ഉപരിപഠനം തെരഞ്ഞെടുക്കുമ്പോള്‍
Friday, April 12, 2019 4:36 PM IST
രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ നമ്മുടെ രാജ്യത്തെ വോട്ടവകാശം പോലുമാകാത്ത ഒരുകൂട്ടം കൗമാരക്കാര്‍ മറ്റൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. മുന്നോട്ട് എന്തു പഠിക്കണം എന്ന തെരഞ്ഞെടുപ്പ്. തങ്ങളുടെ ഭാവി എങ്ങനെയായിരിക്കും എന്ന് നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണത്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിച്ച് സൂക്ഷിച്ചുവേണം ആ തെരഞ്ഞെടുപ്പ് നടത്താന്‍. ഉപരിപഠനത്തിനായി കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍ ഓരോ വിദ്യാര്‍ഥിയും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. കുട്ടികളെപ്പോലെ തന്നെ അവരുടെ മാതാപിതാക്കളും ഇക്കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം
1. എന്താണ് പഠിക്കാനിഷ്ടം
സ്‌കൂള്‍ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ വിഷയങ്ങള്‍ പഠിക്കേണ്ടതായുണ്ട്. എന്നാല്‍ കോളജ് തലത്തിലേക്ക് വരുമ്പോള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുകയാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്കാകണം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയത്തില്‍ ഉപരിപഠനം നടത്താന്‍ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും ഉത്തമം. മിക്കവാറും ആളുകള്‍ തങ്ങള്‍ പഠിക്കുന്ന വിഷയങ്ങളോട് ബന്ധപ്പെട്ട ജോലിയാവും ഭാവിയില്‍ ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ തനിക്ക് ഇഷ്ടമില്ലാത്ത വിഷയം പഠിച്ചാല്‍ പഠനകാലയളവില്‍ മാത്രമല്ല, ജീവിതകാലം മുഴുവന്‍ തനിക്ക് ഇഷ്ടമില്ലാത്ത പ്രവര്‍ത്തനം ചെയ്തുകൊണ്ടിരിക്കേണ്ടി വരും.
2. എന്താണ് ഈ കോഴ്‌സ് പഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം
പഠിക്കാന്‍ ഇഷ്ടമുള്ള വിഷയം കണ്ടെത്തിക്കഴിഞ്ഞാല്‍ അടുത്തതായി ആ പഠനം കൊണ്ടുള്ള പ്രയോജനങ്ങളെപ്പറ്റി ചിന്തിക്കണം. ഭാവിയില്‍ ഉപജീവനം നേടിയെടുക്കാന്‍ കഴിയുന്ന കോഴ്‌സാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പാക്കാന്‍ പരിശ്രമിക്കണം. എല്ലാ കോഴ്‌സുകളും ഒരു പോലെ തൊഴില്‍ പ്രദാനം ചെയ്യുന്നതല്ല. അങ്ങനെയുള്ളപ്പോള്‍ ആ വിഷയത്തിന്റെ പഠനത്തിനൊപ്പംതന്നെ സമാന്തരമായി തൊഴില്‍ ലഭിക്കുന്നതിനുള്ള പരിശീലനങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ചെയ്യുന്നതിനൊപ്പംതന്നെ വിദ്യാര്‍ഥികള്‍ പിഎസ് സി/യുപിഎസ്‌സി തുടങ്ങിയ പരീക്ഷാ പരിശീലനത്തിന് പോകുന്നത് ഈ ഉറപ്പിനുവേണ്ടിയാണ്.
3. എന്തൊക്കെയാണ് പഠിക്കാനുള്ളത്
ഒരു കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍ നാലോ അഞ്ചോ വര്‍ഷം കൊണ്ട് എന്തൊക്കെ പഠിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് ഒരു അവബോധം വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. വിവിധ സര്‍വകലാശാലകളും കോളജുകളും അവര്‍ നടത്തുന്ന കോഴ്‌സുകളുടെ സിലബസുകള്‍ ഇപ്പോള്‍ തങ്ങളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇത് പരിശോധിച്ച് സിലബസ് പരിചിതമാക്കുന്നത് ഭാവിയില്‍ പ്രയോജനപ്പെടും.
4. എവിടെയാണ് പഠിക്കേണ്ടത്
എന്താണ് പഠിക്കേണ്ടത് എന്നതുപോലെതന്നെ എവിടെയാണ് പഠിക്കേണ്ടത് എന്നതിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് സ്വപ്‌നങ്ങള്‍ കാണും. ഇതുവരെയുള്ള അവരുടെ അക്കാദമിക് മികവാണ് ഇഷ്ടമുള്ള കോളജ് തെരഞ്ഞെടുക്കാന്‍ അവരെ സഹായിക്കുന്നത്. താന്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ് എവിടെയൊക്കെ ഉണ്ടെന്ന് മനസിലാക്കണം. ഇവിടങ്ങളിലെ പഠനനിലവാരത്തെക്കുറിച്ച് അന്വേഷിക്കണം. അവിടത്തെ വിജയശതമാനം, പഠനം കഴിഞ്ഞ് ജോലി കിട്ടുന്ന വിദ്യാര്‍ഥികളുടെ എണ്ണം, കാമ്പസ് പ്ലേസ്‌മെന്റിനുള്ള അവസരങ്ങള്‍, എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിനു നല്‍കുന്ന പ്രാധാന്യം ഇവയെല്ലാം പരിശോധിക്കണം.
5. ആരോടൊക്കെ അഭിപ്രായം തേടണം
ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനമായതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്ക് പലരുടെയും ഉപദേശങ്ങളും നിര്‍ദേശങ്ങളും ആവശ്യമായി വരും. പഠനത്തിന് മാതാപിതാക്കളുടെ പിന്‍തുണയും സാമ്പത്തിക സഹായവും ആവശ്യമായതുകൊണ്ടുതന്നെ ആദ്യം അവരുടെ ഉപദേശം തേടണം. വിദ്യാര്‍ഥികളുടെ കഴിവുകളെ അവരേക്കാള്‍ മനസിലാക്കിയിുള്ളവരാകാം അവരുടെ അധ്യാപകര്‍. അതുകൊണ്ട് മുമ്പ് പഠിപ്പിച്ച അധ്യാപകരുടെ ഉപദേശം തേടുന്നതും അഭികാമ്യമാണ്. കോഴ്‌സ്, കോളജ് എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ മുമ്പ് പഠിച്ച സീനിയേഴ്‌സിന്റെ അഭിപ്രായങ്ങളും സ്വീകരിക്കാം. അവിടെയും പക്ഷെ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. താന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിലോ കോളജിലോ വഴിതെറ്റിവന്നു പഠിച്ച ഒരാളുടെ ഉപദേശമാണ് സ്വീകരിക്കുന്നതെങ്കില്‍ അത് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല നമ്മളെ വഴിതെറ്റിക്കുകയും ചെയ്യും.
6. കോഴ്‌സിന്റെ ഫീസ്, മറ്റ് ചെലവുകള്‍ തുടങ്ങിയവ താങ്ങാന്‍ സാധിക്കുമോ
എല്ലാവര്‍ക്കും ഭാവിയെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ കാണും. എന്നാല്‍ ആ സ്വപ്‌നങ്ങളുടെ പ്രായോഗികത കൂടി ചിന്തിക്കണം. വിദ്യാഭ്യാസം ഏറെ ചെലവുള്ള ഒരു പ്രക്രിയയാണ്. അത് താങ്ങാനാകുമോ എന്ന് ആദ്യമേ തന്നെ ചിന്തിക്കണം. വിവിധ സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയവ ഇന്ന് ലഭ്യമാണ്. അവയുടെ സാധ്യതകളും പരിശോധിക്കണം.

ഡോ. സാബു ഫിലിപ്പ്
എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്,
മുന്‍ സീനിയര്‍ സോഷ്യല്‍ സയിന്റിസ്റ്റ്
ഐസിഎസ്എസ്ആര്‍