ചര്‍മത്തിനും വേണം സംരക്ഷണം
ചര്‍മത്തിനും വേണം സംരക്ഷണം
Tuesday, March 30, 2021 4:45 PM IST
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. അന്തരീക്ഷത്തിലെ മാലിന്യങ്ങളില്‍നിന്നു മനുഷ്യശരീരത്തെ രക്ഷിക്കുന്ന കാവല്‍ക്കാരന്‍കൂടിയാണ് ചര്‍മം. വിവിധ രാസപദാര്‍ഥങ്ങള്‍ക്കും അണുക്കള്‍ക്കുമെതിരെ പൊരുതുന്ന ചുമതലയും ചര്‍മം വഹിക്കുന്നു. അതുകൊണ്ടു തന്നെ ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും ചെറുതല്ല.

ശുചിത്വം

ത്വക്കിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ശുചിത്വത്തിന് പ്രാധാന്യം ഏറെയാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരോപജീവി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന അണുക്കളില്‍ നിന്നു ചര്‍മത്തെ രക്ഷിക്കാന്‍ ശുചിത്വം തികച്ചും അനിവാര്യമാണ്. ദിവസവും രണ്ടുനേരം കുളിച്ച് വസ്ത്രം മാറേണ്ടത് ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. കക്ഷങ്ങളിലും തുടയിടുക്കുകളിലും പ്രത്യേകിച്ച്, വേനല്‍ക്കാലത്ത് വിയര്‍പ്പ് തങ്ങിനിന്ന് ദുര്‍ഗന്ധവും ഫംഗസ് അണുബാധയും ഉണ്ടാകാനുള്ള സാധ്യത വലുതാണ്.

മുഖചര്‍മം കഴുകി വൃത്തിയാക്കാതിരുന്നാല്‍ എണ്ണമയം മൂലം മുഖക്കുരു അധികരിക്കാനിടയുണ്ട്. പ്രത്യേക സോപ്പുകളും ഫേസ് വാഷുകളും ഉപയോഗിച്ചാല്‍ മുഖക്കുരു ഒരു പരിധിവരെ നിയന്ത്രിക്കാനാവും. എണ്ണമയം അധികമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗംമൂലവും മുഖക്കുരു പ്രത്യക്ഷപ്പെടാം.

വരണ്ട ചര്‍മമുള്ളവര്‍ക്കാണ് പ്രത്യേകിച്ച് തണുപ്പുകാലങ്ങളില്‍ വിണ്ടുകീറലും നേര്‍ത്ത ചുളിവുകളും ചൊറിച്ചിലുമുണ്ടാകുന്നത്. ഇത്തരക്കാര്‍ മോയിസ്ച്ചുറൈസിംഗ് സോപ്പുകളോ മൃദുവായ ക്ലെന്‍സറുകളോ ഉപയോഗിച്ച് ചര്‍മം ശുചീകരിക്കുന്നത് നല്ലതാണ്. വരണ്ട ചര്‍മത്തിനുടമയായവര്‍ കുളി കഴിഞ്ഞ് ഉടന്‍തന്നെ ഒരു മോയിസ്ച്ചറൈസര്‍ പുരട്ടുന്നത് ത്വക്കിന്റെ ആരോഗ്യത്തിനും കാന്തിക്കും ഏറെ ഗുണകരമാകും.

ഒരാളുടെ വസ്ത്രങ്ങള്‍, തോര്‍ത്ത്, ചീപ്പ്, ഷേവിംഗ് സെറ്റ് എന്നിവ മറ്റൊരാള്‍ ഉപയോഗിക്കുന്നത് ഒരിക്കലും അഭിലഷണീയമല്ല. വിവിധതരത്തിലുള്ള അണുബാധകള്‍ പകരാന്‍ ഇത് കാരണമാകുന്നു. ഐലൈനര്‍ പങ്കിടുമ്പോള്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന കണ്‍കുരു പകരാനിടയുണ്ട്. ലിപ്സ്റ്റിക്ക് പങ്കിടുന്നത് ഹെര്‍പെസ് എന്ന വൈറല്‍ അണു ബാധയ്ക്ക് കാരണമായേക്കാം.

കുളിക്കുമ്പോള്‍ ചര്‍മത്തിന് ക്ഷതമേല്‍ക്കുന്ന രീതിയില്‍ പരുപരുപ്പുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഉരയ്ക്കുന്നത് നല്ലതല്ല. ഇതുമൂലം ചര്‍മത്തില്‍ ഒരുതരം കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാം.

ദേഹംപോലെത്തന്നെ ശിരോചര്‍മവും മുടിയും വൃത്തിയാക്കണം. ശിരോചര്‍മവും മുടിയും വൃത്തിയാക്കുന്നതിനായി മൃദുവായ ഷാംപു ആഴ്ചയില്‍ മൂന്നുതവണവരെ ഉപയോഗിക്കാം. മുടി മൃദുവാക്കുന്നതിനുവേണ്ടി ഷാംപു ഉപയോഗിച്ചശേഷം ഒരു കണ്ടീഷണര്‍ മുടിയില്‍ തേച്ച് കഴുകിക്കളയുക. മലസീഷ്യ വര്‍ഫര്‍ എന്ന ഫംഗസും ചര്‍മത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കൊഴുപ്പു രൂപത്തിലുള്ള ഒരു പദാര്‍ഥമായ സീബത്തിന്റെ ആധിക്യംകൊണ്ടുമാണ് താരന്‍ ഉണ്ടാകുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ അടങ്ങിയ ഷാംപു ഉപയോഗിച്ച് താരന്റെ ശല്യം അകറ്റിനിര്‍ത്താം. ചെവിയിലും കണ്‍പീലികളിലും മുഖത്തും നെഞ്ചിലും താരന്‍ ഉണ്ടാകാനിടയുണ്ട്.

സാധാരണയായി കുികളിലാണ് പേന്‍ശല്യം ഉണ്ടാകാറുള്ളത്. ശുചിത്വം പാലിക്കാത്ത വ്യക്തികളില്‍ പ്രത്യേകിച്ച് ഗുഹ്യഭാഗങ്ങളിലും പേന്‍ശല്യം ഉണ്ടാകാം. പെര്‍മെത്രിന്‍ എന്ന മരുന്ന് ഇതില്‍നിന്ന് മുക്തിനേടാന്‍ സഹായിക്കും. പേന്‍മൂലം ബാക്ടീരിയ അണുബാധയും കഴല വീക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കൈകാലുകളില്‍

കൈകാലുകള്‍ എപ്പോഴും നനയാന്‍ സാധ്യതയുള്ളവര്‍ക്ക് ഈര്‍പ്പം തങ്ങിനിന്ന് ഫംഗസ് അണുബാധ വിരലുകള്‍ക്കിടയിലും നഖങ്ങളിലും ഉണ്ടാകാനിടയുണ്ട്. നഖങ്ങള്‍ കൂര്‍ത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും നഖങ്ങള്‍ വശങ്ങളിലേക്ക് ഇറക്കിവെട്ടുകയുമരുത്. ഇത് കുഴിനഖത്തിനും അണുബാധയ്ക്കും ഇടയാക്കും. ശരിയായ ശുചിത്വം ഉറപ്പുവരുത്താത്ത പെഡിക്യൂറിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നഖത്തില്‍ അണുബാധ വരുത്താന്‍ ഇടയാക്കും.

നീന്തുമ്പോള്‍

നീന്തല്‍ക്കുപ്പായങ്ങളുടെ ഉപയോഗത്തിലും ശുചിത്വം അത്യന്താപേക്ഷിതമാണ്. നീന്തലിന് ഇറങ്ങുന്നതിനു മുന്‍പും അതിനുശേഷവും കുളിച്ച് ശരീരം ശുചിയാക്കണം. രോഗബാധിതര്‍ നിര്‍ബന്ധമായും പൊതു നീന്തല്‍ക്കുളങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണം. കൃത്യമായ അണുനിവാരണം നടത്താത്ത നീന്തല്‍ക്കുളങ്ങള്‍ ശുചിയായി നിലനിര്‍ത്തേണ്ടതാണ്. അല്ലാത്തപക്ഷം പാലുണ്ണി, അരിമ്പാറപോലുള്ള പല അണുബാധകളും പകരാനിടയുണ്ട്.

മഴക്കാലത്തും മറ്റും ഒഴുകിവരുന്ന മലിനജലം മുറിവുകളില്‍ പറ്റുന്നതു മാരകമായ പല അസുഖങ്ങള്‍ക്കും കാരണമായേക്കാം. ഷൂസ് ധരിക്കുന്നവര്‍ ദിവസവും സോക്‌സ് മാറ്റേണ്ടതാണ്. വളരെ ഇറുകിയ ഷൂസ് ധരിക്കുന്നതും നനവുള്ള സോക്‌സ് ഉപയോഗിക്കുന്നതും ഫംഗസ് അണുബാധയ്ക്ക് ഇടയാക്കും. പ്രമേഹരോഗികള്‍ അവരുടെ കൈകാലുകളിലെ മുറിവുകള്‍ ഒരിക്കലും അവഗണിക്കരുത്. അപകടകരമാകുന്ന വിധത്തില്‍ അണുബാധയുണ്ടാകാന്‍ ഇവരില്‍ സാധ്യത ഏറെയാണ്.

ലൈംഗിക ശുചിത്വം

ലൈംഗിക ശുചിത്വത്തിന്റെ കാര്യം എടുത്തുപറയേണ്ടതു തന്നെയാണ്. ലൈംഗികബന്ധത്തിന് മുന്‍പും ശേഷവും ശുചീകരണം ആവശ്യമാണ്.

മൂലയൂട്ടുന്നവര്‍

മുലയൂട്ടുന്ന അമ്മമാര്‍ സ്തനങ്ങള്‍ ശുചിയായി സൂക്ഷി ക്കണം. കുഞ്ഞിന് വായില്‍ പൂപ്പല്‍ബാധയുണ്ടെങ്കില്‍ ചികിത്സിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അമ്മയുടെ മുലക്കണ്ണുകളിലേക്ക് പകരാന്‍ സാധ്യതയുണ്ട്.



ഡയപ്പര്‍ അലര്‍ജി

കുഞ്ഞുങ്ങളെ ദീര്‍ഘനേരം ഡയപ്പര്‍ ധരിപ്പിക്കുമ്പോള്‍ അവിടെ ചുവന്ന് തടിച്ച് പാടുകള്‍ ഉണ്ടാകാനിടയുണ്ട്. നാലു മണിക്കൂറിലധികം ഒരേ ഡയപ്പര്‍ ഉപയോഗിക്കാതിരിക്കുക. തീരെ കൊച്ചുകുഞ്ഞുങ്ങളില്‍ കഴുത്തിന്റെ മടക്കില്‍ ഈര്‍പ്പം തങ്ങിനിന്ന് ഫംഗസ്ബാധയുണ്ടായേക്കാം. അവിടം വൃത്തിയായി ഉണക്കി സൂക്ഷിക്കേണ്ടതാണ്.

കിടപ്പുരോഗികള്‍

ശയ്യാവലംബരായ രോഗികള്‍ ശരീരശുചിത്വം പാലിച്ചില്ലെങ്കില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ദിവസവും രണ്ടുനേരം വെള്ളംതൊട്ട് ശരീരം തുടച്ചു വൃത്തിയാക്കണം. ഒരേ കിടപ്പില്‍ ദീര്‍ഘനേരം കിടന്നാല്‍ വ്രണങ്ങള്‍ വന്നേക്കാം. രോഗിയെ ഇടയ്ക്കിടയ്ക്ക് വശം മാറ്റി ചരിച്ചു കിടത്താന്‍ ശ്രദ്ധിക്കണം.

വേനല്‍ക്കാലത്ത് ഓടിയെത്തുന്ന ഒന്നാണ് ചൂടുകുരു. പല പ്രാവശ്യം കൂിക്കുകളും കലാമിന്‍ കലര്‍ന്ന ലോഷന്‍ പരിഹാരവും സഹായകവുമാകും.

സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍

കോസ്മറ്റിക്കുകള്‍, ഹെയര്‍ഡൈകള്‍ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. ഒരിക്കല്‍ അലര്‍ജി ഉണ്ടായാല്‍ പിന്നീട് ആ ഉത്പന്നം ഉപയോഗിക്കാന്‍ പാടില്ല. ഹെയര്‍ ഡൈയില്‍ അടങ്ങിയ പാരാഫെനിലിന്‍ ഡൈയമീന്‍ ആണ് സാധാരണയായി അലര്‍ജിക്ക് കാരണമാകുന്നത്. ഹെയര്‍ഡൈ അലര്‍ജിയുള്ളവര്‍ മൈലാഞ്ചിയോ പിപിഡിയില്ലാത്ത ഓര്‍ഗാനിക് ഡൈയോ ഉപയോഗിച്ച് നരച്ച മുടിക്ക് നിറം നല്‍കാം.

എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് വാട്ടര്‍ ബേസ്ഡ് കോസ്മറ്റിക്‌സും സാധാരണ ചര്‍മമുള്ളവര്‍ക്ക് ലോഷനുകളും വരണ്ട ചര്‍മമുള്ളവര്‍ക്ക് മോയിസ്ച്ചറൈസുകളുള്ള സണ്‍ സ്‌ക്രീന്‍ പുരട്ടുന്നതുവഴി അള്‍ട്രാ വയലറ്റ് രശ്മികളില്‍നിന്നും ഒരു പരിധിവരെ രക്ഷ നേടാം. സണ്‍ പ്രൊക്ഷന്‍ ഫാക്ടര്‍ 15നും 30നും ഇടയിലുള്ള സണ്‍സ്‌ക്രീനുകള്‍ ഇന്ത്യന്‍ വംശജരുടെ ചര്‍മത്തിന് ഉത്തമമാണ്. പുറത്തേക്ക് ഇറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് സണ്‍ സ്‌ക്രീന്‍ പുരട്ടണം. ഇതിന്റെ ഉപയോഗം നാലു മണിക്കൂര്‍ വരെ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളു. അതിനുശേഷം ഇത് വീണ്ടും പുരണം. നീന്തലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വാട്ടര്‍ റസിസ്റ്റന്റ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.

ചര്‍മത്തിനുണ്ടായേക്കാവുന്ന ചുളിവുകള്‍, ടാനിംഗ്, കാന്‍സര്‍, അലര്‍ജി എന്നിവയില്‍നിന്നു രക്ഷനേടാന്‍ സണ്‍സ്‌ക്രീന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ ഉത്പാദനത്തിനായി അല്‍പം ഇളം വെയില്‍ കൊള്ളുന്നതും ആവശ്യമാണ്.

മനസും ചര്‍മവും

മാനസികസമ്മര്‍ദം ചര്‍മത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. മനസും ചര്‍മവും തമ്മില്‍ അഭേദ്യമായ ബന്ധംതന്നെയാണ് ഉള്ളത്. മാനസിക സമ്മര്‍ദംമൂലം പല ചര്‍മരോഗങ്ങളും അധികരിക്കും. മുഖക്കുരു, സോറിയാസിസ്, എക്‌സിമ എന്നിവ അവയില്‍ ചിലതാണ്. അതുകൊണ്ടുതന്നെ മാനസിക സമ്മര്‍ദം നിയന്ത്രിക്കാനും മാനസികോല്ലാസം വളര്‍ത്തിയെടുക്കാനുമുള്ള ഒരു ശ്രമം നമ്മളില്‍ സദാ ഉണ്ടാകണം.

മാറ്റങ്ങള്‍ അവഗണിക്കരുത്

ചര്‍മത്തില്‍ കണ്ടേക്കാവുന്ന മാറ്റങ്ങള്‍ അവഗണിക്കരുത്. ആന്തരികാവയവങ്ങളിലെ രോഗങ്ങള്‍മൂലം ചര്‍മത്തില്‍ പല മാറ്റങ്ങളും സംഭവിക്കും. അപകടകാരികളായ അവയവങ്ങളുടെ മുന്നറിയിപ്പുകള്‍ ചര്‍മത്തിലൂടെ വായിച്ചെടുക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ചര്‍മത്തെ ആന്തരികാവയവങ്ങളുടെ കണ്ണാടിയെന്ന് വിശേഷിപ്പിക്കാറുണ്ട്. മറുകുകള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍, ഉണങ്ങാതെ നില്‍ക്കുന്ന വ്രണങ്ങള്‍, വെളുത്തതോ കറുത്തതോ ആയ പാടുകള്‍, ത്വക്കിലുണ്ടാകുന്ന ചുവന്ന തടിപ്പുകള്‍, അകാരണമായ ചൊറിച്ചില്‍ ഇവയെല്ലാം ശ്രദ്ധിക്കേണ്ടവയാണ്. ഇവ കണ്ടാല്‍ വിദഗ്‌ദോപദേശം തേടുന്നത് ഉചിതമായിരിക്കും.

വാര്‍ധക്യത്തിന്റെ നിഴല്‍ ആദ്യം പതിക്കുന്നത് പലപ്പോഴും ചര്‍മത്തിലാണ്. അല്‍പം സമയം നമ്മുടെ ചര്‍മസംരക്ഷണ ത്തിനായി മാറ്റിവയ്ക്കുന്നതുവഴി ചര്‍മത്തിലേക്കുള്ള വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരു പരിധിവരെ അകറ്റിനിര്‍ത്താം.

ചിട്ടയായ ജീവിതവും ആരോഗ്യകരമായ ഭക്ഷണരീതിയും നിത്യേനയുള്ള ചര്‍മസംരക്ഷണവും ശുചിത്വംകൊണ്ട് ആരെയും അസൂയാലുവാക്കുന്ന ചര്‍മകാന്തിയും ആരോഗ്യവും നമുക്ക് സ്വായത്തമാക്കാന്‍ സാധിക്കുമെന്ന കാര്യത്തിന് സംശയം വേണ്ട.

ചര്‍മസംരക്ഷണത്തിനുള്ള നുറുങ്ങുകള്‍
* ശുചിത്വം പാലിക്കുക
* പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
* സൂര്യപ്രകാശത്തില്‍നിന്നും സംരക്ഷിക്കുക
* മാനസിക സമ്മര്‍ദം നിയന്ത്രിക്കുക
* ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ അവഗണിക്കാതിരിക്കുക

സൂര്യനെ സൂക്ഷിക്കുക

സൂര്യപ്രകാശത്തിലുണ്ടാകുന്ന ആള്‍ട്രാ വയലറ്റ് രശ്മികള്‍ ത്വക്കിന് ദോഷകരമായി നുഭവിക്കാറുണ്ട്. പകല്‍ 10 മണി മുതല്‍ രണ്ടുമണിവരെയുള്ള സമയത്തെ സൂര്യപ്രകാശം ഏല്‍ക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. ശരീരം കഴിയുന്നതും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഡോ.അനുരാധ കാക്കനാട്ട് ബാബു
കണ്‍സള്‍ട്ടന്റ് ഡര്‍മറ്റോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി