ആദ്യ വനിതാ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
ആദ്യ വനിതാ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
Monday, January 4, 2021 3:38 PM IST
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്ചു ചോദിച്ചാല്‍ സജിത വിനയാന്വിതയാകും. ഒരുപാടു സന്തോഷമുണ്ട്. പുരുഷന്‍മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കു വെല്ലുവിളികള്‍ ഏറ്റെടുത്ത് എത്തിയപ്പോള്‍ ഭയമൊന്നുമില്ല. അല്ലെങ്കിലും ലഹരി മാഫിയകളെ അടക്കം കൈകാര്യം ചെയ്യാനുള്ള കരുത്തു വേണ്ടവര്‍ ഭയക്കാന്‍ പാടുണ്ടോ. ഒരിക്കലുമില്ല, യുവാക്കളെ നാശത്തിലേക്കു നയിക്കുന്ന അനധികൃത ലഹരി മാഫിയകളെയും വിതരണം ചെയ്യുന്നവരെയുമൊക്കെ ഇല്ലാതാക്കാന്‍ തീരുമാനിച്ചാണ് സജിത ജോലി ഏറ്റെടുത്തിരിക്കുന്നത്. തിരൂരിലാണ് കേരളത്തിലെ ആദ്യ എക്സൈസ് വനിത ഇന്‍സ്പെക്ടര്‍ സജിത ചാര്‍ജെടുത്തിരിക്കുന്നത്. നേരത്തെ സിവില്‍ എക്സൈസ് ഓഫീസറായി പ്രവര്‍ത്തിച്ചുള്ള പരിചയമാണു കരുത്ത്. 2014ലാണ് സിവില്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. അന്നു പരീക്ഷയില്‍ രണ്ടാം റാങ്കു നേടിയായിരുന്നു ജോലി നേടിയത്. 2016നു ശേഷമാണ് വനിതകള്‍ക്ക് എക്സൈസ് ഇന്‍സ്പെക്ടറായി അപേക്ഷിക്കാമെന്ന തീരുമാനം വന്നത്. പിന്നീട് ഒന്നും ആലോചിച്ചില്ല, ഭര്‍ത്താവും വീട്ടുകാരും സഹപ്രവര്‍ത്തകരുമൊക്കെ പ്രോത്സാഹിപ്പിച്ചു. പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക്.

? എങ്ങനെയുണ്ട് ഇന്‍സ്പെക്ടര്‍ റോള്‍

വനിതകള്‍ ആദ്യമാണ് ഈ പോസ്റ്റിലെത്തുന്നതെങ്കിലും മുമ്പ് എക്സൈസ് സിവില്‍ ഓഫീസറായി ജോലി ചെയ്തതിന്റെ പിന്‍ബലം കരുത്താകുന്നുണ്ട്. കേസുകളെക്കുറിച്ചും കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചുമൊക്കെ ധാരണയുള്ളതു സഹായകമാണ്.

? വെല്ലുവിളികള്‍

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണ് എക്സൈസിലേത്. പക്ഷേ നമ്മുടെ മുമ്പില്‍ ഏതു വെല്ലുവിളികളെയും നേരിട്ടു മുന്നേറി വിജയം നേടിയ പോലീസ് ഓഫീസര്‍മാരായ വനിതകളുണ്ടല്ലോ. അവരൊക്കെ എപ്പോഴും എന്റെ പാതയിലും വഴികാട്ടിയാകുമെന്നാണു വിശ്വാസം. എക്സൈസിലെ പ്രതികളെ പിടികൂടലും കേസെടുക്കലുമൊക്കെ വ്യത്യസ്തമാണ്. പ്രതികളെ പിടികൂടാനൊക്കെ ഒത്തിരി ക്ഷമയും കാത്തിരിപ്പുമൊക്കെ വേണ്ടി വന്നേക്കാം. അതൊക്കെ ധൈര്യപൂര്‍വം ഏറ്റെടുത്തു മുന്നോട്ടുപോകാന്‍ തന്നെയാണു തീരുമാനം.

? കുടുംബിനിയായ ശേഷം എങ്ങനെ വിജയം നേടി

ഏഴു വയസായ മകളും ഭര്‍ത്താവും അടങ്ങുന്നതാണു കുടുംബം. തൃശൂര്‍ തൈക്കാട്ടുശേരിയില്‍ റിട്ട.റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ദാമോദരന്റെയും ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ പ്രധാനാധ്യാപിക ആയിരുന്ന കെ.യു. മീനാക്ഷിയുടെയും മകളാണ് സജിത. ഷൊര്‍ണൂരിലേക്കാണു വിവാഹം കഴിച്ചത്. ചുഡുവാലത്തൂര്‍ സ്വദേശി കെ.ജി.അജിയാണു ഭര്‍ത്താവ്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പൂര്‍ണ പിന്തുണയുള്ളതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നു സജിത പറയുന്നു.



പരീക്ഷയ്ക്കു പഠിക്കാനുള്ള എല്ലാ ചുറ്റുപാടും അവരാണ് ഒരുക്കിത്തന്നത്. ഭര്‍ത്താവിന്റെ അമ്മയുടെ പിന്തുണ വളരെ വലുതാണ്. ഞാന്‍ പഠിക്കുന്ന സമയത്ത് എന്റെ മകളുടെ എല്ലാ കാര്യങ്ങളും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഏറ്റെടുത്തു. ഭര്‍ത്താവിന്റെ അച്ഛനാണു മകള്‍ സ്‌കൂളില്‍ നിന്നു വന്നശേഷം പഠിപ്പിക്കുന്നത്. 2014ല്‍ സര്‍വീസില്‍ കയറുന്നതിനു മുന്‍പ് കോച്ചിംഗിനു പോയിരുന്നു. അതിനുശേഷം ജോലിയില്‍ ഇരുന്നുകൊണ്ടായിരുന്നു പഠനം. ഒന്നാം റാങ്കു തന്നെ നേടി ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതു ഭാഗ്യമായാണു കരുതുന്നത്.

? സമയം പ്രശ്നമാകില്ലേ

എക്സൈസിലെ ജോലി പലപ്പോഴും സമയം നോക്കി ചെയ്യാന്‍ സാധിക്കില്ല. രാത്രി വൈകിയും ചിലപ്പോള്‍ ജോലി ചെയ്യേണ്ടി വരും. ദുര്‍ഘട സ്ഥലങ്ങളിലുമൊക്കെ പോകേണ്ടി വരും. ഇതൊക്കെ മുന്‍കൂട്ടി മനസിലാക്കിയാണ് ഇന്‍സ്പെക്ടര്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത്. ഇപ്പോഴും ഷൊര്‍ണൂരില്‍ നിന്നാണ് തിരൂരിലേക്കു ജോലിക്കു പോകുന്നത്. ഭാവിയില്‍ തിരൂരില്‍ താമസിക്കാനുള്ള ആലോചനയിലാണ്.

? കെമിസ്ട്രിയും എക്സൈസും തമ്മില്‍

കെമിസ്ട്രി ബിരുദം എക്സൈസ് ജോലിക്ക് എന്തു ഗുണമെന്നു പലരും ആലോചിക്കുന്നുണ്ട്. കെമിസ്ട്രി പഠിച്ചതു വളരെ ഉപകാരമായെന്നാണ് എന്റെ അനുഭവം. ജോലിക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ടും മറ്റും പല കാര്യങ്ങള്‍ പെെട്ടന്നു മനസിലാകാനുമൊക്കെ കെമിസ്ട്രി പഠനം ഏറെ ഗുണമാകുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലഹരിയുടെ രസതന്ത്രം കണ്ടെത്താന്‍ തന്നെയാണു തീരുമാനം.

ആദ്യ കേസ്

എക്സൈസ് ഇന്‍സ്പെക്ടറായി ചാര്‍ജെടുത്ത ശേഷമുള്ള ആദ്യത്തെ കേസ് വിദേശമദ്യം പിടികൂടിയതാണ്. പത്തര ലിറ്റര്‍ വിദേശമദ്യമാണ് പിടികൂടിയത്. കൈവശം വച്ചയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു. കൂടാതെ പുകയില ഉല്‍പന്നങ്ങളും പിടികൂടി. ഇനിയും ജാഗ്രത തുടരും.

കേരളത്തിലെ ആദ്യത്തെ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ കൂടുതല്‍ വനിതകള്‍ക്ക് ഈ വഴി വരാന്‍ പ്രചോദനമാകെയെന്നതാണ് സജിതയുടെ ആഗ്രഹം. ഏതു തസ്തികയും കൈകാര്യം ചെയ്യാന്‍ വനിതകള്‍ക്കും കഴിയുമെന്നതു വരും നാളുകളില്‍ തെളിയുമെന്നു തന്നെയാണ് പ്രതീക്ഷ.

പോള്‍ മാത്യു