മലയാളി മങ്കയാകാന്‍ ട്രഡീഷണല്‍ ആഭരണങ്ങള്‍
ചന്ദനക്കുറിയണിഞ്ഞ് കസവുസാരിയുടുത്ത് മുടിയില്‍ മുല്ലപ്പൂ ചൂടിയ മലയാളിമങ്കമാര്‍ ഓണക്കാല കാഴ്ചകളിലൊന്നാണ്. സെറ്റ് സാരിക്കൊപ്പം കേരളത്തനിമ നിലനിര്‍ത്തുന്ന ആകര്‍ഷകമായ ആഭരണങ്ങള്‍ കൂടി അണിഞ്ഞാലെ ആ അഴക് പൂര്‍ണമാകൂ. ഓണക്കാല ആഭരണങ്ങളില്‍ ട്രെന്‍ഡി ഐറ്റം ട്രഡീഷണല്‍ ആഭരണങ്ങള്‍ തന്നെയാണ്. പണ്ടൊക്കെ മുത്തശിയുടെയോ അമ്മയുടെയോ ആഭരണപ്പെട്ടിയില്‍ നിന്ന് ഓണനാളില്‍ അണിയാന്‍ എന്തെങ്കിലുമൊന്ന് സിലക്ട് ചെയ്യുമായിരുന്നു. സ്വര്‍ണവിലയിലെ കുതിച്ചുചാട്ടം മൂലം പുതിയ ആഭരണങ്ങളൊന്നും ഓണക്കാലത്തേക്കായി വാങ്ങാന്‍ ന്യൂജെന്‍ പെണ്ണുങ്ങള്‍ തയാറല്ല. മുമ്പ് വാങ്ങിവച്ചിട്ടുള്ള ട്രഡീഷണല്‍ ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഒ.കെ. അല്ലാത്തവര്‍ക്കായി വണ്‍ഗ്രാം ഗോള്‍ഡില്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളാണ് വിപണിയിലുള്ളത്. അത്തം പിറക്കുന്നതു മുതല്‍ ഇതൊക്കെ വാങ്ങാന്‍ വന്‍തിരക്കാണ്. മാല, വള, കമ്മല്‍, മോതിരം ഇവയിലെല്ലാം ഒരു ട്രഡീഷണല്‍ ടച്ച് വേണമെന്നത് ന്യൂജെന്‍ ഗാല്‍സിന് നിര്‍ബന്ധമാണ്.

സൂപ്പര്‍ ലുക്കു തരും മാലകള്‍

പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി, അഡ്‌ലും പതക്കവും ഇവയ്ക്കാണ് ട്രഡീഷണല്‍ ആഭരണങ്ങളില്‍ എന്നും ഡിമാന്‍ഡ്. കേരളസ്റ്റൈലിലുള്ള വേഷങ്ങള്‍ക്കൊപ്പം ഇവ അണിഞ്ഞാല്‍ സൂപ്പര്‍ലുക്കാണ്. പാലയ്ക്കാ മാലകളിലും വളകളിലും സാധാരണ കാണാറുളള കല്ലുകളില്‍ പുതുമ വന്നുകഴിഞ്ഞു. പച്ചക്കല്ലുകള്‍ക്കു പകരം മെറൂണ്‍, വയലറ്റ്, മെജന്ത, ചുവപ്പ് നിറങ്ങളിലുള്ള കളര്‍ഫുള്‍ കല്ലുകള്‍ പതിപ്പിച്ച പാലയ്ക്കാ മാലയ്ക്കും വളകള്‍ക്കും കമ്മലിനും മോതിരത്തിനുമൊക്കെ ആവശ്യക്കാര്‍ ഏറെയാണ്.

മുല്ലമൊുമാല, കാശുമാല, ഇളക്കത്താലി, അവില്‍മാല, കരിമണിമാല, ലക്ഷ്മിമാല, ദശാവതാരം മാല ഇവയെല്ലാം ട്രഡീഷണല്‍ ആഭരണങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു.

ജിമുക്കി ജിമുക്കി

കാലമെത്ര കഴിഞ്ഞിട്ടും കമ്മലുകളുടെ വിഭാഗത്തില്‍ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മുത്തുപിടിപ്പിച്ചതുമായ ജിമുക്കികള്‍ പെണ്‍കുട്ടികള്‍ക്കെന്നും പ്രിയപ്പെട്ടതാണ്. തട്ടുതട്ടുകളായി മുത്തും ഞാത്തുമൊക്കെ പിടിപ്പിച്ച ജിമുക്കികളില്‍ സിംഗിള്‍ സ്റ്റോണും മള്‍ട്ടി കളര്‍ സ്‌റ്റോണുമൊക്കെയുണ്ട്. വലിയ സൈസിലുള്ള ജിമുക്കികള്‍ക്കാണ് എപ്പോഴും ആവശ്യക്കാര്‍ കൂടുതല്‍. ഇവ കൂടാതെ കാശു കമ്മല്‍, പാലയ്ക്കാ കമ്മല്‍, മാങ്ങാ കമ്മല്‍, കല്ലു കമ്മല്‍ ഇവയ്‌ക്കെല്ലാം ആരാധകരുണ്ട്.
ട്രെന്‍ഡി വളകള്‍

വളകളില്‍ കാശുവള, പാലയ്ക്കാവള, അഷ്ടലക്ഷ്മി വള, ദശാവതാരം വള എന്നിവയും ഇന്നും ട്രെന്‍ഡി തന്നെ. മുണ്ടും നേര്യതിനുമൊപ്പം പച്ചയും നീലയും നിറത്തിലുള്ള പാലയ്ക്കാവള അണിയാം. നേര്‍ത്ത വളകള്‍ അണിയാനാണു ടീന്‍സിന് ഇഷ്ടം. മൂന്നോ നാലോ കമ്പിവളകള്‍ അണിയാം.

മോതിരത്തില്‍ ഗന്ധര്‍വമോതിരം

മോതിരങ്ങളിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് ഗന്ധര്‍വമോതിരമാണ്. നിറയെ കല്ലുകള്‍ പിടിപ്പിച്ച ഈ മോതിരം കണ്ടാല്‍ ഒരുഒന്നൊന്നര ലുക്കുവരും. ഈ ഒരൊറ്റ പീസ് അണിഞ്ഞാല്‍ത്തന്നെ വിരല്‍ മിന്നിത്തിളങ്ങും. വട്ടത്തിലും ചതുരത്തിലും ത്രികോണത്തിലുമൊക്കെ കൈവിരലുകള്‍ക്ക് ചന്തം നല്‍കാന്‍ മോതിരങ്ങള്‍ ഏറെയാണ്.

ചെയ്ഞ്ച് വേണ്ടവര്‍ക്കായി ആന്റിക് കളക്ഷന്‍സ്

വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് യുവത്വം. അതുകൊണ്ടുതന്നെ കേരളസാരിക്കൊപ്പം ആന്റിക് കളക്ഷന്‍സിനോട് ഇന്ന് പ്രിയമേറുകയാണ്. വലംപിരി ശംഖിന്റെ ഡിസൈനിലുള്ള കമ്മലും അതേ പെന്‍ഡന്റ് വരുന്ന മാലയും സാരിക്കൊപ്പം അണിയുന്നതും ട്രെന്‍ഡാണ്. കറുത്ത നേര്‍ത്ത ചരടിലെ ഒറ്റ പെന്‍ഡന്റും മിറര്‍ വര്‍ക്കിലുള്ള സില്‍വര്‍ പെന്‍ഡന്റും ഇന്നും ഹിറ്റ് ലിസ്റ്റില്‍ തന്നെയുണ്ട്.

ചുറ്റും സ്റ്റോണ്‍ പതിച്ച് നേര്‍ത്ത ഡിസൈനിലുള്ള ആന്റിക് വളയാണ് മറ്റൊരു സ്റ്റൈല്‍. കേരളസാരിക്ക് ഇത് നന്നായി ചേരും. ആന്റിക് കമ്മലും മാലയും വളയും മാത്രമല്ല മോതിരവുമുണ്ട്. കെമ്പു സ്റ്റോണ്‍ പതിപ്പിച്ച മോതിരത്തിനും ആവശ്യക്കാരുണ്ട്. പച്ചയും ചുവപ്പുമാണ് സ്റ്റോണിലുള്ളത്.

മുത്തിനും പ്രിയം

പേള്‍ ഇയര്‍ റിംഗ്‌സും മുത്തു പതിച്ച പേള്‍ നെക്ലേസ് സെറ്റും കസവു സാരിക്ക് നന്നായി ഇണങ്ങും. വെള്ള നിറത്തിലുള്ള മുത്തുകള്‍ക്കാണ് ഡിമാന്‍ഡ്.

സീമ മോഹന്‍ലാല്‍