അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
Wednesday, May 15, 2024 4:03 PM IST
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ. സാധാരണ ചെറുകിഴങ്ങുകളും നന കിഴങ്ങുകളും അത്ര വലിപ്പം വയ്ക്കാറില്ലെങ്കിലും അപൂർവയിനം കിഴങ്ങ് വർഗങ്ങൾ കൃഷി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാംകുമാറിന്റെ കൃഷിയിടത്തിൽ വിളഞ്ഞ പെരുങ്കാലൻ കിഴങ്ങ് ആരേയും അതിശയിപ്പിക്കുന്നതാണ്.
കുമാറിന്റെ ഇത്തവണത്തെ വിളവെടുപ്പിൽ നെടുങ്കാലൻ ചെറുകിഴങ്ങിന് 3 കിലോ 65 ഗ്രാം തൂക്കവും 19 ഇഞ്ച് നീളവും 141/2 ഇഞ്ച് വണ്ണവുമുണ്ടായിരുന്നു. ഒരു മൂട്ടിൽ മൊത്തം 9 കിലോ തൂക്കം. കിഴങ്ങ് പറിച്ചെടുത്ത ഉടൻ തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങ് വർഗ ഗവേഷണത്തിലെത്തിച്ച് സീനിയർ സയന്റിസ്റ്റ് ഡോ. സൂസൻ ജോണിന്റെ നേതൃത്വത്തിൽ അളവുകൾ തിട്ടപ്പെടുത്തുകയും ചെയ്തു.
ഇതിന്റെ കൂടെ കിട്ടിയ നന കിഴങ്ങ് വിളവെടുത്തപ്പോൾ ഒരെണ്ണത്തിന് 2 കിലോ 800 ഗ്രാം തൂക്കമുണ്ടായിരുന്നു. ഈ രണ്ടുവിത്തിനങ്ങളും കാണിക്കാരിൽ നിന്നും കുമാറിന് കിട്ടിയതാണ്. കുമാർ ഇത്തരം അപൂർവ ഇനം കിഴങ്ങുകൾ കൃഷി ചെയ്യാൻ തുങ്ങിയിട്ട് 25 വർഷത്തോളമായി.
അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ചേന, ചേന്പ്, കാച്ചിൽ, നനകിഴങ്ങ് ചെറുകിഴങ്ങ്, മുക്കെഴുങ്ങ് തുടങ്ങിയവയുടെ വിവിധ ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. അപൂർവയിനം മരച്ചിനീകളുടെ വിപുലമായ ശേഖരവും കുമാറിനുണ്ട്. ഇവയുടെയൊക്കെ വിത്തിനങ്ങൾ ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. ചേനകളുടെ കൂട്ടത്തിൽ ഗജേന്ദ്ര, ആനച്ചേന, ഉരുചേന, കുഴിമുണ്ടാൻ തുടങ്ങിയവ ശ്രദ്ധേയ ഇനങ്ങളാണ്.
ചേന്പിനത്തിൽ പാൽച്ചേന്പ്, കുട്ടച്ചേന്പ് എന്നിവയും കാച്ചിലിനങ്ങളിൽ മലതാങ്ങി, മലമുട്ടൻ, പനമുട്ടൻ, പാറമുട്ടൻ മുറംഞ്ചാരി, പെരുംമുട്ടൻ, അടുക്കുമുട്ടൻ, നിലക്കാച്ചിൽ, കരമുട്ടൻ, ശ്രീനിധി പാതാളക്കാച്ചിൽ, ആഫ്രിക്കൻ കാച്ചിലിനങ്ങളായ ശ്രീപ്രിയ, ശ്രീശുഭ എന്നിവയും നനകിഴങ്ങിനങ്ങളിൽ പെരുങ്കാലനും, ചെറുകിഴങ്ങിനങ്ങളിൽ നെടുംങ്കാലൻ, ചെറുമുള്ളൻ, കരിമുള്ളൻ, കാരമുള്ളൻ മുതലായവയും മുക്കെഴങ്ങിനങ്ങളിൽ പെരുമുട്ടൻ കാരമുള്ളൻ ചണ്ണക്കിഴങ്ങ് എന്നിവയും ഇഞ്ചി ഇനത്തിൽ നാഗലാൻഡ് ഇഞ്ചിയും നാടൻ ഇഞ്ചിയുമുണ്ട്.
മഞ്ഞളിന്റെ രണ്ടിനമുണ്ട്. നാടനും കാണിക്കാരിൽ നിന്നു വാങ്ങിയ മരമഞ്ഞളും. ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്നതു ഹോബിയാക്കിയ കുമാറിനു നാടൻ കുരുമുളക് ഇനമായ കൊറ്റനാടന്റെ വിപുലമായ ശേഖരമുണ്ട്. നിരവധി കാർഷിക മേളകളിൽ പങ്കെടുത്തിട്ടുള്ള ശ്യാം കുമാർ, ഇതിനോടകം ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഫോണ് : 9497491803.