ആദായവഴിയിൽ ആന്റണിയുടെ ആട് ജീവിതം
ഡോ. എം. മുഹമ്മദ് ആസിഫ്
Saturday, May 25, 2024 2:46 PM IST
ചുരുങ്ങിയ മുതൽ മുടക്കിൽ ആടുകൃഷിയിൽ നിന്ന് ആദായമുണ്ടാക്കുന്ന വഴികൾ അറിയണമെങ്കിൽ ആന്റണി തോമസ് എന്ന യുവസംരംഭകന്റെ ആന്റണ്സ് ഗോട്ട് ഫാമിലെത്തിയാൽ മതി. പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്ത് പാലക്കയമെന്ന കുടിയേറ്റ കർഷക ഗ്രാമത്തിൽ സ്വന്തം വീടിന് സമീപമാണ് ഈ യുവസംരംഭകന്റെ ആടുഫാം.
ആറ് വർഷങ്ങൾക്കു മുന്പ് ബിരുദ പഠനകാലത്തിന്റെ ആരംഭത്തിലാണ് ആടുകൃഷിയിൽ അദ്ദേഹം ഒരു കൈ നോക്കാനിറങ്ങിയത്. സംരംഭം കൂടുതൽ അടുത്തറിഞ്ഞതോടെ താത്പര്യവും കൂടി. ആടനുഭവങ്ങളും ചെയ്തറിവുകളും നേടിയതോടെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമായി.
മേന്മയുള്ള ആടുകളിൽ നിന്നു ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ ഉത്പാദിക്കാൻ കഴിയുന്ന ബ്രീഡിംഗ് യൂണിറ്റായാണ് ഫാമിനെ ആന്റണി ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്കൂളിൽ അധ്യാപകൻ കൂടിയാണ് ആന്റണി.
അടുകൃഷിയുടെ ആന്റണ്സ് മോഡൽ
ഏതൊരു ആടുവളർത്തൽ സംരംഭത്തിന്റെയും വിജയത്തിന്റെ അടിത്തറ മികച്ചയിനം പെണ്ണാടുകളും ആണാടുകളും അടങ്ങുന്ന പേരന്റ്സ്റ്റോക്ക് ആണെന്ന് ആന്റണിക്കറിയാം. മലബാറി, ജമുനാപാരി, ബീറ്റൽ തുടങ്ങിയ മികച്ചയിനം പെണ്ണാടുകളുടെയും ആണാടുകളുടെയും മാതൃപിതൃ ശേഖരം (പേരന്റ്സ്റ്റോക്ക്) അദ്ദേഹത്തിന്റെ ഫാമിലുണ്ട്.
കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധ ശേഷി, വളർച്ചാനിരക്ക്, പരിപാലന ചെലവ്, പ്രത്യുത്പാദന ക്ഷമത എന്നിവയെല്ലാം ഒരുമിച്ചു പരിഗണിക്കുന്പോൾ മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളുമാണു മികവിൽ മുന്നിട്ടു നിൽക്കുന്നതെന്നാണ് ആന്റണിയുടെ അനുഭവം.
ആടുകളുടെ പ്രജനനമുറകളിൽ പിഴവ് വന്നാൽ ഫാം നഷ്ടത്തിലാവും. പെണ്ണാടുകൾ ആറ് മുതൽ എട്ട് മാസം പ്രായമെത്തുന്പോഴേക്കും പ്രജനനശേഷി കൈവരിക്കുമെങ്കിലും പതിനൊന്ന് മാസമെങ്കിലും പ്രായമെത്താതെ ഇണചേരാൻ അനുവദിക്കാറില്ല.
ഇളംപ്രായത്തിലുള്ള ആടുകളെ ഇണചേർത്താൽ ഉണ്ടാവുന്ന കുഞ്ഞുങ്ങളെക്കാൾ മികച്ചതും കൂടുതൽ എണ്ണവും മതിയായ വളർച്ചയെത്തിയ ശേഷം അവയെ ഇണചേർത്താൽ ഉണ്ടാവുമെന്നാണ് ആന്റണിയുടെ അനുഭവപാഠം.
ബ്രീഡിംഗിന് വേണ്ടി ഉപയോഗിക്കുന്ന മുട്ടനാടുകളിൽ പ്രധാനി എണ്ണക്കറുപ്പിന്റെ അഴകും കുതിരക്കുഞ്ഞിന്റെ കരുത്തുമുള്ള ഹൈദരാബാദി ബീറ്റൽ ആടാണ്. ശാസ്ത്രീയ രീതിയിലുള്ള ക്രോസ് ബ്രീഡിംഗാണ് ഫാമിൽ നടപ്പാക്കുന്നത്.
ബീറ്റൽ മുട്ടനാടിനെ മലബാറി ഇനം പെണ്ണാടുകളുമായി ക്രോസ്ബ്രീഡിംഗ് നടത്തിയുണ്ടാവുന്ന കുഞ്ഞുങ്ങൾ തൂക്കത്തിലും വളർച്ചയിലും ഒരു പടി മുന്നിലായിരിക്കും. ആടിന് തീറ്റ നൽകുന്ന കാര്യത്തിലും ആന്റണ്സ് ഫാമിൽ ചില ചിട്ടവട്ടങ്ങളുണ്ട്.
തീറ്റപ്പുല്ലും, മഹാഗണി, പ്ലാവില, പീലിവാക തുടങ്ങിയ വൃക്ഷവിളകളുമാണ് തീറ്റയിൽ പ്രധാനം. അതിനായി ചെറിയൊരു തോട്ടവും ഫാമിനോട് ചേർന്നുണ്ട്. മുതിർന്ന ഒരാടിന് ദിവസം നാലു മുതൽ അഞ്ച് കിലോ വരെ പച്ചപ്പുല്ല്, പച്ചില തീറ്റകൾ വേണ്ടിവരും.
പുല്ലിനും പച്ചിലകൾക്കുമൊപ്പം മൊത്തം ശരീരതൂക്കത്തിന്റെ ഒരു ശതമാനം എന്ന അളവിൽ സാന്ദ്രീകൃതാഹാരവും നൽകും. വേവിച്ച ഗോതന്പ്, ചോളപ്പൊടി, തേങ്ങപ്പിണ്ണാക്ക്, ഗോതന്പ് തവിട് എന്നിവ ചേർത്ത് ദിവസം രണ്ടുനേരമാണ് ആടുകളുടെ തൂക്കത്തിനനുസരിച്ചു സാന്ദ്രീകൃതതീറ്റ കൊടുക്കുന്നത്.
ഈ തീറ്റമിശ്രിതം ധാതുമിശ്രിതവും, ലിവർടോണിക്കുകളും പ്രോബയോട്ടിക്കുകളും ചേർത്തു സമീകൃതമാക്കാനും ആന്റണി മറക്കാറില്ല. ഇതിനു പുറമേ വൈകുന്നേരങ്ങളിൽ രണ്ട് മണിക്കൂർ പുറത്ത് അഴിച്ചുവിട്ട് മേഞ്ഞു നടന്ന് വയറു നിറയ്ക്കാനും വ്യായാമം ഉറപ്പാക്കാനും അവസരം നൽകുകയും ചെയ്യും.
ബ്രീഡിംഗിന് ഉപയോഗിക്കുന്ന മുട്ടനാടുകൾക്ക് തീറ്റക്കാര്യത്തിൽ പ്രത്യേകം പരിഗണനയുണ്ട്. ഓരോ ബ്രീഡിംഗ് കഴിയുന്പോഴും മുട്ടനാടിന്റെ ക്ഷീണമകറ്റാൻ പകുതി പുഴുങ്ങിയ കോഴിമുട്ടയും മീനെണ്ണയും ചേർത്ത് ടോണിക്ക് നൽകുന്നത് ആന്റണിയുടെ രീതിയാണ്.
ടോണിക്ക് മാത്രമല്ല ബ്രീഡിംഗ് കരുത്ത് വർധിപ്പിക്കാൻ സാധാരണ നൽകുന്ന തീറ്റയ്ക്ക് പുറമെ ഈന്തപ്പഴവും ഏത്തപ്പഴവും ഒപ്പം ഗോതന്പ് കഞ്ഞിയും ചേർത്ത സ്പെഷൽ ഡയറ്റും മുട്ടനാടുകൾക്ക് നൽകും.
വേണ്ട ഹൈടെക് കൂടുകളും മറുനാടൻ ആടുകളും
ആടുകളേക്കാൾ കൂടുകൾക്കു മുതൽമുടക്കുന്ന പ്രവണത സംരംഭങ്ങളെ പരാജയത്തിൽ കൊണ്ടത്തിക്കും എന്ന ബോധ്യം ആന്റണിക്കുണ്ട്. ആടുകൃഷി തുടങ്ങിയിട്ട് വർഷങ്ങൾ പലതും കഴിഞ്ഞെങ്കിലും ചെലവ് കൂടിയ ഹൈടെക്ക് കൂടുകൾക്കൊന്നും പിന്നാലെ പോവാതെ തെങ്ങ്, കമുക്, ഞാവൽ തുടങ്ങിയ മരത്തടികളിൽ തീർത്ത ചെലവ് കുറഞ്ഞ കൂടുകളാണ് ഫാമിൽ ഒരുക്കിയിട്ടുള്ളത്.
കോണ്ക്രീറ്റ് തൂണുകളിൽ ഒന്നരമീറ്റർ ഉയർത്തിയാണ് ആടുകൾക്ക് നിൽക്കാനുള്ള തട്ട് നിർമിച്ചിരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാൽ വശങ്ങളിൽ ഉറപ്പിച്ച തടികൾ പരസ്പരം നട്ടും ബോൾട്ടുമിട്ട് ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
കൂടിന്റെ മേൽക്കൂര ഷീറ്റ് കൊണ്ടാണെങ്കിലും തെങ്ങോല മടഞ്ഞുകെട്ടി അടിക്കൂര ഒരുക്കിയിട്ടുണ്ട്. ആറുവർഷം മുന്പു പണികഴിപ്പിച്ച കൂടിന് ഇപ്പോഴും ഒരു ബലക്ഷയവുമില്ല. പ്രതികൂല കാലാവസ്ഥയിൽ നിന്നും ഇരപിടിയൻ ജീവികളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന ചെലവുകുറഞ്ഞ കൂടുകളാണ് ആദായകരമെന്നാണ് പുതുസംരംഭകരോട് ആന്റണിക്ക് പറയാനുള്ളത്.
ആടുഫാമുകളിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ആടുകളെ വാങ്ങി എത്തിക്കുന്നത് പലരുടെയും പതിവാണ്. സംരംഭത്തെ തന്നെ തകർക്കുന്ന പുതിയ രോഗങ്ങൾ പലപ്പോഴും ഫാമുകളിൽ എത്തുന്നത് ഈ വരവാടുകളിലൂടെയാണ്.
ഫാമിലേക്ക് പുതിയ ആടുകളെ തെരഞ്ഞെടുക്കുന്പോൾ നാട്ടിൽ പരിചയമുള്ള നല്ല ആടുകർഷകരിൽ നിന്നുതന്നെ മികച്ച ആടുകളെ വാങ്ങുന്നതാണ് ആന്റണിയുടെ രീതി. പുതിയ ആടുകൾക്കൊപ്പം എത്തുന്ന രോഗങ്ങൾ വലിയ അളവിൽ തടയാൻ ഇത് സഹായിക്കും.
പേരന്റ് സ്റ്റോക്കിൽ പെട്ട ആടുകളെയെല്ലാം യുണൈറ്റഡ് ഇന്ത്യ എന്ന ഇൻഷുറൻസ് കന്പനി വഴി ഇൻഷ്വർ ചെയ്തിട്ടുണ്ട്. ആടുകളുടെ വിപണി വിലയുടെ എട്ട് ശതമാനം വരെയാണ് പ്രീമിയമെങ്കിലും ആശങ്കകളില്ലാതെ ആടുവളർത്താം.
കുഞ്ഞുങ്ങൾക്ക് കരുതൽ
ആടുവസന്ത (പി.പി.ആർ.), ടെറ്റനസ് തുടങ്ങിയ രോഗങ്ങൾ തടയാനുള്ള വാക്സിനുകൾ നൽകി ആടുകളുടെ ആരോഗ്യസുരക്ഷ ആന്റണി ഉറപ്പാക്കിയിട്ടുണ്ട്. ആട്ടിൻ കുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് 5 മാസം നീളുന്ന ഗർഭകാലത്തിന്റെ 3, 4 മാസങ്ങളിൽ ഓരോ ഡോസ് വീതം ടെറ്റ്നസ് ടോക്സോയിഡ് / ടി .ടി വാക്സിൻ കുത്തിവയ്പ് നൽകും.
കൂടാതെ മൂന്നുനാല് മാസം പ്രായമെത്തുന്പോൾ ആട്ടിൻകുഞ്ഞിനു ടെറ്റനസ് ടോക്സോയിഡ് കുത്തിവയ്പെടുക്കും. ആദ്യ കുത്തിവെയ്പെടുത്തതിന് രണ്ടാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസും നൽകും. മുതിർന്ന ആടുകൾക്ക് വർഷത്തിൽ ഒരിക്കൽ നിർബന്ധമായും ടെറ്റനസ് ബുസ്റ്റർ കുത്തിവയ്പ് നൽകും.
ടെറ്റനസ് രോഗം ആടുകളിൽ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാൽ ചികിത്സകളൊന്നും ഫലപ്രദമല്ലാത്തതിനാലുമാണ് ഇത്രയും കരുതൽ. ആട്ടിൻകുഞ്ഞുങ്ങൾക്ക് നാലുമാസം പ്രായമെത്തുന്പോൾ ആടുവസന്തയ്ക്കുള്ള വാക്സിൻ നൽകുന്നതാണു ഫാമിലെ പതിവ്.
ആടുവസന്ത വാക്സിൻ കൂടെയുള്ള ലായകവുമായി ലയിപ്പിച്ച ശേഷം ഒരു മില്ലി വീതം കഴുത്തിനു മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവയ്ക്കുന്നതാണു രീതി. ഇതെല്ലാം സ്വന്തമായിട്ടാണ് ആന്റണി ചെയ്യുന്നത്.
മൂന്നു വർഷം വരെ ആടുവസന്ത വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്സിന് കഴിയുമെങ്കിലും നാട്ടിൽ ഈ രോഗം വ്യാപകമായ രീതിയിൽ കണ്ടുവരുന്നതിനാൽ മാതൃപിതൃശേഖരത്തിലെ ആടുകൾക്ക് പ്രതിരോധ കാലാവധി പൂർത്തിയാവുന്നതിന് മുന്പു തന്നെ വാക്സിൻ ആവർത്തിക്കാറുണ്ട്.
ആട്ടിൻകുഞ്ഞുങ്ങളാണ് ഫാമിൽ നിന്നുള്ള ആദായം നിർണയിക്കുന്നതിൽ പ്രധാനം. അതിനാൽ ആട്ടിൻകുഞ്ഞുങ്ങളുടെ പരിപാലനത്തിൽ പ്രത്യേകം കരുതൽ ആന്റണിക്കുണ്ട്. ജനിച്ചയുടൻ ആട്ടിൻകുട്ടികളുടെ പൊക്കിൾക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിട്ട് കഴുകി ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കി അണുവിമുക്തമാക്കും.
ആട്ടിൻകുഞ്ഞുങ്ങളുടെ ശരീരത്തിൽ നിന്ന് പൊക്കിൾകൊടി പൂർണമായി വേർപ്പെട്ടിട്ടില്ലെങ്കിൽ പൊക്കിളിന് ഒരിഞ്ച് താഴെ അയഡിൻ ലായനിയിൽ ഇട്ട് അണുവിമുക്തമാക്കിയ ഒരു നൂല് ഉപയോഗിച്ച് കെട്ടിയശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രിക ഉപയോഗിച്ചു മുറിച്ചു മാറ്റും.
പൊക്കിൾ കൊടിയിലെ മുറിവ് ഉണങ്ങുന്നതു വരെ ദിവസവും മൂന്നോ നാലോ തവണ ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കും. ജനിച്ച ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ശരീരതൂക്കത്തിന്റെ 300 -400 മില്ലി ലിറ്റർ എന്ന അളവിൽ കന്നിപ്പാൽ ആട്ടിൻകുഞ്ഞുങ്ങൾക്ക് ഉറപ്പായും നൽകും.
വിരമരുന്നുകൾ നൽകുന്നതിലും വിട്ടുവീഴ്ചയില്ല. ആട്ടിൻകുഞ്ഞുങ്ങൾക്കു മൂന്നാഴ്ച പ്രായമെത്തുന്പോൾ ആദ്യ വിരമരുന്ന് നൽകും. മൂന്നുമാസം വരെ മാസത്തിൽ രണ്ടുതവണ വിരമരുന്ന് ആവർത്തിക്കും.
മുതിർന്ന ആടുകളെ മേയാൻ വിടുന്നതിനാൽ രണ്ടുമാസത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും നിർബന്ധമായും വിരയിളക്കും. ഓരോ ആടുകളെയും തിരിച്ചറിയാൻ ചെവിയിലടിച്ച കമ്മലിലെ നന്പറുകൾക്ക് പുറമേ വിളിപ്പേരുകളുമുണ്ട്.
ഇതനുസരിച്ച് ഓരോ ആടുകളുടേയും ചികിത്സ, പ്രജനനം തുടങ്ങിയ വിവരങ്ങൾ ഓരോന്നും ദിനേനെ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും ചെയ്യും.
ആദായമെത്തുന്ന വഴികൾ
ആടിൽ നിന്ന് ആദായമെത്തുന്ന വഴികൾ പലതാണെന്ന് ആന്റണ്സ് ഫാമിലെത്തിയാൽ മനസിലാകും. അഞ്ച് മുതൽ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വില്പനയാണ് വരുമാനത്തിൽ പ്രധാനം.
അഞ്ച് മാസം വരെ പ്രായമെത്തിയ ക്രോസ്ബ്രീഡ് ഇനത്തിൽപ്പെട്ട പെണ്ണാടുകൾക്ക് 20 കിലോവരെ തൂക്കമുണ്ടാകും. തൂക്കത്തിനനുസരിച്ചാണ് കുഞ്ഞുങ്ങളുടെ വില. പെണ്ണാട്ടിൻ കുട്ടികൾക്ക് കിലോയ്ക്ക് 450 രൂപയും ആണാട്ടിൻ കുട്ടികൾക്ക് കിലോയ്ക്ക് 400 രൂപയുമാണ് ഈടാക്കുന്നത്.
ഫാമിലെ മികച്ച പേരന്റ് സ്റ്റോക്കിൽ നിന്നു ശാസ്ത്രീയമായ രീതിയിൽ ബ്രീഡിംഗ് നടത്തിയുണ്ടാവുന്ന ഗുണമേന്മയുള്ള കുഞ്ഞുങ്ങൾ ആയതിനാൽ ആട്ടിൻ കുഞ്ഞുങ്ങൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്.
ഇപ്പോൾ പ്രധാനമായും ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങൾ വഴിയാണ് ആട്ടിൻകുഞ്ഞുങ്ങളുടെ വില്പന. ഒപ്പം കുഞ്ഞുങ്ങളിൽ ഏറ്റവും വളർച്ച നിരക്കുള്ളവയെ തെരഞ്ഞെടുത്ത് അടുത്ത ബ്രീഡിംഗ് സ്റ്റോക്കായി വളർത്തുകയും ചെയ്യും.
ലിറ്ററിന് 120 രൂപയാണ് ആട്ടിൻപാലിനു വിലയെങ്കിലും ധാരാളം ആവശ്യക്കാരുണ്ട്. കൂടുതൽ എണ്ണം പെണ്ണാടുകൾ ഫാമിലുള്ളതിൽ കുഞ്ഞുങ്ങൾ കുടിച്ചുകഴിഞ്ഞാലും രണ്ടോ, മൂന്നോ ലിറ്റർ പാൽ ഫാമിൽ മിച്ചമുണ്ടാവും.
ആട്ടിൻമൂത്രവും, കാഷ്ഠവുമെല്ലാം ആദായ സാധ്യതകൾ തന്നെ. മൂത്രത്തിന് ലിറ്ററിന് മുപ്പതു രൂപ കിട്ടുമെങ്കിൽ ഉണങ്ങിയ കാഷ്ഠം ഒരു കൊട്ടയ്ക്ക് 35 രൂപയാണ് വില. മൂത്രം പ്രത്യേകം ശേഖരിക്കാനുള്ള സംവിധാനം കൂട്ടിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
ഒപ്പം ജാതി, മഞ്ഞൾ, കവുങ്ങ് ഉൾപ്പെടെ വളരുന്ന വീട്ടിലെ കൃഷിയിടത്തിൽ ആടിൽ നിന്നുള്ള ജൈവവളങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ബ്രീഡിംഗ് ബിസിനസാണ് മറ്റൊരു ആദായ സ്രോതസ്. ഫാമിലെ മികച്ച മുട്ടനാടുകളുമായി പുറത്തു നിന്നുള്ള പെണ്ണാടുകളെ ഇണചേർത്ത് നൽകും.
ഒരു ബ്രീഡിംഗിനു വേണ്ടി 500 രൂപ വരെ ഈടാക്കും. ഇതിനു പുറമേ ആടുകൃഷി മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് തന്റെ അറിവും അനുഭവങ്ങളും പങ്കിട്ട് കണ്സൽട്ടൻസി സർവീസും ഈ യുവാവ് നൽകുന്നുണ്ട്.
ആട് കർഷകരുടെ സംസ്ഥാനതല കൂട്ടായ്മ ഗോട്ട് ഫാർമേർസ് ഗ്രൂപ്പിന്റെ പ്രധാന ഭാരവാഹികളിൽ ഒരാളും കൂടിയാണ് ആൻറണി. ആടുകൃഷിക്കു പുറമേ തേനീച്ച കൃഷിയിലും ആന്റണി ഒരുകൈ നോക്കിയിട്ടുണ്ട്.
ടീച്ചിംഗ് കരിയറിനൊപ്പം ആടുവളർത്തൽ സംരംഭവും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആന്റണിയുടെ ആഗ്രഹം. സംരംഭത്തിന് പൂർണ പിന്തുണയുമായി അമ്മ ലൈലയും അച്ഛൻ സോജനും ഭാര്യ റീനുവും ഒപ്പമുണ്ട്.
ഫോണ് :9061550459