ആകാശവാണി മഹിളാലയം....
ആകാശവാണി മഹിളാലയം....
Tuesday, September 3, 2019 5:19 PM IST
ആകാശവാണി ശ്രോതാക്കള്‍ക്ക് ഒരിക്കലും മറക്കാന്‍കഴിയാത്ത ഒരു ശബ്ദമുണ്ട്, മഹിളാലയം ചേച്ചിയുടെ ശബ്ദസാന്നിധ്യമാണത്. വായനക്കാരുടെ കത്തുകള്‍ക്കു മറുപടിയുമായി അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും മഹിളാലയം പരിപാടിയില്‍ എത്തിയിരുന്ന ചേച്ചിയുടെ സംഭാഷണവും ചിരിയുമെല്ലാം ഇന്നും പഴയ റേഡിയോ ആസ്വാദകര്‍ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കുന്നു. ഇരുപത്താറുവര്‍ഷം നീണ്ട തന്റെ ആകാശവാണി ജീവിതത്തെക്കുറിച്ച് എസ്.സരസ്വതിയമ്മ രചിച്ച പുസ്തകമാണ് 'ആകാശത്തിലെ നക്ഷത്രങ്ങള്‍.' ആകാശവാണിയുടെ പ്രക്ഷേപണ ലോകത്തിന്റെ ഒരു ചരിത്രംകൂടി ഇതിലൂടെ വായിച്ചെടുക്കാം. ആകാശവാണി മഹിളാശിശുവിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച സരസ്വതിയമ്മ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിലും കുട്ടികളുടെ കലാമികവിലും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ആ അനുഭവങ്ങള്‍ എസ്.സരസ്വതിയമ്മ പങ്കുവയ്ക്കുന്നു...

ആകാശവാണിയിലേക്ക്

തിരുവിതാംകൂര്‍ ദിവാന്മാരുടെ വസതിയായിരുന്ന തിരുവനന്തപുരം ജഗതിയിലെ ഭക്തിവിലാസത്തില്‍ സ്ഥിതിചെയ്യുന്ന ആകാശവാണിയില്‍ 1965ലാണ് ഞാന്‍ എത്തുന്നത്. എന്റെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അഭിഭാഷകയായാണു തുടക്കം. അക്കാലത്താണ് ആകാശവാണിയില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടിയുള്ള പരിപാടിക്ക് പ്രൊഡ്യൂസറെ വേണം എന്ന പത്രപരസ്യം കാണുന്നത്. ആകാശവാണിയിലെ ഉദ്യോഗത്തിനുള്ള അപേക്ഷ അയയ്ക്കാന്‍ പറഞ്ഞത് എന്റെ ഭര്‍ത്താവ് കെ.യശോധരനാണ്.

ഇന്റര്‍വ്യൂവില്‍ ഒന്നാംറാങ്ക് എനിക്കും രണ്ടാംറാങ്ക് പി.കെ വീരരാഘവന്‍ നായര്‍ക്കു(പില്‍ക്കാലത്തെ ബാലലോക റേഡിയോ അമ്മാവന്‍) മായിരുന്നു. ചില കാരണങ്ങള്‍കൊണ്ട് വനിതകളുടെയും കുട്ടികളുടെയും പരിപാടി രണ്ടായി വിഭജിച്ചു. വിമന്‍സ് പ്രോഗ്രാം എന്റെ ചുമതലയിലായി. കുട്ടികളുടേത് വീരരാഘവന്‍ നായരുടേതും.

പിന്നീട് അഖിലേന്ത്യാതലത്തില്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ പ്രോഗ്രാം ഒന്നായപ്പോള്‍ എന്നെ അതിന്റെ പ്രൊഡ്യൂസറായി നിയമിച്ചു.

മഹിളാലയത്തിന്റെ സ്ത്രീസാരഥി

വനിതകള്‍ക്കുള്ള പരിപാടിയായ മഹിളാലയം നാമമാത്ര പ്രസക്തമായിരുന്ന കാലമായിരുന്നു അത്. വനിതകള്‍ ഇന്ന ഇന്ന കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍മതി എന്ന അധികാരികളുടെ കാഴ്ചപ്പാട് ആയിരുന്നു പരിപാടികളുടെ പ്രാധാന്യം കുറച്ചിരുന്നത്. വീട്ടമ്മമാരായ സ്ത്രീകള്‍ക്കു പാചകം, അടുക്കളത്തോ നിര്‍മാണം, ഗൃഹശുചീകരണം പിന്നെ തയ്യല്‍, തിരുവാതിരപ്പാട്ട്, ഭക്തിഗാനം എന്നിങ്ങനെ ഒരു ലോകം മതിയെന്ന ധാരണ ഉണ്ടായിരുന്നു. ഈ വിവേചനം എന്നെ വളരെയധികം വേദനിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഔദ്യോഗികമേഖല ഉള്‍പ്പെടെ പല രംഗത്തും സ്ത്രീകള്‍ തങ്ങളുടെ കൈമുദ്ര പതിപ്പിച്ചുതുടങ്ങിയ ഒരു കാലമായിരുന്നു അത്. പുരുഷനൊപ്പം തുല്യനീതിക്കും തുല്യവേതനത്തിനും വേണ്ടിയുള്ള ശ്രമങ്ങളും സ്ത്രീകള്‍ തുടങ്ങിയിരുന്നു. അതിനാല്‍തന്നെ മഹിളാലയം പരിപാടി പുനരാവിഷ്‌കരിക്കണം എന്ന് എനിക്കു തോന്നി. തുടക്കകാലത്ത് മൈനോറിറ്റി പ്രോഗ്രാം വിഭാഗത്തിലായിരുന്നു മഹിളാലയം. പിന്നെ വളരെയേറെ സവിശേഷ ശ്രോതാക്കള്‍ കേള്‍ക്കുന്ന സ്‌പെഷല്‍ ഓഡിയന്‍സ് വിഭാഗത്തിലേക്ക് ഉയര്‍ന്നു. എങ്കിലും ഇതിന്റെ പ്രക്ഷേപണത്തിനു പ്രധാന സമയം അധികാരികള്‍ ആദ്യം അനുവദിച്ചിരുന്നില്ല. പ്രൈം ടൈമിനു വേണ്ടി ഞാന്‍ ഏറെ പരിശ്രമിച്ചു. അങ്ങനെ ഉദ്യോഗസ്ഥകളായ സ്ത്രീകളെക്കൂടി കണക്കിലെടുത്ത് രാത്രിയിലുള്ള പ്രധാനസമയം (രാത്രി എട്ടിന്) ലഭിച്ചു.

വനിതാ പരിപാടിയില്‍ സാഹിത്യവിഷയങ്ങള്‍ വേണ്ട എന്ന തീരുമാനവും ഇതുപോലെ എനിക്കു മാറ്റാന്‍ സാധിച്ചു. സ്ത്രീകള്‍ എഴുതിയ കഥയും കവിതയുമൊക്കെ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതും നല്ലൊരു മാറ്റത്തിനു തുടക്കംകുറിച്ചു. ഞാന്‍ പുനരാവിഷ്‌കരിച്ച മഹിളാലയത്തിന്റെ അവതരണഗാനംതന്നെയാണ് ഇന്നും ആകാശവാണിയില്‍ നിലനില്‍ക്കുന്നതെന്ന കാര്യവും ആഹ്ലാദകരമാണ്. മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരന്മാരുടെ സാന്നിധ്യവും അന്നത്തെ മഹിളാലയത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു. അതുപോലെ ടി.എന്‍. ഗോപിനാഥന്‍ നായര്‍, ജഗതി എന്‍.കെ.ആചാരി തുടങ്ങിയ നാടകപ്രതിഭകള്‍ രചിച്ച നിരവധി നാടകങ്ങളും മഹിളാലയത്തിലൂടെ അവതരിപ്പിക്കപ്പെട്ടു.

? മലയാള സാഹിത്യലോകത്തിന്റെ മാതൃസാന്നിധ്യമായ ലളിതാംബിക അന്തര്‍ജനവുമായുള്ള ആത്മബന്ധവും മഹിളാലയത്തിന്റെ മാറ്റുരയ്ക്കലും

അതേ, അയുമായി എനിക്കുണ്ടായ സൗഹൃദം മഹിളാലയത്തിന്റെ മുന്നേറ്റത്തിന്റെ വലിയൊരു ചാലകശക്തിയാണ്. മഹിളാലയത്തിനുവേണ്ടി നിരവധി കഥകളും കവിതകളും അമ്മ എഴുതിയിരുന്നു.

മഹിളാലയത്തില്‍ പ്രക്ഷേപണം ചെയ്യാനായി എഴുതിനല്‍കിയ പ്രഭാഷണ പരമ്പരയാണ് പിന്നീട് സീത മുതല്‍ സത്യവതി വരെ എന്ന പുസ്തകമായി മാറിയത്. അന്തര്‍ജനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയായ അഗ്നിസാക്ഷിയുടെ പിറവിക്കു പിന്നിലും മഹിളാലയത്തിന്റെ പങ്കുണ്ട് എന്നു പറയുന്നതില്‍ അഭിമാനമുണ്ട്. ഒരു തുടര്‍നാടകം എഴുതിത്തരാന്‍ ഞാന്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ച കാരണമാണ് അമ്മ പ്രസാദം എഴുതിയത്. ഈ നാടകമാണ് പിന്നീട് അഗ്നിസാക്ഷിയായി മാറിയത്.

ശ്രോതാക്കളുടെ പ്രിയപ്പെട്ട മഹിളാലയം ചേച്ചി

വായനക്കാരുടെ കത്തുകള്‍ വായിക്കുന്ന പരിപാടി അക്കാലത്ത് ശ്രോതാക്കളുടെ പ്രിയപ്പെട്ട പരിപാടിയായി മാറിയിരുന്നു. കത്തുകള്‍ക്കുള്ള മറുപടി എന്നുള്ള നിലയിലല്ല, മറിച്ച് ഒരു സര്‍ഗാത്മക പരിപാടിപോലെയാണ് അവതരിപ്പിച്ചിരുന്നത്. ആദ്യകാലത്ത് ആകാശവാണി നിലയാംഗങ്ങളായ പ്രൊഡ്യൂസര്‍മാരോ പ്രോഗ്രാം ഓഫീസര്‍മാരോ തയാറാക്കുന്ന പരിപാടികള്‍ അവരുടെ പേര് പറയാതെയാണ് പ്രക്ഷേപണം ചെയ്തിരുന്നത്. വളരെ കഠിനപ്രയത്‌നം ചെയ്ത് സൃഷ്ടിക്കുന്ന പരിപാടിയില്‍പോലും സൃഷ്ടികര്‍ത്താവിന്റെ പേരു പറയാതെ നിലയാംഗം എന്നു മാത്രം ഉപയോഗിക്കുന്ന രീതി. ഞങ്ങള്‍ പ്രക്ഷേപകരെല്ലാവരും ശ്രോതാക്കള്‍ക്ക് നിലയാംഗങ്ങള്‍ മാത്രമായിരുന്നു. യഥാര്‍ഥ പേര് പറയാത്തതുകൊണ്ടുതന്നെ സ്ഥിരം പരിപാടിയുമായി ചേര്‍ത്ത് വിളിപ്പേരുകളുണ്ടായി. എഴുത്തുപെട്ടിച്ചേട്ടന്‍, റേഡിയോ അമ്മാവന്‍, മഹിളാലയം ചേച്ചി ഒക്കെ അങ്ങനെ വന്നതാണ്. എന്തായാലും മഹിളാലയം ചേച്ചി എന്ന നിലയില്‍ വളരെ നല്ല ബന്ധം ശ്രോതാക്കളുമായുണ്ടായി.

എഴുത്തുകാരികളായ സജിനി പവിത്രന്‍, കെ.പി ഭവാനി തുടങ്ങിയവര്‍ മഹിളാലയം ചേച്ചിക്കു നിരന്തരം കത്തെഴുതിയിരുന്നവരാണ്. സജിനി പവിത്രന്റെ ആദ്യകഥ വന്നതും മഹിളാലയത്തിലൂടെതന്നെയാണ്.

മഹിലാളയവും സ്ത്രീ ശാക്തീകരണവും

ടെലിവിഷന്‍ ചാനലുകളെക്കുറിച്ചു കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലത്ത് രാഷ്ട്രീയ- ഔദ്യോഗിക- കലാരംഗത്ത് തിളങ്ങിയ വനിതകളെ മലയാളത്തിനു പരിചയപ്പെടുത്താന്‍ മഹിളാലയത്തിലൂടെ കഴിഞ്ഞു.

ഹരിക്കേന്‍ വിളക്ക് വച്ച് തിരുവനന്തപുരത്തെ തൈക്കാട് ആശുപത്രിയില്‍ ആദ്യ സിസേറിയന്‍ ശസ്ത്രക്രിയ നടത്തിയ മേരി പുന്നന്‍ ലൂക്കോസുമായി നടത്തിയ അഭിമുഖം മറക്കാന്‍ കഴിയില്ല. ഇന്ത്യയിലെ ആദ്യ വനിതാസര്‍ജന്‍ ജനറലാണ് മേരി പുന്നന്‍ ലൂക്കോസ്. സ്വാതന്ത്ര്യസമരസേനാനി അക്കാമ്മ ചെറിയാനുമായുള്ള സംഭാഷണവും അവിസ്മരണീയമാണ്. തിരുവിതാംകൂറിലെ ഉത്തരവാദഭരണ പ്രക്ഷോഭകാലത്ത് തടവിലായ സ്വാതന്ത്ര്യസമരസേനാനികളെ വിട്ടയയ്ക്കാന്‍ താന്‍ കവടിയാര്‍ കൊട്ടാരത്തിലേക്കു ജാഥ നയിച്ച സംഭവം അന്നത്തെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ അക്കാമ്മ ചെറിയാന്‍ നേരിട്ട് വിശദീകരിച്ചതും ചരിത്രസംഭവമാണ്. തന്റെ നേരേ തോക്കു ചൂണ്ടിയ പട്ടാളമേധാവിയുടെ മുന്നില്‍ നിന്ന് 'ആദ്യം എന്നെ വെടിവയ്ക്കൂ പിന്നീട് മതി എന്റെ വോളണ്ടിയര്‍മാരെ' എന്നുള്ള അക്കാമ്മ ചെറിയാന്റെ പ്രതികരണം സ്ത്രീശക്തിയുടെ ജ്വാലയായി കേരളം രേഖപ്പെടുത്തിയതാണല്ലോ.

സിസ്റ്റര്‍ ബെനിഞ്ഞയായി മാറിയ കവി മേരി ജോണ്‍ തോട്ടം തന്റെ സന്യാസജീവിതത്തെയും ദൈവവിളിയെയുംകുറിച്ച് ഹൃദയത്തില്‍ തൊടുന്ന വാക്കുകളിലായിരുന്നു സംസാരിച്ചത്. രാഷ്ട്രീയ കേരളത്തിന്റെ സ്ത്രീശക്തിയായ റോസമ്മ പുന്നൂസുമായും അഭിമുഖം നടത്തിയിരുന്നു. സ്വാതന്ത്ര്യസമരസേനാനി ഡോ. രത്‌നമയീ ദേവി ദീക്ഷിത് മഹാാഗാന്ധിയുടെ സേവാശ്രമത്തില്‍ മൂന്നു കുട്ടികളുമായി ജീവിച്ച കാലം പങ്കുവച്ചതും മഹിളാലയം ശ്രോതാക്കള്‍ക്കു വലിയൊരു അനുഭവമായി. ഗാന്ധിജിയുടെ കൈവിരലില്‍ തൂങ്ങി നടന്ന മൂത്തമകന്‍ ജ്യോതീന്ദ്രനാഥും (പില്‍ക്കാലത്ത് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെ.എന്‍.ദീക്ഷിത്) മഹാത്മജിയുമായുള്ള അടുപ്പവും രത്‌നമയീദേവി പങ്കുവച്ചിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി അന്ന ചാണ്ടി, ആദ്യ വനിതാ എന്‍ജിനിയര്‍ ത്രേസ്യ, ആദ്യ ഐഎഎസ് ഓഫീസര്‍ ഓമനക്കുഞ്ഞമ്മ... അങ്ങനെ പല പ്രഗത്ഭമതികളായ സ്ത്രീകളുമായും അഭിമുഖം നടത്താനും ശബ്ദരേഖകള്‍ ശേഖരിച്ച് ആകാശവാണിയുടെ ശബ്ദശേഖരത്തില്‍ സൂക്ഷിക്കാനുമായി.


നാടകനടിമാരായ ആറന്മുള പൊന്നമ്മ, നെയ്യാറ്റിന്‍കര കോമളം, സി.കെ രാജം തുടങ്ങിയ നടിമാര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചത് മഹിളാലയത്തിലൂടെയാണ്. മലയാളത്തിന്റെ ആദ്യ ചലച്ചിത്ര നായികയായ കമലവുമായി അഭിമുഖസംഭാഷണം നടത്താനും എനിക്കു സാധിച്ചു. ടെലിവിഷന്‍ ചാനലുകള്‍ രംഗത്തുവന്നതോടെ കമലത്തെ ടിവിയുടെ വെള്ളിവെളിച്ചത്തില്‍ ജനം കണ്ടു. ഇവിടെ എനിക്കു വളരെ വേദന തോന്നിയ ഒന്നുണ്ട്. ആദ്യമലയാള ശബ്ദ ചലച്ചിത്രമായ ബാലനിലെ നായികയെ ടിവി ചാനലാണ് ആദ്യമായി ജനസമക്ഷം എത്തിക്കുന്നതെന്ന ഒരു വാര്‍ത്ത ഉണ്ടായിരുന്നു. ആകാശവാണിയുടെ വലിയ ഉദ്യമം പലരും സൗകര്യപൂര്‍വം മറക്കുന്നതില്‍ വേദന തോന്നാറുണ്ട്.

സ്ത്രീ ശാക്തീകരണത്തിനായി ആകാശവാണി പിന്നീടു നടത്തിയ പല പരിപാടികള്‍ക്കും ഒരു ആധാരശക്തിയായി മാറാന്‍ മഹിളാലയം പരിപാടി ഒരു കാരണമായി.

കുട്ടികളുടെ ഗായകസംഘം

വിദ്യാലയങ്ങളില്‍ ആദ്യമായി കുട്ടികളുടെ ഗായകസംഘം രൂപീകരിച്ചത് ആകാശവാണിയാണ്. ഞാന്‍ പറഞ്ഞ ആശയം സ്റ്റേഷന്‍ ഡയറക്ടര്‍ ഇ.എം.ജെ വെണ്ണിയൂര്‍ സ്വീകരിച്ചതുകൊണ്ടാണ് ഗായകസംഘം സാക്ഷാത്കരിക്കാന്‍ സാധിച്ചത്.

ആദ്യ ഗായകസംഘത്തിലെ കുട്ടികളിലൊരാളാണ് ഇന്നത്തെ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. പില്‍ക്കാലത്ത് ഗായകസംഘത്തിന്റെ പാട്ടുകള്‍ വലിയ ജനശ്രദ്ധ നേടി. ആകാശവാണി നിലയങ്ങളിലെല്ലാം ഗായകസംഘം രൂപീകരിച്ചു. ആകാശവാണി ആനുവല്‍ അവാര്‍ഡുകളുടെ നിരയില്‍ ഈ ഗായകസംഘം പാടുന്ന പാട്ടുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തി. ഞാന്‍ പ്രൊഡ്യൂസര്‍ ആയിരിക്കുമ്പോള്‍ മൂന്നു പ്രാവശ്യം തിരുവനന്തപുരം നിലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുതിര്‍ന്നവരുടെ ഗായകസംഘം ആകാശവാണി രൂപീകരിച്ചത്.



പഴയകാല ആകാശവാണി ജീവിതം

മുന്‍കാലങ്ങളില്‍ ആകാശവാണി പരിപാടി അവതരിപ്പിക്കുന്നവര്‍ക്കു പ്രക്ഷേപണം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ഉത്തമരായ പ്രഭാഷകരെയും അഭിമുഖസംഭാഷണം നടത്തേണ്ട പ്രഗത്ഭരെയും കണ്ടെത്തി അവരുമായി വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തിയ ശേഷം വേണം റെക്കോര്‍ഡ് ചെയ്യാന്‍. റിഹേഴ്‌സലും നടത്തണമെന്നു നിഷ്‌കര്‍ഷിച്ചിരുന്നു.

പ്രോഗ്രാമിനു വരുന്ന പ്രശസ്തരെ സ്വീകരിക്കുക മുതല്‍ ചെക്കു വാങ്ങി കൊടുക്കുന്നതുവരെയുള്ള ചുമതലകളും പ്രൊഡ്യൂസറുടേതായിരുന്നു. ഇന്നത്തെപ്പോലെ കോണ്‍ട്രാക്ട് അയയ്ക്കുന്ന രീതി അന്നില്ല.

അതുപോലെ ആധുനിക സജ്ജീകരണങ്ങളുള്ള സ്റ്റുഡിയോ സംവിധാനമോ റെക്കോര്‍ഡിംഗ് സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലമായിരുന്നതിനാല്‍ ആകാശവാണിയില്‍ ഒരേസമയത്ത് നിരവധി പരിപാടികള്‍ റെക്കോര്‍ഡ് ചെയ്യുന്ന രീതിയുണ്ട്. അതിനാല്‍ സ്റ്റുഡിയോകളുടെ ലഭ്യതയ്ക്കുവേണ്ടിയുള്ള പ്രൊഡ്യൂസര്‍മാരുടെ നെട്ടോട്ടം ഇല്ലാതെയാക്കാന്‍ സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റുഡിയോ അലോട്ട്‌മെന്റ് സംവിധാനം ശരിയായി പാലിക്കാതെ വരുമ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതും സാധാരണമായിരുന്നു. ഒരിക്കല്‍ ഒരു പ്രധാന ചര്‍ച്ചയ്ക്കായി ഞാന്‍ മൂന്നു വിഐപികളെ ക്ഷണിച്ചിരുന്നു. അവരോട് പറഞ്ഞ റെക്കോര്‍ഡിംഗ് സമയമായിട്ടും സ്റ്റുഡിയോ ലഭിക്കാതെവന്നു. എനിക്ക് അലോട്ട് ചെയ്ത സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരുന്ന റെക്കോര്‍ഡിംഗ് നീണ്ടുപോയതാണ് കാരണം. സ്റ്റുഡിയോയില്‍ നിന്ന് വിഐപി മുറിയിലേക്കും തിരിച്ചും ഞാന്‍ എത്രവട്ടം ഓടിയെന്ന് അറിയില്ല. പറഞ്ഞ സമയത്ത് റെക്കോര്‍ഡ് ചെയ്തില്ല എന്നു പറഞ്ഞ് വിഐപികള്‍ സ്റ്റുഡിയോ വിട്ടുപോയി. ഞാന്‍ അന്ന് അനുഭവിച്ച സമ്മര്‍ദം വളരെ കടുത്തതായിരുന്നു. അന്ന് സ്‌റ്റേഷന്‍ ഡയറക്ടറായിരുന്ന കെ.നാരായണന്‍ നായര്‍ (ജനകീയ ഡയറക്ടര്‍) വളരെ നല്ല വ്യക്തികൂടിയായിരുന്നതിനാല്‍ വിഐപികളെ നേരിട്ടു വിളിച്ച് മറ്റൊരു ദിവസം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

വളരെ പെട്ടെന്നു ദേഷ്യംവരുന്ന ധാരാളം പ്രഗത്ഭരുണ്ട്. അവരെയൊക്കെ അനുനയിപ്പിച്ച് പ്രോഗ്രാം റെക്കോര്‍ഡ് ചെയ്യുക എന്നത് വലിയ കടമ്പയായിരുന്നു.

ആകാശവാണി നിലയങ്ങള്‍ നേരിടുന്ന പരിമിതികള്‍ ഒന്നും നോക്കാതെ ചെറിയ പിഴവു പറ്റിയാല്‍ ഉടനെ മെമ്മോ നല്‍കുന്ന ഡയറക്ടര്‍മാരും അന്ന് ഉണ്ടായിരുന്നു. ഇതുമാത്രമല്ല ജോലിഭാരവും പ്രതിസന്ധികളും വളരെ കൂടുതലായിരുന്നു.

ഓരോ പരിപാടിക്കും വിശദമായ ഷെഡ്യൂള്‍ തയാറാക്കി മാസങ്ങള്‍ക്കുമുമ്പേ ഡല്‍ഹിയില്‍നിന്നുള്ള അനുമതി വാങ്ങണം. ദിവസവുമുള്ള പ്രക്ഷേപണത്തിന് ചാര്‍ട്ട് ഉണ്ടാക്കണം. അതില്‍നിന്ന് ഒരിനം മാറ്റണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങണം. അങ്ങനെ ഇന്നത്തെ നിലയാംഗങ്ങള്‍ക്കു പരിചിതമല്ലാത്ത വിലക്കുകളുടെ ഒരു ലോകം ആയിരുന്നു അന്ന്. ഒരു ഉദാഹരണം പറയാം: കൊച്ചുകവിത എന്നു ഞാന്‍ ചാര്‍ട്ടില്‍ എഴുതി അനുവാദം വാങ്ങിയ കവിതാലാപനത്തില്‍ മഹാകവി ഉള്ളൂര്‍ രചിച്ച കുട്ടിക്കവിത പ്രക്ഷേപണം ചെയ്തു. കൊച്ചുകവിത എന്നാല്‍ കുട്ടികള്‍ എഴുതുന്ന കവിത എന്നു പറഞ്ഞ് പിന്നീട് പ്രശ്‌നങ്ങളുണ്ടായി. നാടകങ്ങളുടെ കാര്യമെടുത്താല്‍ പ്രമേയം മാത്രമല്ല ചില വാക്കുകളെ ചൊല്ലിയും വലിയ കോലാഹലം ഉണ്ടാകുമായിരുന്നു.

റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും പ്രോഗ്രാം എഡിറ്റ് ചെയ്യുന്ന മെഷീനും ഒഴിയുന്നതും നോക്കി രാത്രിവരെ ക്യൂ നിന്ന അനുഭവങ്ങളുമുണ്ട്.

ആകാശവാണി മടക്കിനല്‍കിയത്

വളരെയേറെയുണ്ട്. പ്രക്ഷേപണകലയുടെ ആചാര്യനായ ജി.പി.എസ് നായര്‍ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന കാലത്താണ് ആകാശവാണിയില്‍ ഞാന്‍ എത്തുന്നത്. നേരത്തേ പറഞ്ഞതുപോലെ വലിയ ഉത്തരവാദിത്വവും കടിഞ്ഞാണുകളും നിലനിന്ന കാലം. അന്ന് പ്രൊഡ്യൂസര്‍മാര്‍ സര്‍വവിജ്ഞാനികള്‍ ആയിരിക്കണം എന്നൊരു അലിഖിത നിയമമുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് പല മേഖലകളെയുംകുറിച്ച് ആഴത്തില്‍ അറിയാന്‍ സാധിച്ചു. ആകാശവാണിയില്‍ ഞാന്‍ എത്തുമ്പോള്‍ ഡയറക്ടറെ കൂടാതെ ഭരണസാരഥിയായുണ്ടായിരുന്നത് സാഹിത്യസംഗീത പ്രതിഭയായ മാലി മാധവന്‍നായരാണ്. ടി.എന്‍.ഗോപിനാഥന്‍ നായര്‍, നാഗവള്ളി ആര്‍.എസ് കുറുപ്പ്, ജഗതി എന്‍.കെ ആചാരി, ജോസഫ് കൈമാപറമ്പന്‍, പി.ഗംഗാധരന്‍ നായര്‍, കെ.ജി സേതുനാഥ്, മടവൂര്‍ ഭാസി, എസ്.രാമന്‍കുട്ടി നായര്‍ തുടങ്ങിയ അതിപ്രഗത്ഭര്‍ അന്ന് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

തകഴി, കേശവദേവ്, പി.കുഞ്ഞിരാമന്‍ നായര്‍ ഉള്‍പ്പെടെയുള്ള സാഹിത്യമഹാരഥന്മാരെയും സംഗീതസമ്രാുകളെയും നാടകചലച്ചിത്രകലാപ്രതിഭകളെയും എല്ലാം അടുത്തറിയാന്‍ എനിക്കു സാധിച്ചു. മഹാകവി പി.കുഞ്ഞിരാമന്‍ നായരുമായി വളരെയധികം ആത്മബന്ധം ഉണ്ടായിരുന്നു. മഹാകവിക്ക് ആകാശവാണി സ്വന്തം കുടുംബം പോലെയായിരുന്നു. ബാലലോകത്തിനുവേണ്ടി പഞ്ചതന്ത്രം കഥകളുടെ ഒരു ആവിഷ്‌കാരം പഞ്ചാമൃതം എന്ന പേരില്‍ പി. എഴുതി നല്‍കിയിരുന്നു. അതിന്റെ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് മഹാകവി വിടവാങ്ങിയത്. പി. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ആകാശവാണിയില്‍ കയറിവന്നു സുഹൃത്തില്‍നിന്ന് നേരിട്ട വഞ്ചനയെക്കുറിച്ച് പറഞ്ഞ് വിങ്ങിക്കരഞ്ഞത് ഇന്നും വേദനിപ്പിക്കുന്നു.

കുടുംബം നല്‍കിയ ശക്തി

എന്റെ ഭര്‍ത്താവ് കെ.യശോധരന്‍ തന്നെയാണ് എന്നെ ഞാനാക്കിയ വ്യക്തി. ആകാശവാണിയിലേക്കുള്ള അപേക്ഷ അയയ്ക്കുന്നതുമുതല്‍ തിരക്കേറിയ എന്റെ ഔദ്യോഗിക ജീവിതത്തില്‍ എല്ലാ പ്രോത്സാഹനങ്ങളുമായി ഒപ്പം നിന്നു. സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പില്‍ മാസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയായാണ് വിരമിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും തുണയുമായിരുന്ന അദ്ദേഹം ഇന്നു ഞങ്ങളോടൊപ്പമില്ല. മക്കളായ മായ, പ്രിയദര്‍ശിനി, ഡോ.ഹരികൃഷ്ണന്‍, ഗോപീകൃഷ്ണന്‍, മരുമക്കളായ പി.കുമാര്‍, പഞ്ചമി, പ്രഭു, ഡോ. അനിത കൃഷ്ണന്‍, പേരക്കുികള്‍ എന്നിവരുടെ സ്‌നേഹത്തിലാണ് ഞാനിപ്പോള്‍.

ജീവിതം പഠിപ്പിച്ചത്

ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന വ്യക്തിയാണു ഞാന്‍. ജീവിതത്തെ രണ്ടു രീതിയില്‍ സമീപിക്കാമെന്ന് എനിക്കു തോന്നാറുണ്ട്. ഒന്നുകില്‍ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വേദനകള്‍ മുഴുവന്‍ തലയിലേറ്റി ജീവിതം ദുരിതപൂര്‍ണമാണെന്നു വിശ്വസിച്ച് രക്ഷപ്പെടലുകള്‍ക്കു ശ്രമിക്കാതെ ജീവിക്കുക. ഇല്ലെങ്കില്‍ ജീവിതത്തെ വളരെ പോസിറ്റീവായി മാറ്റുക. അതായത് വേദനകളെയും നഷ്ടങ്ങളെയും മാറ്റിനിര്‍ത്തി സ്വയം സന്തോഷം കണ്ടെത്തുക. ജീവിതത്തിന്റെ നല്ലവശങ്ങളില്‍ മനസ് കേന്ദ്രീകരിച്ച് ജീവിതത്തെ അര്‍ഥവത്താക്കുക. രണ്ടാമത്തെ വഴിയാണ് ഞാന്‍ സ്വീകരിക്കുന്നത്.

എസ്.മഞ്ജുളാദേവി