പ്രിയനേ ഇത് പ്രണയാര്‍ദ്രം
പ്രിയനേ ഇത് പ്രണയാര്‍ദ്രം
Wednesday, June 12, 2019 4:45 PM IST
പ്രിയതമന്റെ ഓര്‍മകള്‍ക്ക് ബലിതര്‍പണം നടത്താന്‍ സജിനി മണികണ്ഠന്‍ കൈയിലെടുത്തത് ബലിച്ചോര്‍ മാത്രമല്ല; ഒരു കവിതാസമാഹാരം കൂടിയാണ്. ഈ കവിതകള്‍ക്കും പ്രിയനാം നിന്‍ ഓര്‍മകള്‍ക്കും മരണമില്ലെന്ന് മനസില്‍ ഉരുവിട്ട് സജിനി ഭര്‍ത്താവ് മണികണ്ഠന്റെ ഒന്നാം ശ്രാദ്ധദിനമായ കഴിഞ്ഞ ഏപ്രില്‍ നാലിന് പ്രണയാര്‍ദ്രം എന്ന സ്വന്തം കവിതാസമാഹാരം അകാലത്തില്‍ പൊലിഞ്ഞ പ്രിയപ്പെട്ടവന് സമര്‍പ്പിച്ചു. പ്രണയം വാക്കിലും പ്രവൃത്തിയിലും നിറച്ച് ആ സ്‌നേഹം കൊതിതീരും വരെ അനുഭവിക്കും മുമ്പ് വിധി തന്നില്‍ നിന്ന് തട്ടിയെടുത്ത ഭര്‍ത്താവിന്റെ ജീവനുള്ള ഓര്‍മകള്‍ക്ക് മുന്നിലാണ് സജിനി പ്രണയാര്‍ദ്രം സമര്‍പ്പിച്ചത്.

20 കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരമാണ് പ്രണയാര്‍ദ്രം. മണികണ്ഠന്‍ മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സജിനി എഴുതിയ സുമംഗലി, തിരുത്ത്, അണയാത്ത പ്രണയം എന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. ഹോട്ടലിലെ തിക്കുംതിരക്കുമൊഴിയുന്ന നേരത്തായിരുന്നു കവിതകള്‍ കുറിച്ചിരുന്നതെന്ന് സജിനിയുടെ വാക്കുകള്‍. മലയാളം ബി.എ ബിരുദധാരിയാണ് സജിനി.

ഉപജീവനം ഹോട്ടല്‍ പണിയിലൂടെ

ഹോട്ടല്‍ നടത്തി ഉപജീവനം കഴിക്കുന്ന ഒരു വീട്ടമ്മയാണ് സജിനി. രണ്ട് ആണ്‍മക്കളുടെ അമ്മ. തൃശൂര്‍ ജില്ലയിലെ കാഞ്ഞാണി സെന്ററില്‍ നിന്ന് പോകുന്ന അന്തിക്കാട് റോഡിലാണ് സജിനിയുടെ ഹോട്ടല്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാള ബിരുദ പഠന കാലത്താണ് യാത്രയ്ക്കിടയില്‍ മണികണ്ഠനെ കാണുന്നത്. ആ പരിചയം പിന്നിട് സൗഹൃദത്തിലും പ്രണയത്തിലും വിവാഹത്തിലുമെത്തി.

1997 ഏപ്രില്‍ 25നായിരുന്നു ഇവരുടെ വിവാഹം.സ്വകാര്യ ബസുകളിലെ കണ്ടക്ടറായിരുന്ന മണികണ്ഠന്‍ കഠിനാധ്വാനിയായിരുന്നു. ബസ് കണ്ടക്ടറുടെ ജോലി അവസാനിപ്പിച്ച് കാഞ്ഞാണി ബസ് സ്റ്റാന്‍ഡില്‍ ഗോപി ഉണ്ണിക്കണ്ണന്‍ എന്ന ഹോട്ടല്‍ തുടങ്ങി. ഹോട്ടല്‍ മെച്ചപ്പെു. പിന്നെ പെരിങ്ങോട്ടുകരയില്‍ ബിരിയാണി സെന്ററുകള്‍ തുടങ്ങി. തിരക്ക് കൂടിയപ്പോള്‍ കാഞ്ഞാണിയിലെ ഹോട്ടല്‍ നടത്തിപ്പ് സജിനിയെ ഏല്‍പ്പിച്ചു. 19 വര്‍ഷം സജിനി ഹോട്ടല്‍ നടത്തി.

ഇരുള്‍ വീഴ്ത്തിയ വാഹനാപകടം

പ്രണയിച്ച് മതിവരാതെ ജീവിതം ആഘോഷിക്കുന്നതിനിടെ ഒരു വാഹനാപകടം ഇവരുടെ ജീവിതത്തില്‍ ഇരുള്‍ വീഴ്ത്തി. 2017 ജൂണ്‍ എട്ടിന് കടയിലേക്കുള്ള സാധനങ്ങളുമായി വരുന്നതിനിടെ പാലക്കാട് കുഴല്‍മന്ദത്തുവച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ മണികണ്ഠന്‍ ആറുമാസം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലും നാലു മാസം വീട്ടിലൊരുക്കിയ മിനി വെന്റിലേറ്ററിലും കിടന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18ന് മണികണ്ഠന്‍ സജിനിയെ തനിച്ചാക്കി നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായി.

ജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നവന്‍ യാത്രയിലെപ്പോഴോ തനിച്ചാക്കി കടന്നുപോയപ്പോള്‍ ജീവിതത്തെ പകപ്പോടെ നോക്കാനെ സജിനിക്ക് കഴിഞ്ഞുള്ളു. ചികിത്സാചെലവും കടവും ഒരു കടല്‍പോലെ മുന്നില്‍ ആര്‍ത്തലച്ചു.

ഒടുവില്‍ സജിനിയൊരു തീരുമാനമെടുത്തു. അറിയുന്ന പണി ഹോട്ടല്‍ ജോലിയാണ്. അതുതന്നെ ചെയ്യുക. അങ്ങനെ കഴിഞ്ഞ പ്രളയം തുടങ്ങുന്ന ഓഗസ്റ്റ് 17ന് വീടിനോടു ചേര്‍ന്നുള്ള ഹോട്ടല്‍ സഹോദരന്‍ സജിത്തിന്റെ സഹായത്തോടെ സജിനി നടത്താന്‍ തുടങ്ങി. മണികണ്ഠനൊപ്പം ഹോട്ടല്‍ നടത്തിയുള്ള പരിചയവും ധൈര്യവും മുതല്‍ക്കൂട്ടായി. ഗോപി ഉണ്ണിക്കണ്ണന്‍ നാടന്‍ ഭക്ഷണ കലവറ എന്ന പേരില്‍ ഒരു ചെറിയ ഹോട്ടല്‍ സജിനി തുടങ്ങി. ചിരട്ടപ്പുട്ട് ഉള്‍പ്പടെ കൂടുതലും നാടന്‍ ഭക്ഷണം നല്‍കുന്ന ഹോട്ടല്‍.


പൊറോട്ട ഒഴികെ മറ്റെല്ലാ പലഹാരങ്ങളും ഊണും സജിനി തയാറാക്കും. ചായക്കാരനില്ലെങ്കില്‍ ആ ജോലിയും ചെയ്യും. ഇപ്പോള്‍ ഹോട്ടലില്‍ മൂന്നു ജീവനക്കാരുണ്ട്.

ഹോട്ടല്‍ തരക്കേടില്ലാതെ മുന്നോട്ടുപോകുന്നതുകൊണ്ട് കടങ്ങളെല്ലാം കുറശേ വീട്ടാനാകുന്നുണ്ടെന്നും വീട്ടു ചെലവും മക്കളെ പഠിപ്പിക്കുന്ന ചെലവുമെല്ലാം ഈ വരുമാനം കൊണ്ട് ഒരുവിധേന നടത്തിക്കൊണ്ട് പോകുന്നുണ്ടെന്ന് സജിനി പറഞ്ഞു.

പുസ്തക പ്രകാശനം

ഹോലിലെ തിരക്കിനും മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതിനുമിടയിലും സജിനിയുടെ മനസില്‍ പ്രണയത്തിന്റെയും കവിതയുടേയും നിലാവ് പെയ്‌തൊഴിയാതെ നിന്നിരുന്നു.

എന്നാല്‍ ഒരു പുസ്തകമിറക്കാനുള്ള സാമ്പത്തിക പ്രതിസന്ധി സജിനിയെ അലട്ടി. സജിനിയുടെ മനസ് കണ്ടറിഞ്ഞ സഹോദരന്‍ സമാഹാരം അച്ചടിക്കാനുള്ള ചെലവ് വഹിക്കാന്‍ തയ്യാറായതോടെ പ്രണയാര്‍ദ്രമായ കവിതകള്‍ അച്ചടിമഷി പുരണ്ടു.

സുഹൃദ് സദസ് കാഞ്ഞാണിയും ദായി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് പ്രകാശന കര്‍മം സംഘടിപ്പിച്ചത്. സജിനിയുടെ വീട്ടുമുറ്റത്തായിരുന്നു പ്രകാശനചടങ്ങ്. തങ്ങള്‍ സ്വര്‍ഗമാക്കി മാറ്റിയ വീടിനേക്കാള്‍ നല്ലൊരു വേദി പ്രകാശനത്തിനില്ലെന്ന് സജിനി. ചുട്ട് പൊള്ളുന്ന വേനല്‍ച്ചൂടില്‍ പെട്ടന്ന് വേനല്‍മഴ പെയ്ത് തുടങ്ങിയത് പങ്കെടുത്തവര്‍ക്ക് അത്ഭുതമായി.

ജീവിതേശ്വരന്റെ ഛായാചിത്രത്തെ സാക്ഷിയാക്കിയായിരുന്നു പ്രകാശനകര്‍മം. അവതാരികയെഴുതിയ കവി ഡോ.സി. രാവുണ്ണി, സിനിമ സംവിധാകന്‍ ശ്രീജിത്ത് ചാഴൂരിന് ആദ്യ പ്രതി നല്‍കി പ്രണായര്‍ദ്രം പ്രകാശിപ്പിച്ചു.

ഇരുളും നിശബ്ദതയും ഇഴചേര്‍ന്ന രാത്രിയുടെ വിരഹ വേദനയെന്ന് അണയാത്ത പ്രണയമെന്ന കവിതയില്‍ പ്രിയതമനോട് സജിനി വിതുമ്പിപ്പറയുന്നു. കണ്ണടച്ച് നീ എന്നെ ധ്യാനിക്കുക, അരികിലുണ്ടെന്നും ഞാന്‍ പ്രണയമായ് എന്ന പ്രിയതമന്റെ മറുപടിയും ഈ കവിതയിലുണ്ട്

പുരസ്‌കാരങ്ങള്‍

കവിതയക്ക് പുറമെ സജിനി ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. വിവിധ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. തൃശൂര്‍ കേരളവര്‍മ കോളജില്‍ നിന്ന് ബിഎ ബിരുദം. 1990 ല്‍ ഒരു തൂവല്‍സ്പര്‍ശം എന്ന ചെറുകഥയ്ക്ക് തൂലിക സാഹിത്യ സമിതി അവാര്‍ഡ്, 2013 ല്‍ പ്രബന്ധ മത്സരത്തില്‍ തൃശൂര്‍ ശ്രീനാരായണ ക്ലബ്ബിന്റെ അവാര്‍ഡ്, മികച്ച കവിതയ്ക്കുള്ള ദേശവിശേഷം അവാര്‍ഡ് എന്നിവ ലഭിച്ചു. ബിഎക്ക് പഠിക്കുന്ന ഹൃദ്വിനും പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ തേജസുമാണ് മക്കള്‍.

എ.ജെ.വിന്‍സന്‍