യമാകുന്ന വിധത്തിലാണ് പുൽത്തൊട്ടി നിർമിച്ചിരിക്കുന്നത്. തീരുന്നതനുസരിച്ചു പാത്രങ്ങളിൽ വന്നു നിറഞ്ഞു കൊണ്ടിരിക്കും.
മാത്രമല്ല, ഒട്ടും സമയമെടുക്കാതെ പുൽതൊട്ടി വൃത്തിയാക്കാനും കഴിയും. പ്രത്യേക രീതിയിൽ ടൈൽ പാകിയാണ് അതിന്റെ നിർമാണം. പശുക്കളുടെ ആരോഗ്യം നിലനിർത്താൻ കുറഞ്ഞത് അവയെ ആറ് മണിക്കൂറെങ്കിലും നടക്കാൻ അനുവദിക്കണം.
കാലുകളുടെ ചലനം, കുളന്പിന്റെ ആരോഗ്യം എന്നിവ പ്രധാനമാണ്. കുളന്പ് പശുക്കളുടെ രണ്ടാം ഹൃദയം എന്നാണ് തങ്കച്ചന്റെ പ്രമാണം. കുളന്പിനുണ്ടാകുന്ന അണുബാധ, അൾസർ തുടങ്ങിയവയെല്ലാം പശുക്കളുടെ ജീവനു ഭീഷണിയാണ്.
നടക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് ചില പശുക്കളെങ്കിലും പ്രസവത്തെത്തുടർന്ന് വീണു പോകുന്നത്. കുളന്പ് വെട്ടി വൃത്തിയാക്കുന്നതിനും അണുബാധ തടയുന്നതിനു തുരിശ് ലായിനിയിൽ കാലുകൾ മുക്കിവയ്ക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഫാമിൽ ഒരുക്കിയിട്ടുണ്ട്.
ഏഴ് ഏക്കർ വരുന്ന കൃഷിടത്തിലെ വയലിലാണ് പുല്ല് നട്ടുവളർത്തുന്നത്. ചെങ്കുത്തായ പ്രദേശത്തുകൂടി പുല്ല് എത്തിക്കുക ശ്രമകരമായതിനാൽ സ്വന്തം നിലയിൽ നിർമിച്ച റോപ് വേ വഴിയാണ് പുല്ല് ഫാമിലെത്തിക്കുന്നത്.
ഒരു ടണ് പുല്ല് ഏഴ് മിനിറ്റുകൊണ്ട് ഫാമിൽ എത്തിക്കാനാകും. ഫാമിൽ താപക്രമീകരണത്തിന് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽനിന്നു നൽകിയ ആശ്വാസ് ക്ലൈമറ്റ് കണ്ട്രോൾ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ചൂട് 27 ഡിഗ്രി ആകുന്പോൾ ഓട്ടോമാറ്റിക്ക് ആയി മിസ്റ്റും ഫാനും പ്രവർത്തിച്ച് ചൂട് കുറയ്ക്കും. പശുക്കളെ കടിക്കുന്ന ഈച്ചകൾ, മറ്റു പ്രാണികൾ എന്നിവയെ നശിപ്പിക്കാൻ സ്ഥാപിച്ച ആവണക്കെണ്ണ ഉപയോഗിച്ചുള്ള കീടനശീകരണ സംവിധാനം തങ്കച്ചന്റെ ബുദ്ധിയിലുദിച്ച കെണിയാണ്.
കറന്നെടുക്കുന്ന പാൽ എത്തിക്കുന്നതിനും അത് വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങളുണ്ട്. ചാണകം ഉണക്കി വളമാക്കി മാറ്റാൻ ഏഴ് അടുക്ക് യുവി ഷീറ്റ് ഉപയോഗിച്ച് നിർമിച്ച 1200 സ്ക്വയർ ഫീറ്റ് സ്ഥലമുണ്ട്.
തൊഴുത്തിൽ നിന്നു മാറ്റുന്ന ചാണകം ഇവിടെയെത്തിച്ച് ആറ് ദിവസം കൊണ്ട് ഉണക്കി പൊടിച്ചെടുക്കും. ഇത് വാഹനത്തിലേക്ക് കയറ്റാൻ റെയിൽ സംവിധാനവുമുണ്ട്.
2018-19 ൽ മലബാർ മേഖലയിലെ മികച്ച ക്ഷീര കർഷക പുരസ്കാരം, 2020 ൽ കേരള സർക്കാരിന്റെ ക്ഷീര സഹകാരി പുരസ്കാരം തുടങ്ങിയവയുൾപ്പെടെ 150 ൽ അധികം പുരസ്കാരങ്ങൾ ഇതിനോടകം തങ്കച്ചനു ലഭിച്ചിട്ടുണ്ട്.
ജി -20 ഉച്ചകോടിയോടനുബന്ധിച്ച് ഗുജറാത്തിൽനടന്ന ഡബ്ല്യു20 (വിമൻസ്20) സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ തങ്കച്ചന്റെ ഭാര്യ ബീനയ്ക്ക് അവസരം ലഭിച്ചു. കേരളീയം സമ്മേളനത്തിൽ മലബാർ മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്തതും ബീനയാണ്.
മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടോ സാമൂഹിക മാധ്യമങ്ങളിൽ കണ്ടിട്ടോ ആരും ഫാം തുടങ്ങരുതെന്നാണ് തങ്കച്ചന്റെ അഭിപ്രായം. ഒരു പശുവിനെ എങ്കിലും വളർത്തി അതിന്റെ പരിചരണം, തീറ്റ, അതിൽനിന്നു ലഭിക്കുന്ന വരുമാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കി വേണം ഈ മേഖലയിലേക്ക് വരാൻ.
ഫാം തുടങ്ങുന്നതിനു മുന്പു പരാജയപ്പെട്ട ഫാമുകൾ സന്ദർശിക്കുകയും അതിൽനിന്നു കാര്യങ്ങൾ പഠിക്കുകയും വേണം. പശുക്കളെ കാണുന്പോൾ തന്നെ അവയുടെ രോഗം കണ്ടെത്തി പരിഹാരം കാണാൻ കഴിയണമെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.
ഫോണ് : 96055 00595.