കുട്ടിക്കുറുമ്പി
കുട്ടിക്കുറുമ്പി
Tuesday, August 25, 2020 4:29 PM IST
ലോക്ഡൗണ്‍ കാലത്തു മിനിസ്‌ക്രീനിലും ഒടിടി പ്ലാറ്റ് ഫോമിലും ഏറെ ഹിറ്റായ ചിത്രമാണ് ടോവിനോ നായകനായ ഫോറന്‍സിക്. ചിത്രത്തിന്റെ തുടക്കത്തില്‍ മാത്രം മിന്നി മറഞ്ഞ കുട്ടിത്താരം ആരെന്ന ആകാംക്ഷയിലായിരുന്നു പ്രേക്ഷകരും. എറണാകുളം സ്വദേശി ആറു വയസുകാരി സമീക്ഷയാണത്. ഡബ്‌സ്മാഷും ടിക്‌ടോക്കും മുഖേന സോഷ്യല്‍ മീഡയയില്‍ പരിചിതയായ സമീക്ഷ നിരവധി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. മലയാളികളുടെ മനസ് കവരുന്ന കുട്ടിക്കുറുമ്പത്തിയുടെ വിശേഷങ്ങളിലേക്ക്...

സിനിമയിലേക്ക്

അമര്‍ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സമീക്ഷ സിനിമയില്‍ തുടക്കം കുറിക്കുന്നത്. 2018 ജൂണിലായിരുന്നു അതിന്റെ ചിത്രീകരണം. നാലു വയസായിരുന്നു അപ്പോള്‍ പ്രായം. പിന്നീടു നിവിന്‍ പോളി നായകനായ മിഖായേലിലൂടെ മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലേക്ക് ഈ ബാലതാരം എത്തി. തുടര്‍ന്ന് ഗാഗുല്‍ത്തായിലെ കോഴിപ്പോര്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ഫോറന്‍സിക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. ഗാഗുല്‍ത്തായിലെ കോഴിപ്പോരില്‍ അഗസ്റ്റീന എന്ന മുഴുനീള വേഷമാണ് ചെയ്തത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, അനുമോള്‍, മധുപാല്‍ തുടങ്ങിയ വലിയ താരനിരയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് ഈ ജൂനിയര്‍ താരം.

അരങ്ങേറ്റം

സമീക്ഷയ്ക്ക് സംഗീതത്തിലും ഡാന്‍സിലും ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു. ഡബ്‌സ് മാഷ് ചെയ്തു തുടങ്ങിയപ്പോഴാണ് അഭിനയത്തോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞതെന്നു അമ്മ സ്മിത പറയുന്നു. മൂന്നു വയസു മുതലാണ് ഫാഷന്‍ ഷോ ചെയ്തു തുടങ്ങിയത്. ഇതിനോടകം ഏഴ് ഷോകള്‍ ചെയ്തിട്ടുണ്ട്. കോഴിക്കോടു നടന്ന ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍2018 ഷോയില്‍ ടൈറ്റില്‍ വിന്നറാവുകയും തായ്‌ലന്‍ഡിലേക്കുള്ള സിലക്ഷനും കിട്ടിയിരുന്നു. ഫാഷന്‍ ഷോ മുഖേനയാണ് കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തുറന്നു കിട്ടുന്നത്.


കാമറയ്ക്കു മുന്നില്‍

ആഘോഷ് വൈഷ്ണവം ഒരുക്കിയ മൗനം എന്ന ആല്‍ബത്തിലാണ് ആദ്യമായി സമീക്ഷ അഭിനയിക്കുന്നത്. തുടര്‍ന്ന് നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു. മിഖായേല്‍ സിനിമയില്‍ മൂന്നു ദിവസം മാത്രമേ ഷൂട്ട് ഉണ്ടായിരുന്നുള്ളു. അതും രാത്രി ഒരുമണിക്കു ശേഷമൊക്കെ ആയിരുന്നു. എത്ര സമയം താമസിച്ചാലും ഷൂട്ടിംഗ് സൈറ്റില്‍ നല്ല എനര്‍ജെറ്റിക്കായി ഉറങ്ങാതെയുണ്ടാകും ഈ കുറുമ്പുകാരി. അതില്‍ സംവിധായകന്‍ ഹനീഫ് അദേനി അഭിനന്ദനം നല്‍കിയതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കിയെന്നു മാതാവ് പറയുന്നു.

പാട്ടും നൃത്തവും

ഇപ്പോള്‍ സംഗീതവും നൃത്തവും സമീക്ഷ ശാസ്ത്രീയമായി പഠിക്കുന്നുണ്ട്. എറണാകുളം തമ്മനത്ത് ഭരതനാട്യ കഥക് നര്‍ത്തകിയും അഭിനേത്രിയുമായ ദീപ കര്‍ത്തയുടെ ശിഷ്യയായി ഭരതനാട്യവും ഗായിക സിത്താരയില്‍ നിന്നും സംഗീതവും പഠിക്കുന്നുണ്ട് ഈ കൊച്ചു കലാകാരി.

കുടുംബം

സമീക്ഷയും അമ്മ സ്മിതയും ബംഗലൂരുവിലായിരുന്നു. അവിടെ നിന്നും 2019ലാണ് കൊച്ചിയിലേക്കെത്തുന്നത്. എറണാകുളം ചോയ്‌സ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സമീക്ഷ. സിനിമയുടെ തിരക്കുകള്‍ ഉണ്ടെങ്കിലും സ്‌കൂള്‍ പഠനത്തിലും മുമ്പില്‍ തന്നെയാണ്. ടെക്‌നോപാര്‍ക്ക് ടിസിഎസില്‍ അസിസ്റ്റന്റ് മാനേജരായി വര്‍ക്ക് ചെയ്യുന്നതിനിടയിലും മകളുടെ കലാപ്രവര്‍ത്തനത്തിനു എപ്പോഴും കൂട്ടായി അമ്മ സ്മിത ഉണ്ട്.

ലിജിന്‍ കെ.ഈപ്പന്‍