ഓണം മനസില്‍, ആഘോഷമില്ല: ശരത് ദാസ്
പ്രളയം തീര്‍ത്ത കേരളത്തിന്റെ മുഖമാണ് എപ്പോഴും ശരത് ദാസിന്റെ മനസില്‍. രണ്ടു വര്‍ഷമായി ശരിക്കും ഓണം ആഘോഷിക്കാറില്ല. പ്രളയത്തിന്റെ തീവ്രതയില്‍ കേരളം തേങ്ങുമ്പോള്‍ എങ്ങനെ ആഘോഷിക്കാന്‍ സാധിക്കുമെന്ന മറുചോദ്യമാണു ശരത് ഉയര്‍ത്തുന്നത്.

അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടിട്ടും ശരത് ഇന്നും ആരാധകരുടെ നിത്യഹരിത നായകനാണ്. മഹാഭാരതത്തിലൂടെ ശ്രീകൃഷ്ണനായി വിലസിയ ശരത് ദാസ് ആദ്യമായി ഒരു നെഗറ്റീവ് കാരക്ടര്‍ ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ഓണത്തിനുണ്ട്. ഭ്രമണം എന്ന സീരിയലിലെ ശരത്തിന്റെ വില്ലന്‍ വേഷം ഇതിനകം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. അത്രമാത്രം കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതിന്റെ സന്തോഷം ശരത്തിന്റെ മനസിലുണ്ട്.

സിനിമ- സീരിയല്‍ രംഗത്തു കാല്‍നൂറ്റാണ്ട് പിന്നിട്ടു ഇപ്പോഴും സീരിയലിലും സിനിമയിലും ചോക്ലേറ്റ് ബോയിയായി വിലസുന്ന ശരത് ദാസ് തന്റെ ഓണചിന്തകള്‍ പങ്കുവയ്ക്കുന്നു.

പതിനാലു വര്‍ഷമായി ഓണമില്ല

കഴിഞ്ഞ പതിനാലു വര്‍ഷമായി ഓണം ആഘോഷിക്കാറില്ല. 2005ലെ ഓണനാളിലായിരുന്നു അച്ഛന്‍ മരിച്ചത്. അതിനുശേഷം ഓണം ശരിക്കും ആഘോഷിക്കാറില്ല. എന്നാല്‍ മധുരിക്കുന്ന ഓര്‍മകളാണു മനസിലുള്ളത്. അച്ഛന്റെ തറവാട് ആലുവയിലായിരുന്നു. കളിക്കാനും ഓടിനടക്കാനും ഇഷ്ടം പോലെ സ്ഥലം. അച്ഛന്റെയും അമ്മയുടെയും വീടുകളില്‍ ബന്ധുക്കള്‍ ഒന്നിച്ചു കൂടുന്നതും ഞങ്ങള്‍ മക്കള്‍ സംഘം ചേര്‍ന്നു കുട്ടിപ്പുരയുണ്ടാക്കുന്നതും പൂക്കളമിട്ടും ഊഞ്ഞാല്‍ കെട്ടി ആടുന്നതുമൊക്കെ ഇന്ന് സുഖമുള്ള ഓര്‍മയാണ്. അതെല്ലാം പുതിയ തലമുറയ്ക്കു ലഭിക്കാത്ത ഭാഗ്യമാണെന്നു തോന്നിയിട്ടുണ്ട്. ഇന്നതെല്ലാം റെഡിമെയ്ഡ് ഓണമാണ്. ഊഞ്ഞാല്‍ വരെ വാങ്ങാന്‍ കിട്ടും. ഓണത്തിനു വീട്ടില്‍ എന്നും ഉണ്ടാകണമെന്നാണ് ആഗ്രഹം. ഇന്നും അതിനു മാറ്റമില്ല. എന്നാല്‍ ഒഴിവാകാന്‍ സാധിക്കാത്ത ഷൂട്ടിംഗുകളില്‍ കുരുങ്ങിയിട്ടുണ്ട്. അപ്പോള്‍ ലൊക്കേഷനില്‍ ഓണം ആഘോഷിക്കും. അതും നല്ല ഓര്‍മകളാണ് സമ്മാനിച്ചിട്ടുള്ളത്.

പോറ്റമ്മയായി സീരിയല്‍

സിനിമയെന്നും അച്ഛനെപ്പോലെയും സീരിയല്‍ പോറ്റമ്മയെപ്പോലെയുമാണ്. സീരിയലുകളില്‍ അഭിനയിച്ചതെത്ര എന്നു ചോദിച്ചാല്‍ നൂറുവരെ എണ്ണി നോക്കിയിട്ടുണ്ട്. പിന്നെ നിര്‍ത്തി. മെഗാസീരിയലുകളിലും ചെറുസീരിയലുകളിലും ഓടിനടന്ന് അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും ജീവിതത്തില്‍ അദ്ഭുതം മാത്രമേ നടന്നിട്ടുള്ളൂ. അച്ഛനെപോലെ ഒരു കഥകളി ഗായകനാകാന്‍ ആഗ്രഹിച്ച സമയങ്ങള്‍. പിന്നീട് മൃദംഗം വായിക്കാന്‍ പഠിച്ചു കച്ചേരിക്കു പോകാനും ഗായകനാകാനും ആഗ്രഹിച്ചു. എന്നാല്‍ നമ്മുടെ കണക്കുകൂല്‍ എല്ലാം മാറുമെന്ന് എന്റെ ജീവിതം തെളിയിച്ചു. ഒരിക്കലും ചിന്തിക്കാത്ത വേദിയിലാണ് എത്തിച്ചേര്‍ന്നത്. കലാകുടുംബമായിരുന്നു. അച്ഛനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വന്ന ഷാജി എം.കരുണ്‍ സാര്‍ എന്റെ ഫോട്ടോ കണ്ട് എന്നെ വിളിക്കുന്നു. സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ച സമയങ്ങള്‍. പിന്നീട് സീരിയലില്‍ നിന്നു മാറി നില്‍ക്കാനും മറ്റൊരു തൊഴില്‍ നേടാന്‍ സിഎ പഠിക്കാനും പ്രാക്ടീസ് ചെയ്യാനും ശ്രമിച്ചു. എന്നാല്‍ രാജസേനന്‍ സാര്‍ വീണ്ടും ഭാഗ്യനക്ഷത്രം എന്ന സീരിയലുമായി വന്നു. അത് എന്റെ ഭാഗ്യനക്ഷത്രമായി. അവസാനം ഇപ്പോള്‍ ഭ്രമണത്തില്‍ വന്നു നില്‍ക്കുന്നു. നെഗറ്റീവ് കഥാപാത്രമാണ്. ഒരു മാറ്റത്തിനുവേണ്ടിയാണ് നെഗറ്റീവ് കഥാപാത്രം സ്വീകരിച്ചത്. ശരിക്കും ഞാനൊരു പാവമാണ്. സംവിധായകനോടും നിര്‍മാതാവിനോടും നന്ദി മാത്രം. അത്രമാത്രം പ്രതികരണമാണ് വരുന്നത്.

കലാകുടുംബം

അച്ഛന്‍ വെണ്‍മണി ഹരിദാസ് മൃണാളിനി സാരാഭായിയുടെ ദര്‍പ്പണയില്‍ ഗായകനായിരുന്നു. കലാമണ്ഡലത്തില്‍ നിന്നു കഥകളി സംഗീതം പഠിച്ച അച്ഛന്‍ അഹമ്മദാബാദിലേക്കു പോയി. മല്ലിക സാരാഭായിയുടെ അരങ്ങേറ്റത്തിനൊക്കെ അച്ഛനാണ് പാടിയത്. പിന്നീട് തിരുവനന്തപുരത്ത് മാര്‍ഗിയില്‍ അധ്യാപകനായി. അമ്മ സരസ്വതി. അനിയന്‍ ഹരിത് ദാസ്. ഒരു വയസുള്ളപ്പോഴാണ് കുടുംബം ആലുവയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്നത്.

സംഗീതത്തോട് അടങ്ങാത്ത ആഗ്രഹമുണ്ട്. 12 വര്‍ഷം മൃദംഗം പഠിച്ചു. കച്ചേരിയില്‍വരെ വായിക്കാനുള്ള രീതിയില്‍ വളര്‍ന്നിരുന്നു. അച്ഛന്റെ വേര്‍പാട് മനസിനെ പിടിച്ചുകുലുക്കി. ഒരിക്കല്‍പോലും എന്റെ ആഗ്രഹത്തിന് അച്ഛന്‍ എതിരു നിന്നിട്ടില്ല. അച്ഛനെപ്പോലെ കഥകളി ഗായകനാകണമെന്ന് അറിയിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു.'മോനെ, പണ്ടത്തെപോലെ കഥകളിക്കൊന്നും വല്യസാധ്യതയില്ലാത്ത കാലമാണ് വരുന്നത്.' എങ്കിലും അച്ഛന്‍ എതിരുനിന്നില്ല. രാത്രി മുഴുവന്‍ കഷ്ടപ്പെടുന്ന അച്ഛനെയാണ് കണ്ടിരിക്കുന്നത്. രാവിലെ വന്നു കിടന്നുറങ്ങും. എന്നാല്‍ സീരിയലും സിനിമയും അച്ഛനെ സഹായിക്കാന്‍ എന്നെ പ്രാപ്തനാക്കി. അച്ഛന്റെ ബുദ്ധിമുട്ട് കണ്ടു വളര്‍ന്നതാണ് ഞാന്‍. അതുകൊണ്ടു തന്നെ അച്ഛനൊപ്പം കുടുംബത്തെ വളര്‍ത്താന്‍ സാധിച്ചുവെന്നതാണ് സന്തോഷം.

അഭിനയ രംഗത്തേക്ക്

അച്ഛനും ഞാനും ഒന്നിച്ചു സിനിമയില്‍ എത്തി എന്ന അദ്ഭുതം പോലും ജീവിതത്തില്‍ സംഭവിച്ചു. അച്ഛനെ കാണാനും അഭിനയിപ്പിക്കാനും എത്തിയവര്‍ എന്റെ ഫോട്ടോ കണ്ട് എന്നെയും തെരഞ്ഞെടുക്കുകയായിരുന്നു. 15ാം വയസിലായിരുന്നു ഷാജി എന്‍ കരുണ്‍ സാറിന്റെ സ്വം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. അതില്‍ അച്ഛനും മകനുമായി

ഞങ്ങള്‍ അഭിനയിച്ചു. അതിനു ശേഷം 25 സിനിമകളില്‍ അഭിനയിച്ചു. പത്രം, സമ്മോഹനം, എന്റെ ജാനകിക്കുട്ടിക്ക്, ദേവദൂതന്‍, മധുരനൊമ്പരക്കാറ്റ്, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, നാുരാജാവ്, സ്‌നേഹദൂത് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചു. ഷാജി എം കരുണ്‍, ഹരിഹരന്‍, ജോഷി, കമല്‍, ഐ.വി.ശശി, സിബി മലയില്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനും കഴിഞ്ഞു. ശ്രീമഹാഭാരതം, അലാവുദ്ദീന്റെ അഭ്ഭുതവിളക്ക്, ഹരിചന്ദനം, മിന്നുകെട്ട്, നിഴലുകള്‍, അക്ഷയപാത്രം, അങ്ങാടിപ്പാട്ട്, ദ ഓഫീസര്‍ തുടങ്ങിയ സീരിയലുകള്‍ മികച്ചവയായിരുന്നു. ഇതിനിടയില്‍ രംഗോളി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായി. ഇപ്പോള്‍ സിനിമയില്‍ അധികം ശ്രദ്ധിക്കുന്നില്ല. സീരിയലുകളാണെങ്കിലും ഓടിനടന്നു ചെയ്യാനില്ല. ഒരെണ്ണം മതി എന്ന നിലപാടാണ്.

കുടുംബമാണ് ശക്തി

സീരിയലുകള്‍ ഓടിനടന്നു ചെയ്യാത്തതിന് ഒരു കാരണമുണ്ട്. കുടുംബത്തിനു പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. ഭാര്യ മഞ്ജു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സീനിയര്‍ ഓഡിയോളജിസ്റ്റാണ്. മഞ്ജുവിനു നല്ല തിരക്കുണ്ട്. ഞങ്ങള്‍ രണ്ടുപേരും തിരക്കിന്റെ ലോകത്തിലേക്ക് എത്തിയാല്‍ മക്കളുടെ കാര്യം നോക്കാന്‍ പറ്റാതെ വരും. സീരിയല്‍ ഷൂട്ടിംഗില്ലാത്ത സമയത്തു മക്കളോടൊപ്പം കഴിയുന്നതാണ് താല്‍പര്യം. മൂത്തമകള്‍ വേദ ശരത് ഏഴാം ക്ലാസില്‍, ഇളയ കുട്ടി ധ്യാന ശരത് മൂന്നാം ക്ലാസില്‍. ഇരുവരും ക്രൈസ്റ്റ്‌നഗറില്‍ പഠിക്കുന്നു. വേദ നന്നായി പാടും. രണ്ടുമക്കളെയും കളരി പഠിപ്പിക്കുന്നുണ്ട്.

ആരോഗ്യരഹസ്യം

ആരോഗ്യം നിലനിര്‍ത്താന്‍ അധിക വ്യായാമ മുറകളൊന്നുമില്ല. പ്യൂവര്‍ വെജിറ്റേറിയനാണ്. യോഗ ചെയ്യുന്നുണ്ട്. ജ്യൂസും പച്ചക്കറികളുമാണ് ഇഷ്ടം. പെെന്നു തടിക്കുന്ന ശരീരപ്രകൃതമല്ല. നോണ്‍വെജ് എനിക്ക് ശരിയാകില്ല.

ജോണ്‍സണ്‍ വേങ്ങത്തടം