വേനലില്‍ വാടാത്ത മുടിയഴക്
വെയിലും ചൂടും പ്രശ്‌നമല്ലെന്നു പറഞ്ഞാലും അവ ആരോഗ്യത്തിനും ചര്‍മത്തിനും മുടിക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വേനല്‍ച്ചൂടിനു നമ്മളെ ഒന്നു തൊടാന്‍ പോലും സാധിക്കില്ല എന്നതാണു സത്യം.

വേനല്‍ക്കാലത്ത് ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തലമുടിക്കും ഉണ്ടാകും. പൊടിയും വിയര്‍പ്പും ചൂടും അഴുക്കും ഒക്കെ ചേര്‍ന്നാല്‍ പിന്നെ മുടിയുടെ കാര്യം പറയണ്ടല്ലോ. താരന്‍, മുടികൊഴിച്ചില്‍, മുടിയുടെ അറ്റം പിളരുക, മുടിയുടെ മിനുസം നഷ്ടപ്പെട്ട് പരുപരുത്തതാവുക എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രശ്‌നങ്ങളാണ് വേനല്‍ക്കാലത്ത് നമുക്കുണ്ടാവുക. ചര്‍മത്തിലെന്നപോലെ ശിരോചര്‍മത്തേയും സൂര്യാഘാതം ബാധിക്കും.

ദിവസവും മുടി കഴുകുന്നതു തലയോട്ടിയിലെ പ്രകൃതിദത്തമായ എണ്ണ നഷ്ടപ്പെടാന്‍ കാരണമാകും. എങ്കിലും ചൂടുകാലത്ത് തല കഴുകാതെയിരിക്കുന്നതും ഒരുപാടു പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും. അതുകൊണ്ടു തന്നെ മുടിയിലും തലയോട്ടിയിലും വിയര്‍പ്പും പൊടിയും തങ്ങി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

* വേനല്‍ക്കാലത്ത് മുടിയില്‍ പുതിയ പരീക്ഷണങ്ങള്‍ ഒന്നും വേണ്ട. ഹെയര്‍ കളറിംഗ്, സ്‌ട്രെയിറ്റനിംഗ്, സ്മൂത്തണിംഗ് തുടങ്ങിയ ട്രീറ്റ്‌മെന്റുകളെക്കുറിച്ച് ഈ സമയത്ത് ചിന്തിക്കുന്നതുപോലും അബദ്ധമായേക്കാം.

* പുറത്തെ പൊടിയും വിയര്‍പ്പും ഒക്കെ ആകുമ്പോള്‍ എന്നും തല ഷാംപൂ ഉപയോഗിച്ചു കഴുകണം എന്നു തോന്നിയേക്കാം. പക്ഷേ ഇതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മുടി വല്ലാതെ ഒിപ്പിടിക്കുന്നതായി തോന്നുകയാണെങ്കില്‍ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് തലകഴുകാം. തലയോട്ടി മാത്രം കഴുകിയാല്‍ മതി. മുടിയില്‍ ഷാംപു അധികം ഉപയോഗിക്കാതെയിരിക്കുന്നതാണ് നല്ലത്.

* വേനല്‍ക്കാലത്ത് പുറത്തുപോകുമ്പോള്‍ സ്‌കാര്‍ഫോ ഷാളോ തൊപ്പിയോ ഉപയോഗിച്ച് തലമുടിയില്‍ വെയില്‍ ഏല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

* കാറ്റില്‍ പാറിപ്പറന്നു നടക്കുന്ന മുടിയാണ് എല്ലാവര്‍ക്കും ഇഷ്ടം. എങ്കിലും ഇനി കുറച്ചു നാളത്തേക്ക് അതുവേണ്ട. മുടി ഭംഗിയായി ചീകി കെട്ടി വേണം പുറത്തു പോകാന്‍.

* കണ്ടീഷണിംഗ് നിര്‍ബന്ധം: മുടിയുടെ ആരോഗ്യം കളയാന്‍ വേനല്‍ ശ്രമിക്കുമ്പോള്‍ അതിനേ ചെറുക്കുകയാണു വേണ്ടത്. ഇതിന് കണ്ടീഷണര്‍ നിങ്ങളെ സഹായിക്കും. കൃത്യമായി കണ്ടീഷണ്‍ ചെയ്യുന്നതിലൂടെ മുടിയിലെ ജലാംശം നിലനിര്‍ത്താന്‍ സാധിക്കും. മുടിക്ക് ഇണങ്ങുന്ന കണ്ടീഷണര്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.


വീട്ടില്‍ തന്നെ തയാറാക്കാം ഹെയര്‍ മാസ്‌ക്കുകള്‍

മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ബ്യൂട്ടീപാര്‍ലര്‍ വരെ പോകണം എന്നു നിര്‍ബന്ധമില്ല. വീട്ടില്‍ തന്നെ വളരെ എളുപ്പമുള്ളതും ഫലപ്രദവുമായ ഹെയര്‍ മാസ്‌ക്കുകള്‍ തയാറാക്കാം.

1. ഒരു കപ്പ് മയോണൈസ്, അരക്കപ്പ് ഒലീവ് ഓയില്‍, മൂന്നു മുട്ടയുടെ മഞ്ഞ എന്നിവ ചേര്‍ത്തിളക്കുക. ഇതു തലയില്‍ നന്നായി തേച്ചു പിടിപ്പിക്കണം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.

2. കറ്റാര്‍ വാഴനീരും നാലോ അഞ്ചോ തുള്ളി നാരങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേച്ച് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.

3. നന്നായി പഴുത്ത പഴം കുഴമ്പു പരുവത്തില്‍ അരച്ചെടുക്കുക. ഇതു മുടിയില്‍ തേച്ച് അരമണിക്കൂറിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം.

4. തൈര് തലയില്‍ തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഏറ്റവും സിംപിള്‍ ഹെയര്‍ മാസ്‌ക് ആണിത്.

5. ഒരു പിടി ഉലുവ തലേ ദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത്, അടുത്ത ദിവസം അരയ്ക്കുക. ഇതിലേക്ക് അല്പം തൈരും കൂടിച്ചേര്‍ത്തിളക്കി തലയില്‍ പുരട്ടി 20 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകികളയണം.

സ്‌റ്റേ ഹൈഡ്രേറ്റഡ്

വേനല്‍ക്കാലമായാല്‍ നമ്മള്‍ ഏറ്റവുമധികം കേള്‍ക്കുന്ന വാക്കാണ് ഡീ ഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം. ചൂടു കൂടുംതോറും ശരീരം കൂടുതല്‍ വിയര്‍ക്കുകയും ശരീരത്തില്‍ നിന്ന് കൂടുതല്‍ വെള്ളം നഷ്ടമാകുകയും ചെയ്യും. അതുകൊണ്ടു തന്നെ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്.
സാധാരണ കുടിക്കുന്നതിനെക്കാള്‍ കൂടുതല്‍ വെള്ളം വേനല്‍ക്കാലത്ത് കുടിക്കണം. വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനും നന്നല്ല. വെള്ളം കുടിക്കാതിരുന്നാല്‍ നമ്മളേക്കാള്‍ മുന്‍പു നമ്മുടെ ചര്‍മവും തലമുടിയും വാര്‍ധക്യത്തിലേക്ക് നീങ്ങും എന്നത് എപ്പോഴും ഓര്‍മയില്‍ വയ്ക്കുക.

തയാറാക്കിയത് : അനാമിക
വിവരങ്ങള്‍ക്ക് കടപ്പാട്
ആര്‍. ചിത്ര
ഉമ ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍, തിരുവനന്തപുരം