ടിപ്‌സ് ഫോര്‍ ഹാപ്പി ലൈഫ്
പ്രകൃതിയോട് ഇഷ്ടം തോന്നി പ്രകൃതിയിലേക്കിറങ്ങി വീഡിയോ എടുത്തതും ഫോട്ടോയെടുത്തതും വെറുതെയായില്ലെന്ന് ആനി യൂജിന്‍ പറയും. നിഷ്‌കളങ്കമായ ചിരിയില്‍ ആനി കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാഴ്ചക്കാരില്‍ ഏറെയും സാധാരണക്കാര്‍ തന്നെ യാണ്. അതുകൊണ്ടുതന്നെ ആനി യൂജിന്‍ വീട്ടമ്മമാര്‍ക്കും കര്‍ഷകര്‍ക്കും പ്രിയപ്പെട്ടവളാണ്. ആനിയുടെ കാര്‍ഷിക സംബന്ധമായ വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇതിന്റെ നേട്ടം ആനി യൂജിനും കര്‍ഷകര്‍ക്കും ഒരു പോലെയുണ്ടായി. ലക്ഷക്കണക്കിനാളുകളാണ് ആനി യൂജിന്റെ സന്ദേശത്തിനും വാര്‍ത്തയ്ക്കും കാത്തിരിക്കുന്നത്. രണ്ട് ചാനലുകള്‍ ആനി തുടങ്ങിയിട്ടുണ്ട്. രണ്ടും യുട്യൂബിലാണ്. ഒന്ന് കൃഷി ലോകം. രണ്ട് ടിപ് ഫോര്‍ ഹാപ്പി ലൈഫ്. ഈ ചാനലുകള്‍ കാണുന്നവരുടെ എണ്ണം പത്തു ലക്ഷം വരും. കൃഷിലോകത്തിന്റെ പ്രേക്ഷകര്‍ 3,09,282 പേരാണ്. ടിപ് ഫോര്‍ ഹാപ്പി ലൈഫ് പിന്‍തുടരുന്നതു 6,63,080 പേരും. യുട്യൂബ് ആദരിച്ച പ്രധാനികളില്‍ ആനി യൂജിന്‍ എന്ന വീട്ടമ്മയുണ്ടായിരുന്നു. പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ ആനിക്ക് പാരിതോഷികമായി ലഭിക്കുന്നുണ്ട്.

എറണാകുളം വെണ്ണലയിലാണ് ആനി ഇപ്പോള്‍ താമസിക്കുന്നത്. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിയായ ആനി യൂജിന്‍, അങ്കമാലി കറുകുറ്റി ഇടക്കുന്ന് പുത്തേന്‍വീട്ടില്‍ പി.എ.സ്റ്റീഫന്റെ ജീവിതസഖിയായി എത്തിയതോടെയാണ് ജീവിതം മാറിയത്. കൃഷിയെ ഒത്തിരി ഇഷ്ടപ്പെടുന്ന കുടുംബത്തില്‍ വന്നുകയറിയതാണ് ആനിയെ മാറ്റിയെടുത്തത്. കുറച്ചു സ്ഥലത്ത് കൃഷി ചെയ്തു വിഷമില്ലാത്ത ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ച ആനിയും സ്റ്റീഫനും ഒന്നിച്ചു കൃഷി ചെയ്തു. കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടുപേരും കൃഷി ചെയ്തതു ലാഭം നോക്കിയല്ല. പച്ചക്കറിയും മറ്റ് ഉല്പന്നങ്ങളും കടയില്‍ കൊണ്ടു വിറ്റു പണം ഉണ്ടാക്കാനുമല്ല. നല്ല ഗുണമുള്ളതു ഭക്ഷിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. ഭര്‍ത്താവിനൊപ്പം കൃഷി ചെയ്യുമ്പോഴും കൃഷിഫാമുകള്‍ സന്ദര്‍ശിക്കുമ്പോഴും ആനി അവിടെ നിന്ന് ചെറിയ വീഡിയോകള്‍ എടുത്തു.

ഹോബിയില്‍ തുടക്കം

ഹോബിയില്‍ തുടങ്ങി സീരിയസായ ബിസിനസിലേക്കു ചുവടുവച്ച കഥയാണ് ആനി യൂജിനു പറയാനുള്ളത്. 2012ലാണ് ഹോബി ആരംഭിക്കുന്നത്. ഇഷ്ടപ്പെട്ട ഫോട്ടോകളെടുത്തു യൂട്യൂബിലിടുന്നതായിരുന്നു ആനി യുടെ ഹോബി. ഇഷ്ടപ്പെട്ട ചിത്രങ്ങളൊന്നും നഷ്ടപ്പെടാതെയിരിക്കാന്‍ യുട്യൂബിലിട്ടു. ഇഷ്ടപ്പെട്ട കൃഷിയെ പരിചയപ്പെടുത്തി വീഡിയോ എടുത്തിട്ടു. യാതൊരു എഡിറ്റിംഗുമില്ലാതെ യൂട്യൂബില്‍ സ്വന്തം ചാനലുണ്ടാക്കി ശേഖരിച്ചു. എന്നാല്‍ സഹോദരന്‍ യൂജിന്‍ ബോബിയാണ് ആനിക്ക് ഉപദേശം നല്‍കി ആദ്യം രംഗത്തു വന്നത്. നല്ലൊരു കാമറ വാങ്ങി നല്ല പടമെടുക്കാനും വീഡിയോ എടുക്കാനും ഉപദേശിച്ചു. വീഡിയോകള്‍ എഡിറ്റിംഗ് നടത്താതെ ഇടുകയായിരുന്നു പതിവ്. എന്നാല്‍ പിന്നീട് അതു കണ്ടവര്‍ ഉപദേശവുമായി വന്നു. അപ്പോഴാണ് ഇതെല്ലാം ആളുകള്‍ കാണുന്നുണ്ടെന്ന് ആനി അറിഞ്ഞത്. അന്നു പ്രേക്ഷകരില്‍ നിന്നു കിട്ടിയ ഉപദേശം ആനിക്ക് അവാര്‍ഡിനു സമാനമായിരുന്നു. പതുക്കെ പതുക്കെ ഇതൊരു ഹരമായി മാറി.രണ്ടു ചാനലുകള്‍

തുടക്കം കൃഷിയിലായിരുന്നു. കൃഷിലോകം ആരംഭിച്ചു. ഇപ്പോള്‍ ടിപ് ഫോര്‍ ഹാപ്പി ലൈഫ് എന്ന ചാനലും തുടങ്ങി. ലക്ഷക്കണക്കിനാളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം കൃഷിയെ പരിചയപ്പെടുത്താനും തുടങ്ങി. കര്‍ഷകര്‍ ആവശ്യപ്പെടുന്ന രീതിയില്‍ കഥകള്‍ അവതരിപ്പിച്ചു. സാധാരണക്കാര്‍ക്കും കൃഷിയെ ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടമാകുന്നുവെന്നു പ്രതികരണം തെളിയിക്കുന്നു. ഇതെല്ലാം പെട്ടെന്നു വിജയിച്ചതാണെന്നു വിചാരിക്കരുത്. എപ്പോഴും വിജയിക്കണമെന്നുമില്ല. 2012ല്‍ തുടങ്ങിയിട്ടും വര്‍ഷങ്ങള്‍ക്കു ശേഷമാണ് എനിക്കു വിജയിക്കാന്‍ സാധിച്ചത്. എപ്പോഴും ആക്ടീവായിരിക്കുക. പരിശ്രമിക്കുന്നവര്‍ക്കു വിജയിക്കാന്‍ സാധിക്കും.

കര്‍ഷകരെ ലോകത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുക, അവരുടെ കൃഷി അറിവുകള്‍ പങ്കുവയ്ക്കുക, നമ്മുടെ നാട്ടില്‍ വളരുന്ന നാടന്‍ ഇനങ്ങളും വിദേശ ഇനങ്ങളുമായ ചെടികള്‍ ചാനലിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുക, കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുക, സ്ഥലം ഇല്ലാത്തവര്‍ക്കുപോലും വിഷരഹിതമായ കറിവേപ്പിലയും ചീരയും പച്ചമുളകും ഉല്പാദിപ്പിക്കാന്‍ ഒരു പ്രചോദനം നല്‍കുക. ഇതൊക്കെയാണ് ചാനലിലൂടെ ഞാന്‍ ലക്ഷ്യം വയ്ക്കുന്നത് ആനി യുടെ വാക്കുകള്‍ ഇങ്ങ്യൂെ.

കുടുംബത്തിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണയും സഹായവുമാണ് ശക്തി. കൃഷിലോകത്തിലേക്കു വാര്‍ത്തകളും വീഡിയോകളും എടുക്കുന്നതിനു കൂടെ എപ്പോഴും സ്റ്റീഫന്‍ ഉണ്ടാകും. ഇതിനായി എത്ര യാത്രകള്‍ ചെയ്യാനും അദ്ദേഹം ഒരുക്കമാണ്. സഹോദരന്‍ യൂജിന്‍ ബോബിയുടെ പിന്തുണയും ചെറുതല്ല. എപ്പോഴും സഹായവുമായി മകന്‍ സ്റ്റെഫിനുമുണ്ട്. കറുകുറ്റിയില്‍ കുടുംബവീതമായി സ്ഥലമുണ്ട്. ഇവിടെ കൃഷി ചെയ്യുന്നത് ഒരു ഹരമാണ്. ഇതൊന്നും വില്പ്പന നടത്താനല്ല. ശുദ്ധമായ പച്ചക്കറി ലഭിക്കുമെന്നതാണ് സന്തോഷം. കൃഷിയെ അത്രമാത്രം ഇഷ്ടപ്പെടുന്നതും ഇതിനു വേണ്ടി മാത്രമാണ്. എനിക്കു ലഭിക്കു അറിവു മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുമ്പോഴുള്ള സന്തോഷം മനസിനു കുടുതല്‍ ശക്തിപകരുന്നു. ഇതിലൂടെ ധാരാളം കര്‍ഷകരുമായി ബന്ധപ്പെടാനും അറിവു നേടാനും അതു മറ്റുള്ളവരിലേക്കു പകരാനും സാധിച്ചിരിക്കുന്നു.

യുട്യൂബ് ചാനലിന്റെ വളര്‍ച്ച

യൂട്യൂബില്‍ കേരളത്തില്‍ നിന്നുള്ള ചാനലുകള്‍ വന്‍ കുതിപ്പ് നടത്തുന്നതായാണ് യൂട്യൂബ് ഇന്ത്യ വെളിപ്പെടുത്തുന്നത്. കേരളത്തില്‍ നിന്നുള്ള ചാനലുകളുടെ വളര്‍ച്ചാ നിരക്ക് 100 ശതമാനമാണ്. സമീപകാലത്ത് പൂജ്യത്തില്‍ നിന്നാണ് മലയാളികളുടെ ചാനലുകള്‍ യൂട്യൂബില്‍ വലിയ ശ്രദ്ധ നേടിയത്. ഇപ്പോള്‍ പത്തു ലക്ഷത്തിലേറെ സബ്സ്‌ക്രൈബര്‍മാരുള്ള 17 ചാനലുകളുണ്ട്. അഞ്ച് ലക്ഷം മുതല്‍ പത്തു ലക്ഷം വരെ സബ്സ്‌ക്രൈബര്‍മാരുള്ള 50 ചാനലുകളും ഒരു ലക്ഷത്തിന് മുകളില്‍ സബ്സ്‌ക്രൈബര്‍മാരുള്ള 40 ചാനലുകളുമുണ്ട്.

ജോണ്‍സണ്‍ വേങ്ങത്തടം