കൊക്കോയ്ക്ക് പൊൻ തിളക്കം; കർഷകർക്ക് ആവേശം
Wednesday, May 22, 2024 11:26 AM IST
ഒരു കാലത്ത് ആർക്കും വേണ്ടാതെ അണ്ണാനും എലിയും വവ്വാലും കിളികളുമൊക്കെ കൊത്തിപ്പറിച്ചു തിന്നിരുന്ന കൊക്കോക്ക് ഇപ്പോൾ നല്ല കാലം. ചോക്ലേറ്റിനും മറ്റുമായി വിദേശ രാജ്യങ്ങളിൽ കൊക്കോയ്ക്ക് ഡിമാൻഡ് ഏറിയതോടെ വില അഞ്ചിരട്ടി വരെ വർധിച്ചു.
വിലയുടെ കുതിച്ചുകയറ്റം കണ്ടു നിരവധി കർഷർ വീണ്ടും കൊക്കോ കൃഷിക്ക് തയാറായി മുന്നോട്ടു വരുന്നുണ്ട്. കാര്യമായ പരിചരണമില്ലാതെ മികച്ച വരുമാനം നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
മധ്യകേരളത്തിൽ മുണ്ടക്കയം വാഴൂർ, കറുകച്ചാൽ, പാന്പാടി, പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇടവിളയായും തനിവിളയായും കൊക്കോ നട്ടു തുടങ്ങി.
കഴിഞ്ഞ വർഷം പച്ചക്കുരു കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 300-320 രൂപയായിട്ടുണ്ട്. ഉണക്കക്കുരുവിന് 220 രൂപയിൽ നിന്ന് 900 വരെയെത്തി. ഒരു വർഷത്തിനുള്ളിൽ 300 ശതമാനത്തിലധികം വില വർധിച്ച വിള എന്ന ലോക റിക്കാർഡും കൊക്കോ സ്വന്തമാക്കിക്കഴിഞ്ഞു.
ആഗോള കൊക്കോ ഉത്പാദനം 11 ശതമാനം കുറയുമെന്നാണ് ഇന്റർനാഷനൽ കൊക്കോ ഓർഗനൈസേഷന്റെ നിഗമനം. അങ്ങനെ വന്നാൽ വില വീണ്ടും ഉയർന്നേക്കാം.
കൊക്കോ മുഖ്യവിളയായിട്ടുള്ള ആഫ്രിക്കയിലെ ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ ബ്ലാക്ക് പോഡ് രോഗം പടർന്നു പിടിച്ചതുമൂലം ഉത്പാദനത്തിൽ കാര്യമായ കുറവ് സംഭവിച്ചതും അതുവഴി കയറ്റുമതിയിൽ ഇടിവുണ്ടായതുമാണ് അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോയ്ക്ക് ഡിമാൻഡ് വർധിപ്പിച്ചത്.
കോവിഡിനുശേഷം നിരവധി ചോക്ലേറ്റ് കന്പനികൾ പുതിയതായി തുടങ്ങിയതും കൊക്കോയുടെ ആവശ്യം വർധിപ്പിക്കുന്നതിനിടയാക്കി. ചോക്ലേറ്റിന്റെ പ്രധാന പ്രകൃതിദത്ത അസംസ്കൃത വസ്തുവാണു കൊക്കോ.
കേരളത്തിലാദ്യമായി കൊക്കോ ഉത്പാദക സഹകരണ സംഘം തുടങ്ങിയ കോട്ടയം മണിമലയിലെ കർഷകരാണ് ഇപ്പോഴത്തെ വിലവർധനവിൽ ഏറ്റവുമധികം സന്തോഷിക്കുന്നത്. റബറിന് ഇടവിളയായി കൊക്കോ കൃഷി ചെയ്തു വിജയിച്ചതിന്റെ സന്തോഷവും ഇവർക്കുണ്ട്.
മണിമലയിലെ കൊക്കോ ഉത്പാദക സംഘത്തിലെ കർഷകരുടെ കൂട്ടായ്മ സിടി 40 എന്ന ഒരിനം കൊക്കോ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കട്ടി കുറഞ്ഞ തോടും കൂടുതൽ വലിപ്പവും തൂക്കവുമുള്ള കുരുവുമാണ് ഇതിന്റെ സവിശേഷത.
ഇതുൾപ്പെടെ നിരവധി ഇനങ്ങൾ മണിമല കൊക്കോ ഉത്പാദക സഹകരണസംഘം കൃഷി ചെയ്യുന്നു. പ്രസിഡന്റ് കെ. ജെ. വർഗീസിന്റെ (മോനായി) വീടിനു സമീപത്തെ തോട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്.
സിടി40, ചുവന്ന നിറമുള്ള ക്രയോള, ആഫ്രിക്കൻ വംശജനായ ട്രിനിറ്റാരിയോ, പച്ചനിറമുള്ള ഫോറസ്റ്റീറോ തുടങ്ങിയ ഇനങ്ങളാണ് കർഷകർ കൂടുതലായും കൃഷി ചെയ്യുന്നത്. ഇവയുടെ തൈകൾ സംഘം കർഷകർക്കായി വിതരണം ചെയ്യുന്നുമുണ്ട്.
റെഡ് ചോക്ലേറ്റ് നിർമാണത്തിനുപയോഗിക്കുന്ന തയ്വാൻ ഇനം ലോക പ്രശസ്തമാണ്. തണൽ ഇഷ്ടപ്പെടുന്ന വിളയായതിനാൽ റബർ തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാമെന്നതാണ് കൊക്കോയുടെ എറ്റവും വലിയ പ്രത്യേകത.
റബർ വിലയിടിവുമൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് ഇതു വഴി ചെറുതല്ലാത്ത ആശ്വാസമാണ് ലഭിക്കുന്നത്. മേയ്- ജൂണ് മാസങ്ങളാണ് കൊക്കോയുടെ വിളവെടുപ്പുകാലം. എന്നാൽ, ജലസേചന സൗകര്യമുണ്ടെങ്കിൽ വേനൽക്കാലത്തും കൊക്കോ സമൃദ്ധമായി വിളയും.
നട്ടു രണ്ടാം കൊല്ലം വിളവെടുക്കാമെന്നതാണു കൊക്കോ കൃഷിയുടെ ഗുണം. മൂന്നാം വർഷം മുതൽ പൂർണതോതിൽ വിളവെടുക്കാം. അഞ്ചാം വർഷം ഒരു ചെടിയിൽ നിന്ന് ഒരു കിലോ ഉണക്കക്കുരു ലഭിക്കും.
ആറാം വർഷം രണ്ടു കിലോയും ഏഴാം വർഷം നാലു കിലോയും കിട്ടും. നല്ല പരിചരണം നൽകിയാൽ പത്താം വർഷം മുതൽ കുറഞ്ഞതു 10 കിലോ ഉണക്കക്കുരു ലഭിക്കും. നാലു കിലോ കായ പൊട്ടിച്ചാൽ ഒരു കിലോ പച്ചക്കുരു എന്നതാണ് കണക്ക്.
കുട്ടികൾക്കുൾപ്പെടെ ആർക്കുവേണമെങ്കിലും കൊക്കോ വിളവെടുക്കാം. സംസ്കരണ പ്രക്രിയയും ലളിതമാണ്. ഇതിനാൽ കൂലി ചെലവിലും കുറവുണ്ട്. അടിസ്ഥാന വളം കൊടുത്തു തൈ നട്ടു കഴിഞ്ഞാൽ കായ ഉണ്ടാകുന്നതിനു മുന്പായി ചെറിയ രാസവള പ്രയോഗം നടത്തിയാൽ മതി.
കോട്ടയം ജില്ലയിൽ തന്നെ പാദുവയിലെ കർഷകനായ കണിപറന്പിൽ ഔസേപ്പച്ചൻ റബർ തോട്ടത്തിൽ ഇടവിളയായിട്ടാണ് കൊക്കോ കൃഷി തുടങ്ങിയത്. 20 ഃ 10 എന്ന കണക്കിൽ നട്ടിരിക്കുന്ന റബറിനു നടുവിൽ 15 അടി അകലം നൽകിയാണ് കൊക്കോ നട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒന്നര ലക്ഷം രൂപയുടെ കൊക്കോ അഞ്ച് ഏക്കറിൽ നിന്നു ലഭിച്ചു. 900 തൈകളുണ്ട്. വില കൂടിയതോടെ തോട്ടങ്ങൾ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാനും വാവലും കുരങ്ങും പന്നിയും തോട്ടത്തിൽ കടക്കാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ് അവരുടെ ആലോചന.
കൊക്കോയുടെ ചുവട്ടിൽ ഗ്രീൻനെറ്റ് വിരിച്ച് അണ്ണാനും പക്ഷികളും തിന്ന ശേഷം കളയുന്ന കുരു ശേഖരിക്കാനുള്ള നടപടികൾ മണിമല സംഘത്തിലെ ചില കർഷകർ നടത്തുന്നുണ്ട്.
കറുത്ത കായ് രോഗം
മഴക്കാലത്ത് എത്തുന്ന കറുത്ത കായ് രോഗമാണ് കൊക്കോയുടെ പ്രധാന ഭീഷണി. ഫൈറ്റോഫ്തോറ എന്ന കുമിൾ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പമുള്ളപ്പോൾ ഈ കുമിളുകൾ ഇളം കായകളുടെ പുറത്ത് പെറ്റുപെരുകുന്നതാണ് കാരണം.
ബോർഡോ മിശ്രിതമാണ് രോഗം നിയന്ത്രിക്കാൻ പറ്റിയ കുമിൾ നാശിനി. സൾഫർ പ്രയോഗത്തിലൂടെയും ഇതു തടയാം. വേനൽക്കാലത്ത് വെള്ളീച്ചയുടെ ആക്രമണവും ഉണ്ടാകാറുണ്ട്.
ടാറ്റാമിഡ പോലുള്ള കീടനാശിനി പ്രയോഗത്തിലൂടെ ഇതിനെ നിയന്ത്രിക്കാം. വേനൽക്കാലങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജലസേചനം നടത്തണം. യഥാസമയം കൊന്പു കോതൽ (പ്രൂണിംഗ്) നടത്താത്തതും രോഗം വ്യാപിക്കാൻ കാരണമാണ്.
2015ൽ തുടങ്ങിയ മണിമല കൊക്കോ ഉത്പാദക സഹകരണ സംഘം അമേരിക്കയിലേക്കു നേരിട്ട് കൊക്കോ കയറ്റി അയച്ചിരുന്നു. ബെൽമൗണ്ട് എന്ന പേരിൽ ചോക്ലേറ്റും നിർമിച്ചു. ചോക്ലേറ്റ് വിപണിയിൽ ബെൽമൗണ്ടിന് ശ്രദ്ധേയമായ സ്ഥാനമാണുള്ളത്.
കൂടാതെ നാച്ചുറൽ കപ്പ് ഐസ്ക്രീം, ബട്ടർ, പൗഡർ, വിന്നാഗിരി, വൈൻ എന്നിങ്ങനെ വിവിധ മൂല്യവർധിത ഉത്പന്നങ്ങളും സംഘം വിപണിയിലെത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം രണ്ടു കോടി രൂപയുടെ വിറ്റുവരവാണ് സംഘത്തിനു ലഭിച്ചത്.
കൊക്കോ തൈകളുടെ ഡിമാൻഡ് വർധിച്ചതോടെ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മണിമലയ്ക്കു സമീപം മൂലേപ്ലാവിലുള്ള ഔട്ട്ലെറ്റ് വഴി തൈകളും വില്പന നടത്തുന്നുണ്ട്. വിവിധയിനങ്ങളിലായി ഒരു ലക്ഷത്തോളം തൈകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്.
ഉയർന്ന വില കുറയാതിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംഘം നടത്തുന്നതെന്നും ഭാവിയിൽ കൊക്കോ ലേലം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് സംഘം കടക്കുമെന്നും പ്രസിഡന്റ് കെ.ജെ. വർഗീസ് പറഞ്ഞു.
ഫോണ് : 9447184735