ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍
പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു നില്‍ക്കുന്നത് വേദനാജനകം

ഡോ. മായാദേവി കുറുപ്പ്

സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം

ഈ മഹാമാരിയെ തടയാനുള്ള ഭാഗമായിട്ടായിരുന്നു ഞങ്ങള്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത്. പലപ്പോഴും വെറുതേ വീട്ടിലിരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് ശരിയായ അര്‍ഥത്തില്‍ അനുഭവിച്ചത് ലോക്ക് ഡൗണ്‍ കാലത്താണ്. ഞാനും ഭര്‍ത്താവ് ഡോ.ജയകൃഷ്ണനും വീട്ടുജോലികള്‍സന്തോഷത്തോടെ പങ്കിടുകയും പലവിധ പാചക പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. കാണാന്‍ ആഗ്രഹിച്ചിരുന്ന പല സിനിമകളും ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ളിക്‌സ് എന്നിവയുടെ സഹായത്തോടെ കണ്ടു. എനിക്കേറ്റവും മാനസികോല്ലാസം തരുന്ന നൃത്തത്തെ കൂട്ടുപിടിക്കുകയും ചെറിയ കൊറിയോഗ്രഫികള്‍ ചെയ്യുകയുമുണ്ടായി. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കാനും മതിയാവോളം ആസ്വദിക്കാനും ഞങ്ങള്‍ക്കായി. ഫോണിലൂടെയും ടെലി കണ്‍സള്‍േട്ടഷനിലൂടെയും ആവശ്യാനുസരണം ഉപദേശങ്ങള്‍ നല്‍കി രോഗികളുടെ അകാരണമായ ഭയവും ആശങ്കയും അകറ്റി.

ഇതിനൊരു മറുവശമുണ്ട്. പ്രിയപ്പെവരില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടിവരുന്ന അവസ്ഥ വേദനാജനകമാണെന്ന വസ്തുത തിരിച്ചറിഞ്ഞ നാളുകള്‍. എല്ലാ വാരാന്ത്യങ്ങളിലും തിരുവനന്തപുരത്തേയ്‌ക്കോടി കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്ന അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. അങ്ങ് ലണ്ടനിലിരിക്കുന്ന മക്കള്‍ ഈ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്ന ആശങ്ക പല ദിവസങ്ങളിലെയും ഉറക്കം കെടുത്തി. അറിയുന്ന പലരും കോവിഡ് മൂലം മരിക്കുന്നു, അടുത്ത സുഹൃത്ത് ദിവസങ്ങളോളമായി വെന്റിലേറ്ററില്‍ കോവിഡുമായി പൊരുതുന്നു, ലോകമെമ്പാടും മരണനിരക്കുകള്‍ വര്‍ധിക്കുന്നുഇവയെല്ലാം മനസിനെ തളര്‍ത്താന്‍ മതിയായ കാരണങ്ങളായിരുന്നു. ലോക്ഡൗണ്‍ തുടങ്ങിയ നാളുമുതല്‍ വിജനമായ വീഥികളിലൂടെ കാറോടിച്ചു പോകുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അവസ്ഥ അനുഭവപ്പെട്ടിരുന്നു. വാഹനത്തിരക്കും ആള്‍ക്കൂട്ടവും തുടര്‍ന്നും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ഈ കാലത്തിന് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.

ഞാന്‍ ഹാപ്പിയാണ്

വന്ദിത മനോഹരന്‍ (നടി)


പുറത്തിറങ്ങാതെയും സന്തോഷത്തോടെ വീട്ടിലിരിക്കാമെന്ന് ഈ കോവിഡ് കാലം കാണിച്ചു തന്നു. പലപ്പോഴായി മാറ്റിവച്ചതും മറന്നുപോയതുമായ പലതും ചെയ്യാനാണ് ഞാന്‍ ഈ സമയം വിനിയോഗിച്ചത്. പൂന്തോട്ടം ഒരുക്കല്‍, വീടു സാധനങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കല്‍, മുടങ്ങിയിരുന്ന വര്‍ക്ക് ഔട്ട് ചെയ്യല്‍... ഇതൊക്കെ ഫലപ്രദമായി ചെയ്യാന്‍ തുടങ്ങി. മറ്റൊരു കാര്യം പാചക പരീക്ഷണമാണ്. പുറത്തുനിന്നു വാങ്ങി കഴിച്ചിരുന്ന പല വിഭവങ്ങളും വീട്ടിലിരുന്ന് ഉണ്ടാക്കാന്‍ പഠിച്ചു. മാറ്റിവച്ചിരുന്ന പല പുസ്തകങ്ങളും പൊടിതിയെടുത്ത് വായിക്കാന്‍ തുടങ്ങി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആസ്വദിച്ചു. നല്ല സിനിമകളും കണ്ടു. ക്വാളിറ്റി ടൈം കിട്ടിയതുതന്നെ എനിക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. മുമ്പൊക്കെ വര്‍ക്കില്ലാത്ത ദിവസം വീിലിരിക്കുമ്പോള്‍ മൂഡ് ഓഫ് ആയിരുന്നു. ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. നാടിനെ രക്ഷിക്കാനായി വീട്ടിലിരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. സ്‌റ്റേ ഹോം, സ്‌റ്റേ ഹാപ്പി.

പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവം

ബേബി വര്‍ഗീസ്

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, എറണാകുളം

ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത ഒരു അനുഭവം എന്ന് ലോക്ഡൗണിനെപ്പറ്റി പറയേണ്ടിവരും. ലോക്ഡൗണിന്റെ ആദ്യദിനങ്ങളില്‍ ഒരു കൊച്ചു കുട്ടിയുടെ വെപ്രാളം നിറഞ്ഞ മനസോടെ എന്ത്, ഏത്, എങ്ങനെ എന്നൊന്നുമറിയാതെ ഒഴുക്കിനൊത്തു നീന്തുകയായിരുന്നു. വാഹനനങ്ങളില്ലാതെ കറുത്ത് നെടുനീളെ കിടക്കുന്ന റോഡുകളും വിജനമായ തെരുവുകളും ഇതുവരെ അണിഞ്ഞിില്ലാത്ത ഗ്ലൗസും മാസ്‌ക്കും എല്ലും കൗതുകങ്ങളായിരുന്നുവെങ്കിലും പിന്നീടതു ജീവിതത്തിന്റെ ഭാഗമായി മാറി. ലോക്ക് ഡൗണ്‍ ലംഘിച്ചു കറങ്ങി നടക്കുന്നവരെ കാര്യം പറഞ്ഞു മനസിലാക്കുന്ന ശ്രമകരമായ ജോലിക്കു കാക്കിയുടെ പിന്‍ബലം കൂടിയേ തീരൂ.

മഹാമാരിയെ ചെറുത്തു നിര്‍ത്തുന്നതിനുള്ള ശ്രമകരമായ നടപടികള്‍ക്കിടയിലുണ്ടാകുന്ന നഷ്ടങ്ങള്‍ കണക്കിലെടുക്കാതെ മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടിയുള്ള കടമയായി കണക്കി. അര്‍ധരാത്രി വഴി തെറ്റി നില്‍ക്കുന്ന പെണ്‍കുട്ടിയേയും അച്ചിമാരെയും മാനസിക നില തെറ്റിയവരേയുമെല്ലാം സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന ആത്മാഭിമാനം പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. സാമൂഹിക അകലം പാലിക്കുക, കൈകഴുകി ശുചിത്വം ഉറപ്പുവരുത്തുക, സാമ്പത്തിക അച്ചടക്കം പാലിക്കുക, ആവശ്യത്തിനു മാത്രം ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ലോക്ക് ഡൗണ്‍ പ്രചോദനമായി.

ഊണും ഉറക്കവും ഉപേക്ഷിച്ച് വെയിലും മഴയും കണക്കാക്കാതെ ഭയരഹിതയായി മഹാമാരിയെ തുരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായതില്‍ അഭിമാനിക്കുന്നു.

എന്തും നേരിടാന്‍ സജ്ജരായിരുന്നു

സ്‌റ്റെല്ല ബേബി

സ്റ്റാഫ് നഴ്‌സ്, ലൂര്‍ദ് ആശുപത്രി, കൊച്ചി

കോവിഡ് 19 വൈറസ് ബാധ പടര്‍ന്നുപിടിക്കുമ്പോള്‍ എന്തും നേരിടാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ഓരോ ദിവസവും കോവിഡ് പോസിറ്റീവ് കേസുകള്‍ വരുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അതേസമയം ഒരു പോസിറ്റീവ് കേസ് വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ ഒരുക്കങ്ങളും ഞങ്ങള്‍ ആശുപത്രി മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരം പൂര്‍ത്തിയാക്കിയിരുന്നു. എല്ലാവരും നല്ല അലേര്‍ട്ട് ആയിരുന്നു. രോഗികള്‍ കുറവായിരുന്നതിനാല്‍ സ്റ്റാഫുകളെ കുറച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ആശുപത്രികളെ മാത്രമല്ല സമൂഹത്തെ തന്നെ വലിയ രീതിയില്‍ ബാധിച്ചു. എന്നാല്‍ ലോക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ വൈറസ് ബാധ നാടാകെ വ്യാപിക്കുമായിരുന്നു. പൊതുജനങ്ങള്‍ക്കു മാത്രമല്ല, ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും അതു വലിയ ഭീഷണി ആകുമായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് ആശങ്കയേറി

വിനു മോഹന്‍

അധ്യാപിക, എസ്എന്‍എസ്എം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വൈക്കം

വിദ്യാര്‍ഥികളെ സംബന്ധിച്ച് ലോക്ക് ഡൗണ്‍ അവരില്‍ ആശങ്ക വര്‍ധിപ്പിച്ചു. പൊതു പരീക്ഷകളെല്ലാം മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി. പുതിയ അധ്യയനവര്‍ഷം എന്നു തുടങ്ങുമെന്ന കാര്യത്തിലും വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കാകുലരാണ്. ഒരു പക്ഷേ അക്കാദമിക് കലണ്ടര്‍ തന്നെ മാറ്റിയെഴുതേണ്ടതായി വരും. അതുപോലെത്തന്നെ മൂല്യനിര്‍ണയത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ലോക്ക് ഡൗണ്‍ മൂലം കാര്‍ഷിക രംഗത്തുണ്ടാവുന്ന അനിശ്ചിതത്വം ഭക്ഷ്യക്ഷാമത്തിന് കാരണമായേക്കാം. സമ്പൂര്‍ണ അടച്ചിടല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിലൂടെ യഥേഷ്ടം വീട്ടിലിരിക്കാന്‍ കഴിഞ്ഞു. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതുമൂലം അന്തരീക്ഷ മലിനീകരണത്തിനും കുറവുണ്ടായി. വാഹനാപകടങ്ങളുടെ എണ്ണവും കുറഞ്ഞു.


വീട്ടില്‍ ജോലി കൂടി

വത്സല സഹദേവന്‍

വീട്ടമ്മ, വൈക്കം

ഒരു സാധാരണ വീട്ടമ്മ എന്ന നിലയ്ക്ക് ലോക്ക് ഡൗണ്‍ ആദ്യം ഒും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. വീടിനു പുറത്തിറങ്ങാന്‍ പറ്റില്ല, സമൂഹവുമായി ഇടപെടാന്‍ സാധിക്കില്ല എന്നതൊക്കെ വളരെയധികം ബുദ്ധിമുട്ട് ഉളവാക്കി. എന്നാല്‍ ഓരോ മിനിറ്റിലും അറിയുന്ന വാര്‍ത്തകള്‍ എന്നെ പേടിപ്പെടുത്തി. രോഗം വരാതിരിക്കാനുള്ള മാര്‍ഗം സാമൂഹിക അകലം പാലിക്കുക എന്നതാണെന്ന് മനസിലായപ്പോള്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ ഇരിക്കാന്‍ തയാറായി. കുടുംബാംഗങ്ങളെല്ലാവരും വീട്ടിലിരിക്കുന്നതുകൊണ്ട് സാധാരണയില്‍ അധികം ജോലി കൂടുതലായി എന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു. അവശ്യ സാധനങ്ങള്‍ ലഭിക്കാതെ വരുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. സാമ്പത്തികമായി വലിയ ബാധ്യതയാണ് ലോക്ഡൗണ്‍ സമ്മാനിച്ചത്. വരുമാനം പൂര്‍ണമായും നിലയ്ക്കുകയും ഹൗസിംഗ് ലോണ്‍ മുതലായവയ്ക്ക് മോറോാേറിയം ഉണ്ടെങ്കിലും പലിശ കൂടി ആറു മാസത്തേക്ക് ഒഴിവാക്കണം.

കാര്‍ഷിക വിളകളുടെയും മറ്റും പരിചരണത്തിന് വളവും തൊഴിലാളികളെയും ലഭിക്കാതെ വീഴ്ച സംഭവിച്ചു. അതുമൂലം തുടര്‍ വരുമാനം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുകയും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകും.

പാചക പരീക്ഷണ കാലം

സുജ കെ.എസ്

മാനേജിംഗ് ഡയറക്ടര്‍, ഷീ മീഡിയാസ്, എറണാകുളം

ലോക്ക് ഡൗണ്‍ കാലം വളരെ ഫലപ്രദമായി പാചക പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച ആളാണു ഞാന്‍. അല്ലെങ്കിലും കുടുംബത്തിന്റെ പ്രിയപ്പെട്ടവരുടെ മനസിലേക്ക് സ്ത്രീകള്‍ എന്നും കയറി ചെല്ലാറുള്ള കുറുക്കുവഴി പാചകം തന്നെയാണല്ലോ?

അതോടൊപ്പം തന്നെ തിരക്കേറിയ ദൈനം ദിന ജീവിതത്തില്‍ നിന്നും ഒരു വേറിട്ട അനുഭവമായി ലോക്ക് ഡൗണ്‍. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പവും സ്‌നേഹവും ഒന്നുകൂടി ഇഴയടുപ്പിച്ച് നിര്‍ത്താന്‍ കുറേ പേര്‍ക്കെങ്കിലും ലോക്ക് ഡൗണ്‍ പ്രയോജനകരമായിട്ടുണ്ടാവും. എടുത്തു പറയേണ്ട ഒരു പ്രധാന അനുഭവം 'ജനതാ കര്‍ഫ്യൂ' ആണ്. നാളിന്നേ വരെ കേു കേഴ്വി പോലുമില്ലാത്ത കര്‍ഫ്യൂ അതിന്റെ എല്ലാവിധ സദ്ഉദ്ദേശങ്ങളോടെയും പാലിക്കാന്‍ കഴിഞ്ഞു എന്നതും കൊറോണ എന്ന മഹാവിപത്തിനെതിരെ അഹോരാത്രം പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് പ്രതീകാത്മകമായി നാം തെളിയിച്ച മെഴുതിരി വെളിച്ചവും മായാതെ എന്റെ മനസിലുമുണ്ടാവും, എന്നും.

കൊറോണക്കാലത്ത് നമ്മള്‍ പ്രാവര്‍ത്തികമാക്കിയ ആരോഗ്യശീലങ്ങള്‍ വരും തലമുറയെ കൂടെ പരിശീലിപ്പിക്കാന്‍ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കണം... അതുവഴി ആരോഗ്യപൂര്‍ണമായൊരു പുതു ഭാരത സൃഷ്ടിക്ക് തുടക്കം കുറിക്കാനാകും.

ജീവിതശൈലിക്ക് ഒരു നിയന്ത്രണം വരുത്തി

ശ്രുതി ശരത്ത്

ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്, എറണാകുളം

പക്ഷികളെ കൂട്ടിലടയ്ക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തൊരാളാണ് ഞാന്‍. കാരണം സ്വാതന്ത്ര്യം അത്രയേറെ ആഗ്രഹിക്കുന്നു. അതു കൊണ്ട് തന്നെ വീട്ടിലിരുപ്പ് എന്നെ സംബന്ധിച്ച് അത്രയേറെ മടുപ്പുണ്ടാക്കുന്ന ഒന്നാണ്. എന്നിട്ടും ലോക്ക്ഡൗണിനോട് പൂര്‍ണമായി സഹകരിക്കുന്നു. കൊറോണ വ്യാപനം വീട്ടിലിരുത്തിയപ്പോള്‍ ജോലിയെയും വരുമാനത്തെയും കുറിച്ചു തന്നെയായിരുന്നു ആശങ്ക. പുറത്തേക്കിറങ്ങാന്‍ കഴിയാത്ത തിലുള്ള ശ്വാസംമുട്ടല്‍ സ്വാഭാവികമായും ഉണ്ടായി.

മറ്റൊരു മാറ്റം ജീവിതശൈലിക്ക് ഒരു നിയന്ത്രണം വരുത്തി എന്നതാണ്. സാധനങ്ങളും മറ്റും വാങ്ങുന്നതിനായി പണം ചെലവാക്കുന്നതിന് ഒരു നിയന്ത്രണം വച്ചു. ലോക്ഡൗണ്‍ കൊണ്ടുള്ള പോസിറ്റീവ് കാര്യം കുടുംബത്തോടൊപ്പം കുറെയധികം സമയം ചെലവിടാന്‍ കഴിയുന്നു എന്നതാണ്.

വീഡിയോ കോളുകള്‍ ആശ്വാസം

സിമി പ്രവീണ്‍

അസി. പ്രഫസര്‍, പി.കെ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് , കോളജ്, കോഴിക്കോട്

ഏപ്രില്‍- മേയ് മാസങ്ങളില്‍ അവധിയാണെങ്കിലും പേപ്പര്‍ വാല്വേഷനും മറ്റുമുള്ളതിനാല്‍ അപ്പോള്‍പ്പോലും വീട്ടില്‍ ഇരിക്കാന്‍ സാധിക്കാറില്ല. ഇതാദ്യമായാണ് അവധിക്കാലത്തിന്റെ സമ്പൂര്‍ണ ഫീല്‍. എങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് കോളേജു തന്നെ. സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നുവേണ്ട കാന്റീനും പുസ്തകങ്ങളും വരെ ആ പട്ടികയില്‍പ്പെടുന്നു. വീഡിയോകോളുകളാണ് ഇക്കാര്യത്തിലെ പ്രധാന ആശ്വാസം. നേരിട്ടുള്ളതിനോളം മാധുര്യമില്ലെങ്കിലും സുഹൃത്തുക്കളോടും ബന്ധുക്കളോടും കണ്ടുകൊണ്ടു മിണ്ടാന്‍ സാധിക്കുന്നത് അനുഗ്രഹം തന്നെ.

ജോലിസ്ഥലത്തേക്കു തിരക്കിാേടുന്ന ദിനങ്ങളില്‍ പാചകമൊക്കെ ഒരു വഴിപാടായിരുന്നു. ഇപ്പോഴാണ് ശരിക്കുള്ള രുചി പോലും അറിയുന്നതെന്നു പറയാം. പുതുവിഭവങ്ങള്‍ പരീക്ഷിക്കാവുന്ന സമയം കൂടിയായി ലോക്ക്ഡൗണ്‍കാലം. വീടും പരിസരവും വിശദമായി വൃത്തിയാക്കാനും പൂന്തോട്ടത്തിലെ മിനുക്കുപണികള്‍ക്കുമെല്ലാം സമയം ധാരാളമായിരുന്നു. ബുദ്ധിമുട്ടുകളുണ്ടെങ്കിലും ശരിക്കുമൊരു റിഫ്രഷര്‍ കോഴ്‌സായാണ് ലോക്ക്ഡൗണിനെ കാണുന്നത്. തിരക്കുകള്‍ക്കിടയില്‍ മാറ്റിവച്ച താത്പര്യങ്ങളെല്ലാം പൊടിതട്ടിയെടുക്കാനും പുതുപാഠങ്ങള്‍ സ്വായത്തമാക്കാനും അവിചാരിതമായി ലഭിച്ച അവസരം. നമുക്കുമാത്രമല്ല, നാടിനും കൂടിയാണിതെന്നു തിരിച്ചറിഞ്ഞാല്‍ ലോക്ക്ഡൗണ്‍കാല പ്രയാസങ്ങളൊന്നും നമ്മെ അലട്ടില്ലെന്നതാണ് എന്റെ അനുഭവം. കൊവിഡ്19 തകിടം മറിച്ച കാര്യങ്ങള്‍ ട്രാക്കിലാകുവാന്‍ ഇനി എത്രകാലം വേണ്ടിവരുമെന്ന ചോദ്യം മനസിലുണ്ടെന്നതും പറയാതെ വയ്യ.

രോഗികളുടെ എണ്ണം കൂടുന്നത് ഭയപ്പെടുത്തി

റിയ തോമസ്

സ്റ്റാഫ് നഴ്‌സ്, അമൃത ആശുപത്രി, എറണാകുളം

കൊറോണ ബാധിതരുടെ എണ്ണം കൂടുന്നത് ഭയപ്പെടുത്തി. എങ്കിലും മഹാമാരിയെ നേരിടാന്‍ സജ്ജരായിരുന്നു ഞങ്ങള്‍. ലോക്ക്ഡൗണ്‍ മൂലം കുറേ സമയം വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞു. വീടും പരിസരവും വൃത്തിയാക്കാനും പാചക പരീക്ഷണമൊക്കെ നടത്താനും സമയം കിട്ടി. ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ വിളിച്ച് സൗഹൃദം വിപുലപ്പെടുത്താനും കഴിഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഒതുങ്ങി ജീവിക്കാന്‍ എല്ലാവരും പഠിച്ചുവെന്നതാണ് മറ്റൊരു സവിശേഷത. സര്‍ക്കാര്‍ പറയുന്ന സുരക്ഷാ മാനദങ്ങള്‍ എല്ലാവരും പാലിച്ചാല്‍ ഈ മഹാമാരിയെ നമുക്ക് വേഗത്തില്‍ തുടച്ചു നീക്കാനാവും.

പച്ചക്കറിത്തോട്ടം ഉണ്ടാക്കി

അഡ്വ.സ്മിത വിപിന്‍, ചേര്‍ത്തല


അപ്രതീക്ഷിതമായി കിട്ടിയ ഈ നിര്‍ബന്ധിത അവധി കാലം ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാനാണ് ഞാന്‍ പൂര്‍ണമായും വിനിയോഗിച്ചത്. ചീരയും പടവലവും പാവലും ഒക്കെയായി ഒരു പച്ചക്കറിത്തോട്ടം. ഇപ്പോള്‍ അവയെല്ലാം ഒരുവിധം വലുതായി കഴിഞ്ഞിരിക്കുന്നു. അതുകാണുമ്പോള്‍ മനസിന് വളരെയധികം ആഹ്ലാദമുണ്ട്. അതുപോലെതന്നെ തമിഴ്‌നാട്ടില്‍നിന്നുള്ള വിഷം കലര്‍ന്ന പച്ചക്കറിക്ക് താല്‍ക്കാലികമായി ഒരു അവധിയും കൊടുത്തു.

തയാറാക്കിയത്:
സീമ
ജോഷി ടി.വി
റിച്ചാര്‍ഡ് ജോസഫ്