ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
Friday, May 17, 2024 12:26 PM IST
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീസ് കലയാണ് ബോണ്‍സായ്. "ബോണ്‍’ എന്നും ന്ധസായി’ എന്നുമുള്ള രണ്ട് ജപ്പാനീസ് വാക്കുകളിൽ നിന്നാണ് ബോണ്‍സായ് എന്ന പദമുണ്ടായത്.
ആഴം കുറഞ്ഞ പാത്രത്തിൽ വളർത്തുന്ന സസ്യം എന്നാണ് ഈ വാക്കിന്റെ അർഥം. കാഴ്ചയിൽ കൗതുകം ഉണർത്തുന്ന ഈ കുഞ്ഞൻ മരങ്ങൾക്ക് വർഷങ്ങൾ നീണ്ട കൃത്യമായ പരിചരണം അത്യാവശ്യമാണ്. പൂന്തോട്ടങ്ങളിലും ഇൻഡോർ ഉദ്യാനങ്ങളിലും ഇവയെ വളർത്താം.
കൃത്യമായ പ്രൂണിംഗും പരിപാലന മുറകളുമുണ്ടെങ്കിൽ ഇഷ്ടപെട്ട ആകൃതിയിലുള്ള ബോണ്‍സായ് വീട്ടിൽ തന്നെ തയ്യാറാക്കാം. പേരാൽ, അരയാൽ, വാളൻപുളി, ബൊഗൈൻവില്ല, അഡീനിയം തുടങ്ങിയവയൊക്കെ ബോണ്‍സായ്ക്ക് അനുയോജ്യമാണ്.
ചെടി തെരഞ്ഞെടുക്കുന്പോൾ
നല്ല ശിഖരങ്ങളും ചെറിയ ഇലകളും വേഗം വേര് പിടിച്ചു കിളിർക്കാൻ ശേഷിയുള്ളതുമായ ചെടികൾ വേണം തെരഞ്ഞെടുക്കാൻ. അതോടൊപ്പം ഭംഗിയുള്ള പുറം തൊലിയും താങ്ങ് വേരുകളുമുണ്ടെങ്കിൽ ബോണ്‍സായിയുടെ ആകർഷണീയത കൂടും.
വളർത്തുന്ന രീതി
മണ്ണ്, മണൽ, അഴുകിയ കരിയില (അല്ലങ്കിൽ ചാണകപ്പൊടി) എന്നിവ ചേർത്ത് പോട്ടിംഗ് മിശ്രിതം തയാറാക്കിയശേഷം അതിൽ ബോണ്‍സായ് തയാറാക്കാൻ ഉദ്ദേശിക്കുന്ന മരത്തിന്റെ തൈ, വിത്ത്, മുറിച്ച തണ്ട് എന്നിവ നടുകയാണ് ആദ്യം ചെയ്യേണ്ടത്.
തൈയാണ് നടുന്നതെങ്കിൽ അതിന്റെ തായ് വേരും അധികമായി വളർന്ന് നിൽക്കുന്ന ശിഖരങ്ങളും മുറിച്ചശേഷം നടണം. എപ്പോഴും ചെടിച്ചട്ടിയിൽ നനവ് നിലനിർത്താൻ ശ്രദ്ധിക്കുക. രണ്ടാഴ്ചയിൽ ഒരിക്കൽ നേർപ്പിച്ച ജൈവവളം മിതമായ അളവിൽ നൽകണം.
പ്രൂണിംഗും വയറിംഗും
പുതുതായി കിളിർത്തു വരുന്ന ഇലകളും ശിഖരങ്ങളും ആവശ്യമുള്ളതു മാത്രം നിർത്തി മറ്റുള്ളവ വെട്ടിയൊതുക്കുക. നമുക്ക് ഇഷ്ടമുള്ള ആകൃതിയിലേക്കു ബോണ്‍സായ് രൂപപ്പെടുത്താൻ വയറിംഗ് ചെയ്യേണ്ടതാണ്.
ഇതിനായി കനം കുറഞ്ഞ കന്പി ഉപയോഗിച്ചു ശിഖരങ്ങൾ അനുയോജ്യമായ രൂപത്തിലേക്കു കെട്ടി വയ്ക്കണം. സാധാരണയായി ചെന്പ് അല്ലെങ്കിൽ അലുമിനിയം കന്പികളാണ് ഇതിന് ഉപയോഗിക്കുന്നത്.
റീ പോട്ടിംഗ്
ഒന്നോ രണ്ടോ വർഷം കൂടുന്പോൾ ബോണ്‍സായ് ചെടികൾ ആഴം കുറഞ്ഞ മറ്റൊരു ചട്ടിയിലേക്കു മാറ്റി നടണം. ഇതിനായി ചെടികൾ വളരെ ശ്രദ്ധാപൂർവം ചട്ടിയിൽ നിന്നു പുറത്ത് എടുക്കണം.
പിന്നീട് തായ് വേര് ഉൾപ്പെടെ മൂന്നിൽ ഒരു ഭാഗം വേരുകൾ വെട്ടിമാറ്റി പോട്ടിംഗ് മിശ്രിതം നിറച്ച പുതിയ ചട്ടിയിലേക്കു മാറ്റി നടണം. മുകളിൽ വിവരിച്ച പരിപാലന മുറകൾ റീ പോർട്ടിംഗിനു ശേഷവും തുടരേണ്ടതാണ്.
ഒരു വൃക്ഷം വളർന്ന് ബോണ്‍സായ് ആയി രൂപപ്പെടാൻ ഏകദേശം 10 മുതൽ 15 വർഷം വരെ വേണ്ടിവരും. എന്നാൽ അഡീനിയം പോലെയുള്ള ചെടികൾക്ക് വളരെ വേഗം ബോണ്‍സായ് ആകാൻ കഴിയും.
ഫോണ്‍ : 81290 84996