ഗര്‍ഭിണിയും പ്രസവാനന്തര ചികിത്സയും ആയുര്‍വേദത്തില്‍
ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് മാതൃത്വം. മാതൃത്വത്തിലൂടെയാണ് സ്ത്രീത്വം പൂര്‍ണമാകുന്നത്. അതിനാല്‍ത്തന്നെ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് മുതല്‍ പ്രസവം വരെയുള്ള കാലഘട്ടവും അതിനുശേഷമുള്ള പ്രസവാനന്തര ശുശ്രൂഷയും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ആധുനിക കാലഘട്ടത്തില്‍ മാറിവരുന്ന ജീവിതസാഹചര്യവും ഭക്ഷണരീതിയുമെല്ലാം ഗര്‍ഭിണികളെ ചിലപ്പോഴെല്ലാം ദോഷകരമായി ബാധിക്കാറുണ്ട്. അതിനാല്‍ത്തന്നെ ഈ സമയത്ത് സ്ത്രീകള്‍ക്ക് നല്‍കാവുന്ന ഏറ്റവും ഉത്തമവും ആധികാരികവുമായ ചികിത്സാരീതിയാണ് ആയുര്‍വേദം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ജീവിതചര്യയിലും ഭക്ഷണരീതിയിലും മാറ്റങ്ങള്‍ വരേണ്ടതാണ്. ഗര്‍ഭകാല പരിചരണത്തിന് ആയുര്‍വേദത്തില്‍ പ്രഥമസ്ഥാനമാണുള്ളത്.

അവസാന ആര്‍ത്തവത്തിന്റെ ആദ്യദിവസം തുടങ്ങി നാല്‍പത് ആഴ്ചയാണ് പൂര്‍ണ ഗര്‍ഭകാലം. ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള ആഹാരം, വിഹാരം, വിചാരങ്ങള്‍ ആകുന്നു ഗര്‍ഭകാല ചര്യ.

അനുകൂലമായ ഋതു (ഗര്‍ഭസമ്പാദനത്തിന് യുക്തമായ പ്രായം) ഒരുക്കപ്പെട്ട ഗര്‍ഭാശയം, ആവശ്യമായ പോഷകാഹാരം, ആരോഗ്യമുള്ള ബീജം ഇവ ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കുന്നു. സന്താനങ്ങളുടെ മാനസികവും ശാരീരികവുമായുള്ള വളര്‍ച്ചയ്ക്ക് (ആരോഗ്യപരമായ) ഗര്‍ഭം ആകുന്നതിന് മുമ്പും ഗര്‍ഭിണി ആകുമ്പോഴും ചിട്ടയാര്‍ന്ന ചര്യകള്‍ പാലിക്കേണ്ടതാണ്.ആയുര്‍വേദ ശാസ്ത്രത്തില്‍ അതേക്കുറിച്ച് വ്യക്തമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നു.

ഗര്‍ഭകാലത്തെ മൂന്ന് ത്രൈമാസങ്ങളായാണ് വൈദ്യശാസ്ത്രം തരം തിരിച്ചിരിക്കുന്നത്. ആദ്യ ത്രൈമാസം ഭ്രൂണോല്‍പത്തിയുടേതാണ്. രണ്ടാം ത്രൈമാസം വളര്‍ച്ചയുടെയും, മൂന്നാം ത്രൈമാസം സമ്പൂര്‍ണതയിലേക്കുമാണ്.

ആദ്യ ത്രൈമാസം ആഹാരം

പാല്‍, തേന്‍, നെയ്യ്, മധുരരസപ്രധാനമായ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് സംസ്‌ക്കരിച്ച പാല്‍, പാലും പയറുവര്‍ഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന കൃസര തുടങ്ങിയവ കഴിക്കേണ്ട സമയം. ഗര്‍ഭം ഉറയ്ക്കുന്ന സമയമായതുകൊണ്ട് പ്രത്യേക ശ്രദ്ധ വേണം.

പാല്‍ കഷായമായി കഴിക്കാന്‍ നിര്‍ദേശിക്കുന്നവ

ഒന്നാം മാസം കുറുന്തോട്ടി വേര്
രണ്ടാം മാസം തിരുതാളി

മൂന്നാം മാസം പുത്തിരിചുണ്ടയും കണ്ഠകാരി ചുണ്ടയും ചേര്‍ത്ത്. ഇവ അബോര്‍ഷന്‍ തടയുവാനും റുബെല്‍ പോലുള്ള ഇന്‍ഫെക്ഷന്‍ തടയാനും സഹായിക്കും.

രണ്ടാം ത്രൈമാസം ആഹാരം

ചോറും തൈരും, ഞെരിഞ്ഞിലും നെയ്യും ചേര്‍ത്ത് തയാറാക്കിയ കഞ്ഞി, തേനും നെയ്യും ചേര്‍ത്ത പാല്‍ എന്നിവ രണ്ടാം ത്രൈമാസത്തിലേക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന ആഹാരങ്ങളാണ്. ഈ മാസങ്ങളില്‍ വിശപ്പുണ്ടാകുമെങ്കിലും മധുരം അധികം വേണ്ടെന്ന് വയ്ക്കുക. എരിവ്, പുളി, ഉപ്പ് ഇവ അമിതമാകരുത്.

വിഷമതകള്‍ (13- 27 ആഴ്ചവരെ കാണാറുള്ളത്)
* നടുവേദന
* സ്തനങ്ങളില്‍ വേദന
* വെള്ളപോക്ക്
* അമിത രോമവളര്‍ച്ച

പാല്‍ കഷായങ്ങള്‍

നാലാം മാസം കൊടിത്തൂവ
അഞ്ചാം മാസം ചെറുള
ആറാം മാസം ഓരില

ഈ മാസം കാണുന്ന പാദങ്ങളിലെ നീര് പ്രോട്ടീന്‍ കുറവ്, പോഷകാഹാരക്കുറവ് എന്നിവയെ പരിഗണിച്ചാണ് ഇത്തരം ആഹാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഈ കാലയളവില്‍ യോഗാസനങ്ങളും പ്രാണായാമങ്ങളും ശീലിക്കാവുന്നതാണ്.

പ്രധാനമായും കാണുന്ന വിഷമതകള്‍

* ഛര്‍ദി, ഓക്കാനം, ക്ഷീണം എന്നിവയ്ക്ക് മാതള നീര്, കരിക്കിന്‍ വെള്ളം, പഞ്ചസാര ചേര്‍ത്ത മല്ലിവെള്ളം, മലരി വെള്ളം, ഗുളുച്യാദി പാനകം എന്നിവ വളരെ നല്ലതാണ്.

വിഹാരം

ഗര്‍ഭം ഉറയ്ക്കുന്ന സമയമായ ആദ്യത്തെ മൂന്നു മാസം ആയാസകരമായ കാര്യങ്ങള്‍, ദൂരയാത്രകള്‍, വ്യായാമം എന്നിവ ഒഴിവാക്കുക.

വിചാരം

സദാ പ്രസന്നവതിയായി ഇരിക്കുക, വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് പ്രാര്‍ഥന, ധ്യാനം എന്നിവ ശീലിക്കണം. മതിയായ വിശ്രമം ആവശ്യമാണ്.

മൂന്നാം ത്രൈമാസം

ആറാം മാസത്തിനുമുമ്പ് എണ്ണ തേപ്പ് അത്യാവശ്യമെങ്കില്‍ മാത്രം ചെയ്യുക. ഏഴു മാസം മുതല്‍ വയറിലും നടുവിലും കാല്‍ വണ്ണയിലും മാറിടത്തിലും എണ്ണ പുരട്ടി ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കാം. മുലക്കണ്ണ് ഉള്ളിലേക്ക് കയറി ഇരിക്കുന്നവര്‍ക്ക് തൈലം പുരട്ടി മസാജ് ചെയ്തു പുറത്തേക്ക് കൊണ്ടുവരാനും സാധിക്കും. ഔഷധങ്ങള്‍ ഇട്ട് കാച്ചിയ നെയ്യ് ഏഴാം മാസത്തില്‍ കൊടുത്തു തുടങ്ങാം. (ദാദിമദ്യഘൃതം പോലുള്ളവ). ഗര്‍ഭരക്ഷാ മരുന്നുകള്‍ അകത്ത് ഉപയോഗിക്കണ്ടതാണെങ്കിലും പുറമേ പുരട്ടാന്‍ ഉള്ളതാണെങ്കിലും ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചെയ്യുക. പ്രസവാനന്തരം മുലപ്പാല്‍ വര്‍ധിപ്പിക്കാനും മറവിരോഗം, തേയ്മാനം ഇവ വരാതിരിക്കാനുമെല്ലാം നെയ്യിന്റെ ഉപയോഗം സഹായിക്കും.

പാല്‍ കഷായം

ഏഴാം മാസം യവം
എാം മാസം പെരുങ്കുറുമ്പ
ഒമ്പതാം മാസം ശതാവരി കിഴങ്ങ്

മിതമായ രസങ്ങളാണ് ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. എട്ടാം മാസത്തില്‍ ചെറുള സമൂലം കഴുകി ചതച്ചത് 30 ഗ്രാം കിഴി കെിയിട്ട് അര ലിറ്റര്‍ വെള്ളം തിളപ്പിച്ച് 125 മില്ലിയാക്കി അരിച്ചെടുത്ത് പാലും ചേര്‍ത്ത് കഞ്ഞി വച്ച് സേവിക്കാവുന്നതാണ്.

ഒമ്പതാം മാസം മുതല്‍ എണ്ണ തേപ്പിനും കുളിക്കുന്നതിനുമൊപ്പം പഞ്ഞിയിലോ തുണിയിലോ ചെറു ചൂടില്‍ തൈലം മുക്കി യോനി ഭാഗത്ത് കുറച്ച് സമയം വയ്ക്കുന്നത് നല്ലതാണ്. അണുബാധയുളളപ്പോള്‍ ഇത് ചെയ്യേണ്ടതില്ല. ഇപ്രകാരം ചെയ്യുന്നത് സുഖപ്രസവത്തെ സഹായിക്കും. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയം മാതാവിന്‍േറതുമായി ബന്ധിച്ചിരിക്കുന്നു. അതിനാല്‍ ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ തടയരുത്. കുഞ്ഞിന്റെ ആയുര്‍കാലത്തേക്കുള്ള കരുതലാണ് ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ അമ്മ പുലര്‍ത്തുന്ന ശ്രദ്ധ. ഓരോ മാസത്തിലും ഓരോ പാല്‍ കഷായങ്ങളാണ് വിധിച്ചിരിക്കുന്നത്.പ്രസവാനന്തര ചികിത്സ

ഗര്‍ഭധാരണവും പ്രസവവും കാരണമുണ്ടാകുന്ന ശാരീരികമായ മാറ്റംകൊണ്ട് പല വിഷമതകളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്തും ശേഷവും അമ്മ അനുഷ്ഠിക്കേണ്ടതായ ദിനചര്യകളും ഔഷധങ്ങളും ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നു. പ്രസവശേഷം 45 ദിവസം വരെ സ്ത്രീക്ക് പ്രത്യേക പരിചരണം നല്‍കണം. അവരുടെ ആരോഗ്യം പൂര്‍വസ്ഥിതിയില്‍ എത്തിക്കാനും പ്രസവക്ലേശം അകറ്റുവാനും സഹായിക്കുന്ന രീതിയില്‍ ആഹാരവും ഔഷധവും ജീവിതരീതിയും ഉള്‍ക്കൊള്ളുന്നതാണ് പ്രസവരക്ഷ. ഇതിനെ മൂന്നായി തരം തിരിക്കാം.


1. ആദ്യ 24 മണിക്കൂര്‍ ചെയ്യേണ്ടത്
2. ആദ്യ ഏഴു മണിക്കൂര്‍ ചെയ്യേണ്ടത്
3. നാല് ആഴ്ച വരെ ചെയ്യേണ്ടത്

സാധാരണ പ്രസവം കഴിഞ്ഞാല്‍ ഒരാഴ്ച കഴിഞ്ഞും സിസേറിയന്‍ കഴിഞ്ഞാല്‍ രണ്ടാഴ്ച കഴിഞ്ഞും ആണ് ആയുര്‍വേദ മരുന്നുകള്‍ തുടങ്ങേണ്ടത്. ആന്റി ബയോട്ടിക്കിന്റെ കൂടെ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കരുത്. അതിനാലാണ് രണ്ടാഴ്ച കഴിഞ്ഞ് മരുന്നുകള്‍ തുടങ്ങാന്‍ പറയുന്നത്. വേതുകുളി പതിനഞ്ചാം ദിവസം മുതല്‍ ആരംഭിക്കാം. തുന്നല്‍ ഉണങ്ങിയതിന് ശേഷം വേത്കുളി ആരംഭിക്കാം. ഇന്ന് പ്രസവരക്ഷ ശാസ്ത്രീയമായ രീതിയിലല്ല കൈകാര്യം ചെയ്തുവരുന്നത്. മിക്കവാറും എല്ലായിടത്തും തന്നെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും തലമുറ കൈമാറി വന്ന അറിവുകള്‍ക്ക് പകരം ആയമാരും വൈദ്യശാലകളും നിശ്ചയിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. പ്രസവം കഴിഞ്ഞ് ഉടനെയുള്ള ആഴ്ചയില്‍ സ്ത്രീകള്‍ക്ക് ദഹനം കുറവായിരിക്കും. ഈ സമയത്ത് പെെട്ടന്ന് ദഹിക്കാന്‍ കഴിയുന്ന ആഹാരങ്ങള്‍ നല്‍കണം. കഞ്ഞി, ചോറും രസവും സാധാരണ പച്ചക്കറികള്‍ ചേര്‍ത്ത് മിതമായ പോഷകമൂല്യമുള്ള ആഹാരം എന്നിവയാണ് നല്‍കേണ്ടത്. പകരം ഇന്ന് കണ്ടുവരുന്നത് പ്രസവം കഴിഞ്ഞയുടനെ ഇറച്ചിയും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിച്ച് ദഹനക്കേട് ഉണ്ടാക്കുന്ന അമ്മമാരെയാണ്. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ അനുവദിക്കുക. ദഹനക്കേട് ഉണ്ടാക്കുന്ന വിധം അമിതമായ ഭക്ഷണം കൊടുക്കാതിരിക്കുക.

വേതുകുളി

പ്രസവത്തിനേക്കാള്‍ വലിയ പേടിസ്വപ്‌നമാണ് വേതുകുളി. വളരെ ആരോഗ്യദായകമായ വേതുകുളിയെ ഭീകരസ്വപ്‌നമാക്കുന്നത് അശാസ്ത്രീയമായ രീതികളാണ്. സാധാരണ പ്രസവം കഴിഞ്ഞ് 12 ദിവസം കഴിഞ്ഞാല്‍ വേതുകുളി ആരംഭിക്കാം. സിസേറിയന്‍ കഴിഞ്ഞാല്‍ 20 ദിവസം കഴിഞ്ഞ് വേതുകുളി ആരംഭിച്ചാല്‍ മതിയാകും.

ശരീരത്തില്‍ അവരവര്‍ക്ക് ഉചിതമായ തൈലമോ കുഴമ്പോ വൈദ്യനിര്‍ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്. സാധാരണയായി ബലാതൈലം, ബലാശ്വഗന്ധാദിതൈലം, ധന്വന്ത്വരം കുഴമ്പ്, ധന്വന്തരം തൈലം, പിണ്ഡതൈലം എന്നിവ ഉപയോഗിക്കാം. നാല്‍പാമരപ്പ, ആവണക്കില, പ്ലാവില, ആര്യവേപ്പ്, കരിനൊച്ചിയില, പുളിയില, മുരിങ്ങയില, എരിക്കിന്റെ ഇല, പെരുവിലം എന്നിവ ചേര്‍ത്ത് തലേദിവസം വെള്ളം തിളപ്പിച്ചിടുക, പിറ്റേദിവസം ചൂടാക്കി സഹിക്കാവുന്ന ചൂടില്‍ കുളിച്ചാല്‍ മതിയാകും. പുറമേ പുരുന്ന ലേപനങ്ങളും എണ്ണകളും സ്ത്രീയുടെ ശാരീരികാവസ്ഥയും ത്വക്കിന്റെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കുന്നതാണ് ഉചിതം. ശരീരത്തില്‍ പ്രസവാനന്തരം ത്വക്കിന് നിറം മങ്ങുന്നവരും കറുത്ത പാടുകള്‍ ഉളളവരും വൈദ്യനിര്‍ദേശപ്രകാരം ലേപനങ്ങള്‍ ഉപയോഗിക്കണം. ഏലാദിചൂര്‍ണം, ലോധ്രാദി ചൂര്‍ണം. രക്തചന്ദനം എന്നിവ നല്ലതാണ്. അണുനാശിനിയായ മഞ്ഞള്‍ എണ്ണയില്‍ ചാലിച്ച് പുറമേ പുരട്ടി കുളിക്കുന്നത് ത്വക്കിന് തിളക്കം വര്‍ധിപ്പിക്കും. സഹിക്കാനാവാത്ത ചൂടുവെള്ളം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ശരീരത്തില്‍ പുരേണ്ടതായ എണ്ണ, ലേപം എന്നിവ വൈദ്യനിര്‍ദേശ പ്രകാരം തിരഞ്ഞെടുക്കണം. ശരീരത്തില്‍ മുറിവുകളുള്ള ഭാഗത്ത് ഇവ ഒഴിവാക്കണം. വയറു ചുരുങ്ങുവാനും നടുവേദന ഇല്ലാതാക്കാനും വയറ് കെട്ടിവയ്ക്കുന്നത് നല്ലതാണ്.15 സെന്റി മീറ്റര്‍ വീതിയില്‍ അടിവയര്‍ ഉള്‍പ്പെടുത്തക്കവിധം വയറ് കെട്ടിവയ്ക്കണം. ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ വയറ് കെട്ടി വയ്ക്കരുത്. ഇത് കെട്ടുന്ന വിധം വൈദ്യനിര്‍ദേശ പ്രകാരം മനസിലാക്കണം.

പ്രസവാനന്തരം ഭക്ഷണക്രമം

മാംസാഹാരം പ്രസവത്തിന് 12 ദിവസം കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. ആദ്യ ദിവസങ്ങളില്‍ മാംസാഹാരം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മുട്ട, ചെറിയ മത്സ്യങ്ങള്‍, ആട്ടിന്‍ മാംസം തുടങ്ങിയവ വിശപ്പിനനുസരിച്ച് ഉള്‍പ്പെടുത്തണം. അയില, ചെമ്മീന്‍, ഉണക്കമത്സ്യങ്ങള്‍, കക്കയിറച്ചി എന്നിവ ഒഴിവാക്കണം. മലശോധന ഉറപ്പുവരുത്തുന്ന രീതിയില്‍ ധാരാളം പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴച്ചാറുകളും കരിക്കിന്‍ വെള്ളവും നല്ലതാണ്. മുരിങ്ങയില, അമരപ്പയര്‍, ചെറിയ ഉള്ളി എന്നിവ മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. അധികം എരിവും പുളിയും ഉപ്പും ഭക്ഷണത്തില്‍ അഭികാമ്യമല്ല. തണുത്തതും പഴകിയതുമായ ഭക്ഷണവും ഫാസ്റ്റ്ഫുഡ്, ജംഗ്ഫുഡ് എന്നിവയും ഒഴിവാക്കണം. ചെറിയ ഉള്ളിയും വെളുത്തുള്ളിയും നെയ്യില്‍ വറുത്ത് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പാകം ചെയ്യുന്ന ചോറ് ഉത്തമമാണ്.

പ്രസവരക്ഷാ ഔഷധങ്ങള്‍

പഞ്ചകോലചൂര്‍ണം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, ജീവബന്ധു, വിദാര്യാദി കഷായം, ധ്യൂ്വന്തരം കഷായം, ഇന്ദുകാന്തം കഷായം, ധന്വന്തരം ഗുളിക, കുറിഞ്ഞി കുഴമ്പ്, തെങ്ങിന്‍ പൂക്കുല ലേഹ്യം, ഉളളി ലേഹ്യം തുടങ്ങിയ ഔഷധങ്ങള്‍ എല്ലാം ഓരോ സ്ത്രീയുടെയും ശരീരപ്രകൃതിയ്ക്കനുസരിച്ച് വൈദ്യനിര്‍ദേശ പ്രകാരം ഉപയോഗിക്കേണ്ടതാണ്.

സുഖപ്രസവത്തിനും സിസേറിയന്‍ പ്രസവത്തിനും പ്രസവരക്ഷാമരുന്നുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഗര്‍ഭാശയത്തില്‍ ശേഷിക്കുന്നവ പുറന്തള്ളാനും ഗര്‍ഭാശയം ചുരുങ്ങി പൂര്‍വസ്ഥിതി കൈവരിക്കാനും പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും രോഗങ്ങള്‍ പിടിപെടാതിരിക്കാനും ആരോഗ്യം പ്രദാനം ചെയ്യാനും ആണ് പ്രസവരക്ഷാമരുന്നുകള്‍. അതിനാല്‍ അത് തെരഞ്ഞെടുക്കുന്നതിനും ഉപയോഗിക്കേണ്ട രീതിയിലും വൈദ്യനിര്‍ദേശം സ്വീകരിക്കണം.

വിശ്രമം

പ്രസവശേഷം വിശ്രമം അത്യാവശ്യമാണ്. ഭാരമുളള ജോലികള്‍ ഒഴിവാക്കി ആവശ്യത്തിന് വിശ്രമിക്കുക. ആറ് ആഴ്ചവരെ ലൈംഗികബന്ധം ഉപേക്ഷിക്കണം. ചെറിയ വ്യായാമമുറകള്‍, പ്രത്യേക യോഗാസനങ്ങള്‍, പ്രാണായാമങ്ങള്‍ (ശ്വസന പ്രക്രിയകള്‍) തുടങ്ങിയ ലഘുവായ കാര്യങ്ങള്‍ വൈദ്യനിര്‍ദേശപ്രകാരം സ്വീകരിക്കാം. പ്രസവാനന്തരം ഹോര്‍മോണ്‍ വ്യതിയാനം മൂലം സ്ത്രീകളില്‍ കണുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് പ്രസവാനന്തര യോഗാ പരിശീലനം നല്ലതാണ്.

ഡോ. വിനീത മനോജ്
കണ്‍സള്‍ട്ടന്റ് ആയുര്‍വേദ ഫിസിഷന്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആയുര്‍വേദ ആന്‍ഡ് യോഗ, ഇഎംസി ആയുര്‍വേദ ഹെല്‍ത്ത്‌കെയര്‍
പാലാരിവട്ടം