ഈന്തപ്പഴ വിഭവങ്ങള്‍
ഈന്തപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളിതാ...

ഈന്തപ്പഴം ഫ്രൈ

ചേരുവകള്‍
നട്‌സ് -10 എണ്ണം
ഈന്തപ്പഴം -10 എണ്ണം
മൈദ -അരക്കപ്പ്
അരിപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര -രണ്ട് ടീസ്പൂണ്‍
ബേക്കിംഗ് സോഡ -അര ടീസ്പൂണ്‍
ഉപ്പ് -അല്പം
മഞ്ഞള്‍പൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം
മൈദയും അരിപ്പൊടിയും പഞ്ചസാരയും ബേക്കിംഗ് സോഡയും ഉപ്പും വെള്ളവും ചേര്‍ത്ത് ബാറ്റര്‍ തയാറാക്കുക. വെള്ളം അധികം ആകരുത്. ബാറ്റര്‍ കുറുകി ഇരിക്കണം. ഈന്തപ്പഴം കുരു കളഞ്ഞ് അതില്‍ നട്‌സ് വച്ച് രണ്ട് അരികും നന്നായി ചേര്‍ത്തുവയ്ക്കണം. ഇതു ബാറ്ററില്‍ മുക്കി എണ്ണയില്‍ വറുത്ത് എടുക്കുക.

ഈന്തപ്പഴം ബനാന റോസ്റ്റ്

ചേരുവകള്‍
നെയ്യ് -രണ്ടു ടേബിള്‍സ്പൂണ്‍
ഈന്തപ്പഴം -ആറ് എണ്ണം
ഏത്തപ്പഴം -രണ്ട് എണ്ണം
തേങ്ങ ചിരകിയത് -ഒരു കപ്പ്
പഞ്ചസാര -രണ്ടു ടേബിള്‍സ്പൂണ്‍
നട്‌സ് -നാല് എണ്ണം
മൈദ -ഒരു കപ്പ്
ഉപ്പ് -ആവശ്യത്തിന്
മഞ്ഞള്‍പൊടി -ഒരു നുള്ള്
അരിപ്പൊടി -ഒരു ടീസ്പൂണ്‍
പഞ്ചസാര -ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
പാനില്‍ നെയ്യ് ഒഴിച്ച് അതില്‍ പഞ്ചസാരയും തേങ്ങയും ചേര്‍ത്ത് വിളയിക്കുക. വെള്ളം വറ്റുമ്പോള്‍ ഈന്തപ്പഴവും നട്‌സും ചെറുതായി അരിഞ്ഞത് ചേര്‍ത്ത് ഇളക്കണം. സ്റ്റൗ ഓഫ് ചെയ്യുക. ഏത്തപ്പഴം തൊലികളഞ്ഞ് നടുവെ കീറണം. രണ്ടറ്റവും വിട്ടുപോകരുത്. അതിനുള്ളില്‍നിന്നു കറുത്ത നാര് കളയുക. കീറിയ ഭാഗത്ത് ഈന്തപ്പഴം മിക്‌സ് നിറയ്ക്കണം. മൈദയും അരിപ്പൊടിയും പഞ്ചസാരയും മഞ്ഞള്‍ പൊടിയും വെള്ളം ഒഴിച്ച് ഇളക്കി ബാറ്റര്‍ തയാറാക്കുക. ഈന്തപ്പഴം മിക്‌സ് നിറച്ച് വച്ചിരിക്കുന്ന ഏത്തയ്ക്ക ഈ ബാറ്ററില്‍ മുക്കി എണ്ണയില്‍ വറുത്ത് എടുക്കണം. സ്റ്റൗ മീഡിയം ഫ്‌ളെയിമിലാക്കി വറുക്കുക. ഫ്രൈ ആയി കഴിയുമ്പോള്‍ തീ കൂട്ടി കോരി എടുക്കണം.

ഈന്തപ്പഴം ചട്‌നി

ചേരുവകള്‍
ഈന്തപ്പഴം -100 ഗ്രാം
വെള്ളം -ഒരു കപ്പ്
വാളന്‍പുളി -ഒരു കപ്പ്
മുളകുപൊടി -ഒരു ടീസ്പൂണ്‍
ശര്‍ക്കര -ഒരു കപ്പ്
ഇഞ്ചി -ഒരു കഷണം
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്നവിധം
ഈന്തപ്പഴം, വാളന്‍പുളി, ശര്‍ക്കര ഇവ വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്‍ തീ ഓഫ് ചെയ്യണം. ഇതു തണുത്തു കഴിയുമ്പോള്‍ ഇഞ്ചിയും ഉപ്പും മുളകുപൊടിയും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇതു പാത്രത്തിലേക്ക് മാറ്റണം. ഈന്തപ്പഴം ചട്‌നി തയാര്‍.

ഡേറ്റ്‌സ് ഷേയ്ക്ക്

ചേരുവകള്‍
ഈന്തപ്പഴം -200 ഗ്രാം
പാല്‍ -500 മില്ലി ലിറ്റര്‍
ആപ്പിള്‍ -ഒരെണ്ണം
ഐസ് ക്യൂബ് -നാല് എണ്ണം
പഞ്ചസാര -രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്നവിധം

പാല്‍ തിളപ്പിച്ച് നന്നായി തണുപ്പിക്കുക. ഈന്തപ്പഴവും ആപ്പിള്‍ കഷണങ്ങളാക്കിയതും പഞ്ചസാരയും ഐസും അല്പം പാലും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കണം. നന്നായി അരച്ചതിലേക്ക് ബാക്കി പാലും ചേര്‍ത്ത് നന്നായി അടിച്ച് ഗ്ലാസില്‍ ഒഴിച്ച് സേര്‍വ് ചെയ്യാം.

ഈന്തപ്പഴം റോള്‍

ചേരുവകള്‍
ഈന്തപ്പഴം -200 ഗ്രാം
നട്‌സ് -50 ഗ്രാം
ചീസ് -75 ഗ്രാം
മുട്ട -ഒരെണ്ണം
മുളകുപൊടി -1/2 ടീസ്പൂണ്‍
ബട്ടര്‍ -50 ഗ്രാം
മൈദ -200 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍

തയാറാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞ് എടുക്കുക. ചെറുതായി അരിഞ്ഞ നട്‌സ് നെയ്യില്‍ വറുത്തെടുക്കണം. ഇത് ഈന്തപ്പഴത്തില്‍ നിറയ്ക്കുക. പൊടിയായി അരിഞ്ഞ ചീസും ബട്ടറും മുളകുപൊടിയും മുട്ടയുടെ മഞ്ഞയും മാവും ചേര്‍ത്ത് കുഴയ്ക്കണം. കനം കുറച്ച് പരത്തി വട്ടത്തില്‍ മുറിച്ച് ഇത് ഈന്തപ്പഴം വച്ച് അരിക് ഒട്ടിച്ച് ചൂടായ എണ്ണയില്‍ വറുക്കുക. ഈന്തപ്പഴം റോള്‍ റെഡി.

ഡേറ്റ്‌സ് ഓട്‌സ് സ്മൂത്തി

ചേരുവകള്‍
ഓട്‌സ് -മൂന്ന് ടേബിള്‍ സ്പൂണ്‍
പാല്‍ തണുത്തത് -ഒരു കപ്പ്
ഈന്തപ്പഴം -ആറ് എണ്ണം
ഏലയ്ക്ക -മൂന്ന് എണ്ണം
പഞ്ചസാര -ഒരു ടേബിള്‍സ്പൂണ്‍

തയാറാക്കുന്നവിധം
ഓട്‌സ് ഒരു പാനിലിട്ട് ചെറുതായി വറക്കുക. ഇതു പകുതി പാലും പഞ്ചസാരയും ഈന്തപ്പഴവും ഏലയ്ക്കയും ചേര്‍ത്ത് നന്നായി അടിക്കണം. ഇതിലേക്ക് ബാക്കി പാലും കൂടി ചേര്‍ത്ത് അടിക്കുക. നട്‌സ് പൊടിച്ചത് വിതറി ഗാര്‍നിഷ് ചെയ്ത് വിളമ്പാം.

ഈന്തപ്പഴം അച്ചാര്‍

ചേരുവകള്‍
ഈന്തപ്പഴം -500 ഗ്രാം
പച്ചമുളക് -അഞ്ച് എണ്ണം
ഇഞ്ചി -രണ്ടു കഷണം
വെളുത്തുള്ളി -രണ്ടു കുടം
കടുക് -ഒരു ടീസ്പൂണ്‍
ഉലുവ -ഒരു ടീസ്പൂണ്‍
കായം -ഒരു നുള്ള്
മുളകുപൊടി -രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
നല്ലെണ്ണ -ഒരു കപ്പ്
വിനാഗിരി -മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പഞ്ചസാര/ശര്‍ക്കര -ഒരു ടീസ്പൂണ്‍

തയാറാക്കുന്നവിധം
ഈന്തപ്പഴം കുരുകളഞ്ഞ് എടുക്കുക. പച്ചമുളക് നടുവെ കീറി എടുക്കണം. ഇഞ്ചി അരിഞ്ഞെടുക്കുക. കടുക്, ഉലുവ ഇവ വറുത്ത് പൊടിക്കണം. എണ്ണ ചൂടാക്കി പച്ചമുളക് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവ വഴറ്റുക. ചുവന്നു തുടുക്കുമ്പോള്‍ തീ കുറച്ചുവച്ച് പൊടികള്‍ എല്ലാം ചേര്‍ക്കണം. ഇതിലേക്ക് തിളപ്പിച്ച ചെറുചൂടുവെളളവും ഉപ്പും പഞ്ചസാരയും ഈന്തപ്പഴവും ചേര്‍ത്തു തിളച്ചശേഷം തീ നിര്‍ത്തുക. തണുത്തതിനുശേഷം നന്നായി ഉണങ്ങിയ കുപ്പിയില്‍ കോരിയിട്ട് അടച്ച് സൂക്ഷിക്കാം.സോജി മനോജ് പാലാത്ര
ചങ്ങനാശേരി