അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
Tuesday, April 4, 2023 3:09 PM IST
സാൾട്ടില്ലോ (മെക്സിക്കോ): മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീട്ടിൽനിന്ന് അഗ്നിപർവതത്തിനു മുകളിലേക്കു താമസം മാറ്റിയിരിക്കുകയാണ് ഈ യുവതി. ഒരു മാസത്തോളം അഗ്നിപർവതത്തിന് മുകളിൽ ഏകയായി ജീവിച്ച് ലോകറിക്കാർഡ് സൃഷ്ടിക്കുകയാണു ലക്ഷ്യം.
ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ പിക്കോ ഡി ഒറിസാബയാണ് പെർല ടിജെറിന ഏകാന്തവാസത്തിനു തെരഞ്ഞെടുത്തിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 18,491 അടിയാണ് ഈ അഗ്നിപർവതത്തിന്റെ ഉയരം. 32 ദിവസം ഇതിനു മുകളിൽ പെർല കഴിയും.
റിക്കാർഡ് സ്ഥാപിക്കുന്നതിനൊപ്പം തന്റെ മനഃശക്തി പരീക്ഷിക്കാനും ഈ അവസരം വിനിയോഗിക്കുമെന്ന് ഇവർ പറയുന്നു. പർവതത്തിനു മുകളിൽ ഏകാന്തതയെ അതിജീവിക്കാൻ പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നതെന്നും കൂടാതെ ധ്യാനത്തിൽ ഏർപ്പെടാറുണ്ടെന്നും ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ പെർല വ്യക്തമാക്കി.