ദി ഗ്രേറ്റ ഇഫക്ട്
ഇതെല്ലാം തെറ്റാണ്. ഇന്നു ഞാന്‍ ഇവിടെ നില്‍ക്കേണ്ടതേയല്ല. ഇപ്പോള്‍ സ്‌കൂളിലിരുന്ന് പഠിക്കണ്ടതാണ്. എന്നിട്ടും പ്രതീക്ഷ തേടി ഞങ്ങള്‍ കുട്ടികളുടെ അടുത്തേക്കു വരാന്‍ നിങ്ങള്‍ക്കു നാണമില്ലേ'

കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തെ ലോകം എത്ര ഗൗരവത്തോടെ കാണണം എന്ന് നമ്മെ ഓരോരുത്തരെയും ചിന്തിപ്പിക്കുന്നതായിരുന്നു ഗ്രേറ്റ തന്‍ബര്‍ഗ് എന്ന പതിനാറുകാരി യുഎന്‍ സേളനവേദിയില്‍ നടത്തിയ പ്രസംഗം. ഒരു സ്‌കൂള്‍കുട്ടിയായിരുന്നിട്ടും അവളുടെ വാക്കുകളും നോട്ടവും അധികാരികളെ ചുട്ടുപൊള്ളിച്ചു. പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടം ആരംഭിക്കുമ്പോള്‍ ഗ്രേറ്റ തനിച്ചായിരുന്നുവെങ്കിലും ഇന്ന് വിവിധ രാജ്യങ്ങളില്‍നിന്നായി ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് ഈ കൊച്ചുമിടുക്കിക്കൊപ്പമുള്ളത്. ഈ ഒത്തുചേരലിനെ, പോരാത്തെ നമുക്ക് ദി ഗ്രേറ്റ ഇഫക്ട് എന്നു വിളിക്കാം. വിദേശരാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ഗ്രേറ്റ ഇഫക്ടിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുകയാണ്.

സ്വീഡനിലെ നടനായ സ്വാന്റ തന്‍ബര്‍ഗിന്റെയും ഓപ്പറ ഗായികയായ മലേന എണ്‍മെന്റെയും മകളായി 2003ല്‍ ഗ്രേറ്റ സ്റ്റോക്‌ഹോമില്‍ ജനിച്ചു. നന്നേ ചെറുപ്പത്തിലേ ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡറും ആസ്‌പെര്‍ജീസ് രോഗവും ഗ്രേറ്റയെ പിടികൂടി. ഓട്ടിസത്തിന്റെ സ്വഭാവങ്ങളുള്ള രോഗമാണ് ആസ്‌പെര്‍ജീസ്. കുട്ടിക്കാലത്തു കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു കേട്ടറിഞ്ഞ ഗ്രേറ്റ 2018ല്‍ സ്‌കൂളില്‍നിന്നു പുറത്തുവന്ന് ഗ്ലോബല്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് എന്ന പ്രസ്ഥാനത്തിനു തുടക്കംകുറിച്ചു. ദിനംപ്രതി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിച്ച് ജീവന്‍ നഷ്ടപ്പെടുന്ന സസ്തനികളും ആര്‍ട്രിക്കിലെ മഞ്ഞുരുകലുമൊക്കെയാണ് ഗ്രേറ്റയെ ഇത്തരമൊരു പ്രസ്ഥാനത്തിനു രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്. കാര്‍ബണ്‍ പുറന്തള്ളുന്നതു കുറയ്ക്കാന്‍ ഭരണകൂടങ്ങള്‍ തീവ്രമായി ശ്രമിക്കുകയും ശക്തമായി ഇടപെടുകയും വേണം എന്നതാണ് ഗ്ലോബല്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. 2019 മാര്‍ച്ചില്‍ നടന്ന ആദ്യ സമരത്തില്‍ 125 രാജ്യങ്ങളില്‍നിന്നായി 16 ലക്ഷത്തില്‍പ്പരം ആളുകള്‍ പങ്കെടുത്തു. പിന്നീടുള്ള സമരങ്ങളില്‍ അനുയായികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരുന്നു.

ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍

പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പറഞ്ഞുനടക്കുകയല്ല ഗ്രേറ്റ ചെയ്തത്. മറിച്ച് ലക്ഷ്യത്തിലെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രേറ്റ തന്റെ വീട്ടില്‍നിന്നാരംഭിച്ചു. ഒാപ്പറ ഗായികയായ അമ്മ മലേനയെ ഗ്രേറ്റ വിമാനയാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു. ഇതു തന്റെ ജോലിയെ പ്രതികൂലമായി ബാധിച്ചുവെങ്കിലും ആ അമ്മ മകള്‍ക്കൊപ്പം നിന്നു.

2018 മുതല്‍ ഗ്രേറ്റ എല്ലാ വെള്ളിയാഴ്ചയും ക്ലാസില്‍നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാര്‍ലമെന്റായ റിക്‌സ്ഡാഗിനു മുന്നില്‍ സത്യഗ്രഹമിരിക്കാന്‍ തുടങ്ങി. പാരിസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ രാജ്യം തയാറാകണം എന്നതായിരുന്നു ഈ മിടുക്കിയുടെ ആവശ്യം. തുടക്കത്തില്‍ മാതാപിതാക്കളുള്‍പ്പെടെ നിരവധി പേര്‍ എതിര്‍ത്തുവെന്നു മാത്രമല്ല, ശക്തമായ വിമര്‍ശനങ്ങളും നേരിടേണ്ടിവന്നു. എന്നാല്‍ ഒരു കൗമാരക്കാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എതിര്‍പ്പുകള്‍ ദുര്‍ബലമായി.
പുരസ്‌കാരങ്ങളും അംഗീകാരവും

നാളേയ്ക്കായി കാലാവസ്ഥയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ കൊച്ചു ഗ്രേറ്റയെത്തേടി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും എത്തി. 2018ല്‍ സ്വീഡിഷ് ഇലക്ട്രിക് കമ്പനിയായ ടെല്‍ഗെ എനര്‍ജി ചില്‍ഡ്രന്‍സ് ക്ലൈമാറ്റ് പ്രൈസ് ഗ്രേറ്റയ്ക്ക് നല്‍കിയെങ്കിലും ഗ്രേറ്റ അത് നിരസിച്ചു. 2018ല്‍ ഫ്രൈഷസെറ്റ് എന്ന സംഘനയുടെ സ്‌കോളര്‍ഷിപ്പ് ഗ്രേറ്റയ്ക്കു ലഭിച്ചു. അതേവര്‍ഷം ടൈം മാസിക തയാറാക്കിയ ലോകത്തിലെ സ്വാധീനശക്തിയുള്ള 25 കൗമാരക്കാരുടെ പട്ടികയിലും ഇടംതേടി. 2019ല്‍ സ്വീഡിഷ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഗ്രേറ്റയെത്തേടിയെത്തി.

ഈ വര്‍ഷം പുറത്തുവിട്ട സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിലും ഗ്രേറ്റയുണ്ട്. കൂടാതെ ഈ വര്‍ഷത്തെ നൊബേല്‍ സാനത്തിനു ഗ്രേറ്റയെ നാമനിര്‍ദേശം ചെയ്യുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിനും കാലാവസ്ഥയ്ക്കും പുരസ്‌കാരങ്ങളുടെ ആവശ്യമില്ലാത്തതുകൊണ്ടാണ് തനിക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ നിരസിക്കുന്നതെന്ന് ഗ്രേറ്റ പറയുന്നു.

ദി ഗ്രേറ്റ ഇഫക്ട്

ലോകമെമ്പാടുമുള്ള കുട്ടികള്‍ ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പോരാടാന്‍ ഗ്രേറ്റയ്‌ക്കൊപ്പം കൈകോര്‍ക്കുന്നു. ഈ നീക്കത്തെയാണ് ദി ഗ്രേറ്റ ഇഫക്ട് എന്നു വിളിക്കുന്നത്. കുട്ടികളിലും യുവാക്കളിലുമാണ് ലോകം ഇനി പ്രതീക്ഷയര്‍പ്പിക്കേണ്ടതെന്ന് ഗ്രേറ്റ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍, ഞങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നവരും ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്നും ഗ്രേറ്റ അതിനൊപ്പം ചേര്‍ക്കും. ഇവിടെയാണ് നാം ഓരോരുത്തരും മാറി ചിന്തിക്കാന്‍ തുടങ്ങേണ്ടത്.

സ്‌റ്റോക്‌ഹോമില്‍ ഗ്രേറ്റ നടത്തുന്ന പോരാട്ടത്തിനു പിന്തുണയുമായി നമ്മുടെ നാട്ടിലെ കുട്ടികളും മുന്നിട്ടിറങ്ങി എന്നത് അഭിമാനകരമാണ്.

അഞ്ജലി അനില്‍കുമാര്‍