കാർഷിക മൂല്യവർധനയിലെ തുളസിജയം
Thursday, May 23, 2024 3:20 PM IST
കൃഷി ചെയ്യാൻ സ്ഥലമില്ല, സമയം തീരെ പോരാ, ചെയ്താൽ തന്നെ നഷ്ടമാണ്, ചെയ്യുന്നതുകൊണ്ട് എന്തു പ്രയോജനം എന്നൊക്കെ പറഞ്ഞു കൃഷിയിൽ നിന്നും മണ്ണിൽ നിന്നും മാറിനിൽക്കുന്നവർക്കുള്ള മറുപടിയാണ് കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചാത്ത് രണ്ടാം മൈൽ ഉഴത്തിൽ തുളസി സാബു എന്ന വീട്ടമ്മ.
തുളസിക്കും കുടുംബത്തിനും സ്വന്തമായിട്ടുള്ളത് പത്തുസെന്റ് ഭൂമിമാത്രം. കൃഷിയോട് വല്ലാത്തൊരു അടുപ്പമുള്ളതിനാൽ അഞ്ചുവർഷങ്ങൾക്കു മുന്പു ഭർത്താവ് സാബുവിനും മക്കളായ ബിൻസിക്കും സിൻസിക്കുമൊപ്പം വീടിനടുത്തുള്ള 80 സെന്റ് ഭൂമി പാട്ടത്തിനെടുത്തു.
ഒട്ടും വൈകാതെ അവിടെ കൃഷിയും തുടങ്ങി. കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, കാച്ചിൽ, കിഴങ്ങുവിളകൾ, പച്ചക്കറി എന്നിവയാണ് കൃഷി ചെയ്തത്. അപ്രതീക്ഷിതമായി വിളകൾക്കുണ്ടായ വിലയിടിവിൽ ഒട്ടും പതറാതെ തുളസി, മൂല്യവർധിത ഉത്പന്നങ്ങളിലേക്കു മാറുകയായിരുന്നു.
പച്ചക്കപ്പ പച്ചയായി നൽകുന്നതിനു പുറമെ ഉണക്കപ്പ, ഉപ്പേരിക്കപ്പ, ചീപ്പുകപ്പ, വെള്ളൂക്കപ്പ, ഉപ്പേരിക്കപ്പ എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളാക്കി മാറ്റിയതോടെ ആവശ്യക്കാരേറി. നല്ല വിലയും കിട്ടി. മഞ്ഞൾ കലർപ്പില്ലാത്ത മഞ്ഞൾപ്പൊടിയായി, ഇഞ്ചി ചുക്കിനും വഴിമാറി. കിഴങ്ങുവർഗങ്ങൾ വിത്താക്കി വിൽക്കാനും തുടങ്ങി.
ഇതിനിടെ, കുടുംബാംഗങ്ങൾ കൂട്ടായി രൂപീകരിച്ച ഐശ്വര്യ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ചെറു രീതിയിൽ കാറ്ററിംഗ് സർവീസും ആരംഭിച്ചു. കിഴങ്ങും പച്ചക്കറിയിനങ്ങളുമെല്ലാം അവിടെ നാവിൽ വെള്ളമൂറുന്ന വിഭവങ്ങളായി.
ഐശ്വര്യ ഫുഡ് പ്രോസസിംഗ് യൂണിറ്റിന്റെ പപ്പായ, പാവയ്ക്ക, നാരങ്ങ, മാങ്ങ, നെല്ലിക്ക, ഈന്തപ്പഴം തുടങ്ങി അച്ചാറുകൾക്കു വൻ ഡിമാൻഡാണ്. രാസവസ്തുക്കളൊന്നും ചേർക്കാതെ നല്ലെണ്ണ, വിനാഗിരി, മസാലക്കൂട്ടുകൾ എന്നിവയിൽ പാകം ചെയ്തെടുക്കുന്ന അച്ചാറുകൾക്കു രുചിയേറുമെന്നു മാത്രമല്ല, സൂക്ഷിപ്പ് കാലവും കൂടുതലാണ്.
തേക്ക്, കാപ്പി എന്നിവയുടെ വേരുകളിലും മരക്കൊന്പുകളിലും തീർക്കുന്ന തവികളും കരകൗശല വസ്തുക്കളും തുളസിയുടെ കലാവാസന വിളിച്ചോതുന്നവയാണ്. ഇവയ്ക്കും ആവശ്യക്കാരേറെയുണ്ട്. എപ്പോൾ വിളിച്ചാലും വിളിപ്പുറത്തെത്തുന്ന ഓട്ടോയും തുളസിക്കുണ്ട്.
ഫോണ് : 9747606812