ബൈബിൾ പകർത്തിയെഴുതി മാതൃകയായ വനിത
Tuesday, November 2, 2021 10:46 AM IST
കൊടകര: ഇരുപത്തിയഞ്ചിലധികം വർഷം നീണ്ട മതബോധന അധ്യാപനത്തിനുശേഷം ബൈബിൾ മുഴുവനായി പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് പാറേക്കാട്ടുകര സെന്റ് മേരീസ് ഇടവകാംഗമായ സെലിൻ ജോസ് കാവുങ്ങൽ.
രണ്ടര വർഷമെടുത്താണ് 3855 പേജുകളിലായി പഴയ നിയമവും പുതിയ നിയമവും അടങ്ങിയ സന്പൂർണ ബൈബിൾ ഇവർ പകർത്തിയെഴുതിയത്. എ ഫോർ പേപ്പറിൽ കറുത്ത മഷിയിൽ അന്പതോളം റീഫില്ലറുകളുപയോഗിച്ചാണു ടീച്ചർ തന്റെ ഉദ്യമം പൂർത്തീകരിച്ചത്.
കൊന്ത സമാപനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വികാരി ഫാ. സിബു കള്ളാപറന്പിൽ മതബോധന പ്രധാധ്യാപകൻ സി.പി. ജോബിക്കു നൽകി ബൈബിൾ കൈയെഴുത്തുപ്രതിയുടെ പ്രകാശനം നിർവഹിച്ചു. കൈക്കാരന്മാരായ പോൾസൺ കൂനൻ, ബേബി പഴേടത്തുപറന്പിൽ, വിബിൻ മരത്തംപിള്ളി എന്നിവർ സന്നിഹിതരായിരുന്നു.