ഞങ്ങള്‍ക്കും സ്റ്റൈലിനു കുറവൊന്നുമില്ല
ഞങ്ങള്‍ക്കും സ്റ്റൈലിനു കുറവൊന്നുമില്ല
Saturday, April 27, 2019 4:10 PM IST
1970 കാലഘട്ടങ്ങളില്‍ നമ്മുടെ നാട്ടിലെ കാമ്പസുകളില്‍ ആണ്‍കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹെയര്‍സ്‌റ്റൈലായിരുന്നു ഹിപ്പി. നീട്ടി വളര്‍ത്തിയ മുടി രണ്ടായി വകഞ്ഞിടുന്ന രീതിയായിരുന്നു അത്. മുന്‍വശത്തെ മുടി നീട്ടി വളര്‍ത്തിയതിനുശേഷം അത് ചുരുട്ടി ഒരു കുരുവിക്കൂടുപോലെയാക്കി വയ്ക്കുന്ന കുരുവിക്കൂട് സ്‌റ്റൈലും അന്ന് കാമ്പസുകളില്‍ തരംഗമായിരുന്നു. പിന്നീട് കാലം മാറുന്നതിന് അനുസരിച്ച് ഹെയര്‍ സ്റ്റൈലുകളും മാറി വന്നു. പഠന കാലഘമൊക്കെ കഴിയുന്നതോടെ പലരും ഇത്തരം സ്റ്റൈലുകളൊക്കെ ഉപേക്ഷിക്കുന്ന പതിവാണ് അന്നും ഇന്നും കാണുന്നത്. ദിവസവും പുതിയ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ യുവതലമുറയെത്തുമ്പോള്‍ പതിവുരീതിയില്‍ തന്നെ മുടിവെട്ടിക്കാനാണ് മധ്യവയസ്‌കരും പ്രായമായവരുമൊക്കെ എത്തുന്നതെന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ പറയുന്നു. ഇന്നത്തെ യുവതലമുറയുടെ ഇടയില്‍ ട്രെന്‍ഡായിരിക്കുന്ന ഏതാനും ഹെയര്‍ കിംഗ് സ്റ്റൈലുകള്‍ പരിചയപ്പെടാം.

1. മെസി കട്ട്

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഒരു ഫുട്‌ബോള്‍ താരമാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങളെപ്പോലെ ഒരു ഫാഷന്‍ ഐക്കണൊന്നുമല്ല മെസി. എന്നാലും നമ്മുടെ കൊച്ചുകേരളത്തില്‍ മെസിയുടെ ഹെയര്‍കട്ടിന് ഏറെ ആരാധകരുണ്ട്. മെസി ഇടയ്ക്കിടെ ഹെയര്‍ സ്റ്റൈല്‍ മാറ്റാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്ലാസിക് മെന്‍ ഹെയര്‍ സ്റ്റൈലിനാണ് കേരളത്തില്‍ ഏറെ ഡിമാന്‍ഡ്. തലയുടെ മുകള്‍ ഭാഗത്തുള്ള മുടി മൂന്ന് ഇഞ്ചോളം നീട്ടി വളര്‍ത്തിയ ശേഷം അത് മുകളിലേക്ക് ചീകി അറ്റം താഴേക്ക് മടക്കി ഒതുക്കി വയ്ക്കും. പുറകുവശവും ചെവിക്കിരുവശവും പറ്റെ വെട്ടും. ഇതാണ് ക്ലാസിക് മെന്‍ ഹെയര്‍ സ്റ്റെല്‍. മുകളിലേക്ക് ചീകുന്ന മുടിക്ക് ചെറിയ ബ്രൗണ്‍ നിറമോ ചുവപ്പു നിറമോ നല്‍കി ഈ സ്‌റ്റൈല്‍ മോഡിഫൈ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഒതുക്കവും ഒരു ജെന്റില്‍മെന്‍ ലുക്കും ഉള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഈ സ്‌റ്റൈല്‍ ഇഷ്ടമാണ്.

2.ഹെല്‍മെറ്റ് കട്ട്

ചുരുണ്ട മുടിയുള്ള ആണ്‍കുട്ടികളുടെ ഇപ്പോഴത്തെ ഇഷ്ട ഹെയര്‍ സ്‌റ്റൈലിംഗ് രീതിയാണ് ഹെല്‍മെറ്റ് കട്ട്. മുടി നീട്ടി വളര്‍ത്തി അത് ഒരു ഹെല്‍മെറ്റ്‌പോലെ വെട്ടി നിറുത്തുന്ന രീതിയാണിത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലെ വിഷ്ണു എന്ന കഥാപാത്രമാണ് കേരളത്തില്‍ ഈ സ്റ്റൈല്‍ ഇത്രയും പ്രസിദ്ധമാക്കിയത്. മെയിന്റെയ്ന്‍ ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള സ്റ്റൈലാണിത്. ഒരു അനൗപചാരിക ലുക്ക് നല്‍കുന്നതിനാല്‍ കോളജ് കുമാരന്മാര്‍ക്കിടയില്‍ മാത്രമാണ് ഈ സ്‌റ്റൈലിന് പ്രചാരമുള്ളത്.


3. മിലിട്ടറി കട്ട്

അന്നും ഇന്നും എന്നും പുരുഷന്‍മാര്‍ക്ക് പ്രിയപ്പെട്ടതാണ് മിലിട്ടറി കട്ട്. മുടി പറ്റെ വെട്ടുന്ന രീതിയാണിത്. ഫോര്‍മല്‍ ലുക്ക് നല്‍കുന്നു എന്നതിനാല്‍ ഉദ്യോഗസ്ഥരുടെയും ഉദ്യോഗാര്‍ഥികളുടെയും പ്രിയപ്പെട്ട ഹെയര്‍ കാണിത്. മിലട്ടിറി കട്ട് പലതരമുണ്ട്. രണ്ട് ഇഞ്ച് നീളത്തില്‍ മുടി വെട്ടി നിറുത്തുന്നതാണ് ക്രൂ കട്ട്. മൂന്നു മുതല്‍ അഞ്ച് ഇഞ്ചുവരെ നീളത്തില്‍ മുടിവെട്ടി നിറുത്തുന്നതാണ് ബസ് കട്ട്. പരിപാലിക്കാനും നിലനിര്‍ത്താനും ഏറ്റവും എളുപ്പമുള്ള ഹെയര്‍ സ്റ്റൈലാണിത്.

5. മഷ്‌റൂം കട്ട്

തലയ്ക്ക് ഒരു കൂണിന്റെ രൂപം നല്‍കുന്ന ഹെയര്‍ കാട്ടണ് മഷ്‌റൂം കട്ട്. 1960കള്‍ മുതല്‍ നിലവിലുള്ള ഈ ഹെയര്‍കട്ട് ഇന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. കോലന്‍ മുടിയുള്ളവരാണ് പൊതുവെ ഈ ഹെയര്‍കട്ട് തെരഞ്ഞെടുക്കുന്നത്. തലയുടെ മുകള്‍ ഭാഗത്തുള്ള മുടി വട്ടത്തില്‍ വെട്ടിയിതിനുശേഷം അടിഭാഗം പറ്റെ വെട്ടുന്ന രീതിയാണിത്. ഏകദേശം എട്ടുവയസുവരെയുള്ള ആണ്‍കുട്ടികളുടെ ഇടയിലാണ് ഇപ്പോള്‍ ഈ ഹെയര്‍ സ്‌റ്റൈല്‍ ഏറ്റവും പ്രചാരത്തിലുള്ളത്.

5. നൂഡില്‍ കട്ട്

മഷ്‌റൂം കട്ടിനോട് സാദ്യശ്യമുള്ള ഹെയര്‍ കട്ടാണ് നൂഡില്‍ കട്ട്. ഇവിടെ മുകളില്‍ വട്ടത്തില്‍ വെട്ടിയിട്ടരിക്കുന്ന മുടി ചുരുട്ടിയ ശേഷം നീട്ടിയിടും. അലസ ലുക്ക് ഇഷ്ടപ്പെടുന്ന ആണ്‍കുട്ടികളുടെ പ്രിയപ്പെട്ട സ്റ്റൈലാണിത്.

6. പ്രേതം കട്ട്

തലയിലെ മുടി കൊഴിഞ്ഞുപോയതില്‍ നിരാശപ്പെട്ട് നടക്കുന്നവരുടെ കാലമൊക്കെ കഴിഞ്ഞു. അവര്‍ക്കുമിപ്പോള്‍ നിരവധി ഹെയര്‍ സ്‌റ്റൈലിങ് ടെക്‌നിക്കുകളുണ്ട്. പ്രേതം എന്ന സിനിമയിലെ തലമുടി വടിച്ചെത്തിയ ജയസൂര്യയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സിനിമ ഇറങ്ങിയതിനുശേഷം കഷണ്ടിയുള്ള ആളുകള്‍ മുടി പൂര്‍ണമായും വടിച്ചുകളയാന്‍ തുടങ്ങിയതായി ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ പറയുന്നു. മുടി പറ്റെ വെട്ടി താടി കട്ടയായി വളര്‍ത്തുന്നത് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് ആണ്.

കേശാലങ്കാരം

ക്ലിപ്പുകളും ബാന്‍ഡുകളുമൊക്കെ ഉപയോഗിച്ച് മുടി ഭംഗിയായി ഒതുക്കിവയ്ക്കുന്ന രീതി ഇപ്പോള്‍ ആണ്‍കുട്ടികളുടെ ഇടയിലും വ്യാപകമാണ്. മുടി നീട്ടി വളര്‍ത്തിയതിനു ശേഷം അത് പുറകിലേക്ക് ചീകി ഹെയര്‍ ബാന്‍ഡ് വച്ച് ഒതുക്കി നടക്കുന്ന പയ്യന്‍മാര്‍ കാമ്പസുകളിലെ പതിവ് കാഴ്ചയാണ്. നീട്ടി വളര്‍ത്തിയ മുടി ഹെയര്‍ ടൈകള്‍ ഉപയോഗിച്ച് കെട്ടി ഒതുക്കുന്നതും ഇപ്പോള്‍ സ്‌റ്റൈല്‍ തന്നെ.

റോസ്‌മേരി ജോണ്‍