കൗമാരത്തിലേക്കു കടക്കുമ്പോള്‍ കരുതലോടെ
നിങ്ങളുടെ കുട്ടി കൗമാരപ്രായത്തിലേക്കു കടക്കുമ്പോള്‍ പിന്നെ കുട്ടിയല്ല. എന്നാല്‍, മുതിര്‍ന്നിട്ടില്ല. പല വിധത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അവരില്‍ സംഭവിക്കുന്നു. ഇവയെ ഉള്‍ക്കൊള്ളുവാനും മാറ്റങ്ങള്‍ക്കനുസൃതമായി സ്വയം വളര്‍ത്തുവാനും അവരുടെ വ്യക്തിത്വത്തെ ശക്തീകരിക്കാനും അവരെ മ്യൂസിലാക്കിപ്പിക്കണം. കുട്ടി ശരീരഘടനയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പഠിപ്പിക്കാം. ഈ പ്രായത്തിലുള്ളവരെ ശരിയായ മാര്‍ഗനിര്‍ദേശം നല്‍കി, ശരിയായ ദിശയില്‍ നടത്തേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും ചുമതലയാണ്.

കൂട്ടുകെുകള്‍ സൂക്ഷിക്കുക

നിങ്ങള്‍ നല്‍കിയ മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ച് മറ്റൊരു തരത്തിലുള്ള സ്വഭാവമായിരിക്കാം കൗമാരപ്രായത്തിലുള്ള മക്കള്‍ കാഴ്ചവയ്ക്കുന്നത്. നിരാശപ്പെടരുത്. അവരുടെ കൂട്ടുകാരില്‍നിന്നും ലഭിക്കുന്നതാണ്. എന്നാല്‍, അനുഭാവപൂര്‍വം പ്രവര്‍ത്തിക്കാനും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും മടിക്കേണ്ട. അവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശിക്ഷിക്കാനും സ്‌നേഹത്തോടെ അടുത്തിരുത്തി ഞങ്ങള്‍ നിന്റെ കൂടെയുണ്ട്. നിന്നെയല്ല, നിന്റെ ഈ പ്രവൃത്തിയെയാണ് ഞങ്ങള്‍ വെറുക്കുന്നത് എന്നു പറയണം.

ശരിയായ ആശയവിനിമയം

കുട്ടിയുടെ താത്പര്യങ്ങള്‍, ഹോബികള്‍ എന്നിവ അറിഞ്ഞിരിക്കാനായി ശരിയായ ആശയവിനിമയം നിങ്ങളുടെ ബന്ധത്തെ ഉറപ്പിക്കും. ഇപ്പോള്‍ അവരുടെ ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങളോടു തുറന്നു പറയാന്‍ സ്‌നേഹത്തോടെ നിര്‍ബന്ധിക്കാം. കുട്ടിയുമായി എല്ലാ ദിവസവും സംസാരിക്കണം. ഇടയ്ക്ക് അവരുടെ ടീച്ചര്‍മാരെ ചെന്നു കാണണം. അവരുടെ കൂട്ടുകാരെ വീട്ടില്‍ വിളിച്ച് സല്‍ക്കരിക്കാം. കുട്ടിയെപ്പറ്റിയുള്ള വിവരങ്ങള്‍ തിരക്കാം. പേരന്റിങ്ങിനെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍ വായിക്കാം. എന്നാല്‍, കൂടുതലായി വായിച്ച് തല പുകയ്ക്കരുത്. കുട്ടിയെപ്പറ്റി കൂടുതല്‍ ഉത്കണ്ഠപ്പെടാതിരിക്കുക. ശരിയായ മൂല്യങ്ങള്‍ കൊടുക്കുക. ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിനു മുന്‍പേ ഇതുപറഞ്ഞു മനസിലാക്കണം. താന്‍ ഒരു പുരുഷന്‍/സ്ത്രീ ആകാനുള്ള മാറ്റങ്ങളാണിതെന്നും ഇതില്‍ നാണക്കേടോ ലജ്ജയോ വേണ്ടെന്നും പറഞ്ഞു മനസിലാക്കാം. ശരിയായ ലൈംഗിക ബോധവത്കരണം 9/ 10 വയസുവരെയുള്ള പ്രായത്തില്‍ നല്‍കാം. ആണ്‍കുട്ടികളെ അച്ഛന്മാരും പെണ്‍കുട്ടിയെ അമ്മമാരും ഇതു പറഞ്ഞു മനസിലാക്കാം. ആര്‍ത്തവത്തെപ്പറ്റിയുള്ള പേടി സാവധാനം പറഞ്ഞു തിരുത്താം. താനൊരു സ്ത്രീ ആകുന്നതില്‍ അഭിമാനിക്കാന്‍ പെണ്‍കുട്ടിയെ പഠിപ്പിക്കണം.

ശരിയായി വസ്ത്രധാരണം നടത്തുന്നതിനും എതിര്‍ലിംഗത്തിലുള്ളവരുമായി നന്നായി കരുതലോടെ പെരുമാറുന്നതിനും പരിശീലനം നല്‍കാം. കുട്ടികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ അവസരം നല്‍കണം. കുട്ടിയെക്കാള്‍ മുതിര്‍ന്ന സുഹൃത്തുക്കള്‍ വേണ്ടെന്നു നിഷ്‌കര്‍ഷിക്കണം. കുട്ടിക്ക് മൊബൈല്‍ വാങ്ങിക്കൊടുക്കരുത്. മൊബൈലില്‍ എത്രസമയം ചെലവഴിക്കുന്നു എന്നും നിരീക്ഷിക്കണം. ഗെയിം കളിക്കാന്‍ സതിക്കരുത്. ഇത് പിന്നീട് ഗെയിം അഡിക്ഷനിലേക്കും പഠനത്തില്‍ പിന്നോട്ടു പോകുന്നതിലേക്കും വഴി തെളിക്കും. പഠനസംബന്ധമായി ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടി വന്നാല്‍ അത് വീട്ടിലെ പൊതുവായ ഒരു സ്ഥലത്തിരുന്ന് അരമണിക്കൂറില്‍ കുറവു സമയത്തിനുള്ളില്‍ ചെയ്യാന്‍ പറയണം. കുട്ടിക്ക് ധാരാളം പണം നല്‍കരുത്. അവന്റെ/അവളുടെ ഓരോ ചെലവും ചോദ്യം ചെയ്യണം. (ന്യായമായ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുകയും വേണം).

സമൂഹത്തെ നോക്കി ജീവിക്കാതെ, നിങ്ങള്‍ ഭവനത്തില്‍ കൊടുക്കുന്ന മൂല്യങ്ങള്‍ അനുസരിച്ചു ജീവിക്കാന്‍ പഠിപ്പിക്കണം. വീട്ടിലെ എല്ലാ ജോലിയിലും നിങ്ങളുടെ കൗമാരക്കാരനെയും/കൗമാരക്കാരിയേയും ഇടപെടുത്തണം. ജോലി ചെയ്യുന്നത് അഭിമാനമായ കാര്യമായി പറഞ്ഞു മനസിലാക്കണം.

കൃത്യനിഷ്ഠ പരിശീലിപ്പിക്കാം. പഠനം മാത്രമല്ല, സ്വഭാവവും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുവെന്നറിയിക്കണം. കുട്ടിയുമായി സ്‌നേഹത്തോടെ സൗഹാര്‍ദം പുലര്‍ത്തണം. അമ്മയും അച്ഛനും അവന്റെ/അവളുടെ കൂട്ടുകാരായിത്തീരണം. പഠിക്കാന്‍ പിന്നോക്കം നില്‍ക്കുന്നവരെ കൂടുതല്‍ നന്നായി പഠിക്കാനായി സഹായിക്കാം. പഠനത്തെ രസകരമാക്കാന്‍ കൂടെ നില്‍ക്കണം. ആഹാര കാര്യങ്ങളില്‍ ചിട്ടയും വ്യായാമത്തിന്റെ ആവശ്യകതയും പറഞ്ഞു മനസിലാക്കാം. ശാരീരിക രോഗങ്ങള്‍ ചികിത്സിക്കുകയും വേണം.

ചെറിയ കാര്യങ്ങളില്‍ പിടിവാശിവേണ്ട

കുട്ടിയുടെ ചെറിയ കുസൃതികളിലും പ്രവൃത്തികളിലും കണ്ണുവയ്ക്കാന്‍ സാധിക്കണം. അവന്റെ പുതിയ രീതിയിലുള്ള വസ്ത്രധാരണമോ മുടിവെട്ടലോ നിങ്ങളെ അലോസരപ്പെടുത്തരുത്. മാന്യമായി വസ്ത്രം ധരിക്കുവാനും ഹൃദ്യമായി പെരുമാറുവാനും പരിശീലിപ്പിക്കാം. കുട്ടിക്ക് തന്റെ പ്രായത്തിനൊത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം കൊടുക്കണം. ഓരോ ഘട്ടത്തിലും നിങ്ങളുടെ പിന്തുണ പ്രഖ്യാപിക്കണം. ചീത്ത വാക്കുകള്‍ വീട്ടില്‍ പറയരുത്. കുട്ടിയെ വ്യക്തിത്വവികസന ക്ലാസുകളിലയയ്ക്കാം. ചില മൂഡുമാറ്റങ്ങള്‍, വിഷാദം എന്നിവ കുട്ടിയില്‍ കണ്ടാല്‍ മനോരോഗ വിദഗ്ധനെ കാണിക്കാനും മടിക്കേണ്ട.

പഠനത്തോടൊപ്പം കുട്ടിയുടെ ആധ്യാത്മിക വളര്‍ച്ചയിലും ശ്രദ്ധിക്കണം. കുട്ടി ഏതെങ്കിലും ലഹരിയുപയോഗിച്ചതായി അറിഞ്ഞാല്‍ പൊിത്തെറിക്കാതെ അവനെ കൗണ്‍സലിംഗിനായി കൊണ്ടുപോകണം. 13 മുതല്‍ 18 വരെയുള്ള പ്രായത്തില്‍ കുട്ടിയുടെ എല്ലാ കാര്യത്തിലും മാതാപിതാക്കളുടെ ഇടപെടല്‍ ഉണ്ടാകണം. എന്നാല്‍ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുത്. ഒരു കാരണവശാലും പാര്‍ട്ടികളില്‍ മദ്യപിക്കുന്നതും ലഹരിയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കരുത്. കുട്ടിയുടെ സ്വഭാവമാറ്റങ്ങള്‍, പെരുമാറ്റം, ആകാരം, ചേഷ്ടാവ്യത്യസങ്ങള്‍, പഠനനിലവാരം, കൂട്ടുകാര്‍ ഇവയൊക്കെ നിങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം. കുട്ടിയുടെ മുറിയില്‍ ഇടയ്ക്കു ചെറിയ പരിശോധന നടത്താം.

കുട്ടിയെ വീട്ടിലെ ചെറിയ ഉത്തരവാദിത്വങ്ങള്‍ എടുക്കാന്‍ പഠിപ്പിക്കണം. കൂടുതല്‍ അച്ചടക്ക നടപടികള്‍ നല്‍കി കുട്ടിയെ നിങ്ങളില്‍നിന്നും അകറ്റരുത്. സ്വാതന്ത്ര്യത്തിനും അനുസരണത്തിനുമിടയ്ക്ക് ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥയുണ്ട് എന്ന് ബോധ്യപ്പെടുത്തണം.

കുട്ടിയുടെ പ്രശ്‌നപരിഹാര പാടവത്തെയും നേതൃത്വ പാടവത്തെയും പരിപോഷിപ്പിക്കണം. കുട്ടിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഉദാ: രക്തക്കുറവ്, തൈറോയ്ഡ് ഗ്രന്ധിയുടെ തകരാറുകള്‍ എന്നിവ നാം പരിഹരിച്ചാല്‍ കുട്ടി, കൂടുതല്‍ ഉത്സാഹമുള്ളവരാകും. കുട്ടി നിങ്ങളെ ഉപദ്രവിച്ചാല്‍ അടിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവരെ പീഡിപ്പിക്കരുത്.

മാതാപിതാക്കള്‍ മാതൃകയാകണം

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃക കാണിക്കണം. വീട്ടില്‍ കലഹിക്കരുത്. വീട്ടില്‍നിന്നും ലഭിക്കേണ്ട സ്വസ്ഥത തേടി കുട്ടി, മറ്റിടങ്ങളില്‍ അലയേണ്ടിവരരുത്. അശ്ലീല ചിത്രങ്ങള്‍, ലൈംഗിക വൈകൃതികള്‍ എന്നിവയെപ്പറ്റി താക്കീത് നല്‍കണം. അച്ചടക്കമുള്ള ഒരു ജീവിതചര്യ പരിശീലിപ്പിക്കാം. അച്ഛനും അമ്മയും കൗമാരക്കാര്‍ക്കായി ധാരാളം സമയം നീക്കിവയ്ക്കണം. കുട്ടിയെ കൂടെ നിര്‍ത്തി വളര്‍ത്തണം. മറ്റുള്ളവരുമായി ഇടപെടാനും ശരിയായ സുഹൃദ്ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും പഠിപ്പിക്കാം. എന്നാല്‍, കുട്ടിയോട്, ഒരു ശിശുവിനോടെന്നപോലെ പെരുമാറരുത്. അവന്റെ വ്യക്തിത്വത്തെ ബഹുമാനിക്കണം. കുട്ടിയുമായി ദിവസവും നടക്കാന്‍ പോകുകയോ കളിക്കുകയോ ആവാം.

മുതിര്‍ന്നവരെ ബഹുമാനിക്കാനും സ്വന്തം കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യുവാനും പരിശീലിപ്പിക്കാം. നിങ്ങളുടെ കൗമാരക്കാരനായ കുട്ടി, നിങ്ങളുടെ ക്ഷമയുടെ പരിധികള്‍ ചിലപ്പോള്‍ ലംഘിച്ചേക്കാം. എന്നാല്‍, തികഞ്ഞ സഹിഷ്ണുതയോടെ തെറ്റിനെ തെറ്റ് എന്നു പറയാന്‍ മടിക്കേണ്ട. ഈ ഘട്ടത്തിലും കുട്ടിക്കു നിങ്ങളെ ആവശ്യമുണ്ട്. അവരുടെ ആവിശ്വാസം തകര്‍ക്കുന്നതു പോലെയുള്ള സംസാരം ഒഴിവാക്കണം. നിങ്ങളുടെ കുഞ്ഞിനെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. കുട്ടിയുടെ ആരോഗ്യനിലയനുസരിച്ച് ജോലികള്‍ നല്‍കണം. ഭാവിയെപ്പറ്റി സ്വപ്‌നം കാണാന്‍ കുട്ടിയെ പഠിപ്പിക്കണം. എന്നാല്‍, അമിത പ്രതീക്ഷകളും അത്യാഗ്രഹവുമില്ലാതെ ജീവിക്കാന്‍ പ്രേരിപ്പിക്കാം. മറ്റു മനുഷ്യരെയും പ്രകൃതിയേയും സ്‌നേഹിക്കാന്‍ പരിശീലിപ്പിക്കാം. അത്യാവശ്യഘങ്ങളില്‍ നിലനില്‍ക്കാന്‍ വേണ്ടതരത്തില്‍ അല്പം വീട്ടുപണികളും പാചകവും കൃഷിയുമൊക്കെ പരിശീലിപ്പിക്കണം. കംപ്യൂട്ടറിന്റെയോ മൊബൈലിന്റെയോ മുന്നിലിരിക്കാതെ പുറത്തുപോയി ഓടിക്കളിക്കാന്‍ നിര്‍ബന്ധിക്കണം. ചില വാദ്യോപകരണങ്ങള്‍ പഠിക്കാനായി വിടണം. കുട്ടിയോട് ഒരു മുതിര്‍ന്ന വ്യക്തിയോടെന്നപോലെ ഇടപെടണം.

ശരിയായ ആശയവിനിമയം

ശരിയായ ആശയവിനിമയത്തിന് അവസരങ്ങള്‍ നല്‍കണം. കുറെ ഉപദേശങ്ങള്‍ നല്‍കുകയല്ല, ചില ചോദ്യങ്ങള്‍ ചോദിച്ച് സൗഹൃദപരമായ സംഭാഷണത്തിലൂടെ അവരെ പ്രോത്സാഹിപ്പിക്കണം. ഇടയ്ക്ക് ഒന്നു കെട്ടിപ്പിടിക്കുന്നതിനോ ഉമ്മവയ്ക്കുന്നതിനോ മടിക്കേണ്ട. മാതാപിതാക്കളില്ലാതെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീട്ടില്‍, രാത്രി താമസിക്കാന്‍ വിടരുത്. നിങ്ങളുടെ മകള്‍ വീട്ടില്‍ തനിച്ച് പകല്‍ സമയം നില്‍ക്കാനിടവരുത്. കുട്ടികളുടെ ഉത്കണ്ഠയുടെ കാരണങ്ങള്‍ തിരയണം. സംശയങ്ങള്‍, അവരുടെ പക്വതയ്ക്കനുസരിച്ച് ദുരീകരിക്കണം. കുട്ടിയെ, തന്റെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കണം. സാമൂഹിക കഴിവുകള്‍ വളര്‍ത്തുവാനും സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കുവാനും സജ്ജമാക്കണം. കുട്ടിയുടെ കഴിവുകളെപ്പറ്റി പോസിറ്റീവായി സംസാരിക്കണം.

കുട്ടിയുടെ ഓരോ നല്ല പ്രവൃത്തിയേയും അഭിനന്ദിക്കണം. തെറ്റുകളെ തിരുത്താന്‍ സ്‌നേഹമുള്ള ഭാഷയാണ് നല്ലത്. എന്നാല്‍, ചിലപ്പോള്‍ ശകാരവും വേണ്ടിവരാം. കുട്ടിയെ അവനായിരിക്കുന്നതുപോലെ അംഗീകരിക്കണം. നിങ്ങള്‍ അവരെ ശ്രദ്ധിക്കുന്നുണ്ടെന്നും എന്നും പിന്തുണയ്ക്കുമെന്നും പറയുന്നത് അവരെ നല്ല ഒരു വ്യക്തിയായി മാറ്റാന്‍ സഹായിക്കും.

ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, കിംസ് ഹോസ്പിറ്റല്‍, കോട്ടയം