പായസ മധുരം
സ്‌പെഷല്‍ പാചകത്തില്‍ അഞ്ചുതരം പായസങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ മധുരം നുണയാം...

കടല പരിപ്പ് പ്രഥമന്‍

ചേരുവകള്‍
1. കടല പരിപ്പ് -അരക്കിലോ
2. ശര്‍ക്കര -ഒന്നേകാല്‍ കിലോ
3. ചൗവരി -50 ഗ്രാം
4. നാളികേരം ചെറുതായ് നുറുക്കിയത് - 50 ഗ്രാം
5. നെയ്യ് - 25 ഗ്രാം
6. ഏലക്കാപൊടി - ഒരു ടേബിള്‍ സ്പൂണ്‍
7. നാളികേരം -മൂന്ന് എണ്ണം
ഒന്നാം പാല്‍ -300 മില്ലി
രണ്ടാം പാല്‍ -ഒന്നര ലിറ്റര്‍
മൂന്നാം പാല്‍ -രണ്ടര ലിറ്റര്‍

തയാറാക്കുന്ന വിധം
കടല പരിപ്പ് കുക്കറില്‍ നന്നായി വേവിക്കുക. ഇതിലേക്ക് ശര്‍ക്കര ഇട്ട് അലിഞ്ഞുകഴിയുമ്പോള്‍ കുറച്ചു നെയ്യ് ഒഴിച്ചു ഇളക്കണം. തുടര്‍ന്ന് മൂന്നാം പാലും ചൗവരിയും ചേര്‍ത്ത് വറ്റിക്കുക. രണ്ടാം പാല്‍ ഒഴിച്ചു കുറുകുമ്പോള്‍ ഇറക്കി വച്ച് ഒന്നാം പാലും നാളികേരം നെയ്യില്‍ വറുത്തതും ഏലക്കാപൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങാം.

പാല്‍പ്പായസം

ചേരുവകള്‍
1. നുറുക്കരി - 250 ഗ്രാം
2. പഞ്ചസാര -ഒരു കിലോ
3. പാല്‍ -രണ്ടര ലിറ്റര്‍
4. ഏലക്കാപ്പൊടി -ഒരു ടീ സ്പൂണ്‍

തയാറാക്കുന്ന വിധം
അരിയും രണ്ടു ലിറ്റര്‍ വെള്ളവും മുക്കാല്‍ ലിറ്റര്‍ പാലും ഒഴിച്ച് വേവിക്കുക. ഇതിലേക്ക് ബാക്കി പാല്‍ ഒഴിച്ചു കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വറ്റിക്കണം. എന്നിട്ട് ഏലക്കാപ്പൊടി ചേര്‍ത്ത് ഉപയോഗിക്കാം.

മാമ്പഴ പ്രഥമന്‍

ചേരുവകള്‍
1. മാമ്പഴം തോല്‍ കളഞ്ഞു നുറുക്കിയത് -500 ഗ്രാം
2. ശര്‍ക്കര- 400 ഗ്രാം
3. ചൗവരി -20 ഗ്രാം
4. കശുവണ്ടി കുതിര്‍ത്ത് അരച്ചത് -10 ഗ്രാം
5. ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് എല്ലാം കൂടി - രണ്ടു ടേബിള്‍ സ്പൂണ്‍
6. കശുവണ്ടി നെയ്യില്‍ വറുത്തത് - 30 ഗ്രാം
7. നെയ്യ് - അഞ്ച് ടേബിള്‍ സ്പൂണ്‍
8. നാളികേരത്തിന്റെ ഒന്നാം പാല്‍ - 300 മില്ലി, രണ്ടാം പാല്‍ - ഒന്നര ലിറ്റര്‍
9. വെണ്ണ -കുറച്ച്

തയാറാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കര ഇട്ട് രണ്ടു ലിറ്റര്‍ വെള്ളം ഒഴിച്ച് തിളപ്പിച്ച് പാനി അരിച്ച് എടുക്കുക. ഇതിലേക്ക് നുറുക്കിയ മാങ്ങാ ഇട്ട് വേവിക്കണം. രണ്ടാം പാലിന്റെ പകുതിയും ചൗവരിയും ചേര്‍ത്ത് കുറുകുമ്പോള്‍ ബാക്കി രണ്ടാം പാലും അരച്ച കശുവണ്ടിയും ചേര്‍ത്ത് വറ്റിക്കുക. ഒന്നാം പാലും, 4, 5, 6, 9 ചേരുവകളും ചേര്‍ത്ത് ഉപയോഗിക്കുക.


ബദാം ഘീര്‍ പായസം

ചേരുവകള്‍
1. ബദാം - ഒരു കപ്പ്
2. പാല്‍ -ഒന്നര ലിറ്റര്‍
3. കശുവണ്ടി, പിസ്ത എന്നിവ നെയ്യില്‍ വറുത്തത് - രണ്ടും കൂടി 30 ഗ്രാം
4. വെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
5. മില്‍ക്ക് പൗഡര്‍ -മൂന്ന് ടീസ്പൂണ്‍
6. നെയ്യ് - അഞ്ച് ടേബിള്‍ സ്പൂണ്‍
7. പഞ്ചസാര -അരക്കപ്പ്
8. കണ്ടന്‍സ്ഡ് മില്‍ക്ക് - അഞ്ച് ടേബിള്‍ സ്പൂണ്‍
9. കുങ്കുമപൂവ് -ഒരു നുള്ള്

തയാറാക്കുന്ന വിധം
ബദാം ചൂടുവെള്ളത്തിലിട്ട് തോല്‍ കളഞ്ഞ് മിക്‌സിയില്‍ നന്നായി അരയ്ക്കുക. പാനില്‍ പാലും കുങ്കുപൂവും ചേര്‍ത്ത് നന്നായി തിളപ്പിക്കണം. ഇതിലേക്ക് അരച്ച ബദാം ചേര്‍ത്ത് കുറുക്കുക. മറ്റൊരു പാനില്‍ വെണ്ണയിട്ട് ഉരുകുമ്പോള്‍ പാല്‍പ്പൊടി ചേര്‍ത്ത് ഒന്നുകൂടി ചൂടാക്കി തിളയ്ക്കുന്ന പാലിലേക്ക് ഒഴിച്ചു കുറുക്കണം. നന്നായി കുറുകി വരുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്കും പഞ്ചസാരയും ചേര്‍ത്ത് വറ്റിക്കുക. നെയ്യില്‍ കശുവണ്ടി വറുക്കണം. വറുത്ത കശുവണ്ടിയും വെണ്ണയും ചേര്‍ത്ത് ഉപയോഗിക്കാം.

പൈനാപ്പിള്‍ - മത്തങ്ങാ പായസം

ചേരുവകള്‍
1. പൈനാപ്പിള്‍ നുറുക്കിയത് - 250 ഗ്രാം
2. മത്തന്‍ - 200 ഗ്രാം
3. ശര്‍ക്കര - 500 ഗ്രാം
4. നെയ്യ് - അഞ്ച് ടേബിള്‍ സ്പൂണ്‍
5. കശുവണ്ടി, ഉണക്കമുന്തിരി, ഏലക്ക എന്നിവ പൊടിച്ചത് -കുറച്ച്
6. കശുവണ്ടി, നാളികേരം എന്നിവ നെയ്യില്‍ വറുത്തത് -പാകത്തിന്
7. നാളികേരം - ഒന്നര മുറി
(ഒന്നാം പാല്‍ -250 മില്ലി
രണ്ടാം പാല്‍ - ഒരു ലിറ്റര്‍
മൂന്നാം പാല്‍ -രണ്ടു ലിറ്റര്‍)

തയാറാക്കുന്ന വിധം
ഉരുളിയില്‍ കുറച്ച് നെയ്യ് ഒഴിച്ച്, ആറാമത്തെ ചേരുവകള്‍ വറുത്തെടുത്തു വയ്ക്കുക. ആ നെയ്യില്‍ പൈനാപ്പിള്‍, മത്തന്‍ എന്നിവ ചേര്‍ത്ത് ഇളക്കി മൂന്നാം പാലില്‍ വേവിക്കുക. ശര്‍ക്കരയും രണ്ടാം പാലും ഒഴിച്ച് കുറുകുമ്പോള്‍ ഒന്നാം പാലും അഞ്ച്, ആറ് ചേരുവകളും ചേര്‍ത്ത് ഇളക്കണം. പൈനാപ്പിള്‍- മത്തങ്ങ പായസം തയാര്‍.

പദ്മ സുബ്രഹ്മണ്യം
കാലടി