പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
Sunday, May 19, 2024 12:32 PM IST
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയിക്കാമെന്നു തെളിയിക്കുകയാണ് പഴം, പച്ചക്കറി കർഷകനായ വൈക്കം വെച്ചൂർ ഇടയാഴം വലിയമംഗലത്ത് ജോയി വി.മാത്യു.
സ്വന്തമായി 13 സെന്റ് സ്ഥലം മാത്രമുള്ള ജോയി, 24 വർഷമായി വൈക്കത്തും വെച്ചൂരിലുമായി അഞ്ചോളം സ്ഥലങ്ങളിൽ ഭൂമി പാട്ടത്തിനെടുത്തു പഴം പച്ചക്കറി കൃഷി ചെയ്തു വരികയാണ്.
വെച്ചൂർ ഇടയാഴം കൃഷിഭവനു സമീപവും തോട്ടപ്പള്ളി, ഇടയാഴം ഹെൽത്ത് സെന്ററിനു സമീപവും വൈക്കത്ത് തോട്ടുവക്കം, ദളവാക്കുളം ബസ് ടെർമിനലിന് സമീപവുമായി ആറേക്കറോളം സ്ഥലത്താണ് ജോയിയുടെ പഴം പച്ചക്കറി കൃഷി.
വർഷം മുഴുവൻ കൃഷി മേഖലയുമായി ബന്ധപ്പെട്ടു കഴിയുന്ന ജോയി ഓണ വിപണി ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കൃഷിയിൽ സജീവമാകുന്നത്. പയർ, പാവൽ, പടവലം, തക്കാളി, വഴുതന, വെണ്ട, മത്തങ്ങ, വെള്ളരി, കാബേജ്, കുക്കുന്പർ, വെള്ളരി, കുറ്റിപ്പയർ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
ഓരോയിടത്തും പച്ചക്കറിയും ഏത്തവാഴയും ഇടകലർത്തിയാണു കൃഷി. ചാണകം, വേപ്പിൻ പിണ്ണാക്ക്, കോഴിവളം തുടങ്ങിയ ജൈവവളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വൈക്കത്തും വെച്ചൂരിലുമുള്ള വ്യാപാരികൾക്കാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്.
ജൈവകൃഷിയായതിനാൽ കൃഷിയിടത്തിൽ നേരിട്ടെത്തി ഉത്പന്നങ്ങൾ വാങ്ങുന്നവരും ഏറെ. ജോയിക്ക് പിൻബലമേകി ഭാര്യ ജോസഫിനയും ഓട്ടോമൊബൈൽ ടെക്നീഷ്യനായ മകൻ ജയ്സണ്, നഴ്സിംഗ് വിദ്യാർഥിനിയായ മകൾ ജയ്സിയും ഒപ്പമുണ്ട്.
കാർഷിക രംഗത്തെ സമർപ്പണവും പ്രവർത്തന മികവും കണക്കിലെടുത്ത് 2022ൽ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള കൃഷി വകുപ്പിന്റെ പുരസ്കാരം ജോയി വി. മാത്യുവിനാണ് ലഭിച്ചത്.
ചാണകമടക്കമുള്ള ജൈവ വളങ്ങൾ ഉപയോഗിച്ചു നടത്തുന്ന കൃഷിയിൽ മികച്ച വിളവ് ലഭിക്കുന്പോഴും കർഷകരുടെ ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് സംഭരിക്കുന്നതിന് വൈക്കത്ത് സംവിധാനമില്ലാത്തത് കർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ജോയി ചൂണ്ടിക്കാട്ടി.
ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നു കർഷകരെ രക്ഷിക്കാനായി വൈക്കത്ത് കാർഷിക ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് സംഭരിക്കാൻ സർക്കാർ സൗകര്യമൊരുക്കിയാൽ ചെറുപ്പക്കാരടക്കം നിരവധിപേർ പുതിയതായി കാർഷിക രംഗത്തേക്ക് എത്തുമെന്ന് ജോയി വി.മാത്യു അഭിപ്രായപ്പെട്ടു.
ഫോണ്: 9446211871